Current Date

Search
Close this search box.
Search
Close this search box.

മലബാർ പോരാട്ടം, മതപരിവർത്തനം

മലബാർ സമരത്തിന്റെ വേരുകൾ തേടിയുള്ള അന്വേഷണവും പുതിയ വായനകളും വികസിച്ചുവരികയാണ്. ഊഹാപോഹങ്ങളിൽനിന്നും അധീശത്വ ചരിത്രനിർമിതിയിൽനിന്നും സ്വതന്ത്രമാവാനുള്ള ത്വര ചരിത്രവും കാണിച്ചുതുടങ്ങിയിരിക്കുന്നു. ഇവയെ മുൻനിർത്തിയുള്ള ചില വിചാരങ്ങൾ മാത്രമാണ് ഈ കുറിപ്പ്. മലബാർ സമര കാലത്ത് വിപ്ലവകാരികൾക്ക് മുമ്പിലുണ്ടായിരുന്ന രണ്ട് ശത്രുക്കൾ ഒന്ന് ബ്രിട്ടീഷ് ഭരണകൂടവും മറ്റൊന്ന് സവർണ ജന്മികളുമായിരുന്നു. സവർണ ജന്മികളിൽ പലരും സമരക്കാർക്കെതിരിൽ ഭരണകൂടത്തെ സഹായിക്കുകയോ ഒറ്റുകൊടുക്കുകയോ ചെയ്തത് സമരക്കാർ അവർക്കെതിരെ തിരിയാൻ പ്രധാന കാരണമായിട്ടുണ്ട്.

മുസ്‌ലിംകളെ സംബന്ധിച്ച് വൈദേശിക ആധിപത്യം അവരുടെ സാംസ്‌കാരിക-മത-സാമൂഹിക ഇടങ്ങളിലും വ്യവഹാരങ്ങളിലുമെല്ലാം വൻതോതിൽ ഇടപെടലുകൾ നടത്തുകയും വെല്ലുവിളി ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഉത്തരേന്ത്യയിൽ പലയിടത്തും അധികാരം കൈയാളിയിരുന്ന മുസ്‌ലിംകൾക്ക് അധികാരം നഷ്ടപ്പെടുകയും അവരുടെ മതജീവിതം പോലും പ്രതിസന്ധിയിലാവുകയും ചെയ്ത പശ്ചാത്തലത്തിൽ ഷാഹ് അബ്ദുൽ അസീസ് ദഹ്‌ലവിയും സയ്യിദ് അഹ്മദ് ശഹീദും ബംഗാളിലെ ഹാജി ശരീഅത്തുല്ലയുമെല്ലാം ബ്രിട്ടീഷ് ഇന്ത്യ യുദ്ധഭൂമി (ദാറുൽ ഹർബ്) ആണെന്ന് പ്രഖ്യാപിക്കുകയും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ മുസ്‌ലിം സമുദായത്തെ സമരസജ്ജമാക്കുകയും ചെയ്തവരാണ്.

ഒരു സമൂഹത്തെ അതിന്റെ തദ്ദേശീയവും വിശ്വാസപരവുമായ സ്വത്വത്തിൽനിന്ന് മാറ്റിനിർത്തുകയാണ് കൊളോണിയലിസം ചെയ്തത്. ഇസ്‌ലാമിനെ അപരത്വത്തിന്റെ മൂർത്തീഭാവമായി പ്രതിഷ്ഠിച്ചുകൊണ്ടാണ് പാശ്ചാത്യ സംസ്‌കാരം രൂപപ്പെട്ടതു തന്നെ എന്ന് ഡാന്റെയുടെ ‘ഇൻഫെർണോ’ സ്ഥാപിക്കുന്നുണ്ട്. ഒരു അധീശത്വ വ്യവഹാരം എന്ന നിലയിൽ ഓറിയന്റലിസ്റ്റുകളും ഈ അപരവത്കരണത്തിന് പരോക്ഷമായ പിൻബലം നൽകുകയുണ്ടായി.

അതിനാൽ തങ്ങളുടെ സാമ്രാജ്യ സംസ്ഥാപനത്തിനു മുന്നിൽ തടസ്സം നിൽക്കുന്നു എന്നതിനപ്പുറം, സാംസ്‌കാരികവും ചരിത്രപരവുമായ വിരോധം ബ്രിട്ടീഷുകാർക്ക് മുസ്‌ലിംകളോടുണ്ടായിരുന്നു. മലബാറിലും മുസ്‌ലിംകൾക്ക് ബ്രിട്ടീഷുകാരിൽനിന്ന് ഈ തരത്തിലുള്ള ഭീഷണി നേരിട്ടിരുന്നു. മലബാറിലെ മുസ്‌ലിം സമുദായത്തിന്റെ പോരാട്ട ചരിത്രത്തെയും മതകീയ സ്വത്വത്തെയും കുറിച്ച് വ്യക്തമായി അറിയുന്നവരായിരുന്നു ബ്രിട്ടീഷുകാർ. ടിപ്പുവിനെതിരായി വെള്ളക്കാരെ സഹായിച്ച സവർണ ജന്മിമാർക്ക് ബ്രിട്ടീഷുകാർ പുതിയ യജമാനന്മാർ ആയപ്പോൾ മാപ്പിളമാർക്ക് ബ്രിട്ടീഷുകാർ ശത്രുക്കളായതിന്റെ പശ്ചാത്തലത്തിന് മതകീയവും സാമൂഹികവുമായ ഇത്തരം മാനങ്ങളുണ്ട്. ഇഴപിരിക്കാനാവാത്ത വിധം കൂടിക്കലർന്ന ഒന്നാണിത്.

തങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്ന, തങ്ങളുടെ നാട്ടിൽ വന്ന് തങ്ങളെ തന്നെ അപരരാക്കുന്ന ഇംഗ്ലീഷുകാർക്കെതിരെ മാപ്പിളമാരിൽനിന്ന് അങ്ങിങ്ങായി സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടു. 1793-ൽ ഉണ്ണിമൂസയിലും ചെമ്പൻ പോക്കറിലും ഹസൻ കുരിക്കളിലും തുടങ്ങിയ ആ പോരാട്ടങ്ങൾ വിവിധയിടങ്ങളിൽ തുടർന്നുള്ള കാലങ്ങളിൽ ആവർത്തിച്ചു കൊണ്ടേയിരുന്നു. നികുതിനിഷേധം, നിയമലംഘനം, ഒളിയുദ്ധം എന്നിങ്ങനെയൊക്കെയായിരുന്നു സമരമുറകൾ. സമുദായ നേതാക്കളുടെ ആശീർവാദത്തോടെയും പിന്തുണയോടെയുമായിരുന്നു മാപ്പിള പോരാട്ടങ്ങൾ. സാമൂഹികമായ അനിവാര്യത എന്നതിനോടൊപ്പം തന്നെ, ആത്മീയമായും പ്രചോദിതരായിരുന്ന മാപ്പിളമാരെ സായുധരും പരിശീലനം സിദ്ധിച്ചവരുമായ ബ്രിട്ടീഷുകാർക്ക് പക്ഷേ അടിച്ചമർത്താൻ കഴിഞ്ഞിരുന്നില്ല. മാപ്പിള പോരാട്ടങ്ങൾക്ക് വീര്യം വർധിച്ചപ്പോഴാണ് അവർ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം പുറത്തെടുത്തത്. കുടിയാന്മാരായ മാപ്പിളമാരെ ബുദ്ധിമുട്ടിക്കുന്ന ഉത്തരവുകൾ നിരന്തരം പുറപ്പെടുവിക്കുകയും സവർണ ജന്മിമാരുടെ പിന്തുണയോടെ മാപ്പിളമാരെ അവർ ദ്രോഹിക്കുകയും ചെയ്തു. മുസ്‌ലിംകളുടെ സംഘാടനവും സമരവുമെല്ലാം ഹൈന്ദവർക്കെതിരാണെന്ന് ബ്രിട്ടീഷുകാർ ജന്മിമാരെ ധരിപ്പിച്ചു. ഇത് ഒരു ബ്രിട്ടീഷ് വിരുദ്ധ സമരത്തോടൊപ്പം ഒരു സവർണ ജന്മിത്വ സമരം കൂടിയായി വികസിച്ചതിന് ഇതുപോലുള്ള നിരവധി ചരിത്ര പശ്ചാത്തലങ്ങളുമുണ്ട്.

മാപ്പിളമാരും ബ്രിട്ടീഷുകാരും തമ്മിലെ വ്യവഹാരങ്ങൾക്കൊപ്പം തന്നെ പ്രസക്തിയുള്ളതാണ് സവർണരുടെ ബ്രിട്ടീഷ് ഭരണത്തോടുള്ള നിലപാട്. ടിപ്പു സുൽത്താൻ മലബാറിൽ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുകയും കാർഷിക സമ്പ്രദായം പരിഷ്‌കരിക്കുകയും ചെയ്തത് ഇവിടെ നിലനിന്നിരുന്ന സവർണ ജന്മിത്വത്തിന് വലിയൊരു പ്രഹരമായി. ജന്മിത്വ നിഷ്‌കാസനത്തെ ഹൈന്ദവ നിഷ്‌കാസനമായി ചിത്രീകരിക്കുന്ന ചരിത്ര നിർമിതിയുടെ പശ്ചാത്തലവും ഇതു തന്നെ. മലബാറിൽ നിലനിന്നിരുന്ന ജാതീയമായ അത്യാചാരങ്ങൾക്കു മേലും സുൽത്താൻ കത്തിവെക്കാൻ ശ്രമിച്ചതും ടിപ്പുവിനെതിരെയുള്ള ബ്രാഹ്മണ്യ വികാരത്തെ ആളിക്കത്തിച്ചു. പിന്നീട് ടിപ്പുവിനെ കീഴ്പ്പെടുത്തി മലബാർ അധീനപ്പെടുത്തിയ ബ്രിട്ടീഷുകാർ നമ്പൂതിരിമാർക്കും ഇടത്തരം ജന്മിമാർക്കും ഭൂവുടമാവകാശവും തങ്ങളുടെ കൃഷി ഭൂമിയിലെ കുടിയാന്മാരുടെ വിധിനിർണയിക്കാനുളള അധികാരവും നൽകി തങ്ങളുടെ മനോഭാവം വ്യക്തമാക്കി. ബ്രിട്ടീഷുകാർ അവരെ വശത്താക്കുകയും മാപ്പിള എന്ന പൊതു ശത്രുവിനെ മുന്നിൽ വെക്കുകയും ചെയ്തു.

മലബാർ പൂർണമായും ബ്രിട്ടീഷ് നിയന്ത്രണത്തിലേക്ക് വന്നപ്പോഴും സവർണരുടെ ജീവിതത്തെ അതൊരു തരത്തിലും ബാധിച്ചിരുന്നില്ല. സാംസ്‌കാരികമായോ മതപരമായോ അവർക്കൊരു ഭീഷണിയും നേരിട്ടിരുന്നില്ല. ആരാധനാ കർമങ്ങൾക്ക് പ്രത്യേകമായ അവകാശങ്ങൾ അവർക്ക് വകവെച്ചുകൊടുക്കുകയും ചെയ്തു. 1852-ൽ ടി.എൻ സ്ട്രേഞ്ച് കമീഷന്റെ ശിപാർശയിൽ അഞ്ചാമത്തെ നിർദേശം ഹിന്ദുക്കൾ മാത്രമുള്ള ഒരു പ്രത്യേക പോലീസ് സേന രൂപീകരിക്കുക എന്നതായിരുന്നു. മുസ്‌ലിം പളളികൾ പണിയുന്നത് നിയന്ത്രിക്കാനും നിർദേശമുണ്ടായിരുന്നു. ആത്മം/അപരം എന്നീ ദ്വന്ദ്വങ്ങളുണ്ടായിരിക്കുകയും സമൂഹത്തിൽ അത് നിലനിർത്തപ്പെടുകയും ചെയ്യുക എന്നതാണല്ലോ സവർണ സമൂഹത്തിന്റെ കാതൽ. ഭരണകൂട താൽപര്യങ്ങളെ അവർ തങ്ങളുടെ ആത്മാംശമാക്കിയപ്പോൾ അവർണരെയും മുസ്‌ലിംകളെയും അവർ അപരരായി പ്രതിഷ്ഠിച്ചു.

ബ്രിട്ടീഷുകാർ ഹിന്ദുവിന് അധികാരം നൽകുകയും മുസ്‌ലിമിനെ അടിച്ചമർത്തുകയും ചെയ്തു എന്ന് വായിച്ചുപോവേണ്ട ഒന്നല്ല ഇത്. ഹിന്ദു എന്ന സംജ്ഞയെ തന്നെ പ്രശ്‌നവത്കരിക്കേണ്ടതുണ്ട്. നാം ഇന്ന് വിവക്ഷിക്കുന്ന ഹിന്ദുവും അവിടെ അധികാരം ലഭിച്ച ഹിന്ദുവും തമ്മിലുള്ള സംഘർഷം കൂടി അടയാളപ്പെടുത്തിയാലേ ചരിത്രം കൃത്യമാവൂ. കൊളോണിയൽ ആധുനികത നിർമിച്ചെടുത്ത ഒന്നാണ് ഇന്നത്തെ ഹിന്ദു ഐഡന്റിറ്റി. അത് ആധുനികപൂർവ കാലത്തേക്ക് ചേർക്കാൻ കഴിയുന്ന ഒന്നല്ല. ഹിന്ദുത്വവുമായി ബന്ധമില്ലാത്ത സാംസ്‌കാരിക സ്വത്വങ്ങൾ പോലും ഹിന്ദു മതത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നത് ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണ്. അതിനു മുമ്പ് സവർണ ഹൈന്ദവരിൽനിന്ന് അവർ നേരിട്ട അടിച്ചമർത്തലുകളാണ് അവരുടേതായ ഇടം സൃഷ്ടിക്കാൻ അവരെ പ്രേരിപ്പിച്ചത്.

മതപരിവർത്തനവും കീഴാള കർതൃത്വവും
നിർബന്ധിത മതപരിവർത്തനം എന്ന വ്യാജ ആരോപണം മുൻനിർത്തി കീഴാളരുടെ കർതൃത്വത്തെ അവഗണിച്ചുകൊണ്ടുള്ള സമീപനമാണ് ഇപ്പോഴും പലരും സ്വീകരിക്കുന്നത്. സവർണ ഭരണകൂട ഭാഷ്യത്തിലൂടെയാണ് പലപ്പോഴും ചരിത്രത്തെ സമീപിക്കുന്നത്. നമ്മുടെ പൊതുബോധത്തിൽ ഇഴപിരിക്കാനാവാത്ത വിധം ചേർന്നു കിടക്കുന്ന സവർണബോധത്തിൽനിന്ന് വേർപ്പെട്ട ഒരു ചരിത്രം ഇന്നും നമുക്ക് സാധ്യമല്ല എന്ന പരിമിതിയെ നാം സഹതാപപൂർവം സമീപിക്കുകയേ തരമുള്ളൂ. ബാഹ്യശക്തികളുടെ പ്രേരണയാലാണ് ഇവിടെ മതപരിവർത്തനം നടന്നത് എന്ന വാദത്തിനു പിന്നിൽ, സ്വയം തീരുമാനമെടുക്കാനും അതുവഴി ചരിത്രത്തിൽ തങ്ങളെ അടയാളപ്പെടുത്താനുമുള്ള നിലവാരം കീഴാളർക്ക് അംഗീകരിച്ചുകൊടുക്കാനുള്ള വിസമ്മതമാണ് നാം കാണുക. കീഴാളത്തവും ബഹിഷ്‌കൃതാവസ്ഥയുമെല്ലാം ഒരു തരം വിരക്തിബോധമുണ്ടാക്കുകയും അത് മാനുഷികതയെ ദർശിക്കാനുള്ള നൈതികത വളർത്തുകയും ചെയ്യും. ഈ നൈതിക മാനം നിഷ്‌കർഷയുള്ള കർതൃത്വം  വളർത്തിയെടുക്കാൻ സഹായിക്കുന്നുവെന്ന് എഡ്വേഡ് സെയ്ദ് വാദിക്കുന്നുണ്ട്. ജീവിതത്തെയും സംസ്‌കാരത്തെയും സമൂഹത്തെയുമെല്ലാം വ്യക്തമായ കാഴ്ചപ്പാടോടെ നോക്കിക്കാണാനും നിലപാടുകൾ സ്വീകരിക്കാനും ബഹിഷ്‌കൃതന് സാധിക്കും. കീഴാളത്തത്തിന്റെ മാനങ്ങളെ കൃത്യമായ രാഷ്ട്രീയ പ്രവർത്തനമാക്കി മാറ്റുകയാണ് അവർ ചെയ്തത്. അതായത് തങ്ങളുടെ കീഴാളത്തം എന്ന ഭാരത്തെ നിസ്സംഗതയോടെ താങ്ങിനിർത്താൻ തയാറാകാതെ അതിൽ നിന്ന് വളർന്ന വിമർശന ബോധത്തെ ഒരു വിപ്ലവമാക്കി അവർ പരിവർത്തിപ്പിച്ചു. ഇസ്‌ലാമിനെ അവരും ഇസ്‌ലാം അവരെയും എളുപ്പത്തിൽ ഉൾക്കൊണ്ടു. ക്രിസ്തു മതത്തിലേക്ക് പരിവർത്തനം നടത്തിയ മധ്യകേരളത്തിലെ ദലിത് വിഭാഗങ്ങൾ പോലും ഇസ്‌ലാമിലേതു പോലുള്ള ഒരു സാമൂഹികഘടന ആഗ്രഹിച്ചിരുന്നതായി ടി.എൻ യേശുദാസൻ എഴുതുന്നുണ്ട്. അസംഘടിതരും നിസ്സഹായരുമായവർ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലേക്ക് സ്വന്തമായി നടത്തുന്ന യാത്രയെ മതാരോഹണം എന്ന പരികൽപന കൊണ്ട് വിവക്ഷിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

അടിയായ്മ എന്നറിയപ്പെട്ട അടിമത്തം കേരളീയ സമൂഹത്തിൽ വ്യാപകമായിരുന്നു. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഔദ്യോഗിക പിന്തുണയുണ്ടായിരുന്ന ഈ സമ്പ്രദായത്തിൽ പുരുഷ അടിമയുടെ വില ഇരുപത്തിയേഴ് പറ നെല്ലിന് സമാനമായിരുന്നുവെന്നും ഭാര്യ കൂടിയുണ്ടെങ്കിൽ ഇരട്ടി വില കിട്ടിയിരുന്നുവെന്നും കുട്ടികൾക്ക് മൂന്നിലൊന്ന് വിലയായിരുന്നു നിശ്ചയിക്കപ്പെട്ടിരുന്നത് എന്നും ബുക്കാനൻ രേഖപ്പെടുത്തിയിട്ടുണ്ട്. മാതാപിതാക്കളിൽനിന്ന് കുട്ടികളെ വേർപിരിക്കുമായിരുന്നു. റോളണ്ട് മില്ലർ എഴുതുന്നു: ”ചെറുമരെന്നും പുലയരെന്നും വിളിക്കപ്പെട്ട ആ അടിമകൾക്കും ഹിന്ദു സമൂഹത്തിലെ മറ്റു കീഴാളർക്കും ഇസ്‌ലാം ആവേശം പകരും എന്നത് അനിവാര്യമായിരുന്നു. മാപ്പിളമാർ അവരെ സമന്മാരായി കരുതുമെന്നു മാത്രമല്ല, അവരുടെ പുതിയ സാമൂഹിക പദവിയിൽ മാപ്പിളമാരുടെ പിൻബലം മുൻ യജമാനന്മാരെ പുതിയ രീതിയിൽ അവരോട് പെരുമാറാൻ നിർബന്ധിതരാക്കുകയും ചെയ്തു.”

1871-’81 ലെ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത് അടിമ വിഭാഗങ്ങൾക്കിടയിൽ നിന്ന് ഇസ്‌ലാമിലേക്ക് വ്യാപകമായ തോതിൽ മതപരിവർത്തനം നടന്നിട്ടുണ്ട് എന്നതാണ്. 5.1 ശതമാനം ജനസംഖ്യാ വർധനവ് ഉണ്ടായ ആ ശതകത്തിൽ ചെറുമ വിഭാഗത്തിന്റെ ജനസംഖ്യ 35 ശതമാനത്തിനടുത്ത് കുറവ് രേഖപ്പെടുത്തുകയും സാമൂഹികമായി ഏറെ വെല്ലുവിളികൾ നേരിട്ട ആ കാലത്തും മുസ്‌ലിം ജനസംഖ്യയിൽ വർധനവുണ്ടാവുകയും ചെയ്തു. 1882-ൽ നടന്ന ക്രിസ്ത്യൻ മിഷന്റെ സമ്മേളനത്തിൽ ഹിന്ദു സമൂഹത്തിലെ താഴ്ന്ന വിഭാഗങ്ങളിൽനിന്ന് ത്വരിതഗതിയിൽ ഇസ്‌ലാമിലേക്ക് മതപരിവർത്തനം നടക്കുകയാണെന്നും പടിഞ്ഞാറൻ തീരദേശത്തെ താഴ്ന്ന ജാതിക്കാർ മുഴുവനും താമസിയാതെ മുഹമ്മദീയരാവുമെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ പ്രവചനം അക്ഷരാർഥത്തിൽ ശരിയായില്ലെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന മൂന്ന് ദശകങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലുമായി മാപ്പിള ജനസംഖ്യ 63 ശതമാനം വളർന്നുവെന്ന് റോളണ്ട് മില്ലർ എഴുതുന്നുണ്ട്. ഇതിന്റെ കാരണമായി അദ്ദേഹം കുറിച്ചത് ഇങ്ങനെ: ”കീഴ്ജാതിക്കാരിൽനിന്നുള്ള ഇസ്‌ലാമിലേക്കുള്ള പരിവർത്തനം തടയാൻ കഴിഞ്ഞിരുന്നില്ല. അവരുടെ അസംതൃപ്തിയായിരുന്നു ഈ പരിവർത്തനത്തിന്റെ പ്രധാന ഹേതു.”

ഇങ്ങനെ അക്കാലത്ത് 50000 പേർ മലബാറിൽ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട് എന്നാണ് ഔദ്യോഗിക കണക്ക് എന്ന് ലോഗൻ രേഖപ്പെടുത്തുന്നു.
‘മലബാർ മാന്വലി’ൽ വില്യം ലോഗൻ എഴുതുന്നു: ”അടിയാള വർഗത്തെ അവരുടെ മുൻകാല സാമൂഹികബന്ധത്തിൽനിന്ന് വേർപ്പെടുത്തിയെടുക്കുന്നതിൽ ഇസ്ലാം മതത്തിലേക്കുള്ള അവരുടെ സംഘടിതമായ മതപരിവർത്തനം വഹിച്ച പങ്ക് നിസ്സാരമല്ല. ഇസ്‌ലാം സ്വീകരിച്ച ചെറുമൻ സമൂഹ തലത്തിൽ രായ്ക്കുരാമാനം അസ്പൃശ്യനല്ലാതാവുന്നു, അയാൾ ഒരു മനുഷ്യനായി അംഗീകരിക്കപ്പെടുന്നു. കൂടാതെ മതം മാറിയ ആളെ ഭീഷണിപ്പെടുത്തുകയോ ദ്രോഹിക്കുകയോ ചെയ്താൽ, മുസ്ലിം സമുദായം ഒന്നടങ്കം അയാളുടെ രക്ഷക്കെത്തുമായിരുന്നതിനാൽ മതം മാറിയവരെ ഹത്യ ചെയ്യാൻ ഒരു ജന്മിയും ധൈര്യപ്പെട്ടില്ല.”

കീഴാളരുടെ ഇസ്‌ലാം ആശ്ലേഷം അവരുടെ സ്വയംകർതൃത്വമല്ല എന്ന വാദത്തിന് ഒട്ടും ചരിത്രപരതയില്ല എന്നതോടൊപ്പം യുക്തിപരതയും തീരെയില്ല. കീഴാള സമൂഹത്തെക്കുറിച്ചും ഇസ്‌ലാമിനെക്കുറിച്ചും തീർത്തും അജ്ഞരാണ് അത്തരക്കാർ, കീഴാളരെ സംബന്ധിച്ച് അവരുടെ അടിസ്ഥാന ആവശ്യം ചൂഷണങ്ങളിൽനിന്നും അസമത്വത്തിൽനിന്നുമുള്ള മോചനമായിരുന്നു. എന്നാൽ മതം എന്ന നിലയിൽ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണം ഏകദൈവ വിശ്വാസവും അതിനനുബന്ധമായി വരുന്ന സമർപ്പണവുമാണ്. ഒപ്പം ഇസ്ലാമിന്റെ ദൈവശാസ്ത്രത്തിലും ജീവിതമാർഗത്തിലും കീഴാള വിമോചനത്തിന്റെ പ്രത്യയശാസ്ത്രം അന്തർലീനമായി കിടക്കുന്നുണ്ട്. അനിവാര്യമായ സാമൂഹിക പശ്ചാത്തലങ്ങളിൽ അത് പ്രയോഗവത്കരിക്കപ്പെടുകയും ചെയ്തതായാണ് ചരിത്രം. ഇന്ത്യയിലെ കീഴാള സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ സാധ്യമാക്കാൻ ഇസ്ലാമിക അധ്യാപനങ്ങൾക്ക് സാധിക്കുന്നുവെന്നത് ഒരു കീഴാള വിമോചന പ്രത്യയശാസ്ത്രമെന്ന നിലയിൽ ഇസ്‌ലാമിനെ വായിക്കുമ്പോൾ ബോധ്യമാകും. ഈ തിരിച്ചറിവ് കീഴാള സമൂഹത്തിന്റെ അനുഭവസാക്ഷ്യമാണ്.

ഒരു കീഴാള വിമോചന പ്രത്യയശാസ്ത്രം എന്ന നിലയിൽ ഇസ്‌ലാമിനെ അംഗീകരിക്കാൻ തയാറാകാത്തവരെ വലിയൊരളവിൽ തന്നെ ഇസ്‌ലാമോഫോബിയ പിടികൂടിയിട്ടുണ്ട്. മതാരോഹണത്തിലെ കീഴാളരുടെ സ്വയംകർതൃത്വത്തെ സാധൂകരിച്ചുകൊണ്ട് പണ്ഡിറ്റ് കറുപ്പൻ എഴുതിയത് പ്രസിദ്ധമാണ്:
അല്ലാ ഇവനിന്നൊരു പുലയനല്ലേ,
അള്ളാ മതം നാളെ സ്വികരിച്ചാൽ,
ഇല്ലാ തടസ്സം ഇല്ലില്ലായിടത്തും പോകാം,
ഇല്ലത്തും പോയിടാം ജ്ഞാനപ്പെണ്ണേ,
നോക്ക് സുന്നത്തിൻ മാഹാത്മ്യം യോഗപ്പെണ്ണേ

പൊതു ഇടങ്ങൾ തങ്ങൾക്കു കൂടി അനുവദിക്കപ്പെടുക എന്നതിലപ്പുറം ഇതിന് സാമൂഹികമായ മറ്റൊരു മാനം ചികയേണ്ടതുണ്ട് എന്നു തോന്നുന്നില്ല.

ഉത്തരാധുനിക പഠനങ്ങളിൽ കീഴാള സമൂഹങ്ങളെക്കുറിച്ച ചർച്ചകളിൽ മുന്തിനിൽക്കുന്നത് കീഴാള സമൂഹത്തിന്റെ കർതൃത്വനിഷേധവും കീഴാള സ്ത്രീകളുടെ ഇരട്ട അടിമത്തവുമാണ്. ഇവ രണ്ടിനെയും ഇസ്‌ലാം സംബോധന ചെയ്യുകയും പരിഹരിക്കുകയും ചെയ്തു എന്നതാണ് ഇസ്ലാമിനെ അവർക്ക് പ്രിയങ്കരമാക്കിയത്.

ഇസ്‌ലാമിലേക്ക് വന്ന കീഴാളർക്ക് യാതൊരു അസമത്വവും അനുഭവിക്കേണ്ടിവന്നില്ല. ഇത് തിരിച്ചറിഞ്ഞപ്പോഴാണ് മതാശ്ലേഷണത്തിന്റെ തോത് വർധിച്ചത്. പല വസ്തുതകളെയും വളച്ചൊടിക്കുമെങ്കിലും ഈ വസ്തുതയോട് ചരിത്രകാരന്മാർക്കോ മലയാള സാഹിത്യ മേലാളന്മാർക്കോ തർക്കിക്കാൻ പ്രാപ്തിയുണ്ടായിരുന്നില്ല. ഇസ്‌ലാമിന്റെ സമഭാവന വാഴ്ത്തിപ്പാടാത്തവർ ചുരുക്കം. ‘ക്രൂര മുഹമ്മദരു’ം ‘ശുദ്ധനായരും’ കവിതകളിൽ നിറഞ്ഞാടുമ്പോഴും ചെറുമന് കൈവന്ന സാമൂഹിക പദവിയെക്കുറിച്ചവർക്ക് പറയാതിരിക്കാൻ വയ്യാത്ത വിധം ആ സത്യം സമൂഹത്തിൽ വേരുറച്ചുപോയിരുന്നു.

അടിമ ജാതികളിൽനിന്ന് ഇസ്ലാമിലേക്കു മതപരിവർത്തനം നടത്തുന്നത് സവർണ ജന്മിമാർക്ക് സംബോധന ചെയ്യപ്പെടേണ്ട ഒരു ഗുരുതര വെല്ലുവിളിയായി തോന്നിയത് പരിവർത്തനത്തിന്റെ സാമൂഹിക മാനങ്ങൾ വെളിപ്പെടാൻ തുടങ്ങിയതു മുതലാണ്. കീഴാളർക്ക് സ്വാതന്ത്ര്യവും പുതിയ സാമൂഹിക സ്വത്വവും കൈവന്നപ്പോഴാണ് സവർണർ തങ്ങൾക്കു നേരെയുണ്ടായേക്കാവുന്ന തിരിച്ചടികളെക്കുറിച്ച് ആലോചിക്കുന്നതും കീഴാളരുടെ ചെയ്തിയെ അംഗീകരിക്കാൻ വിസമ്മതിക്കുന്നതും.

അയിത്തവും ഉച്ചനീചത്വവും കൊണ്ട് ബഹിഷ്‌കൃതയാക്കപ്പെട്ട കീഴ്ജാതിക്കാരിൽ ഒരാളായ ചക്കി ഒരിക്കൽ മമ്പുറം തങ്ങളുടെ അടുക്കൽ ചെന്നു. തന്റെ രോഗശമനത്തിനായി പ്രാർഥിക്കുന്ന, തന്നോട് ആദരവോടെയും അനുഭാവപൂർവവും ഇടപെടുന്ന മമ്പുറം തങ്ങളുടെ നിലപാടും വിശ്വാസവും ചക്കിയെ സ്വാധീനിക്കുന്നു. അവർ ഇസ്‌ലാം സ്വീകരിക്കാൻ തീരുമാനിക്കുന്നു. കൂട്ടത്തിൽ രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരും കൂടി ഇസ്‌ലാമിലേക്ക് കടന്നുവന്നു. ചക്കി ആഇശ ആയപ്പോൾ മറ്റുള്ളവർക്ക് ഖദീജ, ഹലീമ, അഹ്മദ്, ഹുസൈൻ, സാലിം എന്നീ പേരുകൾ നൽകപ്പെട്ടു. കാപ്രാട്ടു പണിക്കരുടെ വീട്ടിൽ അടിച്ചുതളിക്കാരി ആയിരുന്ന ചക്കി ആ ജോലി തുടർന്നു. ഇവിടെ പരാമർശിക്കേണ്ട ഒരു പ്രധാന വസ്തുത ഇസ്ലാം ആശ്ലേഷം കീഴാളരുടെ തൊഴിലിലോ സാമ്പത്തിക നിലവാരത്തിലോ മാറ്റം വരുത്തുന്ന ഒന്നായിരുന്നില്ല എന്നതാണ്. കൂടുതൽ മെച്ചപ്പെട്ട ഒന്ന് എന്ന നിലയിൽ അവർക്ക് ലഭിക്കാനുണ്ടായിരുന്നത് സാമൂഹിക പദവി മാത്രമായിരുന്നു. മറ്റു ബാഹ്യ പ്രേരണകളുടെ സാധ്യത നന്നേ ചുരുങ്ങുന്നുവെന്നു സാരം. ചക്കിക്ക് പ്രവേശനമില്ലാത്തിടത്ത് ആഇശ പ്രവേശിച്ചു തുടങ്ങിയപ്പോഴും ചക്കി ഓഛാനിച്ചു നിന്നിടത്ത് ആഇശ നിവർന്നു നിന്നപ്പോഴും ചക്കി മറക്കാതിരുന്ന മാറ് ആഇശ മറച്ചു വന്നപ്പോഴും അസ്വസ്ഥത കനത്തു വന്നു. അവസാനം കൃഷ്ണപണിക്കരുടെ സവർണ ബോധം ജ്വലിക്കുകയും ആയിഷയുടെ മാറിയ സാമൂഹിക പദവി അതിനെ പ്രതിരോധിക്കുകയും ചെയ്തു. എന്നാൽ ക്രുദ്ധനായ പണിക്കർ ആഇശയുടെ മേൽകുപ്പായം വലിച്ചുകീറി മാറിൽ മുറിവേൽപിച്ചു. ആഇശ മമ്പുറം തങ്ങളുടെ അരികിലെത്തി ആവലാതി പറഞ്ഞു. മാപ്പിളമാർ സജ്ജരായപ്പോൾ പണിക്കർ ബ്രിട്ടീഷുകാരുടെ സഹായം തേടി. ആറംഗ മാപ്പിള പോരാളികൾ കാപ്രാട്ടു മനയിൽ കയറി തമ്പ്രാനെ വകവരുത്തി. ഇത്തരം സംഭവങ്ങളിലൂടെ മാർഗം കൂടിയ കീഴാളരുടെ അഭിമാനത്തിനു വേണ്ടി മരിക്കാനും മുസ്‌ലിം സമുദായം തയാറാണ് എന്ന സന്ദേശം കീഴാളരുടെ ഇസ്‌ലാം ആശ്ലേഷത്തിന്റെ തോത് വീണ്ടും വർധിപ്പിച്ചു.

ഇവിടെ സ്വാഭാവികമായ ഇസ്‌ലാം ആശ്ലേഷവും നിർബന്ധിത മാർഗം പൊളിക്കലും തമ്മിലുള്ള ഒരു സംഘർഷം കാണാം. സമാനമായ അനേകം സംഭവങ്ങളിലൂടെ ജന്മിമാർ കീഴാളരെ പഴയ പടിയാക്കാൻ നടത്തിയ ശ്രമങ്ങൾ സംഘർഷങ്ങൾക്ക് വഴിവെച്ചു എന്നതാണ് ചരിത്രം. ഈ സംഭവം ആധാരമാക്കി രചിക്കപ്പെട്ട ‘ചേരൂർ ചിന്ത്’ എന്ന പടപ്പാട്ട് ബ്രിട്ടീഷ് ഭരണകൂടം നിരോധിച്ചതിലൂടെ ആംഗ്ലോ സവർണ ബാന്ധവത്തോടായിരുന്നു മാപ്പിളമാർ പോരാടിയത് എന്ന സത്യത്തിന് ബലം കൂടുന്നു. ചേരൂർ പടയിൽ രക്തസാക്ഷികളായ മാപ്പിളമാരുടെ ഖബ്ർ സന്ദർശിക്കുന്നതു പോലും ബ്രിട്ടീഷുകാർ വിലക്കിയിരുന്നു. പിൽക്കാലത്ത് ആലി മുസ്‌ലിയാരുടെ മേൽ ചുമത്തപ്പെട്ട ഒരു കുറ്റം ആ ഖബ്ർ സന്ദർശിച്ചു എന്നതായിരുന്നു.

ഇത് കേരളത്തിൽ മാത്രം ഒതുങ്ങിനിന്ന പ്രതിഭാസമായിരുന്നില്ല. 140 മില്യൻ വരുന്ന ഇന്ത്യൻ മുസ്‌ലിംകളിൽ ഹിന്ദു മതത്തിലെ കീഴാള ജാതികളിൽനിന്ന് പരിവർത്തനം ചെയ്തവരാണ് ഭൂരിപക്ഷവും എന്ന നിരീക്ഷണം പ്രസക്തമാണ്. ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ സാമൂഹിക പശ്ചാത്തലവും ഈ മതാശ്ലേഷത്തിലുണ്ടായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിൽ സയ്യിദ് അഹ്മദ് ശഹീദിന്റെ ഓരോ യാത്രയിലും അദ്ദേഹത്തിന്റെ കരം കവർന്ന് അനേകം പേർ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്. ബംഗാളിൽ മൗലാനാ ദാദ്ദു മിയാന്റെ ഫറാഇദ് പ്രസ്ഥാനവും ജന്മിത്വത്തിനെതിരെ കീഴാള കുടിയാന്മാരെ സംഘടിപ്പിച്ചു പോരാട്ടം നയിച്ചത് പ്രസിദ്ധമാണ്. ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യയുടെ 75 ശതമാനവും ദലിത് മുസ്‌ലിംകൾ ആണെന്നാണ് പിന്നാക്ക വിഭാഗങ്ങളുടെ സംഘടനാ പ്രതിനിധിയായ ഇഅ്ജാസ് അലിയുടെ വിലയിരുത്തൽ.

ഈ സാമൂഹിക പശ്ചാത്തലങ്ങളെല്ലാം നയിച്ചത് മലബാർ സമരം എന്നറിയപ്പെട്ട 1921-ലെ വിപ്ലവത്തിലേക്കായിരുന്നു. ഇന്ത്യയിലാകമാനം രൂപപ്പെട്ട ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സാന്നിധ്യവും മലബാറിലെ മാപ്പിളമാർ ഭരണകൂടത്തിൽനിന്നും സവർണ ജന്മിമാരിൽനിന്നും കാലങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന യാതനകളും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഭിന്നിപ്പിച്ചു ഭരിക്കുക നയവും ജന്മി-കുടിയാൻ ബന്ധങ്ങളിലെ സ്വരച്ചേർച്ചയില്ലായ്മയുമെല്ലാം ഏറിയും കുറഞ്ഞുമുള്ള അളവിൽ ഈ സമരത്തിന് ഹേതുവായി ഭവിച്ചു.

മലബാർ സമരത്തെ അതിന്റെ മതകീയ-സാമൂഹിക മാനങ്ങളോട് നീതിപുലർത്തിക്കൊണ്ട് ഓർമിക്കുന്നതു പോലും അസഹിഷ്ണുതയോടെ കാണുന്നത് മലയാളി സമൂഹത്തിന്റെ വേരിൽ ഉണങ്ങാതെ ശേഷിക്കുന്ന സവർണ പൊതുബോധം കൊണ്ട് തന്നെയാണ്. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വീണ്ടും ചർച്ച ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ സമരചരിത്രങ്ങളെ അപനിർമിക്കാനുള്ള പരിശ്രമവും സജീവമാണ്. മലബാർ സമരത്തിന്റെ കാർഷിക മാനങ്ങൾ ഉയർത്തിപ്പിടിച്ച ഇ.എം.എസിന്റെ പരിപ്രേക്ഷ്യത്തെ പോലും അംഗീകരിക്കാൻ എം.ജി.എസിനെ പോലുള്ളവർ തയാറായിരുന്നില്ല. ഇപ്പോഴും മലബാർ സമരത്തെക്കുറിച്ച നരേറ്റീവുകൾ അവതരിപ്പിക്കാനുള്ള അവകാശം തങ്ങളിൽ മാത്രം നിക്ഷിപ്തമാണ് എന്നു വിശ്വസിക്കുന്നവരുമുണ്ട്. സമരകാലത്ത് വ്യാപകമായി നിർബന്ധിത മതപരിവർത്തനം നടന്നു എന്നതിനെ കൂടെ സംബോധന ചെയ്യുന്നത് ഇവിടെ ഉചിതമാവും എന്നു തോന്നുന്നു.

വാരിയൻകുന്നൻ: മാറുന്ന വായനകൾ
1896-ൽ നടന്ന ബ്രിട്ടീഷുകാർക്കെതിരായ സമരത്തിൽ നെല്ലിക്കുത്ത് സ്വദേശിയായ കുഞ്ഞഹമ്മദ് ഹാജി പങ്കെടുത്തിരുന്നു. ആ കുറ്റത്തിന് പിതാവിനൊപ്പം മക്കയിലേക്ക് നാടു കടത്തപ്പെട്ട കുഞ്ഞഹമ്മദ് ഹാജി തിരിച്ചെത്തിയത് 1914-ലാണ്. ഒരു കാളവണ്ടിക്കാരനായി കഴിഞ്ഞുകൂടിയ അദ്ദേഹം ചുറ്റുപാടുകളെ കൃത്യമായി പഠിച്ചിരുന്നു. നല്ല രാഷ്ട്രീയ ബോധവും സാമൂഹിക അവബോധവും അദ്ദേഹത്തിനുണ്ടായിരുന്നു. നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്തിരുന്നു. സമരകാലത്ത് അദ്ദേഹം സമരങ്ങളുടെ നേതൃത്വം ഏറ്റെടുക്കുകയും സ്വയം ഭരണം സ്ഥാപിക്കുകയും ചെയ്തു. ബ്രിട്ടീഷ് വിധേയത്വമുള്ള ‘കേരള ചന്ദ്രിക’ അക്കാലത്ത് റിപ്പോർട്ട് ചെയ്തു: ‘മഞ്ചേരി, ഇളംകുളം, ചാത്തൻകോട്ട് പുറം അംശങ്ങളിൽ കുഞ്ഞഹമ്മദ് ഹാജിയും കൂട്ടരും രാജ്യഭരണം പൊടിപൊടിക്കുന്നു, കൊള്ളയും സ്ത്രീകളെ ചാരിത്രഭംഗവും ചെയ്യുന്നവരെ കഠിനമായി ശിക്ഷിക്കുന്നു. സ്ത്രീകളെ തൊടുന്നവർക്ക് കൈവിരൽ വെട്ടിയാണത്രെ ശിക്ഷ കൊടുക്കുന്നത്’ (കേരള ചന്ദ്രിക 29-10-1921).

കുഞ്ഞഹമ്മദ് ഹാജിയുടെ രാജനീതിയിൽ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ വിവേചനം ഉണ്ടായിരുന്നില്ല എന്ന് മാധവൻ നായർ തന്നെ സമ്മതിച്ചിട്ടുണ്ട്. നിർബന്ധിച്ചു മതം മാറ്റുന്ന കാര്യത്തിൽ കുഞ്ഞഹമ്മദ് ഹാജി ഏർപ്പെട്ടിരുന്നില്ല എന്നും അദ്ദേഹം കുറിക്കുന്നുണ്ട്. സമരകാലത്ത് വ്യാപകമായിരുന്നു എന്നാരോപിക്കപ്പെട്ട നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നത് വാമൊഴികൾ മാത്രമായിരുന്നു. ഇതിൽ പലതിലും വ്യക്തമായ വൈരുധ്യങ്ങളുമുണ്ട്. ഇത്തരം വാമൊഴികളും, സവർണ-ബ്രിട്ടീഷ് ഭാഷ്യവും അടിസ്ഥാനമാക്കി പ്രചരിച്ച കഥകളുടെ നിജഃസ്ഥിതി അറിയാൻ കോൺഗ്രസ്സ് നിയോഗിച്ച അന്വേഷണ കമീഷൻ കണ്ടെത്തിയത്, നിർബന്ധിത പരിവർത്തനം എന്നു പറയാവുന്ന തരത്തിലുള്ളത് കേവലം മൂന്ന് സംഭവങ്ങൾ മാത്രമാണ് എന്നായിരുന്നു. ടി. പ്രകാശം, ടി.വി വെങ്കട്ടരാമൻ തുടങ്ങിയ പ്രഗത്ഭരായിരുന്നു കമീഷൻ അംഗങ്ങൾ. ലഹളബാധിത പ്രദേശങ്ങളിൽ നിരന്തരം പോരാട്ടങ്ങൾ സജീവമായപ്പോൾ ഭയന്ന് നാടു വിട്ടവരിൽ ഹിന്ദുക്കളും മുസ്‌ലിംകളുമുണ്ടായിരുന്നു. എന്നാൽ ഹിന്ദുക്കൾക്ക് മാത്രമായി ആര്യസമാജവും ഭാരത സേവാ സംഘവും കോഴിക്കോട്ട് ഏർപ്പെടുത്തിയ റിലീഫ് ക്യാമ്പുകളിലെ അന്തേവാസികളാണ് പോലീസ് സമ്മർദത്താൽ ഇത്തരം ആരോപണങ്ങൾക്ക് തെളിവ് നൽകാൻ ഹാജറാക്കപ്പെട്ടത്. അഭയാർഥികളുടെ മൊഴികൾ പുനരന്വേഷണം കൂടാതെ ചരിത്രമായപ്പോൾ ഇത്തരം കഥകൾക്ക് ഔദ്യോഗിക ഭാഷ്യവും കൈവന്നു. ഈ സ്റ്റേറ്റ്‌മെന്റുകളിലെല്ലാം വ്യാപകമായ പൊരുത്തക്കേടുകൾ കാണാം. ബ്രിട്ടീഷ് അനുകൂല മാധ്യമങ്ങളും ഈ രംഗത്ത് തങ്ങളുടേതായ സേവനം അർപ്പിക്കുക കൂടി ചെയ്തതോടെ മലബാർ സമരം മാപ്പിള ലഹളയായി രേഖപ്പെടുത്തപ്പെടുകയായിരുന്നു.

പിന്നീട് ബ്രിട്ടീഷ് ആഖ്യാനങ്ങളിൽനിന്ന് വ്യത്യസ്തമായ രീതിയിൽ സമരത്തെ വായിക്കാൻ ഇ.എം.എസ് ഉൾപ്പെടെയുള്ള പലരും ധൈര്യം കാണിച്ചു. 1970-കൾക്കു ശേഷമാണ് ഇതു സംബന്ധമായ രേഖകൾ പരിശോധിക്കാനും ഗവേഷണവിധേയമാക്കാനും അനുമതി ലഭിക്കുന്നത്. ബ്രിട്ടീഷ് ആർക്കൈവ്‌സുകളിൽനിന്ന് ഇപ്പോഴും കണ്ടെടുക്കുന്ന പല രേഖകളിൽനിന്ന് സമരത്തിന്റെ യഥാർഥ ചിത്രം കൂടുതൽ തെളിഞ്ഞുവരികയാണ്. അതിന്റെ ഏറ്റവും പുതിയ വഴിത്തിരിവാണ് പ്രഖ്യാപിക്കപ്പെട്ട ‘വാരിയൻകുന്നൻ’ എന്ന സിനിമ.

സമരകാലത്തിനു ശേഷവും ഇസ്‌ലാം ആശ്ലേഷ മനോഭാവം തുടർന്നുകൊണ്ടിരുന്നു എന്നത് കൂടി ഇവിടെ ശ്രദ്ധേയമാണ്. നിർബന്ധിത പരിവർത്തനാരോപണത്തെ അപ്രസക്തമാക്കുന്നതാണ് 1930-കളിൽ ഈഴവരിൽനിന്നുണ്ടായ പ്രതികരണങ്ങൾ. ഭാരതത്തിൽ അധഃകൃത സമൂഹങ്ങളുടെ ഭാസുരമായ ഭാവിക്ക് ഇസ്‌ലാം മതത്തിൽ ചേരുന്നതാണ് സർവപ്രകാരേണ ആശാസ്യമെന്നും ജാതിപരമായ അവശതകൾ അശേഷം ഇല്ലാത്തതും സർവ സാഹോദര്യവും തജ്ജന്യമായ സമത സർവത്ര പ്രായോഗികമായിട്ടുള്ള ഇസ്‌ലാം മത സ്വീകരണമാണ് അസമത്വ സമുദായക്കാരുടെ രക്ഷക്ക് ഏറ്റവും പ്രയോജനപ്രദമായിട്ടുള്ളത് എന്നും അധഃകൃത നേതാവായ കെ.പി വള്ളോൻ എഴുതുകയുണ്ടായി. ഈഴവ-തീയ്യ സമുദായക്കാരും ഇസ്‌ലാമിലേക്കുള്ള പരിവർത്തനത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടും അതിന് ആഹ്വാനം നടത്തിയും പ്രസിദ്ധീകരണങ്ങൾ ഇറക്കി. ഇത് സവർണരെ വീണ്ടും പ്രതിസന്ധിയിലാക്കി. ഇതേ തുടർന്നാണ് ഹിന്ദു മത പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചരിത്രപ്രസിദ്ധമായ പല പ്രഖ്യാപനങ്ങളും ഉണ്ടായത്. കീഴാളർക്കും ആരാധനാ സ്വാതന്ത്ര്യവും ക്ഷേത്രപ്രവേശവുമെല്ലാം സാധ്യമാക്കുക വഴി സംഭവ്യമായത് പക്ഷേ ദലിത് സ്വത്വത്തെ തമസ്‌കരിച്ചുകൊണ്ട് അവരെ ബ്രാഹ്മണ്യ സമൂഹത്തിന്റെ ഭാഗമാക്കുന്ന പ്രക്രിയ മാത്രമായിരുന്നു. ഇതിനു വേണ്ടി നാല് ജാതിക്കപ്പുറം ഒരു പഞ്ചമ ജാതി കൂടിയുണ്ടാക്കി ഭിന്നമതക്കാരെകൂടി ഹിന്ദുക്കളാക്കുകയാണ് ഉണ്ടായത് എന്നായിരുന്നു അക്കാലത്തെ ഈഴവരിൽ ചിലരുടെ ആരോപണം. കീഴാളരെയും ഹിന്ദു എന്ന വൃത്തത്തിലേക്ക് ചേർത്ത് ബ്രാഹ്മണിക്കൽ ആരാധനാ മൂർത്തികളെയും സംസ്‌കാരത്തെയും ഒന്നു കൂടി വികസിപ്പിക്കുക മാത്രമാണ് ഉണ്ടായത്.

അവലംബങ്ങൾ:
മലബാർ മാന്വൽ: വില്യം ലോഗൻ,
മാപ്പിള മുസ്‌ലിംകൾ- റോളണ്ട് ഇ. മില്ലർ,
മാപ്പിള സമുദായം: ടി. മുഹമ്മദ്,
കേരള മുസ്‌ലിം ചരിത്രം: പി.എ സെയ്ത് മുഹമ്മദ്,
മാപ്പിള കീഴാള പഠനങ്ങൾ: കെ.കെ മുഹമ്മദ് അബ്ദുസ്സത്താർ,
Understanding the Religious Conversion to Islam: ഇ.എസ് മുഹമ്മദ് അസ്ലം,
മലയാള മുസ്‌ലിം: ഡോ. ജമീൽ അഹ്മദ്,
ഇസ്‌ലാമോഫോബിയ: പ്രതിവിചാരങ്ങൾ: വി. ഹിക്മത്തുല്ല.

Related Articles