Current Date

Search
Close this search box.
Search
Close this search box.

ഉല്ലാസ യാത്ര : നന്മ വിതക്കേണ്ട മനോഹര സംവിധാനം

nature.jpg

സുന്ദരമായ തോട്ടങ്ങളും, കുളിരണിയിക്കുന്ന നീര്‍തടങ്ങളും ശാന്തമായ പ്രകൃതിയും ഏതൊരു മനുഷ്യന്റെയും ഏറ്റവും വലിയ സ്വപ്‌നവും ആഗ്രഹവുമാണ്. ഭൗതിക വിഭവങ്ങള്‍ക്ക് വേണ്ടിയുള്ള നെട്ടോട്ടം സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കത്തിനിടയില്‍ അവന് തണലും ആശ്വാസവുമേകുന്നതും ഇത്തരത്തിലുള്ള പ്രകൃതിയിലെ സംവിധാനങ്ങളാണ്. തന്റെ സ്വപ്‌നവും ‘ഭാവനാലോകവും മനുഷ്യന്‍ വരച്ച് കാണിക്കുമ്പോഴും മുന്‍പന്തിയിലുണ്ടായിരിക്കുക ആകര്‍ഷകമായ പ്രകൃതി ദൃശ്യങ്ങളും ഭംഗിയുള്ള പൂന്തോട്ടങ്ങളുമായിരിക്കും. പ്രകൃതിയോടുള്ള മനുഷ്യന്റെ അങ്ങേയറ്റത്തെ ഹൃദയബന്ധം കാരണമായിരിക്കണം ദൈവം അവന് നല്‍കുമെന്ന് വാഗ്ദാനം ചെയ്ത പ്രതിഫലങ്ങളിലൊക്കെയും തോട്ടങ്ങളെയും ആറുകളെയും ഫലങ്ങളെയുമെല്ലാം പ്രത്യേകം എടുത്തു പറയുന്നത്.

ആസ്വാദ്യ യോഗ്യമായ പ്രകൃതി വിഭവങ്ങളും ആശ്വാസമേകുന്ന അന്തരീക്ഷവും പ്രദാനം ചെയ്യുന്ന മുതലുകള്‍ സമ്പന്നതയുടെയും അഭിമാനത്തിന്റെയും പ്രതീകമായി കണക്കാക്കുന്നതും ഈ അര്‍ഥത്തില്‍ തന്നെയാണ്. അബൂത്വല്‍ഹയുടെ മദീനയിലുണ്ടായിരുന്ന തോട്ടം സുപ്രസിദ്ധമാണല്ലോ. മധുരമൂറുന്ന അതിലെ തെളിനീരുറവയും ആനന്ദമേകുന്ന പ്രകൃതി സൗന്ദര്യവും കൊണ്ട് അനുഗ്രഹീതമായ അവ വിലമതിക്കാത്തതായിരുന്നു. ഇത്രയും മൂല്യമേറിയ തന്റെ തോട്ടം ദൈവമാര്‍ഗത്തില്‍ ദാനം ചെയ്യാന്‍ ആ സ്വഹാബി വര്യന്‍ തയ്യാറായെന്നത് മറ്റൊരു ചരിത്രം.

പ്രപഞ്ചവും അതിലെ സകലമാന വിഭവങ്ങളും മനുഷ്യന് വേണ്ടി സംവിധാനിക്കപ്പെട്ടതാണെന്നത് ഇസ്‌ലാമിക മതം. മനുഷ്യന് അത്യാവശ്യത്തിനും ആവശ്യത്തിനും അലങ്കാരത്തിനും ഉപയോഗിക്കാവുന്നവയെല്ലാം അതില്‍ തയ്യാറാക്കപ്പെട്ടിരിക്കുന്നു. പക്ഷെ, നാം ചിന്തിക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. പുഴകളും അരുവികളും, പര്‍വതങ്ങളും കുന്നുകളും മരങ്ങളും ചെടികളും കേവലം വിഭവങ്ങള്‍ പ്രദാനം ചെയ്യാന്‍ മാത്രമായിരുന്നെങ്കില്‍ പിന്നെ അവയെല്ലാം ഇത്ര സുന്ദരവും, ആകര്‍ഷകവുമായ രൂപത്തില്‍ എന്തിന് സംവിധാനിക്കപ്പെട്ടു? ഇവിടെയാണ് ഇവയെല്ലാം മറ്റൊരു തലത്തില്‍ കൂടി മനുഷ്യന് പ്രയോജനകരമാണെന്ന് നാം മനസ്സിലാക്കുന്നത്. അവ ഉല്‍പാദിപ്പിക്കുന്ന ഫലങ്ങളും വിഭവങ്ങളും മാത്രമല്ല, അവ സൃഷ്ടിക്കുന്ന അന്തരീക്ഷവും പ്രകൃതിയും ചുറ്റുപാടും മനുഷ്യന് ആസ്വദിക്കാനും ആനന്ദിക്കാനുമുള്ള ദൈവികവരദാനമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ”തങ്ങള്‍ക്ക് മേലുള്ള ആകാശത്തെ എങ്ങനെയാണ് നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുള്ളതെന്ന് അവര്‍ നോക്കുന്നില്ലേ? അതിന് യാതൊരു വിടവ് പോലും ഇല്ല. ഭൂമിയെ നാം വിശാലമാക്കുകയും അവയില്‍ പര്‍വതങ്ങള്‍ സ്ഥാപിക്കുകയും മനോഹരവും ഇണകളുളളതുമായ വിധത്തില്‍ നാം അവയില്‍ ചെടികള്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.” (ഖാഫ് 6)

ഭൂമിയിലെ സുന്ദരമായ സംവിധാനങ്ങളോട് പുറം തിരിഞ്ഞ് നില്‍ക്കല്‍ നിഷ്‌ക്രിയത്വമാണ്. അല്ലാഹു തന്റെ അടിമകള്‍ക്ക് നല്‍കിയ അലങ്കാരത്തെ നിഷിദ്ധമാക്കിയവനാരുണ്ട് എന്നത് വിശുദ്ധ വേദത്തിന്റെ ശകാരമാണല്ലോ. വീട്ടിലിരുന്ന് പ്രാര്‍ഥനകളില്‍ മുഴുകി സമയം കൊല്ലുന്നവനല്ല വിശ്വാസി. മറിച്ച് ചുറ്റുപാടുമുള്ള ലോകത്തെയും അതിലെ മനോഹര ദൃഷ്ടാന്തങ്ങളെയും ഹൃദയത്തില്‍ പകര്‍ത്തി ആനന്ദകരമായ ജീവിതം നയിക്കുക കൂടി അവന്റെ ബാധ്യതയാണ്.

ദൈവത്തിന്റെ ദൃഷ്ടാന്തങ്ങളും പൂര്‍വകാല സമൂഹങ്ങളുടെ ശേഷിപ്പുകളും കാണുന്നതിനും ഗുണപാഠമുള്‍ക്കൊള്ളുന്നതിനുമുള്ള യാത്രകളെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ ഒട്ടേറെ വചനങ്ങളില്‍ സൂചിപ്പിക്കുന്നുണ്ട്. ദൈവിക ദൃഷ്ടാന്തങ്ങള്‍ ദര്‍ശിക്കാനും, വരദാനങ്ങള്‍ ഗ്രഹിക്കാനും വിനോദയാത്ര പോവുന്നതിനെ വിശുദ്ധ ഖുര്‍ആനില്‍ ഒരുപാടിടങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നത് സുവിദിതമാണല്ലോ. പ്രസ്തുത യാത്രകള്‍ അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തെക്കുറിച്ച് കൂടുതല്‍ ബോധ്യം ഹൃദയത്തിന് പകര്‍ന്ന് നല്‍കാനും അതു മുഖേന അല്ലാഹുവിന് നന്ദി പ്രകടിപ്പിക്കാനും പ്രചോദകമാവേണ്ടതുണ്ട്.

കൂടാതെ പ്രകൃതിയുടെ വ്യവസ്ഥാപിതവും അലംകൃതവുമായ സംവിധാനത്തെ കുറിച്ച് ധാരാളമായി സൂചിപ്പിക്കുന്നതും വിശ്വാസികള്‍ അവ സന്ദര്‍ശിക്കാനും ഉല്ലസിക്കുവാനും അത് മുഖേന ദൈവസ്മരണ ഊട്ടിയുറപ്പിക്കാനും വേണ്ടിയാണ്. ഇസ്‌ലാമിക ചരിത്രത്തിലെ സുവര്‍ണകാലഘട്ടങ്ങളില്‍ ലോകം ചുറ്റി സഞ്ചരിച്ച മുസ്‌ലിം സഞ്ചാരികളുടെ പ്രചോദനവും മറ്റൊന്നായിരുന്നില്ല.

ഇപ്രകാരം ദൈവം അലങ്കരിച്ച പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കുന്നതിനും ആനന്ദിക്കുന്നതിനുമായി ചുറ്റി സഞ്ചരിക്കുന്നതിന് സിയാഹത് (ഉല്ലാസയാത്ര) എന്നാണ് അറബിയില്‍ പറയാറ്. വെള്ളം ‘ഭൂമിയിലൂടെ സുഗമമായി ഒഴുകുക എന്നാണ് അതിനര്‍ഥം. മനോഹരമായ അരുവികളും നീര്‍ത്തടങ്ങളും പ്രകൃതിക്ക് ശുദ്ധജലവും കുളിര്‍മയും പ്രദാനം ചെയ്യുന്നത് പോലെ, വിനോദയാത്രകള്‍ ഹൃദയത്തിലും കുടുംബത്തിലും കുളിരും തണുപ്പും കോരിയിടുന്നവയാകണമെന്ന് സാരം. മാത്രമല്ല, ഭൂമിയില്‍ ജലം അരുവിയായൊഴുകുന്നത് പോലെ അല്ലാഹുവിന്റെ ഭൂമിയില്‍ വിശ്വാസിക്ക് യഥേഷ്ടം സഞ്ചരിക്കാവുന്നതാണ് എന്ന് കൂടി ഇതില്‍ നിന്നും മനസ്സിലാക്കാം.

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനും ഉല്ലസിക്കുന്നതിനും സാധാരണയായി വിമുഖത കാണിക്കുകയോ, സമയം ലഭിക്കാതിരിക്കുകയോ ചെയ്യുന്ന പ്രവണതയാണ് ഇന്ന് അധികമായുമുള്ളത്. എന്നല്ല കുടുംബത്തോടൊത്ത് കളിതമാശകളിലും മറ്റും ഏര്‍പെടുന്നത് മോശമായി കണക്കാക്കുന്നവരുമുണ്ട്. പ്രവാചകന്റെ കാലത്ത് നടന്ന ഒരു സംഭവം ഇവിടെ പ്രസക്തമാണ്. ഹന്‍ളല (റ) നബി തിരുമേനി (സ)യുടെ അടുത്ത് വന്ന് ആശങ്കയോടെ ഇപ്രകാരം പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരെ, ഞാന്‍ കപട വിശ്വാസിയായിരിക്കുന്നു.’ പ്രവാചകന്‍ ചോദിച്ചു: ‘അല്ലയോ ഹന്‍ളല, താങ്കള്‍ക്ക് എന്ത് പറ്റി?’ അദ്ദേഹം പറഞ്ഞു: ‘പ്രവാചകരെ ഞാന്‍ താങ്കളുടെ കൂടെയാവുമ്പോള്‍ സ്വര്‍ഗനരകങ്ങളെ കുറിച്ച് ഓര്‍ക്കുകയും ദൈവഭ’ക്തിയില്‍ ജീവിക്കുകയും കുടുംബത്തോടൊപ്പമെത്തിയാല്‍ കളിതമാശകളില്‍ ഏര്‍പെടുകയും ചെയ്യുന്നു.” അതിനോട് നബി (സ) ഇപ്രകാരമാണ് പ്രതിവചിച്ചത്: ”താങ്കള്‍ എന്റെ കൂടെ ദൈവസ്മരണയില്‍ കഴിഞ്ഞ് കൂടുന്ന സമയത്ത് അല്ലാഹുവിന്റെ മാലാഖമാര്‍ താങ്കള്‍ക്ക് അഭിവാദ്യമര്‍പിക്കുന്നതാണ്.” പക്ഷെ അതോടൊപ്പം തന്നെ പരിധിവിടാത്ത വിശ്രമവും ആനന്ദവും അനുവദനീയമാണ്. പ്രവാചകന്‍ തന്നെയും ആയിശ(റ)യോടൊന്നിച്ച് രാത്രിയില്‍ സംസാരിച്ച് നടക്കാറുണ്ടായിരുന്നുവെന്ന് ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നു.’

ഇസ്‌ലാം കുടുംബത്തിനോടൊപ്പം സന്തോഷത്തോടെയും ആനന്ദത്തോടെയും സമയം ചെലവഴിക്കുന്നതിന് തടസ്സമല്ല എന്നതു മാത്രമല്ല കുടുംബ ബന്ധത്തെ ഏറ്റവും സുന്ദരവും ദൃഢവുമായ വിധത്തില്‍ രൂപപ്പെടുത്താന്‍ അങ്ങേയറ്റത്തെ പ്രോല്‍സാഹനവും നല്‍കിയിരിക്കുന്നു. പ്രവാചകാനുചരര്‍ തണ്ണി മത്തന്‍ എറിഞ്ഞ് കളിച്ച് ആനന്ദിക്കാറുണ്ടായിരുന്നുവെന്ന ബുഖാരിയുടെ റിപ്പോര്‍ട്ടും ഇമാം ശാഫിഈ വിദഗ്ദനായ അമ്പെയ്തുകാരനായിരുന്നുവെന്ന യാഥാര്‍ഥ്യവും നമ്മുടെ മുമ്പിലുണ്ട്. ഇസ്‌ലാമിക നാഗരികതയുടെ ചരിത്രം പരിശോധിച്ചാല്‍ സുന്ദരമായ പുഷ്പങ്ങളും ഉറവകളും കൊണ്ട് മനോഹരിച്ച് ധാരാളം പ്രശസ്തമായ തോട്ടങ്ങളെ കുറിച്ച് നമുക്ക് കാണാവുന്നതാണ്. അന്‍ദലുസിലും മറ്റും ഭരണാധികാരികള്‍ തന്നെ ആകര്‍ഷകമായ പൂന്തോട്ടങ്ങള്‍ ഒരുക്കുകയും സഞ്ചാരികളെ ആകര്‍ഷിക്കുകയും ചെയ്യാറുണ്ടായിരുന്നു.

ശഹീദ് സയ്യിദ് ഖുതുബ് തന്റെ ഖുര്‍ആന്‍ വിശദീകരണ ഗ്രന്ഥത്തില്‍ ഇപ്രകാരം പറയുന്നു: ‘പൂന്തോട്ടങ്ങള്‍ ഹൃദയത്തില്‍ പ്രകാശവും ഉന്മേഷവും സജീവതയും പടര്‍ത്തുന്നു. സുന്ദരമായ കാഴ്ചകളും ശോഭയും ഹൃദയത്തെ ജീവിപ്പിക്കുന്നു. ഒരു പൂവിന്റെ നിറം, അല്ലെങ്കില്‍ അതിന്റെ ഘടന അത് മതി ഏറ്റവും വിദഗ്ധരായ കലാകാരന്‍മാരെ പോലും അശക്തരാക്കാന്‍.

ദുഖിതരും ക്ഷീണിതരുമായി വീട്ടിലിരിക്കുകയോ, ദുര്‍ബലരും രോഗികളുമായി തലതാഴ്ത്തി നടക്കുകയോ ചെയ്യേണ്ടവരല്ല വിശ്വാസി സമൂഹം. പ്രപഞ്ചത്തില്‍ ഒരുക്കപ്പെട്ട ഏതൊരു അലങ്കാരവും, വിഭവവും ആസ്വദിക്കാനും ഉപയോഗപ്പെടുത്തുവാനുമുള്ള പ്രഥമ യോഗ്യത അവര്‍ക്ക് മാത്രമാണ്. കാരണം ദൈവത്തിന്റെ കല്‍പനയും നിര്‍ദ്ദേശവും അനുസരിച്ച് ജീവിക്കുന്നവര്‍ക്കാണല്ലോ അവന്റെ അനുഗ്രഹം നുകരാനുള്ള അവകാശമുള്ളത്.

യാത്രകളില്‍ പോലും നാം ആരാധനകളോട് പുലര്‍ത്തുന്ന ആത്മാര്‍ഥതയും, തമാശകള്‍ക്കിടയിലും നാം കാത്ത് സൂക്ഷിക്കുന്ന പരിധികളും അവര്‍ക്ക് പ്രായോഗിക ലോകത്ത് നിന്ന് മാത്രം ലഭിക്കേണ്ടതാണ്. മനുഷ്യജീവിതത്തിലെയും സാമൂഹിക ഇടപെടലുകളുടെയും മര്യാദയും തന്റേടവും ആര്‍ജിക്കുന്നതും ഇത്തരം സാഹചര്യങ്ങളില്‍ തന്നെയാണ്.

യാത്രക്ക് തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളുടെ കാര്യത്തിലും നാം പ്രത്യേകം സൂക്ഷ്മത പുലര്‍ത്തേണ്ടിയിരിക്കുന്നു. സുന്ദരമായ അനുഭൂതിയും ദൈവബോധവും ക്രിയാത്മകമായ ചിന്തയും പ്രദാനം ചെയ്യുന്ന പ്രദേശങ്ങള്‍ക്ക് പകരം കൃത്രിമ പാര്‍ക്കുകളിലേക്കും അശ്ലീല കാഴ്ചകള്‍ കൊണ്ട് ധാര്‍മിക ബോധത്തെ നശിപ്പിക്കുന്ന പ്രദേശങ്ങളിലേക്കും നാം ഒരിക്കലും കുടുംബത്തെ വലിച്ചിഴക്കരുത്. ഇസ്‌ലാം ആനന്ദത്തിന് വേണ്ടി അനുവദിച്ച വിനോദയാത്ര വിശ്വാസം ബലി കഴിച്ച് ആഘോഷിക്കാനുള്ളതല്ല. ശരീഅത്തിന്റെ പരിധികള്‍ പാലിച്ച് നടത്തപ്പെടുമ്പോഴേ അതിന്റെ ശ്രേഷ്ഠമായ ഫലങ്ങള്‍ ലഭ്യമാവൂ.

മഹത്തായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നിര്‍ദേശിക്കപ്പെട്ട ഒരു സംവിധാനം എത്രത്തോളം ദുരുപയോഗപ്പെടുത്താമെന്നതിന് തെളിവാണ് നിലവിലെ സാമൂഹിക സംവിധാനത്തിലെ വിനോദയാത്രകള്‍. നമ്മുടെ ഉല്ലാസയാത്ര നിഷിദ്ധമാക്കപ്പെട്ട സകല നിയമങ്ങളും അനുവദനീയമാക്കാനും പരമാവധി ആര്‍മാദിച്ച് ദൈവ നിഷേധപ്രവര്‍ത്തനങ്ങള്‍ നടത്താനുമുള്ള സംവിധാനമായാണ് പലരും മനസ്സിലാക്കുന്നത്.

വാര്‍ദ്ധക്യത്തില്‍ കഷ്ടപ്പെടുന്ന മാതാപിതാക്കളില്‍ നിന്ന് രക്ഷയായും അവരുടെ ശല്യത്തില്‍ നിന്ന് മോചനമായും വിനോദയാത്രയെ അവലംബിക്കുന്ന സന്താനങ്ങള്‍ സമൂഹത്തില്‍ കുറവല്ല. കുടുംബത്തില്‍ മാന്യമായ വസ്ത്രധാരണം നടത്തി ജീവിക്കുന്ന പല വീട്ടമ്മമാര്‍ക്കും തങ്ങളുടെ സൗന്ദര്യവും ആര്‍ഭാടവും വെളിവാക്കാന്‍ വിനോദ യാത്രകളെ ഉപയോഗിക്കുന്നവരുമുണ്ട്.

ഇസ്‌ലാമിക ശരീഅത്തിന്റെ നിയമങ്ങള്‍ കാറ്റില്‍ പറത്തി ആസ്വാദനത്തിന്റെയും ആനന്ദത്തിന്റെയും പേരില്‍ അന്യ പുരുഷന്‍മാരുള്‍പ്പെടെയുള്ള വേദികളില്‍ വിനോദത്തിലേര്‍പെടുകയും ആഘോഷിക്കുകയും ചെയ്യുന്നവരും നമ്മുടെ സമൂഹത്തില്‍ ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

സന്താനങ്ങളുടെ കാര്യവും ഇതില്‍ നിന്നും ഭിന്നമല്ല. രക്ഷിതാക്കളുടെ മേല്‍നോട്ടമില്ലാതെ കൗമാരക്കാരായ വിദ്യാര്‍ഥികളെ വിനോദയാത്രക്കയക്കുന്നതും തങ്ങളുടെ യൗവനം തോന്നിയത് പോലെ ആസ്വദിക്കാന്‍ അവര്‍ക്ക് അവസരമൊരുക്കുന്നതും നാം നിസ്സാരമായി അവഗണിക്കുന്ന ഗുരുതരമായ വീഴ്ച തന്നെയാണ്. നമ്മുടെ വിദ്യാര്‍ഥികളുടെ ധാര്‍മികജീവിതം കവര്‍ന്നെടുക്കുന്ന സാഹചര്യമാണ് ഇത് മുഖേന സൃഷ്ടിക്കപ്പെടുന്നതെന്ന് നാം മനസ്സിലാക്കുന്നില്ല.

നിര്‍ബന്ധമായ ഉത്തരവാദിത്തങ്ങള്‍ ഉപേക്ഷിച്ച് കേവലം അനുവദനീയമായ കര്‍മം നിര്‍വഹിക്കുന്നതിന് യാതൊരു ന്യായവുമില്ല. പരിചരണം ചുമതലയിലുള്ള മാതാപിതാക്കളുണ്ടായിരിക്കെ അവരെ അവഗണിച്ച് കൊണ്ടോ, നമസ്‌കാരം പോലുള്ള ആരാധനകളെ മാറ്റിവെച്ച് കൊണ്ടോ വിനോദ യാത്രകള്‍ നടത്താവതല്ല.

അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ ദര്‍ശിക്കാനും നിഷേധികളുടെ ദുരന്തങ്ങളില്‍ നിന്നും പാഠമുള്‍ക്കൊള്ളാനും മാത്രമല്ല മറിച്ച് ലോകത്തിലെ വിവിധങ്ങളായ ദൈവിക വരദാനങ്ങളെ എങ്ങനെ ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ ഉപയോഗപ്പെടുത്താം എന്ന ലക്ഷ്യവും വിശ്വാസിയുടെ യാത്രക്ക് ഉണ്ടായിരിക്കേണ്ടതാണ്. നബി തിരുമേനി (സ) തന്റെ മക്കാ കാലഘട്ടത്തില്‍ അത്തരത്തിലുള്ള പല യാത്രകള്‍ നടത്തിയതായും അനുചരരെ ലോകത്തിന്റെ പല ഭാഗങ്ങല്‍ലേക്കും നിയോഗിച്ചതായുമുള്ള സംഭവങ്ങള്‍ പ്രസിദ്ധമാണ്. മദീനയിലേക്ക് നിയോഗിക്കപ്പെട്ട ഇസ്‌ലാമിലെ ഒന്നാമത്തെ അംബാസഡര്‍ മിസ്അബ് ആയിരുന്നുവല്ലോ ഇസ്‌ലാമിനനുകൂലമായ ഭൂമിക അവിടെ ഒരുക്കിയത്.

വൈജ്ഞാനിക മേഖലയില്‍ അത്ഭുതകരമായ പുരോഗതി കൈവരിക്കുകയും നവ യാത്രാസംവിധാനങ്ങള്‍ വികസിപ്പിക്കപ്പെടുകയും ചെയ്ത ഇക്കാലത്ത് മുസ്‌ലിം ഉമ്മത്ത് പ്രസ്തുത മേഖലയെ കൂടുതല്‍ കാര്യഗൗരവത്തോടെ സമീപിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തില്‍ യാത്രയെ ക്രിയാത്മകമായി സമീപിച്ച മഹാന്മാരായിരുന്നു മധ്യകാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഇബ്‌നുബത്തൂത്ത അടക്കമുള്ള മുസ്‌ലിം ശാസ്ത്രകാരന്‍മാര്‍. പ്രസ്തുത വിഷയകമായി ധാരാളം രചനകള്‍ തന്നെ പല ഭാഷകളിലുമായുണ്ട്. കൂടാതെ ഒരു മനുഷ്യന്റെ യാത്ര അദ്ദേഹത്തിന് വിജ്ഞാനവും അനുഭവവും സാമ്പത്തിക നേട്ടവും ലഭ്യമാക്കുമെന്ന് അലിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കവിതയിലുണ്ട്.

സമ്പത്തും സ്വദഖയും ഓഹരി വെക്കുന്നിടത്ത് പോലും ഇസ്‌ലാം യാത്രക്കാരന്‍ അല്ലെങ്കില്‍ വഴി പുത്രന്‍ എന്ന ഒരു വിഭാഗത്തെ പ്രത്യേകമായി പരിഗണിച്ചതും ഇവിടെ സ്മരണീയമാണ്. സഞ്ചാരികള്‍ക്ക് ഇസ്‌ലാമിക ശരീഅത്തില്‍ നല്‍കിയ ഈ പ്രാധാന്യത്തിന് മറ്റൊരര്‍ഥം കൂടിയുണ്ട്. പ്രസ്തുത സംവിധാനം സമൂഹത്തില്‍ നിരന്തരമായി നിലകൊള്ളേണ്ടതും പ്രസ്തുത വിഭാഗം എല്ലാകാലത്തും പരിഗണിക്കപ്പെടേണ്ടവരുമാണെന്നര്‍ഥം.

Related Articles