Current Date

Search
Close this search box.
Search
Close this search box.

സാമ്രാജ്യത്വ – ജന്മിത്വവിരുദ്ധ പോരാട്ടം

ഇന്ത്യയിൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിലെ ഒരു പ്രധാന അധ്യായമാണ് 1921 ൽ മലബാറിൽ നടന്ന കാലപം, മലബാർ കലാപം ഖിലാഫത്ത് ലഹള, കാർഷിക കുടിയാൻ പ്രക്ഷോഭം തുടങ്ങി വ്യത്യസ്ത നാമങ്ങളിൽ പ്രശസ്തി നേടിയ കലാപത്തിലെ മുഖ്യ അംശം പൂക്കോട്ടൂർ പ്രദേശവും അവിടെവെച്ചു നടന്ന കലാപവുമായിരുന്നു. ടോട്ടോഹാം തന്റെ മാപ്പിള റിബല്യൻ എന്ന ഗ്രന്ഥത്തിൽ പൂക്കോട്ടൂർ ബാറ്റിൽ (Pookkottoor Battle) എന്നാണിതിനെ വിശേഷിപ്പിക്കുന്നത്.

കോഴിക്കോട് മലപ്പുറം റൂട്ടിൽ 26 ഉം 27 ഉം മൈലുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഇടമാണ് പൂക്കോട്ടൂർ പ്രദേശം. 1921 ലെ ഗ്രാമീണ സ്ഥിതി വിവര സെൻസസ് പ്രകാരം പൂക്കോട്ടൂർ ദേശം ഉൾപ്പെടെ പൂക്കോട്ടൂർ അംശങ്ങളിലെ ജനസംഖ്യ ഇപ്രകാരമായിരുന്നു. 1. അറവങ്കര ദേശം: ഹിന്ദുക്കൾ-141, മാപ്പിളമാർ-540 2. പൂക്കോട്ടൂർ ദേശം: ഹിന്ദുക്കൾ- 437, മാപ്പിളമാർ- 852, 3. വെള്ളൂർ ദേശം: ഹിന്ദുക്കൾ-415, മാപ്പിളമാർ-778. ആകെ: പൂക്കോട്ടൂർ അംശം: ഹിന്ദുക്കൾ-993, മാപ്പിളമാർ-2170. ആകെ. 3163(സെൻസസ് 1921, ഏറനാട് താലൂക്ക്, മലബാർ ജില്ല. ഗവ. പ്രസ് 1921) പൂക്കോട്ടൂർ വില്ലേജിന്റെ ഭൂവിസ്തൃതി 768.80 ഏക്കറാണ്. 1921ൽ ഈ ഭൂമി 96 ആധാരങ്ങളിലായി വീതിക്കപ്പെട്ടിരുന്നു. ആധാരം ഉടമകളിൽ 26 മേൽജാതി ഹിന്ദുക്കളും 10 താഴ്ജാതി ഹിന്ദുക്കളും ഉണ്ടായിരുന്നു. 58 മാപ്പിളമാർക്കും 2 ക്ഷേത്രങ്ങൾക്കുമായിരുന്നു ബാക്കിയുള്ള ഭൂമി.

സാമ്രാജ്യത്വ വിരുദ്ധ മുന്നേറ്റം
സാമ്രാജ്യത്വ ജന്മിത്വ അധിനിവേശങ്ങൾക്കെതിരെ 1920 മാർച്ച് അവസാനത്തിലും ഏപ്രിൽ ആദ്യത്തിലുമാണ് പൂക്കോട്ടൂർ ഖിലാഫത്ത് കമ്മിറ്റി നിലവിൽ വരുന്നത്. കറുത്തേടത്ത് പള്ളിയാലി ഉണ്ണിമൊയ്തു പ്രസിഡന്റ്, കാരാട്ട് മൊയ്തീൻ കുട്ടി ഹാജി വൈസ് പ്രസിഡന്റ്, കറുത്തേടത്ത് കോടാംപറമ്പിൽ അലവി സെക്രട്ടറി, പാറാഞ്ചേരി കുഞ്ഞറമുട്ടി അസിസ്റ്റന്റ് സെക്രട്ടറി, മന്നേത്തൊടി ചെറിയ കുഞ്ഞാലൻ ഖജാൻജി, വടക്കുവീട്ടിൽ മമ്മുദു മാനേജർ എന്നിവരായിരുന്നു കമ്മിറ്റി ഭാരവാഹികൾ.

കമ്മിറ്റി നിലവിൽ വന്ന ശേഷം സാമ്രാജ്യത്വ ജന്മിത്വ ശക്തികൾക്കെതിരിൽ പ്രതിഷേധങ്ങളിലൂടെയും മറ്റും തങ്ങളുടെ നിലയുറപ്പിച്ച ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ വിപുലമായ ഒരു സമ്മേളനം നടന്നത് 1921 ജനുവരി 23 പൂക്കോട്ടൂരിൽ വെച്ചായിരുന്നു. ദേശീയ തലത്തിൽ വികസിച്ചു വരുന്ന ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ അജണ്ടകളും പുറമെ പ്രാദേശികമായ കുടിയാൻ പ്രശ്‌നങ്ങളും ഈ യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു. അന്യായമായ കുടിയൊഴിപ്പിക്കൽ നടപടികൾക്ക് സാധാരണക്കാരായ ധാരാളം കർഷകർ വിധേയരാക്കപ്പെട്ടുകൊണ്ടിരുന്ന സന്ദർഭമായിരുന്നു അത്. മഞ്ചേരിയിലെ ഒരു പരദേശി ബ്രാഹ്മണനെ കുടിയൊഴിപ്പിച്ച വിഷയത്തിൽ പൂക്കോട്ടൂർ കോവിലകത്തെ പ്രധാന കാര്യസ്ഥനായിരുന്ന വടക്കെ വീട്ടിൽ മമ്മുദുവിന്റെ നേതൃത്വത്തിൽ കുടിയാൻമാരും ജന്മിമാരും തമ്മിലുണ്ടായ പരസ്പര വടംവലി കുടിയാന്മാർക്കെതിരെ പ്രമാണിമാരുടെ തോൽവിയായാണ് ജനങ്ങൾ വിലയിരുത്തിയത്. പരിമിതമായുണ്ടായിരുന്ന ഭൂസ്വത്ത് കൂടി തട്ടിയെടുക്കാൻ നാടുവാഴിത്ത ശക്തികൾ നടത്തുന്ന കുതന്ത്രങ്ങൾ തിരിച്ചറിഞ്ഞതോടെ പൂക്കോട്ടൂരിലെ സാധാരണ കർഷകരിൽ പ്രധിഷേധം രൂപപ്പെട്ടത് സ്വാഭാവികമായിരുന്നു.
1700 കളിൽ മാപ്പിള പിന്നോക്ക ജനവിഭാഗവും നമ്പിമാരുടെ നായർപടയും തമ്മിൽ പുല്ലാരയിൽ വെച്ച് നടന്ന ഏറ്റുമുട്ടലിന്റെ സ്മരണക്കായി നടന്നു വന്നിരുന്ന നേർച്ച ഇതിന്റെ മറ്റൊരു ഉദാഹരണമായിരുന്നു. തക്ബീർ ധ്വനികളോടെയും ഖിലാഫത്ത് കൊടികളുടെയും അകമ്പടിയോടെ പെട്ടിവരവ് നടത്തിയ പൂക്കോട്ടൂർ മാപ്പിളമാരുടെ അധികാരി വർഗം പ്രതിഷേധത്തിലേർപ്പെട്ടത് ഖിലാഫത്ത് നിഷേധ സ്വാധീനമായിരുന്നെന്ന് പറയുന്നതിൽ തെറ്റില്ല.

ഈ ഘട്ടത്തിൽ പൂക്കോട്ടൂർ കോവിലകത്തെ ഒരു പത്തായപ്പുര പൊളിച്ചു മാറ്റാൻ കാര്യസ്ഥൻ കൂടിയായ വടക്കുവീട്ടിൽ മമ്മദു കരാറെടുത്തിരുന്നു. കരാറ് വെച്ചതിലും വേഗം പണി പൂർത്തീകരിച്ചെങ്കിലും ചിന്നനുണ്ണി തമ്പുരാൻ കരാറനുസരിച്ചുള്ള പണം കൊടുത്തിരുന്നില്ല. ഇതിനെ തുടർന്ന് കാര്യസ്ഥനും തമ്പുരാനും തമ്മിലുണ്ടായ തർക്കം മമ്മദുവിനെ കാര്യസ്ഥൻ സ്ഥാനത്ത് നിന്ന് പിരിച്ചുവിടുന്നതിലാണ് കലാശിച്ചത്.

പിരിച്ചു വിട്ടപ്പോൾ കിട്ടാനുണ്ടായിരുന്ന 350 രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും തിരുമുൽപാട് നൽകാൻ തയ്യാറായില്ല. പ്രതികാര ദാഹത്താൽ കോവിലകത്ത് നിന്ന് തോക്ക് മോഷ്ടിച്ചുവെന്ന് കള്ള കേസ് നൽകിയിരുന്നെങ്കിലും തൊണ്ടിയും തെളിവൊന്നും കിട്ടിയില്ല. മമ്മദുവും ചെറുതല്ലാത്ത ഒരു സംഘവും വീണ്ടും കോവിലകത്തെത്തിലെത്തിയതോടെ ഗത്യന്തരമില്ലാതെ ആവശ്യപ്പെട്ടത് കൊടുക്കേണ്ടി വന്ന തമ്പുരാൻ തുടർന്ന് വധ ഭീഷണിയുണ്ടെന്ന് കാണിച്ചായിരുന്നു കേസ് കൊടുത്തത്.

അധികാരി വർഗത്തിന് ഓശാന പാടുന്ന ഭരണകൂടം എന്നും ചോദ്യം ചെയ്യപ്പെട്ട പാരമ്പര്യമേ ലോകത്തിനുണ്ടായിട്ടുള്ളൂ. ഇൻസ്‌പെക്ടർ നാരായണ മേനോൻ മമ്മദുവിനെതിരിൽ കേസ്സ് എടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ഇല്ലെന്ന് മമ്പുറം തങ്ങളുടെ പേരിൽ സത്യം ചെയ്യേണ്ടി വന്നത് ഇതിന്റെ സ്വാഭാവിക പരിണതിയായിരുന്നു.

നാരായണമേനോന് പുറമെ കലക്ടർ തോമസിനും പോലീസ് സൂപ്രണ്ട് ഹിച്ച്‌കോക്കിനും ഇത് വലിയ അപമാനമായിട്ടാണ് അനുഭവപ്പെട്ടത്. പൂക്കോട്ടൂർ സംഭവവും മറ്റു സംഭവങ്ങളും ചേർത്ത് അതിനെ ഒതുക്കാൻ സൈന്യത്തെ ആവശ്യപ്പെട്ട് കലക്ടർ തോമസ്സ് മദ്രാസ് ഗവൺമെന്റിന് അയച്ച കത്തും തദടിസ്ഥാനത്തിൽ സ്ഥിതിവിവരമന്വേഷിക്കാനായി അയക്കപ്പെട്ട കമ്മീഷണറായിരുന്ന നേപിൽ അറസ്റ്റ് വാറണ്ടിനായി ചെലുത്തിയ സമ്മർദ്ദവും ഇതിന് തെളിവായി നിരത്തുന്നതിൽ തെറ്റുണ്ടാവില്ലെന്ന് മനസ്സിലാക്കുന്നു. മലബാറിൽ കേവലം പ്രാദേശിക തർക്കങ്ങളാണ് നിലനിൽക്കുന്നതെന്നും തോമസും ഹിച്ചകോക്കും എടുത്തുചാട്ടം നടത്തുകയാണെന്നുമുള്ള നേപ്പിന്റെ കണ്ടെത്തൽ തീർത്തും അടിസ്ഥാന രഹിതമാണെന്നായിരുന്നു ഇരുവരുടെയും വാദം. ഇത്തരം അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നതായിരുന്നു ആഗസ്റ്റ് 17 വരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ തോമസിനു കഴിയാതിരുന്നത്.

ആഗസ്റ്റ് 20 ന് മാപ്പിളമാരെ അറസ്റ്റ് ചെയ്യാനായി പൂക്കോട്ടൂരിലേക്ക് മാർച്ച് ചെയ്യുന്നതിനു പകരം തിരൂരങ്ങാടിയിലേക്കുള്ള സൈനിക നീക്കം തോമസ്സിന്റെ എടുത്തുചാട്ടത്തിനുള്ള മികച്ച ഉദാഹരണമായിരുന്നു. വാരിയം കുന്നത്ത് കുഞ്ഞഹമ്മദാജി, ആലിമുസ്‌ലിയാർ തുടങ്ങിയ ഖിലാഫത്ത് നേതാക്കളുടെ ഒരു രഹസ്യ യോഗം തിരൂരങ്ങാടിയിൽ വെച്ച് ചേരുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് ഒന്നിച്ച് അറസ്റ്റ് ചെയ്യാമെന്ന തോമസ്സിന്റെയും സംഘത്തിന്റെയും തീരുമാനത്തെ സർക്കാർ കേന്ദ്രങ്ങൾ ചോദ്യം ചെയ്തിരുന്നു. മാപ്പിള സിരാ കേന്ദ്രങ്ങളിലൊന്നായ തിരൂരങ്ങാടിയിലെ നീക്കം മാപ്പിള വികാരത്തെ സാരമായി ബാധിക്കുമെന്ന് ബ്രിട്ടീഷുകാർ മനസ്സിലാക്കി. കോട്ടക്കൽ, താനൂർ, പരപ്പനങ്ങാടി, മലപ്പുറം, പൂക്കോട്ടൂർ തുടങ്ങിയവിടങ്ങളിൽ നിന്നും ഞൊടിയിടയിൽ തിരൂരങ്ങാടി ലക്ഷ്യമാക്കി മാപ്പിളമാർ ഒഴുകിയതിന്റെ സാംഗത്യവും മറ്റൊന്നല്ല.

പൂക്കോട്ടൂരിൽ നിന്നും 200 ഓളം വരുന്ന മാപ്പിളമാർ ആയുധധാരികളായി ഇതിനോട് പങ്ക് ചേരാൻ ശ്രമിച്ചിരുന്നുവെങ്കിലും ആലിമുസ്‌ലിയാർ, അബ്ദുറഹിമാൻ സാഹിബ്, എം.പി നാരായണ മേനോൻ തുടങ്ങിയ കോൺഗ്രസ് ഖിലാഫത്ത് നേതാക്കളുടെ സാഹചര്യത്തിനിണങ്ങിയ ഇടപെടലുകൾ മൂലം വേണ്ടെന്ന് വെക്കുകയായിരുന്നു.

കത്തിച്ചു വിടാൻ വെമ്പൽകൊള്ളുന്ന മാപ്പിള വീര്യം നിലമ്പൂരിലേക്ക് തിരിഞ്ഞ് സാമ്രാജ്യത്വ ജന്മിത്വത്തിനെതിരെയുള്ള മാപ്പിള കുടിയാന്മാരുടെ ഒതുക്കാൻ കഴിയാത്ത പ്രതിഷേധമായി മാറിയിരുന്നു. എന്നാൽ ഇതിലെ പാരസ്പര്യത്തിന്റെ സ്വാധീനം പരിശോധിക്കുന്നേടത്താണ് പൂക്കോട്ടൂർ ഖിലാഫത്ത് മറ്റുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്നത്.

2000ത്തോളം വരുന്ന മാപ്പിളമാരുമായുണ്ടായ ഏറ്റുമുട്ടലിൽ മൃതിയടഞ്ഞ കോവിലകത്തെ 17 കാവൽക്കാർ തമ്പുരാന്റെ മുൻകൂർ പ്രതിരോധമായിരുന്നു. അവകാശ നിഷേധികളാണെന്ന പൂർണ്ണ ബോധമുണ്ടായപ്പോഴും തിരുത്തുന്നതിന് പകരം ശക്തിയുപയോഗിച്ച് സ്ഥാപിക്കാനായിരുന്നു ജന്മിത്വ നാടുവാഴി പ്രമാണിമാരുടെ ശ്രമം. എന്നാൽ അനുഭവ സാഹചര്യങ്ങളെ അനുഭാവ പൂർവ്വം നേരിടുന്നതിൽ മാപ്പിളമാരുടെ വ്യക്തി പ്രഭാവം പ്രകടമായതിന്റെ ഉദാഹരണങ്ങളായിരുന്നു തങ്ങളുടെ ഭൂമി കണങ്ങൾ കൂടി സൂക്ഷിച്ചു വെച്ചിരുന്ന കള്ള ആധാരങ്ങൾ നശിപ്പിച്ചതും ധൈര്യപൂർവം വിപ്ലവകാരികളുടെ മുന്നിലേക്കിറങ്ങി വന്ന തമ്പുരാനെ വാഴ്ത്തി തിരിച്ചു പോയതും.
തിരൂരങ്ങാടി, പൂക്കോട്ടൂർ തിരിച്ചടിയിലൂടെ പോലീസുകാർ ഏകദേശം പിന്മാറിയിരുന്നു. മലബാറിൽ ഖിലാഫത്ത് ഭരണത്തിന്റെ അനുരണനങ്ങൾ വ്യക്തമാവുകയും ചെയ്തിരുന്നു.

എന്നാൽ പട്ടാളക്കാരുടെ പിന്മാറ്റം വലിയ ഒരു തിരിച്ചടിക്കു വേണ്ടിയുള്ള ഒരുക്കമായിരുന്നു. ലിൻസ്റ്റീൻ റെജിമെന്റിലെ മുപ്പതു പട്ടാളക്കാരെയും മലപ്പുറം ഹെഡ്‌കോട്ടേഴസ്സിലെ താമസക്കാരെയും രക്ഷിക്കാനായി മലപ്പുറം മജിസ്‌ട്രേറ്റ് ഒസ്റ്റിനും കൂട്ടരും ശ്രമമാരംഭിച്ചതിലൂടെയാണ് പൂക്കോട്ടൂർ ഭാഗത്തേക്കുള്ള സൈനിക നീക്കത്തിന് കളമൊരുങ്ങുന്നത്. ഫറോക്കിൽ ചാർജുണ്ടായിരുന്ന ലങ്കാസ്റ്ററിനും മക്കൻ റോയിക്കും ഇവരുടെ കൂടെ കൂടുവാൻ സർക്കാർ നിർദ്ദേശമുണ്ടായിരുന്നു. റെയിൽവേ ലൈൻ തകർത്തും പാലങ്ങൾ പൊളിച്ചും ടെലഗ്രാഫ് കമ്പികൾ തകർത്തും മരങ്ങൾ മുറിച്ച് റോഡ് തടസ്സപ്പെടുത്തിയും എല്ലാ വിനിമയ ബന്ധങ്ങൾക്കും പ്രതിഷേധക്കാർ തടസ്സം സൃഷ്ടിച്ചതിലൂടെ മാപ്പിളമാർ തങ്ങളുടെ യുദ്ധവുമാരംഭിച്ചിരുന്നു. അറ്റകുറ്റപ്പണികൾക്കുള്ള താമസം മുന്നൊരുക്കത്തിനുള്ള അവസരമായി ഉപയോഗിക്കാാനായിരുന്നു മാപ്പിള നീക്കം.
പൂക്കോട്ടൂരിലെ തന്ത്രപ്രധാന കേന്ദ്രമായ പിലാക്കലാണ് യുദ്ധഭൂമിയായി ഖിലാഫത്ത് കമ്മിറ്റി തിരഞ്ഞെടുത്തത്. തെക്ക് വടക്കായി കിടക്കുന്ന ഈ പ്രദേശം ഇരു വശവും നെൽവയൽ നിറഞ്ഞതായിരുന്നു. റോഡിന് സമാന്തരമായി പോകുന്ന തോടും ചിങ്ങമാസത്തിൽ കതിരു വരുന്ന നെൽച്ചെടികളും മാപ്പിള യോദ്ധാക്കൾക്ക് ഒളിച്ചിരിക്കാൻ സൗകര്യം ഒരുക്കി. പട്ടാള വണ്ടികൾ മുഴുവൻ റോഡിലിറങ്ങിയാൽ മുന്നിലെയും ഏറ്റവും പിന്നാലെയും വണ്ടികൾ വെടിവെച്ചിടാനും വണ്ടികൾ നിൽക്കുന്നതോടെ പട്ടാളക്കാർക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും മുമ്പെ അവരെ വളഞ്ഞ് വെട്ടിക്കൊല്ലാനുമായിരുന്നു യുദ്ധതന്ത്രം.

കൃത്യമായ ധാരണകളോടെ മുന്നോട്ടു പോയിരുന്ന യുദ്ധം കേവലം ഒരു ആശയ വിനിമയ വിടവിലാണ് പിണഞ്ഞത്. യുദ്ധ നായകരിലൊരാളും പൂക്കോട്ടൂർ ഖിലാഫത്ത് നേതാവുമായിരുന്ന പാറാഞ്ചേരി കുഞ്ഞറമുട്ടിയും ഉള്ളാട്ട് അയമുവും 26 ന് പുലർച്ചെയായിരുന്നു പൂക്കോട്ടൂരിലെത്തിയത്. തലേ ദിവസം നടന്ന യോഗത്തിൽ പങ്കെടുക്കാൻ ഇവർ ഉണ്ടായിരുന്നില്ല. ഇതിനാൽ യുദ്ധതന്ത്രം ഏതുരീരിതിയിലാണെന്നതും വശമുണ്ടായിരുന്നില്ല. കാര്യങ്ങൾ ധരിപ്പിക്കാൻ മറ്റുള്ളവർ ശ്രദ്ധിച്ചതുമില്ല. മണൽ കൂനക്ക് പിന്നിൽ ഒളിച്ചിരുന്ന രണ്ട് പേരും രണ്ടോ മൂന്നോ സൈനിക ലോറി പാടത്തെത്തിയപ്പോഴേക്കും നാടൻ തോക്കുകൊണ്ട് വെടിയുതിർത്തതിലൂടെ അപകടം മണത്ത പട്ടാളം ലോറികൾ പിറകോട്ടെടുത്ത് പൂക്കോട്ടൂർ അങ്ങാടിയിൽ കൊണ്ട് പോയി നിറുത്തിയ ശേഷം പാടത്തേക്ക് പുക ബോംബെറിയുകയായിരുന്നു. പുകയുടെ മറവിൽ നിർണ്ണായക സ്ഥലങ്ങളിൽ യന്ത്രത്തോക്കുകൾ സ്ഥാപിക്കുകയും ചെയ്തു. പുകയടങ്ങിയ നേരം വെടിവെച്ച ഭാഗത്തേക്ക് ഏതാനും പട്ടാളക്കാർ നിർഭയരായി നടന്നു നീങ്ങി. ഇതു കണ്ട പ്രക്ഷോപകാരികൾ അവരെ ലക്ഷ്യമാക്കി കുതിച്ചപ്പോൾ പെട്ടെന്നവർ പിൻവാങ്ങി. നേരത്തെ സ്ഥാപിച്ച യന്ത്രത്തോക്കുകൾ കൊണ്ട് കുതിച്ചുവരുന്നവർക്കെതിരെ തുരുതുരാ വെടി വെച്ചു. കത്തിയും വാളും കുന്തവുമായി യന്ത്രത്തോക്കുകളുടെ മുന്നിലേക്ക് ചീറിയടുത്ത് നെഞ്ചിൽ വെടിയേറ്റ് ഓരോരുത്തരായി മരിച്ച് വീണു. മരിച്ച 258 പേരും നെഞ്ചിനു തന്നെ വെടിയേറ്റും മൃതദേഹം കമിഴ്ന്ന് കിടക്കുന്ന രൂപത്തിലായിരുന്നതും മാപ്പിളമാരുടെ ചങ്കൂറ്റത്തെ ചിത്രീകരിക്കുന്നതാണ്. ശേഷിക്കുന്ന പോരാളികളെ വകവരുത്താനായി ആഗസ്ത് 30 ന് മലപ്പുറത്തെത്തിയ ബ്രിട്ടീഷ് പട്ടാളം കിട്ടിയവരെയെല്ലാം അറസ്റ്റ് ചെയ്ത് മറ്റൊരു പട്ടാള യൂണിറ്റിനോട് കൂടി തിരൂരങ്ങാടിക്കു പുറപ്പെടുകയായിരുന്നു.
പൂക്കോട്ടൂർകാരുടെ പോരാട്ട വീര്യം ഇതുകൊണ്ടൊന്നും അവസാനിച്ചിരുന്നില്ല. ഒക്ടോബർ 20 ന് അതീവ പരിശീലനം സിദ്ധിച്ച ഗൂർഖാ പട്ടാളവുമായും ഒക്ടോബർ 25 ന് മേൽമുറി കാട്ടിലും ഒളിയുദ്ധം നടത്തി. തുടർന്ന് 1922 ജനുവരിയിൽ കാരാട്ട് മൊയ്തീൻ കുട്ടി ഹാജിയുടെ നേതൃത്വത്തിൽ മൊറയൂരിൽ വെച്ചും ബ്രിട്ടീഷുകാരുമായി അവർ ഏറ്റുമുട്ടി.

സമരത്തിലെ പാരസ്പര്യത
പൂക്കോട്ടൂർ കലാപത്തിന്റെ പ്രധാന ഊർജം പരസ്പര ഐക്യമായിരുന്നു. അത് വരെ സംഘടനയോ സംഘാടനമോ പരിചയിച്ചിട്ടില്ലാത്ത പൂക്കോട്ടൂർ മാപ്പിളമാരിൽ ഐക്യം രൂപപ്പെട്ടതായിരുന്നു ഇത്തരം പോരാട്ടത്തിനുള്ള ഒരുക്കത്തിന്റെ വിജയം. ആനിബസന്റ് സ്ഥാപിച്ച ഹോംറൂൾ പ്രസ്ഥാനത്തിന്റെ പ്രചരണാർത്ഥം ഒറ്റപ്പാലത്ത് സമ്മേളനം സംഘടിപ്പിച്ചപ്പോൾ ഏറനാട്, വള്ളുവനാട് അംശങ്ങളിൽ നിന്ന് ഒരാളുപോലും പങ്കെടുത്തിരുന്നില്ല. എന്നാൽ ഖിലാഫത്ത് പ്രസ്ഥാനം രൂപീകരിച്ചതിന് ശേഷം ഒറ്റപ്പാലത്ത് വെച്ച് നടന്ന കോൺഗ്രസ് ഖിലാഫത്ത് സമ്മേളനത്തിൽ 25000 ആളുകളും പങ്കെടുത്തതിലുള്ള ഐക്യബോധം വിശകലനം ചെയ്യത്തക്ക വിധം പ്രാധാന്യമർഹിക്കുന്നു. അഥവാ ദേശ ഭക്തിയിലൂന്നിയതും മതബോധത്തിൽ നിന്ന് ഊർജ്ജം കൈകൊള്ളുന്നതുമായ ഒരുതരം രാഷ്ട്രീയ സംഘബോധം മലബാറിലെ മാപ്പിളമാർക്കിടയിൽ സംവിധാനിക്കാൻ പൂക്കോട്ടൂർ യുദ്ധത്തിനു കഴിഞ്ഞു. ഒരേ സമയം സാമ്രാജ്യത്വത്തോടും ആഭ്യന്തര നാടുവാഴിത്തത്തോടുമുള്ള കലാപവുമായിരുന്നു ഈ കൂട്ടായ്മയുടെ ഊർജം. ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒട്ടനേകം പ്രാദേശിക സമര ചരിത്രത്തിൽ ഇത്തരം നിരവധി സവിശേഷതകളാൽ സമ്പന്നമാണ് പൂക്കോട്ടൂർ കലാപത്തിന്റെ സാമൂഹ്യ ഉള്ളറകൾ.

ഒന്നാം ലോക യുദ്ധത്തിന്റെ അവസാനം മുസ്‌ലിംകളുടെ ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കിയത് വിശ്വാസപരമായ ഒരു തിരിച്ചടിയായാണ് മുസ്‌ലിം സമൂഹം നോക്കിക്കണ്ടത്. ഇതിന് കാരണക്കാരും തങ്ങളുടെ ഭരണാധികാരികളുമായ ബ്രിട്ടീഷുകാർ മാപ്പിളമാരുടെ കണ്ണിലെ കരടായത് ഇതിന്റെ പരിണിതിയായിരുന്നു. ബ്രാഹ്മണാധിപത്യത്തിൽ തലതാഴ്ത്തി നടക്കേണ്ടിയിരുന്ന താഴ്ന്ന സമൂഹത്തിന് കൂട്ട് തങ്ങളുടെ കൂടെ പണിയെടുക്കുകയും അന്തിയുറങ്ങുകയും ചെയ്തിരുന്ന മുസ്‌ലിം സമൂഹമായിരുന്നു. തങ്ങൾക്കു സഹായകമാവുന്ന രൂപത്തിൽ സാമ്രാജ്യത്വത്തിനെതിരിൽ തന്റെ അയൽവാസി തയ്യാറെടുക്കുന്നത് കണ്ട അമുസ്‌ലിം താഴ്ന്ന വിഭാഗം (കുടിയാൻമാർ) മാപ്പിളമാരുടെ കൂടെ കൂടിയതിൽ അത്ഭുതമില്ല.

സമാപനം
സമകാലിക വായനയിൽ പൂക്കോട്ടൂർ കലാപം മാപ്പിള പോരാട്ടമെന്നതിനപ്പുറം മത ബോധവും ദേശസ്‌നേഹവും സമന്വയിപ്പിച്ച മലബാർ മാപ്പിളമാരുടെ സാമൂഹിക ക്രിയാത്മകതയാണ്. കേവലം മതമെന്ന മതിലിനപ്പുറം അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിൽ മാനുഷികമായ സമത്വം സൂക്ഷിക്കുക എന്നതാണ് ഇത് ഉദ്‌ഘോഷിക്കുന്നത്. സാമൂഹ്യ ജീവിത സംബന്ധിയായ പ്രശ്‌നങ്ങളിൽ ഐക്യ ബോധത്തിന്റെയും ചങ്കുറപ്പിന്റെയും മഹിത മാതൃകയാണ് പൂക്കോട്ടൂർ രക്തസാക്ഷികൾ.

Reference
1. എ.കെ. കോടൂർ. ആംഗ്ലോ മാപ്പിള യുദ്ധം. പുറം 88
2. പ്രൊഫ. എം.പി.എസ്. മേനോൻ. മലബാർ സമരം. പുറം 79
3. എ.കെ. കോടൂർ . ആഗ്ലോ-മാപ്പിള യുദ്ധം. പുറം 90
4. പ്രൊഫ. എം.പി.എസ് മേനോൻ. മലബാർ സമരം. പുറം 79
5. Letter from the district magistrate calicut dist 10 August 1921
6. കേരള മുസ്‌ലിം ഡയറക്ടറി. സി.കെ കരീം. 1997 പുറം 465
7. കലക്ടർ മദ്രാസ് ഗവർണ്ണർക്ക് അയക്കുന്ന കത്ത്. ആഗസ്റ്റ് 2 1921
8. മദ്രാസ് മെയിൽ 10 08 1921, മലബാർ റിബല്യൻ. പുറം 13
9. മദ്രാസ് മെയിൽ 10 08 1921, മലബാർ റിബല്യൻ. പുറം 13
10. കേരള മുസ്‌ലിം ഡയറക്ടറി. സി.കെ കരീം 1997 പുറം 461
11. കേരള മുസ്‌ലിം ഡയറക്ടറി. സി.കെ കരീം 1997 പുറം 464
12 കെ. മാധവൻ നായർ. മലബാർ കലാപം പുറം 139
13. അതുതന്നെ
14. കാരാടൻ മുഹമ്മദ്. ഖിലാഫത്ത് പ്രസ്ഥാനവും പൂക്കോട്ടൂരും ലേഖനം മലബാർ കലാപം 60ാം വാർഷിക പതിപ്പ് തിരൂരങ്ങാടി പുറം 208 209
15. അതുതന്നെ
16. Stephan fedrich dale the Mappilas of Malabar Islamic society on the south Asian frontier Oxford university press new York P 186
17. ബാരിസ്റ്റൻ എ.കെ. പിള്ള കോൺഗ്രസ്സും കേരളവും പുറം 54
18. കെ. മാധവൻ നായർ മലബാർ കലാപം പുറം 14

Related Articles