Current Date

Search
Close this search box.
Search
Close this search box.

നിന്റെ ചോയ്‌സ് ഏതാണ്?

twoside.jpg

 

മിഅ്‌റാജിന്റെ രാവില്‍ പ്രവാചകന്‍ ജിബ്‌രീലിനോടൊപ്പം സിദ്‌റതുല്‍ മുന്‍തഹാ വരെ സഞ്ചരിക്കുകയുണ്ടായി. അവിടെ നിന്നും മൂന്ന് തരം പാനീയങ്ങള്‍ പ്രവാചകന് മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയുണ്ടായി. പ്രവാചകന്‍ അതില്‍ നിന്നും ഒന്നു തെരഞ്ഞെടുത്തു. ഇതില്‍ ഏത് പാനീയമാണ് പ്രവാചകന്‍ തെരഞ്ഞടുത്തത്? 

അനസ്(റ)വില്‍ നിന്ന് നിവേദനം : പ്രവാചകന്‍ (സ) പറഞ്ഞു. മൂന്ന് പാത്രങ്ങള്‍ എനിക്ക് മുമ്പില്‍ കൊണ്ടുവരപ്പെട്ടു. പാല്‍, തേന്‍, മദ്യം എന്നിവയായിരുന്നു അത്. ഞാന്‍ പാലുള്ള പാത്രം തെരഞ്ഞെടുത്തു കുടിച്ചു. എന്നോട് പറയപ്പെട്ടു. നിനക്കും നിന്റെ സമൂഹത്തിനും യഥാര്‍ഥ പ്രകൃതി ലഭിച്ചിരിക്കുന്നു’.(ബുഖാരി, അബൂദാവൂദ്)
പ്രശ്‌ന സങ്കീര്‍ണമായ നമ്മുടെ ജീവിതപരിസരത്തില്‍ നാം ഏത് നിലപാട് സ്വീകരിക്കുന്നു എന്നതാണ് പ്രധാനം. നമ്മുടെ നിലപാട് നമ്മുടെ പ്രകൃതത്തോട് യോജിച്ചതായിരിക്കണം. മനുഷ്യന്റെ ശുദ്ധ പ്രകൃതത്തോട് യോജിച്ചത് തെരഞ്ഞെടുത്ത പ്രവാചകന്റെ നിലപാട് ആയിരിക്കണം നമ്മുടെയും നിലപാട്.

എന്തുകൊണ്ടാണ് പ്രവാചകന്‍ പാല് തെരഞ്ഞെടുത്തത്?
1. മാതാവിന്റ ഗര്‍ഭ പാത്രത്തില്‍ നിന്നും പുറത്തുവന്ന ദിനം മുതല്‍ അല്ലാഹു നമുക്ക് കനിഞ്ഞരുളിയ വരദാനമാണ് പാല്‍. നമ്മുടെ ഉദരത്തിലെത്തുന്ന ആദ്യ പാനീയവും ഇതുതന്നെയാണ്. ദൈവികമായ വരദാനമാണ് പാല്‍. പ്രവാചകന്‍ വിവരിച്ചു: നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ ഇപ്രകാരം പറയുക, അല്ലാഹുവെ, ഇതില്‍ ഞങ്ങള്‍ക്ക് അനുഗ്രഹം ചൊരിയേണമേ, ഇതിനേക്കാള്‍ ഉത്തമ വിഭവം നല്‍കേണമേ. പാല്‍ കുടിപ്പിക്കപ്പെട്ടാല്‍ അവന്‍ പറയട്ടെ. അല്ലാഹുവെ, ഇതില്‍ അനുഗ്രഹം ചൊരിയണമേ, ഇതില്‍ വര്‍ദ്ധനവ് നല്‍കേണമേ. അന്നപാനീയങ്ങളില്‍ പാലിനോളം ഗുണം ചെയ്യുന്ന മറ്റൊന്നുമില്ല’ .(അബൂദാവൂദ്)
2. ശാസ്ത്രീയമായി നല്ല പോഷകാംശമുള്ള പാനീയമാണ് പാല്‍. നമ്മുടെ ശരീരത്തിനാവശ്യമായ എല്ലാ പ്രോട്ടീനുകളും അതിലടങ്ങിയിട്ടുണ്ട്. നമ്മുടെ എല്ലുകള്‍ക്കും ശരീരത്തിനും അത് ബലംനല്‍കുകയും ചെയ്യും.
നമ്മുടെ ശരീരത്തെ തകര്‍ത്തുകളയുന്ന പാനീയങ്ങളും ഭക്ഷണപദാര്‍ഥങ്ങളും നിരവധിയുണ്ട്. പുകവലി ഉല്‍പന്നങ്ങള്‍, മയക്കുമരുന്നുകള്‍, മദ്യഉല്‍പന്നങ്ങള്‍ തുടങ്ങിയവ അതില്‍ പെട്ടതാണ്.
3.പാലിന്റെ നിറം വെള്ളയാണ് എന്നതാണ് മറ്റൊരു സവിശേഷത. സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും ശോഭയുടെയും വര്‍ണമാണത്. വൃത്തിയുടെ പ്രതീകവും അതുതന്നെ.
4.സ്വാദിഷ്ടമായ ഭക്ഷണം: പാലിന്റെ ഉറവിടം ശുദ്ധമാണ്. അതിനാല്‍ തന്നെ അതന്റെ സ്വാദും നല്ലതാണ്.
5.പ്രസവത്തിന് ശേഷം ചുരത്തപ്പെടുന്ന ഒന്നാണ് പാല്‍. മാതാവിന് കുഞ്ഞിനോടുള്ള വാല്‍സല്യത്തിന്റെ പ്രതിഫലനമാണത്. അതില്‍ സ്‌നേഹവും കുടുംബബന്ധവും അനുകമ്പയുമെല്ലാം അടങ്ങിയിട്ടുണ്ട്.
6.പാല്‍ എളുപ്പത്തില്‍ കേടുവരുന്നതാണ്. അതില്‍ കൂടുതല്‍ പോഷകാശമുള്ളതിനാല്‍ ബാക്ടീരിയ ആക്രമിച്ചുകൊണ്ടേയിരിക്കും. അതിനാല്‍ തന്നെ അത് നശിക്കുന്നതിന് മുമ്പ് അവ ഉപയോഗിക്കണം. അതിനാല്‍ തന്നെ നമ്മുടെ തെരഞ്ഞെടുപ്പുകളെ നിരന്തരമായി അനുധാവനം ചെയ്തു കേടുവരാതിരിക്കാന്‍ നാം സൂക്ഷിക്കണം. വിവാഹമാലോചിക്കുമ്പോള്‍ ദീനും സല്‍സ്വഭാവവും തറവാടുമെല്ലാമുള്ളവളെ നോക്കി വിവാഹം ചെയ്താല്‍ മാത്രം പോരാ. വിവാഹത്തിന് ശേഷം അവളുമായി സ്‌നേഹത്തിലും അനുകമ്പയിലും സഹവസിക്കുകയും അവളെ സൂക്ഷിക്കുകയും ചെയ്തുകൊണ്ടിരിക്കണം. ഇല്ലെങ്കില്‍ ചില ദുര്‍നടപ്പുകാരികളാല്‍ അവള്‍ വഴിപിഴച്ചേക്കാന്‍ സാധ്യതയുണ്ട്.

ചോയ്‌സുകള്‍ വിവിധങ്ങളാണ്. ആയുസ്സില്‍ ഒരു പ്രാവശ്യം മാത്രം തെരഞ്ഞെടുക്കാന്‍ സാധിക്കുന്നത് ഉണ്ട്. നമ്മുടെ ജീവിതവിജയം നിര്‍ണയിക്കുന്നത് ഇതിലൂടെയാണ്. ഇതുതന്നെയായിരിക്കണം നമ്മുടെ മുഖ്യപരിഗണന. മറ്റുള്ളവയെ നമുക്ക് മാറ്റാനോ ഉപദ്രവങ്ങള്‍ നീക്കം ചെയ്യാനോ സാധിച്ചേക്കാം. നമ്മുടെ പര്യവസാനം നിര്‍ണയിക്കുന്നതിനെ പരമാവധി ഉപയോഗിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. കരണം അതില്‍ വീഴ്ച വന്നാല്‍ ശേഷം നമ്മുടെ തന്നെ പരാജയമായിരിക്കും അത് .യഥാര്‍ഥ സന്മാര്‍ഗം പ്രവാചകന്മാര്‍ പഠിപ്പിച്ചിട്ടും തങ്ങളുടെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചിട്ടും പിന്തിരിഞ്ഞു മോശമായ തെരഞ്ഞെടുപ്പുകള്‍ നടത്തിയവരെ നമുക്ക് കാണാം. അബൂജഹല്‍ , അബൂലഹബ് തുടങ്ങിയവര്‍ അവരില്‍ പെട്ടവരാണ്. അവരുടെ പര്യവസാനം കത്തിക്കാളുന്ന നരകാഗ്നിയും.

 

ഞാനാണ് നിങ്ങളുടെ അത്യുന്നതനായ നാഥന്‍ എന്ന് സ്വയം വിശേഷിപ്പിച്ചതിലൂടെ മോശമായ തെരഞ്ഞെടുപ്പായിരുന്നു ഫിര്‍ഔന്‍ നടത്തിയത്. നിദ്രയിലാകുമ്പോള്‍ തന്റെ ചുറ്റിലുമുള്ളതൊന്നുമറിയാത്ത ഒരാള്‍ക്ക് എങ്ങനെയാണ് ഇപ്രകാരം വിശേഷിപ്പിക്കാന്‍ സാധിക്കുക! എന്നാല്‍ ജനങ്ങളുടെ യഥാര്‍ഥ ദൈവമായ അല്ലാഹു അവനെ മുക്കിക്കൊല്ലുമ്പോള്‍ തെറ്റായ തെരഞ്ഞെടുപ്പാണ് താന്‍ നടത്തിയതെന്ന് അവന് മനസ്സിലാക്കുകയും അതില്‍ നിന്ന് മടങ്ങാന്‍ ശ്രമിക്കുകയും ചെയ്യുന്നു.പക്ഷെ, അവന് സമയം നഷ്ടപ്പെട്ടിരുന്നു.
എത്രയെത്ര ആളുകളാണ് തങ്ങളറിയാതെ ഇത്തരത്തിലുള്ള ദൈവങ്ങളെ സ്വീകരിക്കുന്നത്. എന്റെ കഴിവും യോഗ്യതയും വിജ്ഞാനവും കൊണ്ടാണ് ഇതെല്ലാം നേടിയെടുത്തതെന്ന് വിശ്വസിക്കുന്നവരെ കാണാം. ഖാറൂന്‍ ഈ വിശ്വാസധാരയുടെ ഉദാഹരണമാണ്. യഥാര്‍ഥത്തില്‍ അല്ലാഹുവാണ് സന്താനങ്ങളെ നല്‍കുന്നതും നല്‍കാതിരിക്കുന്നതും ബുദ്ധി പ്രധാനം ചെയ്യുന്നതും നാം തിരിച്ചറിയേണ്ടതുണ്ട്. ഇത്തരത്തില്‍ ദൈവേഛയെ ഇലാഹാക്കിയവരെ നമുക്ക് കാണാന്‍ കഴിയും. നിയമ നിര്‍ദ്ദേശങ്ങളെ പരിഗണിക്കാതെ ദേഹേഛക്കനുസൃതമായി പ്രവര്‍ത്തിക്കുന്നവരെ നമുക്ക് കാണാം. അത്തരത്തില്‍ തുഛമായ ഐഹിക ലാഭത്തിനായി പാരത്രിക ലോകത്തെ വില്‍ക്കുന്നവരെയും നമുക്ക് കാണാം.
എന്നാല്‍ നമ്മുടെ ജീവിത വീക്ഷണം രൂപപ്പെടുത്തേണ്ടത് കൃത്യമായ പഠനത്തിലൂടെയും വ്യക്തമായ കാഴ്ചപ്പാടിലൂടെയും ആയിരിക്കണം. ഏതെങ്കിലും സംഭവങ്ങളുടെ പ്രതികരണങ്ങളോ പ്രതിപ്രവര്‍ത്തനങ്ങളോ ആയിരിക്കരുത് നമ്മുടെ നിലപാട്. എത്രയെത്ര ദേഷ്യക്കാരാണ് തെരഞ്ഞെടുത്തതിന് ശേഷം ദുഖിക്കുകയും വേദനിക്കുകയും ചെയ്യുന്നത്.
അതിനാല്‍ തന്നെ മധ്യമവും സന്തുലിതവുമായ തെരഞ്ഞെടുപ്പാണ് നമ്മില്‍ നിന്നുണ്ടാവേണ്ടത്. ആഇശ(റ)വില്‍ നിന്നും നിവേദനം. രണ്ടു ചോയ്‌സുള്ള കാര്യങ്ങളില്‍ പ്രവാചകന്‍(സ) ഏറ്റവും എളുപ്പമുള്ളതായിരുന്നു തെരഞ്ഞെടുത്തത്. അതില്‍ പാപമില്ലാത്ത കാലത്തോളം . തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ അതിനോട് ഏറ്റവും അകലം പാലിച്ചതും പ്രവാചകന്‍ തന്നെയായിരുന്നു. അല്ലാഹുവിന്റെ ആദരണീയമായവ പിച്ചിച്ചീന്തുമ്പോള്‍ മാത്രമാണ് പ്രവാചകന്‍ സ്വന്തത്തോട് പ്രതികാരം ചെയ്തത്.

ഖാലിദ് ബിനുല്‍ വലീദ് ആദ്യകാലത്ത് ഇസ്‌ലാമിന്റെ കടുത്ത ശത്രുവായിരുന്നു. മുസ്‌ലിങ്ങള്‍ക്ക് ഏറ്റവും തലവേദന സൃഷ്ടിച്ചതും അദ്ദേഹം തന്നെ. എന്നാല്‍ ധൈര്യവാനായിരുന്ന അദ്ദേഹം യഥാര്‍ഥ സന്മാര്‍ഗം തിരിച്ചറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ജീവിത വീക്ഷണവും മാറുകയുണ്ടായി. തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ ജീവിതത്തിലും പ്രവര്‍ത്തനങ്ങളിലും ഇത് പ്രകടമാകുകയുണ്ടായി. അതിനാല്‍ തന്നെ അല്ലാഹുവിന്റെ ഖഢ്ഗം എന്ന വിശേഷണത്തിന് അദ്ദേഹം അര്‍ഹനായി. പ്രവാചകന്‍ പറഞ്ഞു. ‘ നിങ്ങള്‍ ഖാലിദിനെ ഉപദ്രവിക്കരുത്. നിഷേധികളുടെമേല്‍ ചൊരിഞ്ഞ അല്ലാഹുവിന്റെ ഖഢ്ഗങ്ങളില്‍ പെട്ട ഒരു ഖഢ്ഗമാണ്.
ഏറ്റവും ശ്രേഷ്ടമായത് തെരഞ്ഞെടുക്കാനുള്ള സമയം ഇനിയുമായിട്ടില്ലേ? ഐഹിക ജീവിതത്തിന്റെ കുമിളാനന്ദകളെ കൈവെടിയാനുള്ള സമയമായിട്ടില്ലേ. അതിനാല്‍ തന്നെ ദീര്‍ഘവീക്ഷണത്തോടെ ഇഹ പരവിജയത്തിന് ആവശ്യമായ ചോയ്‌സുകളെ നാം തെരഞ്ഞെടുക്കണം.
വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles