Current Date

Search
Close this search box.
Search
Close this search box.

വെള്ളത്തിനായുള്ള പോരാട്ടം

pal-water-scarc.jpg

പെട്രോള്‍ കേന്ദ്രീകരിച്ചുള്ള യുദ്ധങ്ങള്‍ വര്‍ഷങ്ങളായി ലോകത്ത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതില്‍ നിന്നും ഭിന്നമായി ഭാവിയില്‍ ജലയുദ്ധമായിരിക്കും ലോകത്ത് രൂക്ഷമായ പ്രതിസന്ധികള്‍ സൃഷ്ടിക്കുക. അവസാന വിശകലനത്തില്‍ പെട്രോളിനേക്കാള്‍ മൂല്യവും പ്രാധാന്യവുമര്‍ഹിക്കുന്നതും അടിസ്ഥാനഘടകമായ വെള്ളത്തിനാണ്. ‘വെള്ളത്തില്‍ നിന്ന് ജീവനുള്ള എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു. സത്യനിഷേധികള്‍ ഇതൊന്നും കാണുന്നില്ലേ? അങ്ങനെ അവര്‍ വിശ്വസിക്കുന്നില്ലേ’ (അമ്പിയാഅ്: 30)

വെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നേരത്തെയുള്ള ധാരണയും, സമീപഭാവിയില്‍ അതിനുവേണ്ടിയുള്ള പോരാട്ടത്തെക്കുറിച്ച ബോധ്യവും ശക്തമായ മുന്‍കരുതലുകള്‍ക്ക് നമ്മെ പ്രേരിപ്പിക്കുന്നു. എന്നാല്‍ ഇത്തരം ടെക്‌നോളജികളെക്കുറിച്ച് അറബികള്‍ അശ്രദ്ധ കാണിക്കുകയാണെങ്കില്‍ വരുംകാലങ്ങളില്‍ അവരുടെ ജീവിതം ഈ ഭൂമുഖത്ത് കൂടുതല്‍ ദുസ്സഹമാകും.

അറബ്-ഇസ്രായേല്‍ യുദ്ധങ്ങള്‍ക്കുള്ള പ്രധാന കാരണം വെള്ളം തന്നെയായിരുന്നു. 1964ലും 1965ലും ലബനാനിന്റെയും സിറിയയുടെയും അതിര്‍ത്തികളിലെ ഇസ്രായേലി സൈനിക നടപടികള്‍ ജോര്‍ദാന്‍, ബിന്‍യാസ്, യര്‍മൂക്, ഹിസ്ബാനി ജലസ്രോതസ്സുകളില്‍ കണ്ണുവെച്ചായിരുന്നു. ജോര്‍ദാന്‍ നദിയുടെ ഗതിതിരിച്ചുവിടുന്നതിനെ കേന്ദ്രീകരിച്ചായിരുന്നു 1967ലെ യുദ്ധം. 1982ല്‍ ലബനാനിന് നേരെയുള്ള ഇസ്രായേല്‍ സൈനിക നടപടി ലീതാനി നദീതടങ്ങളില്‍ കണ്ണുവച്ചായിരുന്നു. സിയോണിസ്റ്റ് ചിന്തയുടെ അച്ചുതണ്ടില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന പ്രധാന വിഷയമാണ് വെള്ളം. 1917ലെ ബാല്‍ഫര്‍ പ്രഖ്യാപന ശേഷം സിയോണിസ്റ്റ് കോണ്‍ഫറന്‍സ് തലവന്‍ ചെയിസ് വൈസ്മാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ലോയിഡ് ജോര്‍ജിന്റെ മുമ്പില്‍ ബാല്‍ഫര്‍ ഉടമ്പടിയനുസരിച്ച് ഇസ്രായേലിന്റെ അതിര്‍ത്തികള്‍ യര്‍മൂക്, ബിന്‍യാസ്, ജോര്‍ദാന്‍ നദികള്‍ കൂട്ടിച്ചേര്‍ത്തു വിശാലമാക്കാന്‍ ആവശ്യപ്പെട്ടിരുന്നത് ഇക്കാരണത്താലാണ്.

1955ല്‍ ഡേവിഡ് ബെന്‍ ജുറിയോണ്‍ പ്രഖ്യാപിച്ചു ‘ജൂതന്‍മാര്‍ അറബികളുമായി ജലയുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണ്. ഇതനുസരിച്ചാണ് ഇസ്രായേലിന്റെ ഗതി നിര്‍ണയിക്കുന്നത്. ഇതില്‍ വിജയിക്കാന്‍ നമുക്കായില്ലെങ്കില്‍ ഫലസ്തീനില്‍ നാം അവശേഷിക്കുകയില്ല’. ഇസ്രായേലിലെ സിനഗോഗുകളില്‍ തൂക്കിയിട്ട ഭൂപടമനുസരിച്ച് ഇസ്രായേലിന്റെ അതിര്‍ത്തി യൂഫ്രട്ടീസ് മുതല്‍ ടൈഗ്രീസ് വരെയാണ്. അഥവാ വെള്ളത്തില്‍ നിന്ന് തുടങ്ങി വെള്ളത്തിലവസാനിക്കുന്ന രേഖ. ഇന്ന് ഇസ്രായേല്‍ അതിന്റെ വര്‍ദ്ധിതമായ ആവശ്യം 3.5ബില്ല്യണ്‍ ക്യൂബിക് മീറ്റര്‍ വെള്ളം കൊണ്ടാണ് നിര്‍വ്വഹിക്കപ്പെടുന്നത്. അത് 12ബില്ല്യണായി ഉയര്‍ത്താനുള്ള പദ്ധതിയിലാണിപ്പോള്‍ അവര്‍. നൂതന ടെക്‌നോളജി ഉപയോഗിച്ച് അറേബ്യന്‍ പ്രദേശങ്ങളിലെ ജലം ഊറ്റിയെടുത്തോ,അല്ലെങ്കില്‍ അറബ് ലോകത്തെ നദികളില്‍ ആധിപത്യം പുലര്‍ത്തിയോ തങ്ങളുടെ ആവശ്യം അവര്‍ നിറവേറ്റുന്നതാണ്.
നൈല്‍ നദി ഒഴുകുന്ന ഒമ്പത് രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ ഒരുമിച്ചുകൂടി പഴയ വ്യവസ്ഥകളുടെയും നിയമങ്ങളുടെയും പരിഷ്‌കരണം ആവശ്യപ്പെട്ടിരിക്കുകയാണ്. കാരണം അധിനിവേശം അരങ്ങേറിയ സന്ദര്‍ഭങ്ങളില്‍ രൂപപ്പെട്ടതാണ് പഴയനിയമങ്ങള്‍. പക്ഷെ, വെള്ളത്തിന്റെ കാര്യത്തില്‍ മാത്രം അന്താരാഷ്ട്ര നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ ഞങ്ങള്‍ തയ്യാറല്ല എന്ന ഉറച്ച തീരുമാനത്തിലാണ്. രാഷ്ട്രത്തിന്റെ അതിര്‍ത്തിയടക്കം പല നിയമങ്ങളും ആ സന്ദര്‍ഭത്തില്‍ ഉണ്ടാക്കപ്പെട്ടതാണ്. അതിലൊന്നും പുനപരിശോധന ആവശ്യപ്പെടാതെ വെള്ളത്തിന്റെ വിഷയം മാത്രം ഉയര്‍ത്തുന്നത് സമീപ ഭാവിയിലുണ്ടായേക്കാവുന്ന രൂക്ഷമായ ജലക്ഷാമത്തെയാണ് കുറിക്കുന്നത്.

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles