Current Date

Search
Close this search box.
Search
Close this search box.

പ്രവാചകന്മാര്‍

ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളില്‍ അതിപ്രധാനമാണ് പ്രവാചകന്‍മാരിലുള്ള വിശ്വാസം. വേദം ഏറ്റുവാങ്ങാനും വേദാനുസാരം മനുഷ്യരെ മാര്‍ഗദര്‍ശനം ചെയ്യാനും മനുഷ്യരില്‍നിന്നുതന്നെ ദൈവം തെരഞ്ഞെടുക്കുന്ന ദൂതാന്‍മാരാണ് പ്രവാചകന്‍മാര്‍. വളരെ പരിശുദ്ധരും സംസ്‌കാര സമ്പന്നരും സല്‍സ്വഭാവികളും പക്വമതികളുമായ മനുഷ്യരാണവര്‍. സത്യ സന്ധതയില്ലാത്തവരോ സ്വഭാവദൂഷ്യമുള്ളവരോ ബുദ്ധിമാന്ദ്യമുള്ളവരോ പ്രവാചകന്‍മാരായി തെരഞ്ഞെടുക്കപ്പെടുകയില്ല. മറ്റുള്ളവര്‍ക്ക് മാതൃകാ യോഗ്യരായവര്‍ മാത്രമേ പ്രവാചകന്‍മാരാകൂ. വേദവും മറ്റു വെളിപാടുകളും ഏറ്റുവാങ്ങുകയും അതനുസരിച്ച് ജനങ്ങളെ നയിക്കുകയുമാകുന്നു പ്രവാചകന്‍മാരുടെ ദൗത്യം. ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട പുണ്യാത്മാക്കളാണെങ്കിലും പ്രവാചകന്‍മാര്‍ ദിവ്യശക്തികളുള്ളവരോ ദൈവികാധികാരങ്ങളില്‍ പങ്കുള്ളവരോ അല്ല. അവര്‍ ആരാധിക്കപ്പെടുന്നത്, അവരുടെ തന്നെ ഉപദേശത്തിന് വിരുദ്ധമായ മഹാപരാധമാകുന്നു. ദിവ്യസന്ദേശം ലഭിക്കുന്നു എന്നതൊഴിച്ചാല്‍ മറ്റെല്ലാകാര്യങ്ങളിലും അവര്‍ സാധാരണ മനുഷ്യര്‍തന്നെയാണ്. ചിലപ്പോള്‍ പ്രവാചകന്റെ പ്രവാചകത്വം ജനങ്ങളെ ബോധ്യപ്പെടുത്തുന്ന ദൃഷ്ടാന്തം എന്ന നിലയില്‍ ചില ദിവ്യാത്ഭുതങ്ങള്‍ പ്രവാചകന്‍മാരിലൂടെ പ്രത്യക്ഷപ്പെട്ടേക്കാം. മൂസാ പ്രവാചകന്റെ വടി ഒരു ഉദാഹരണം. ദൈവം നിര്‍ദേശിക്കുന്ന സമയത്ത് അത് നിലത്തിട്ടാല്‍ സര്‍പ്പമായിത്തീരുമായിരുന്നു. ഇത്തരം സിദ്ധികള്‍ പക്ഷേ പ്രവാചകന്‍മാരുടെ സ്വന്തം നിയന്ത്രണത്തിലായിരുന്നില്ല. ദൈവം കല്‍പ്പിക്കുമ്പോള്‍ മാത്രമേ അവര്‍ക്ക് അത്ഭുതങ്ങള്‍ പ്രത്യക്ഷപ്പെടുത്താനാകുമായിരുന്നുള്ളൂ.

മനുഷ്യരിലേറ്റം ഔന്നത്യവും മഹത്വവുമുള്ളവരാണ് പ്രവാചകന്‍മാര്‍. ആ മഹത്വമൊന്നും അവരെ ദൈവദാസന്‍ എന്ന അവസ്ഥയില്‍നിന്ന് ദൈവമോ ദൈവത്തിന്റെ മക്കളോ പങ്കാളികളോ ആക്കി ഉയര്‍ത്തുന്നില്ല. പൂര്‍വകാലത്ത് എല്ലാ ജനസമൂഹങ്ങളിലും പ്രവാചകന്‍മാര്‍ ആഗതരായിട്ടുണ്ടെന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. 25-ഓളം പ്രവാചകന്‍മാരുടെ പേരേ അത് പരാമര്‍ശിക്കുന്നുള്ളൂ. അവരെയെല്ലാം സത്യപ്രവാചകന്‍മാരായി അംഗീകരിക്കേണ്ടത് മുസ്‌ലിമിന്റെ നിര്‍ബന്ധ ബാധ്യതയാണ്. ഒന്നേകാല്‍ ലക്ഷത്തോളം പ്രവാചകന്‍മാര്‍ പല കാലങ്ങളിലും സ്ഥലങ്ങളിലുമായി വന്നിട്ടുണ്ടെന്നാണ് ചരിത്രം. മനുഷ്യനെ മാര്‍ഗദര്‍ശനം ചെയ്യാനുള്ള വെളിപാട് ലഭിച്ചവരെല്ലാം പ്രവാചകന്‍മാരാകുന്നു. മൗലികമായി ഒരേ തത്വങ്ങളും ധര്‍മങ്ങളും തന്നെയാണ് എല്ലാ ദൈവദൂതന്‍മാരും പ്രബോധനം ചെയ്തിരുന്നത്. ഒരു സമൂഹത്തില്‍ തന്നെ പല കാലങ്ങളിലായി അനേകം പ്രവാചകന്‍മാര്‍ വരാറുണ്ടായിരുന്നു. ഒരേ കാലത്തു തന്നെ ഒരേ സമൂഹത്തിലും വ്യത്യസ്ത സമൂഹങ്ങളിലുമായി ഒന്നിലധികം പ്രവാചകര്‍ ആഗതരായ ചരിത്രവുമുണ്ട്. പൂര്‍വപ്രവാചകന്റെ പാരമ്പര്യവും അദ്ദേഹത്തിനവതരിച്ച വേദവും നിലനിര്‍ത്താനാണ് അധിക പ്രവാചകന്‍മാരും വന്നത്. പൂര്‍വപ്രവാചകന്റെ പൈതൃകങ്ങളും വേദവും തീരെ വിസ്മൃതമായിപ്പോയ സാഹചര്യങ്ങളില്‍ ആഗതരാകുന്ന പ്രവാചകരോടൊപ്പം പുതിയ വേദവും നിയമവ്യവസ്ഥയും അവതരിച്ചിരുന്നു. അത്തരം പ്രവാചകരെ സാങ്കേതികമായി റസൂല്‍ (ദൈവദൂതന്‍) എന്നാണ് വിളിക്കുക. പുതിയ വേദവും നിയമവ്യവസ്ഥയും ഇല്ലാത്ത പ്രവാചകനെ നബി എന്നും വിളിക്കുന്നു.

വേദം ഏറ്റുവാങ്ങി ജനങ്ങള്‍ക്ക് കൈമാറുക മാത്രമല്ല പ്രവാചകന്റെ ദൗത്യം. വേദവ്യാഖ്യാതാവുമാണദ്ദേഹം. വേദഗ്രന്ഥങ്ങളില്‍ സൂചനകളിലൂടേയും ഉപമകളിലൂടെയും അവതരിപ്പിച്ച സത്യങ്ങള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചു കൊടുക്കേണ്ടതും വേദതത്വങ്ങളും നിയമങ്ങളും നിത്യജീവിതത്തില്‍ സാക്ഷാത്കരിച്ചു കാണിച്ചുകൊടുക്കേണ്ടതും പ്രവാചകന്‍മാരാണ്. പ്രവാചകന്മാര്‍ പാപസുരക്ഷിതരാണ്, അഥവാ വല്ല പിശകും പിണഞ്ഞാല്‍ ദൈവം ഇടപെട്ട് (വഹയ്)വെളിപാടിലൂടെ തിരുത്തിക്കൊടുക്കുന്നതാണ്. ഈ അര്‍ത്ഥത്തില്‍ അപ്രമാദിത്വമുള്ള മനുഷ്യരാണ് പ്രവാചകന്‍മാര്‍. അതു കൊണ്ടു തന്നെ വേദത്തിന് പ്രവാചകന്‍മാര്‍ സ്വജീവിതത്തിലൂടെ ചമക്കുന്ന വ്യാഖ്യാനം നിയമവ്യവസ്ഥയും, വേദത്തിനു ശേഷമുള്ള ആധികാരിക പ്രമാണമാകുന്നു. ഇസ്‌ലാമില്‍ ഇതിനെ സുന്നത്ത് അഥവാ പ്രവാചകചര്യ എന്നു വിളിക്കുന്നു. ഖുര്‍ആന്‍ അന്തിമ വേദമായ അതേ കാരണങ്ങളാല്‍ മുഹമ്മദ് നബി അന്ത്യപ്രവാചകനുമാകുന്നു. ലോകജനതക്ക് അന്ത്യനാള്‍ വരേക്കുമുള്ള ദൈവദൂതനായിട്ടാണദ്ദേഹം നിയോഗിക്കപ്പെട്ടത്. മുഹമ്മദ് നബിയെപ്പറ്റി ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ‘മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള സുവിശേഷകനും മുന്നറിയിപ്പുകാരനുമായിട്ടുതന്നെയാകുന്നു നിന്നെ നാം നിയോഗിച്ചിട്ടുള്ളത്.’ (34:28) അദ്ദേഹത്തിനവതരിച്ച വേദമായ ഖുര്‍ആനും അതിന്റെ പ്രായോഗിക വ്യാഖ്യാനമായി അദ്ദേഹം കാഴ്ചവെച്ച ജീവിതചര്യയും വിസ്മൃതമാവുകയോ വികലമാവുകയോ ചെയ്യാതെ ലോകാവസാനംവരെ നിലനില്‍ക്കുന്നതാണ്. അത് തലമുറകള്‍ക്ക് പകര്‍ന്ന് കൊടുക്കാനും പ്രചരിപ്പിക്കാനുമുള്ള ബാധ്യത അദ്ദേഹത്തിന്റെ അനുയായികളില്‍ ചുമത്തപ്പെട്ടിരിക്കുന്നു. അതിനാല്‍ അദ്ദേഹത്തിനുശേഷം പ്രവാചകന്‍മാര്‍ വരുന്നതല്ല.

Related Articles