Current Date

Search
Close this search box.
Search
Close this search box.

ഉമര്‍ ഖാദി: അനീതിക്കെതിരെയുള്ള വിസമ്മതത്തിന്റെ രൂപം

1765 (1179 ഹിജ്‌റ) ഖാദിയാരകത്ത് ആലിമുസ്‌ലിയാരുടെയും കാക്കത്തറ വീട്ടില്‍ ആമിനയുടെയും രണ്ടാമത്തെ മകനായി മലപ്പുറം ജില്ലയിലെ വെളിയങ്കോട് ജനനം. ഉമര്‍ ബിന്‍ അലി എന്ന ഉമര്‍ ഖാദിക്ക് പത്ത് വയസ്സാകും മുമ്പ് മാതാവും പിതാവും മരണപ്പെട്ടു. പിന്നീട് അമ്മാവന്റെ സംരംക്ഷണത്തിലായിരുന്നു അദ്ദേഹം ജീവിച്ചത്. മതപഠനത്തിനായി പതിനൊന്നാം വയസ്സില്‍ താനൂരിലെ പള്ളി ദര്‍സില്‍ ചേര്‍ന്നു. 3 വര്‍ഷത്തെ പഠനത്തിനു ശേഷം പൊന്നാനി ദര്‍സില്‍ ചേര്‍ന്നു. ഹിജ്റ 1209 മുതല്‍ 1218 വരെ പൊന്നാനിയിലും 1218 മുതല്‍ 1237 വരെ വെളിയങ്കോടും ഇടക്ക് താനൂരും പിന്നീട് 1273 (ഹി) മരണംവരെ വെളിയങ്കോടും മതാധ്യാപകനായും ഖാദിയായും സേവനമനുഷ്ടിച്ചു. ധാരാളം ശിഷ്യഗണങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. പ്രശസ്തനായ അറബി കവി കൂടിയായിരുന്നു അദ്ദേഹം. ഖസ്വീദത്തുല്‍ ഉമരിയ്യ എന്നപേരില്‍ അദ്ദേഹത്തിന്റെ കവിതകള്‍ അറബ് ലോകത്ത് സമാഹരിച്ചിട്ടുണ്ട്. കത്തിടപാടുകളും സംവാദങ്ങളുമൊക്കെ കവിതകളിലൂടെയായിരുന്നു. കല്ലിലും, പള്ളിയുടെ ചുമരുകളിലും കരിക്കട്ടകൊണ്ടും, പച്ചിലകള്‍കൊണ്ടും കവിതകള്‍ കോറിയിട്ടിരുന്നു. പല കവിതകളും സംരംക്ഷിക്കാന്‍ സാധിച്ചിട്ടില്ല. അറബിയിലും അറബി മലയാളത്തിലും ഉമര്‍ ഖാദി കവിതകള്‍ രചിച്ചിട്ടുണ്ട്. ശാഫി ഫിഖ്ഹിലെ പ്രമുഖ പണ്ഡിതനായ ഇബ്‌നു ഹജറുല്‍ ഹൈതമിയുടെ തുഹ്ഫയിലെ വിവാഹം, വിവാഹ മോചനം, കടുംബ ജീവിതം, എന്നീ അധ്യായങ്ങള്‍ പദ്യരൂപത്തില്‍ അദ്ദേഹം തയ്യാറാക്കിയതാണ് മഖാസിദുന്നികാഹ്. നഫാഇസുദ്ദറര്‍, സ്വല്ലല്‍ ഇലാഹു ബൈത്ത്, തറാജിമുല്‍ മുഹല്ലലാത്, തറാജിമുല്‍ മുഹ്റമാത്, മര്‍ഥിയ്യ അലാ സയ്യിദില്‍ അലവി തുടങ്ങിയ നിരവധി കൃതികള്‍ അദ്ദേഹത്തിനുണ്ട്.

Also read: റജബ് തയ്യിബ് എർദോഗാൻ്റെ ഖത്തർ സന്ദർശനം

മലബാറിലെ മുസ്ലിംകളില്‍ പൊന്നാനികൈ, കൊണ്ടോട്ടികൈ എന്ന രണ്ട് ധാരകള്‍ അക്കാലത്ത് സജീവമായിരുന്നു. പൊന്നാനിക്കയ്യിന്റൈ ശക്തനായ വക്താവായിരുന്നു ഉമര്‍ഖാദി. കൊണ്ടോട്ടി തങ്ങളായിരുന്ന മുഹമ്മദ് ഷാ തങ്ങളുടെ മുന്നില്‍ അനുയായികള്‍ സുജൂദ് ചെയ്യുന്നതിനെതിരെ അദ്ദഹം രംഗത്ത് വന്നിരുന്നു. മുഹമ്മദ് ഷാ ഇസ് ‌ലാമിക വിശ്വാസത്തെ കളങ്കപെടുത്തി എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
തന്റെ ആത്മീയ ഗുരുവായി സ്വീകരിച്ചിരുന്നത് മമ്പുറം സയ്യിദ് അലവി തങ്ങളെയായിരുന്നു. യാത്രകളിലൂടെയും, എഴുത്തുകളിലൂടെയും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിച്ചു. ബ്രിട്ടീഷുകാര്‍ ടിപ്പു സുല്‍ത്താനെ വധിച്ചതിലൂടെയാണ് ഉമര്‍ ഖാദി ശക്തമായ രീതിയില്‍ ബ്രിട്ടീഷ് വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചത്. നികുതി നിഷേധത്തിലൂടെ അധിനിവേശ വിരുദ്ധ പോരാട്ടത്തിന് പുതിയൊരു ദിശ നിര്‍ണ്ണയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അന്യായമായി ഞങ്ങളുടെ പിറന്ന മണ്ണ് കൈവശപ്പെടുത്തിയ വെള്ളക്കാരന് ഞാന്‍ നികുതിയടക്കില്ല. അല്ലാഹുവിന്റെ ഭൂമിക്ക് അക്രമിയായ അധികാരികള്‍ക്ക് നികുതി നല്‍കേണ്ട ബാധ്യതയില്ല എന്ന അദ്ദേഹത്തിന്റെ നിലപാട് മലബാറില്‍ സ്വാധീനമുണ്ടാക്കി. അധിനിവേശ ഭരണകൂടത്തിന് നികുതിയടക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ചാവക്കാട് നിബു സായിപ്പ് ഉമര്‍ ഖാദിയെ ജയിലലടച്ചു. അന്നത്തെ മലബാര്‍ ജില്ലാ കലക്ടര്‍ മെക്‌ ലിന്‍ അനുഭാവപൂര്‍വ്വം നികുതി അടക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വിസമ്മതിച്ചു. സര്‍ക്കാരിനെതിരെ യുദ്ധം നയിച്ചുവെന്ന കേസ് ചുമത്തി 1819 ഡിസംബര്‍ 18ന് അദ്ദേഹത്തെ ജയിലിലടച്ചു. ജയിലിലേക്കുള്ള വഴിമദ്ധ്യേ നാട്ടുകാരും ശിഷ്യന്‍മാരും പോലീസിനെ തടഞ്ഞപ്പോള്‍ അദ്ദേഹം നാട്ടുകാരെ ആശ്വസിപ്പിച്ച്‌കൊണ്ട് പറഞ്ഞു. ”ഇസ്ലാം സമാധാനത്തിന്റെ മതമാണ്. എന്റെ പേരില്‍ നിങ്ങള്‍ അക്രമത്തിനു മുതിരരുത്. ജയില്‍ വാസം അല്ലാഹുവിന്റെ ഒരു അനുഗ്രമാണ്”. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നികുതി നിസ്സഹകരണത്തിന് തുടക്കമിട്ടത് ഉമര്‍ ഖാദിയാണ്. ഗാന്ധിയുടെ പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് അദ്ദേഹം ബ്രീട്ടീഷുകാര്‍ക്കെതിരെ നിസ്സഹകരണം പ്രഖ്യാപിച്ചത്. ഇതിനെ തുടര്‍ന്ന് അദ്ദഹത്തിന്റെ ശിഷ്യന്‍മാര്‍ വിവിധ പ്രദേശങ്ങളില്‍ നികുതി നിസ്സഹകരണം പ്രഖ്യാപിച്ചു. സാമ്രാജ്യത്വ വിരാധത്തിന്റെ വിസമ്മത രൂപമായിരുന്നു അദ്ദേഹം. തന്റെ വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് വൈദേശികാധിപത്യത്തിനെതിരെ അദ്ദേഹം നിലയുറപ്പിച്ചത്. അല്ലാഹുവിന്റെ ഭൂമിക്ക് അന്യായത്തിലൂടെ നാട് പിടിച്ചടക്കിയ വെള്ളക്കാര്‍ക്ക് കരമടക്കാന്‍ ഉദ്ദേശ്യമില്ല എന്ന അദ്ദേഹത്തിന്റെ നിലപാടില്‍ നിന്ന് തന്നെ വിശ്വാസവും പോരാട്ടവും എത്രമേല്‍ ചേര്‍ത്തു നിര്‍ത്തിയിരുന്നുവെന്നത് ബോധ്യമാണ്. 1857 ലെ റമദാന്‍ 21 ന് രോഗബാധിതനാവുകയും അതേ വർഷം ദുൽഹജ്ജ് 23 ന് ( ജൂലൈ 15 ) മരണമടയുകയും ചെയ്തു. ബ്രിട്ടാഷ്‌കാരുടെ അനീതിക്കെതിരെ സന്ധിയില്ലാ സമരത്തിന് നേതൃത്വം നല്‍കിയ മമ്പുറം തങ്ങളും ശിഷ്യന്‍ ഉമര്‍ ഖാദിയും അക്രമത്തിന്റെയും അനീതിയുടെയും ആള്‍രൂപങ്ങളായവര്‍ക്കെതിരെയുള്ള പോരാട്ടത്തിന് ഇന്നും പ്രചോദനമാണ്‌.

Related Articles