Current Date

Search
Close this search box.
Search
Close this search box.

കപട വിശ്വാസികള്‍ക്കും മാപ്പ്

പ്രവാചക ശിഷ്യന്മാര്‍ മുറൈസീഅ് എന്ന പ്രദേശത്തുനിന്ന് മദീനയിലേക്കു മടങ്ങുകയായിരുന്നു. അതിനിടെ, അവിടത്തെ ഒരു ജലാശയത്തിനടുത്തുവെച്ച് ഉമറുല്‍ ഫാറൂഖിന്റെ കുതിരക്കാരനും ഒരു ഖസ്‌റജ് ഗോത്രക്കാരനും തമ്മില്‍ ശണ്ഠകൂടാനിടയായി. ഇത് കപടവിശ്വാസികളുടെ നേതാവായ അബ്ദുല്ലാഹിബ്‌നു ഉബയ്യിന്റെ ശ്രദ്ധയില്‍ പെട്ടു. പ്രവാചകനോടും മക്കയില്‍നിന്നെത്തിയ മുഹാജിറുകളോടും കഠിന ശത്രുത ഉള്ളില്‍ ഒളിപ്പിച്ചുവെച്ചിരുന്ന അദ്ദേഹം ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചു. അയാള്‍ തന്റെ കൂട്ടുകാരനോടു പറഞ്ഞു: ‘നമ്മുടെ ഈ നാട്ടില്‍പോലും മുഹാജിറുകള്‍ നമ്മെ കീഴ്‌പ്പെടുത്തുകയാണ്. പാലു കൊടുത്തകൈക്ക് കടിക്കുന്ന പാമ്പായിരിക്കുകയാണ് അവര്‍. അതിനാല്‍ മദീനയിലെത്തിയാലുടന്‍ നമ്മുടെ കൂട്ടത്തിലെ കരുത്തന്മാര്‍ ആ ദുര്‍ബലരെ നിഷ്‌കാസനം ചെയ്യും; തീര്‍ച്ച.’ അരിശം തീരാതെ അയാള്‍ തുടര്‍ന്നു: ‘നിങ്ങള്‍ ചെയ്ത വിഡ്ഢിത്തമാണിത്. നിങ്ങളവര്‍ക്ക് സ്വന്തം നാട് ഭാഗിച്ചുകൊടുത്തു. സ്വത്ത് പകുത്തു നല്‍കി. നിങ്ങള്‍ സ്വത്തും ഉദാരതയും അനുവദിച്ചില്ലായിരുന്നുവെങ്കില്‍ അവര്‍ വേറെ എവിടെയെങ്കിലും പോയിക്കൊള്ളുമായിരുന്നു. നമുക്കവരുടെ ശല്യമുണടാകുമായിരുന്നില്ല.’
അബ്ദുല്ലാഹിബ്‌നു ഉബയ്യിന്റെ ഈ സംസാരം കേള്‍ക്കാനിടയായ പ്രവാചക ശിഷ്യരിലൊരാള്‍ വിവരം തിരുമേനിയെ അറിയിച്ചു. അപ്പോള്‍ ഉമറുല്‍ ഫാറൂഖും അവിടെ ഉണടായിരുന്നു. വിവരമറിഞ്ഞ ഉമറിന്റെ രോഷം ആളിക്കത്തി. പ്രത്യക്ഷ ശത്രുവെക്കാള്‍ അപകടകാരി കൂടെ നില്‍ക്കുന്ന കപട വിശ്വാസിയാണെന്നുറച്ചു വിശ്വസിച്ച അദ്ദേഹം പറഞ്ഞു. പ്രവാചകരേ, അയാളുടെ കഥകഴിക്കാന്‍ ബിലാലിനെ ചുമതലപ്പെടുത്തൂ.’
പ്രവാചകന്റെ സമീപനം തീര്‍ത്തും വ്യത്യസ്തമായിരുന്നു. കാപട്യത്തിന് ശിക്ഷ നല്‍കേണടത് ദൈവമാണ്. കൂടെ നില്‍ക്കുന്നവരെ കൊല്ലുന്നത് ശരിയല്ല. അതിനാല്‍ അവിടുന്ന് ഉമറുല്‍ ഫാറൂഖിന്റെ ആവശ്യമംഗീകരിച്ചില്ല. മറ്റൊരിക്കല്‍ തന്റെ നിലപാട് അവിടുന്ന് ഇങ്ങനെ വിശദീകരിച്ചു: ‘അദ്ദേഹത്തെ നാം വധിക്കാനുദ്ദേശിക്കുന്നില്ല. നാം അദ്ദേഹത്തോട് കരുണ കാണിക്കും. നമ്മുടെ കൂടെ ഉണടാകുന്നേടത്തോളം കാലം നാം നല്ല സൌഹൃദം പുലര്‍ത്തും.
 

Related Articles