Nature

തീക്കൊള്ളി കൊണ്ട് തലചൊറിയുന്നവര്‍

ജി7 ഉച്ചകോടിക്കു തൊട്ടുമുന്‍പായി ആമസോണ്‍ മഴക്കാട് തീ വിഴുങ്ങുന്നത് കാണേണ്ടി വന്നപ്പോള്‍, ഭൂമി മാതാവ് അവരോട് എന്തൊക്കെയോ പറയാന്‍ ശ്രമിക്കുകയാണെന്നാണ് എനിക്കു തോന്നിയത്: കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെ ലോകം അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളികളെ നേരിടുന്നതില്‍ അലംഭാവം തുടരുകയാണെങ്കില്‍ വരാനിരിക്കുന്ന മഹാവിപത്തുകളെ കുറിച്ച് ജി7 ഉച്ചകോടിക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ഭൂമി മാതാവ് ചെയ്തത്.

പക്ഷേ ആരെങ്കിലും സത്യത്തില്‍ ഇതിനെല്ലാം ചെവികൊടുക്കുന്നുണ്ടോ?

എന്തായാലും ബ്രസീലിയന്‍ പ്രസിഡന്‍റ് ജൈര്‍ ബൊല്‍സൊനാറോ തീരെ ചെവികൊടുക്കുന്നില്ല. സംഭവത്തിന്‍റെ ഗൗരവത്തെ സംബന്ധിച്ച ആശങ്കകള്‍ ആദ്യം തന്നെ അദ്ദേഹം തള്ളിക്കളഞ്ഞു, പിന്നീട് തീപിടുത്തത്തിനു പിന്നില്‍ എന്‍.ജി.ഓകള്‍ ആണെന്ന് ആരോപണമുയര്‍ത്തി, അതേസമയം പാശ്ചാത്യലോകത്തു നിന്നുള്ള മുറവിളികളെ ബ്രസീലിന്‍റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമായി അദ്ദേഹത്തിന്‍റെ അനുയായികള്‍ അപലപിച്ചു. ജി 7 പ്രഖ്യാപിച്ച 20 മില്ല്യണ്‍ ഡോളറിന്‍റെ സഹായദനവും അദ്ദേഹം നിരസിച്ചു.

എന്നാല്‍ ഭൂമിമാതാവ് ബ്രസീലിനെ മാത്രമല്ല അഭിസംബോധന ചെയ്യുന്നത്. ലോകത്തോടാണ് അത് വ്യക്തവും ശക്തവുമായി സംസാരിക്കുന്നത്: പ്രകൃതിയെ ചൂഷണം ചെയ്യുന്നത് നിര്‍ത്തൂ, സഹവര്‍ത്തിത്വത്തില്‍ ജീവിക്കന്‍ ആരംഭിക്കൂ.

തീ ജീവിതത്തിന്‍റെ ഒരു അവിഭാജ്യ ഘടകമായിരിക്കാം; ഭൂമിയില്‍ എല്ലായിടത്തും എല്ലായ്പ്പോഴും എന്തെങ്കിലുമൊക്കെ കത്തുന്നുണ്ട്. ചിലപ്പോഴെല്ലാം കാലാസ്ഥാ പ്രവര്‍ത്തകര്‍ വ്യാജമുന്നറിയിപ്പുകള്‍ നല്‍കിയുണ്ടാകാം, പക്ഷേ അടുത്തിടെ യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, നോര്‍ത്ത്-സൗത്ത് അമേരിക്ക എന്നിവിടങ്ങളില്‍ ഉണ്ടായ തീപിടുത്തങ്ങള്‍ കേവലം “പ്രകൃത്യാ” ഉണ്ടായവയല്ല, അതെല്ലാം മനുഷ്യനിര്‍മിതം കൂടിയാണ്,രാഷ്ട്രീയവും സാമ്പത്തികവുമായ നിരുത്തരവാദസമീപനങ്ങളാണ് അതിനു കാരണം.

ആമസോണ്‍ കാടിനെ കുറിച്ച് വലിയ ആശങ്കയിലാണെങ്കിലും, ആഗോളതാപനത്തെ അഭിസംബോധന ചെയ്യുന്നതില്‍ സമ്പന്ന ഉദാര ജനാധിപത്യരാഷ്ട്രങ്ങളുടെ നേതാക്കള്‍ ഉദാസീനരാണെന്ന് കാണാം.കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പാരീസ് ഉടമ്പടിയില്‍ നിന്നും സമ്പന്ന ലിബറല്‍ ഡെമോക്രസികളില്‍ അതിസമ്പന്നരായ അമേരിക്ക പിന്‍മാറിയത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിരുന്നു. അമേരിക്ക, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ആഗോള കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്‍റെ പകുതിയും ഉല്‍പാദിപ്പിക്കുന്നത്. കാലാവസ്ഥ മാറ്റത്തെ പ്രതിരോധിക്കുന്നില്‍ സംഭവിക്കുന്ന പരാജയം വലിയ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ പോകുന്നതിന്‍റെ ഒരു ലക്ഷണമാണ്.

തീ പോലെ തന്നെ സംഘട്ടനവും മനുഷ്യ ജീവിതത്തിന്‍റെ ആരംഭം തൊട്ടുതന്നെ നമ്മുടെ കൂടെയുണ്ട്. പുതിയ കാട്ടുതീകള്‍ പോലെ തന്നെ, പുതിയ സംഘട്ടനങ്ങള്‍ക്കും കാരണം ഒരു “ഫയര്‍ ട്രയാംഗ്ള്‍” ആണ്.

ഇന്ധനം (ഉണങ്ങിയ മരങ്ങള്‍ തുടങ്ങിയവ), ചൂട്, വരണ്ട കാറ്റ് എന്നിവയാണ് കാട്ടുതീ ഉണ്ടാക്കുന്നത്. അതുപോലെ, (ജീവിത നിലവാരം, മനുഷ്യാവകാശം തുടങ്ങിയവയിലെ) അസമത്വം, വംശീയത (ദേശീയത, വിഘടനവാദം തുടങ്ങിയവ), ആഗോളവത്കരണം തുടങ്ങിയവയാണ് പുതിയകാല സംഘട്ടനങ്ങളുടെ കാരണം.

‘വേള്‍ഡ് ഓണ്‍ ഫയര്‍’ എന്ന തന്‍റെ 2003ലെ കൃതിയില്‍, ഫ്രീ മാര്‍ക്കറ്റ് ഡെമോക്രസി എങ്ങനെയാണ് വംശീയവിദ്വേഷവും ആഗോള അസ്ഥിരതയും ഉണ്ടാക്കുന്നതെന്ന് അമി ച്വുവ വിശദീകരിക്കുന്നുണ്ട്. ആഗോളവത്കരണമാണ് ലോകത്തുടനീളം അശാന്തിയും അസ്ഥിരതയും വിതയ്ക്കുന്നതെന്ന് അവര്‍ വാദിക്കുന്നു. പുതിയ സാമൂഹിക വിടവുകളിലേക്കും പുതിയ വലതുപക്ഷത്തിന്‍റെ ഉയര്‍ച്ചയിലേക്കും നയിക്കുന്ന തരത്തില്‍, ലിബറല്‍ ജനാധിപത്യരാജ്യങ്ങളില്‍ എത്രത്തോളമാണ് ആഗോളവത്കരണം അസ്ഥിരത ഉണ്ടാക്കിയതെന്ന് ച്വുവ വിശദീകരിക്കുന്നില്ല. ജനാധിപത്യം വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്തിലാണ് നാം ജീവിക്കുന്നത്.

വംശീയതവും അസമത്വവും ആഗോളവത്കരണത്തിന്‍റെ സൃഷ്ടികളല്ലെന്ന കാര്യത്തില്‍ സംശയമില്ല. ആഗോളവത്കരണം എണ്ണമറ്റ ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റി, മുന്‍പെങ്ങുമില്ലാത്ത വിധം ലോകത്തെ പരസ്പരം ബന്ധിപ്പിച്ചു. പക്ഷേ ആഗോളവത്കരണം അസമത്വത്തെ മുന്‍പത്തേക്കാള്‍ അധികം പ്രാദേശികതലത്തിലും അന്താരാഷ്ട്രതലത്തിലും ഊട്ടിയുറപ്പിച്ചു. അതുപോലെ, അതിതീവ്ര-വിഘടനവാദവും പോപ്പുലിസ്റ്റ് ദേശീയതയും ആധുനിക ആഗോളവത്കരണത്തിനു മുന്‍പേ തന്നെ ഉണ്ടായിട്ടുണ്ട്, പക്ഷേ, പോപ്പുലിസ്റ്റ് ദേശീയത പ്രാദേശികവും അന്തര്‍ദേശീയവുമായ പുതിയ സ്വത്വങ്ങളെശക്തിപ്പെടുത്തി.

ജി 7ന് അകത്തു തന്നെയുള്ള ആഭ്യന്തരസംഘര്‍ഷങ്ങള്‍ പ്രാദേശിക സംഘര്‍ഷങ്ങള്‍, ദാരിദ്ര്യം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് തടസ്സമായി നിന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കഴിഞ്ഞ ആഴ്ചയില്‍ നയതന്ത്ര ചര്‍ച്ചകള്‍ നടന്നിട്ടുപോലും, ലോകം അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളെസംബന്ധിച്ച് ഒരു ഉടമ്പടി പോലും ഉണ്ടായില്ല. സമാനചിന്താഗതിക്കാരായ ലിബറല്‍ ജനാധിപത്യ നേതാക്കള്‍ ഭിന്നിച്ചു തന്നെ നിലകൊണ്ടു. ആഗോള വെല്ലുവിളികളെ അഭിസംബോധന ചെയ്യാനുള്ള ഒരു “പൊതുഭാഷ”യുടെ അഭാവവും ഉണ്ടായിരുന്നു. ഒരു ഔദ്യോഗിക പ്രസ്താവനയില്‍ പോലും ഒന്നിച്ചു നില്‍ക്കാന്‍ ജി7ന് കഴിഞ്ഞില്ല.

വിയോജിപ്പില്‍ മാത്രമാണ് അവര്‍ യോജിച്ചത്.

സംഘര്‍ഷം ഉടലെടുക്കുന്നതിനുള്ള സാമ്പത്തികവും നയതന്ത്രപരവുമായ സാഹചര്യങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്, മുന്‍പും അവര്‍ ഇതു തന്നെയാണ് ചെയ്തത്.

ജി‌ 7നും അന്താരാഷ്ട്ര സ്ഥാപനങ്ങളും നിര്‍ജീവമായതോടെ, അധികാരത്തിനു വേണ്ടിയുള്ള മത്സരത്തില്‍ “അഗ്നിയെ അഗ്നികൊണ്ട് തന്നെ നേരിടുന്നതാണ് നല്ലത്” എന്ന മൂഢധാരണ ലോകശക്തികള്‍ -ചൈന, റഷ്യ, യു.എസ്-സ്വീകരിച്ചതായാണ് തോന്നുന്നത്. ഇവരെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍, അവര്‍ ഈ ലോകം മൊത്തം അഗ്നിക്കിരയാക്കുക തന്നെ ചെയ്യും.

മൊഴിമാറ്റം: ഇര്‍ഷാദ്
അവലംബം: അല്‍ജസീറ

Facebook Comments
Related Articles
Show More

മര്‍വാന്‍ ബിശാറ

അല്‍-ജസീറയുടെ മുതിര്‍ന്ന രാഷ്ട്രീയ നിരീക്ഷകനാണ് മര്‍വാന്‍ ബിശാറ

Close
Close