Current Date

Search
Close this search box.
Search
Close this search box.

തേനീച്ചക്കൂടിന്റെ ശാസ്ത്രീയത

honeycomb.jpg

ആരാണ് തേനീച്ചയെ എഞ്ചിനീയറിങ്ങിന്റെ വിദ്യകള്‍ പഠിപ്പിച്ചത്? അസംസ്‌കൃത വസ്തുക്കള്‍ കൃത്യമായ അളവില്‍ ഉപയോഗിക്കാനും വലിയ കൂടിന് പകരം പ്രത്യേക ആകാരത്തില്‍ കൊച്ചു കൊച്ചു അറകള്‍കൊണ്ട് വീട് നിര്‍മ്മിക്കാനുള്ള തന്ത്രം പറഞ്ഞുകൊടുത്തതാര്? ത്രികോണത്തിനും ചതുരത്തിനും പകരം ഷഡ്ഭുജാകൃതിയില്‍ അറകളുണ്ടാക്കാന്‍ അവക്ക് ബോധം നല്‍കിയതാര്? ഓരോ അറകള്‍ക്കുള്ളിലും എത്ര തേനാണ് നിറക്കേണ്ടതെന്ന് ആരാണതിന് പരിശീലനം നല്‍കിയത്? ഇത്തരത്തില്‍ സൂക്ഷ്മമായ ശാസ്ത്രീയ സത്യങ്ങള്‍ കണ്ടെത്തി തേന്‍ നിര്‍മാണവും കൂടുനിര്‍മാണവും പഠിപ്പിച്ചതാരാണ്?

മനുഷ്യന്റെ വാസ്തുവിദ്യാപരമായ വാസനയെ ഉണര്‍ത്തുന്നതാണ് തേനീച്ചയുടെ തേനറകളുടെ നിര്‍മാണം. അടുത്തടുത്തായി ഷഡ്ഭുജാകൃതിയിലുള്ള അറകള്‍ക്കിടയില്‍ 0.1 മില്ലിമീറ്റര്‍ അകലമാണുള്ളത്. ഇത്രയും ചുരുങ്ങിയ സ്ഥലത്ത് ഉണ്ടാക്കുന്ന അറകള്‍ എഞ്ചിനീയറിങ്ങിന്റെ വൈദഗ്ദ്യമാണ് തെളിയിക്കുന്നത്. എന്നാല്‍ ഈ നിര്‍മാണത്തിനിടയിലുള്ള വ്യതിയാനങ്ങള്‍ വെറും 0.002 മില്ലീമീറ്ററാണ്. ഇത്രയും കൃത്യതയോടെ നിര്‍മാണം സാധ്യമാകണമെങ്കില്‍ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചാലും സാധ്യമാകുകയില്ല.

തേനീച്ചകള്‍ തേനറകള്‍ നിര്‍മിക്കുന്നത് ഷഡ്ഭുജാകൃതിയിലാണെന്ന് പറഞ്ഞല്ലോ. ഈ ആകൃതിക്കും വാസ്തുശില്‍പത്തില്‍ വലിയ പ്രത്യേകതയുണ്ട്. വളരെ കുറഞ്ഞ അസംസ്‌കൃതവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കാവുന്ന ഏറ്റവും വിസ്തീര്‍ണം കൂടിയ ആകൃതിയാണിത്. മറ്റേത് രൂപത്തിനും ഇടക്ക് വിടവുകള്‍ വരും. അറകളുണ്ടാക്കാന്‍ ഉപയോഗിക്കുന്ന തേനീച്ചയുടെ മെഴുക് കുറച്ചുപയോഗിച്ച് കൂടുതല്‍ തേന്‍ അതില്‍ ശേഖരിക്കാനാകുന്നു. അതുകൊണ്ടാണ് ഈ ആകൃതി തെരെഞ്ഞെടുത്തത്. ഈ ആകൃതിയിലാണ് ഏറ്റവും ഉറപ്പില്‍ അറകള്‍ നിര്‍മിക്കാനാവുക.

ഇത്രയും ലാഭകരമായും അസംസ്‌കൃതവസ്തുക്കള്‍ കുറച്ചുപയോഗിച്ചും കൂട് നിര്‍മിക്കാന്‍ തേനീച്ചകള്‍ എങ്ങനെ പഠിച്ചു! ഒരു അധ്വാനവും പാഴാകാതെ കാര്യങ്ങള്‍ സൂക്ഷമമായി മുന്നോട്ട് കൊണ്ടുപോകാന്‍ അത് പഠിച്ചത് എവിടെ നിന്നാണ്!

1999-വരെ തേനീച്ച തേനറ നിര്‍മാണത്തിന് ഷഡ്ഭുജാകൃതി ഉപയോഗിച്ചതിന്റെ യുക്തി ശാസ്ത്രത്തിന് മനസ്സിലായിരുന്നില്ല. എന്നാല്‍ 1999-ല്‍ തോമസ് ഹാലിസ് എന്ന ശാസ്ത്രജ്ഞനാണ് ഈ രൂപത്തിന്റെ മേല്‍ പറഞ്ഞ പ്രത്യേകതകള്‍ പരീക്ഷണത്തിലൂടെ തെളിയിച്ചത്.

ഇത്തരം അത്ഭുതകരമായ കാര്യങ്ങളെല്ലാം വെറുതെ യാതൃശ്ചികമായി ഉണ്ടായതാണെന്ന് പറയാനാകുമോ? തീര്‍ച്ചയായും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച മഹാനായ സൃഷ്ടാവുണ്ടെന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. തേനീച്ചക്ക് കൂടിനെകുറിച്ചും അതിന്റെ ആകൃതിയെകുറിച്ചും ബോധവും സൂക്ഷ്മ ജ്ഞാനവും നല്‍കിയ സര്‍വജ്ഞന്‍. മാത്രമല്ല തേനീച്ചകള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ളതിനെക്കാള്‍ കൂടുതല്‍ തേനുണ്ടാക്കാനും അല്ലാഹു അതിന് ബോധം നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യര്‍ക്ക് മരുന്നും ഭക്ഷണവുമായി ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തില്‍ തേനിനെ അല്ലാഹു ഉല്‍പാദിപ്പിച്ചു. ഇത്തരം എല്ലാ ചെറിയ കാര്യങ്ങളും അല്ലാഹു ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. അല്ലാഹു പറയുന്നു: ‘നിന്റെ നാഥന്‍ തേനീച്ചക്ക് ബോധനം നല്‍കി; ‘മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്ന പന്തലുകളിലും നിങ്ങള്‍ കൂടുണ്ടാക്കുക. ‘പിന്നെ എല്ലാത്തരം ഫലങ്ങളില്‍നിന്നും ഭക്ഷിക്കുക. അങ്ങനെ നിന്റെ നാഥന്‍ പാകപ്പെടുത്തിവച്ച വഴികളില്‍ പ്രവേശിക്കുക. അവയുടെ വയറുകളില്‍ നിന്ന് വര്‍ണവൈവിധ്യമുള്ള പാനീയം സ്രവിക്കുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനമുണ്ട്. ചിന്തിക്കുന്ന ജനത്തിന് ഇതിലും ദൃഷ്ടാന്തമുണ്ട്.’ (അന്നഹ്ല്‍: 68,69)

വിവ: ജുമൈല്‍ കൊടിഞ്ഞി

 

Related Articles