Current Date

Search
Close this search box.
Search
Close this search box.

മലബാർ വിപ്ലവത്തിന്റെ ചരിത്ര പശ്ചാത്തലം

ഏതൊരു ചരിത്ര സംഭവത്തെയും അതിന്റെ ചരിത്രപരമായ പശ്ചാത്തലത്തിൽ നിന്നും അടർത്തി മാറ്റിയാൽ ആ ചരിത്ര സംഭവത്തിന്ന് നിദാനമോ പ്രേരകമോ ആയിട്ടില്ലാത്ത തെറ്റായ ചിന്തകളും സങ്കൽപ്പങ്ങളും രൂപപ്പെടുത്തിയെടുക്കുവാൻ സാധിക്കും. മലബാർ വിപ്ലവത്തിന്റെ അപനിർമിതി നടക്കുന്നതും അതിനെ അതിന്റെ ചരിത്ര പശ്ചാത്തലത്തിൽ നിന്നും അടർത്തി മാറ്റിക്കൊണ്ട്‌ കൂടിയാണ്.

1921 ആണ് കാലം. ബ്രിട്ടൻ അന്ന് സൂര്യനാസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരായിരുന്നു. സാമ്രാജ്യത്വ വ്യാപ്തിയിലും സ്വാധീനത്തിലും ഇന്നത്തെ അമേരിക്കയെക്കാളും എത്രയോ മടങ്ങു ശക്തിയുള്ള രാജ്യം. ആ കാലത്തെ ഭൂലോകത്തിലെ ഏതാണ്ട്‌ നാലിലൊന്നു പ്രദേശം കോളനിയായും protectorate സ്റ്റേറ്റ്കളായും ബ്രിട്ടീഷ് സാമ്രാജ്യത്തിന്ന് കീഴിലെ സ്വയം ഭരണ പ്രദേശങ്ങളായും (dominion) കൈവശം വെച്ചിരുന്ന സാമ്രാജ്യത്വ ശക്തി. ഒന്നാം ലോക യുദ്ധം വിജയിച്ചതിന്ന് ശേഷം ലീഗ് ഓഫ് നേഷൻസ് ബ്രിട്ടനും ഫ്രാൻസിനുമൊക്കെ ഭരണ നിയന്ത്രണം ഏല്പിച്ചു കൊടുത്ത ഭൂപ്രദേശങ്ങൾ ഇതിന്ന് പുറമെയാണ്. അമേരിക്ക ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടി 130 ലേറെ വർഷം കഴിഞ്ഞ ശേഷമുള്ള ചിത്രമാണിത്. ഇന്ത്യയെ ബ്രിട്ടൻ ഭരിക്കാൻ തുടങ്ങിയിട്ട് 160 ലേറെ വർഷം പിന്നിട്ടിരിക്കുന്നു. അന്നത്തെ വാർത്താ മാധ്യമങ്ങൾ ഏറെക്കുറെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ നിയന്ത്രണത്തിലായിരുന്നുവെന്ന വസ്തുതയും ഓർമയിലുണ്ടാവണം.

പൊതുവിൽ എല്ലാ പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളും വിശേഷിച്ചു ബ്രിട്ടനും, ഭരണം പിടിച്ചടക്കുവാനും പിന്നെ അത് നിലനിർത്തുവാനും, അതിനെതിരെ ഉണ്ടാവുന്ന സമരങ്ങളെ അടിച്ചമർത്തുവാനും സ്വീകരിക്കുന്ന തന്ത്രങ്ങളുടെ ഒരു മാതൃക ചരിത്ര പഠനം കൃത്യമായും നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. അതിന്റെ അഞ്ചു മുഖ്യമായ രീതികൾ താഴെ സൂചിപ്പിക്കുകയാണ്.

1. തദ്ദേശീയ ജന വിഭാഗങ്ങളെ മതപരമായും വംശീയമായും ജാതീയമായും ഭിന്നിപ്പിക്കുകയെന്നതാണ് അതിൽ പ്രഥമ സ്ഥാനീയമായിട്ടുള്ളത്. ഇതിന്ന് പ്രധാനമായും രണ്ടു മാർഗങ്ങളാണ് അവർ സ്വീകരിക്കാറുള്ളത്. ആവശ്യമായ രൂപത്തിൽ മത- സാമുദായികമായ ധ്രുവീകരണവും ചേരിതിരിവും സൃഷ്ടിക്കുന്നതിന്ന് വേണ്ടി തദ്ദേശീയരുടെ ഓർമയിലുള്ളതും അല്ലാത്തതുമായ ചരിത്രത്തെയും സംഭവങ്ങളെയും വർഗീയമായി അപനിർമിക്കുകയും അത് തങ്ങളുടെ അധീനതയിലുള്ള സകലമാന മാധ്യമങ്ങളും ഉപയോഗിച്ച് പൊതു ബോധ സൃഷ്ടിക്ക് വേണ്ടി പ്രചണ്ഡമായി പ്രചരിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഒന്നാമത്തെ വഴി. സമൂഹ ഗാത്രത്തെ പലതായി വിഭജിച്ചു നിർത്തുന്നതിന്ന് അധികാരം കൂടി ഉപയോഗിച്ച് ഗൂഢവും ആസൂത്രിതവുമായ ഉപജാപ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയെന്നതാണ് ദ്വിതീയ മാർഗം. ഇതാണ്‌ ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന സാമ്രാജ്യത്വത്തിന്റെ എക്കാലത്തെയും ഏറ്റവും കുപ്രസിദ്ധമായ കുടില തന്ത്രമായി അറിയപ്പെടുന്നത്.

2. തദ്ദേശീയ ജനവിഭാഗങ്ങളിൽ നിന്നു അധിനിവേശ ശക്തിക്കു സഹായകമാകുന്ന രാഷ്ട്രീയ പാർട്ടികളെയും ജനവിഭാഗങ്ങളെയും നേതാക്കളെയും, ഉദ്യോഗസ്ഥ വിഭാഗത്തെയും സമർത്ഥമായും ആസൂത്രിതമായും സൃഷ്ടിക്കുന്ന നടപടികൾ സ്വീകരിക്കുന്നു. ഇതിന്ന് നല്ല മാന്യമായ സർക്കാർ ജോലിയുടെയും കൂലിയുടെയും മറ്റു സ്വഭാത്തിലുള്ള പ്രതിഫലത്തിന്റെയും സ്ഥാനമാനങ്ങളുടെയും മുഖം കൂടിയുള്ളതിനാൽ അധിനിവിഷ്ട പ്രദേശങ്ങളിൽ സാമ്രാജ്യത്വം വളരെ എളുപ്പം സാക്ഷാൽക്കരിക്കുന്ന സാമ്രാജ്യത്വത്തെ അരക്കിട്ട് ഉറപ്പിക്കുവാൻ സഹായിക്കുന്ന വഴികൂടിയാണിത്.

3. അത്തരം പാർട്ടികൾക്കും നേതാക്കൾക്കും ജനവിഭാഗങ്ങൾക്കും നല്ല ദൃശ്യത നൽകി അവരെ തന്ത്ര പൂർവ്വം അധിനിവിഷ്ട രാജ്യങ്ങളിലെ ദേശീയ ഐക്കനുകളാക്കി വളർത്തുന്നു . ഇതിന്നു വേണ്ടിയും സാമ്രാജ്യത്വം അതിന്റെ അധീനതയിലുള്ള മാധ്യങ്ങളെ നന്നായി ഉപയോഗപ്പെടുത്തുന്നു.

4. അങ്ങനെയുള്ള പാർട്ടികളിലൂടെയും ‘നേതാക്ക’ളിലൂടെയും ജനാവിഭാഗങ്ങളിലൂടെയും സാമ്രാജ്യത്വം അധിനിവേശ വിരുദ്ധ സമരം നടത്തുന്ന ശക്തികളെ ദുർബലീകരിക്കുകയും പരാജയപ്പടുത്തുകയും ചെയ്യുന്നു.

5. ഇതിനൊക്കെ പുറമെ, സാമ്രാജ്യത്വ ശക്തികൾ അവരുടെ നാട്ടിൽ നിന്നും നയതന്ത്രജ്ഞരെയും, പുരോഹിതരെയും, സിവിൽ സെർവന്റ്സ്നെയും മറ്റു മേഖലകളിൽ പ്രമുഖരായ വ്യക്തികളെയും അധിനിവിഷ്ട പ്രദേശങ്ങളിൽ ഇറക്കുമതി ചെയ്തു തദ്ദേശീയവാസികളോടൊപ്പം ചേർന്ന് സൂക്ഷ്മ തലങ്ങളിൽ സാമ്രാജ്യത്വ താല്പര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുവാനും സാമ്രാജ്യത്വ ശക്തികൾക്കെതിരെ നിലകൊള്ളുന്നവരെ ഒറ്റപ്പെടുത്തുവാനും അവർക്കെതിരായ പൊതു ബോധം സൃഷ്ടിക്കുവാനും നിയോഗിക്കുന്നു.

ഇറാക്കിലും അഫ്ഗാനിലുമെല്ലാം അമേരിക്കൻ സാമ്രാജ്യത്വം ബ്രിട്ടീഷ് -ഫ്രഞ്ച് സാമ്രാജ്യത്ത്വത്തിൽ നിന്നും പകർത്തിയ ഇത്തരം കുതന്ത്രങ്ങൾ ഈ കാലത്തും പരീക്ഷിച്ചതായി കാണുവാൻ സാധിക്കും.

ഇന്ത്യയിൽ മത രാഷ്ട്രീയ കാരണങ്ങളാൽ ബ്രിട്ടീഷ് അധിനിവേശത്തെ ആഘോഷമാക്കിയവരും അതിനെ അവസരമാക്കി ഉപയോഗപ്പെടുത്തിയവരും, അതിനോട് രാജിയായവരും, അതിൽ സാമ്രാജ്യത്വ ശക്തികളുടെ ഒറ്റുകാരായി പ്രവർത്തിച്ചവരും, അതിനെ തുടക്കം മുതൽ അന്ത്യം വരെ നഖശിഖാന്തം എതിർത്തവരും ഉണ്ടായിരുന്നു. ഇന്ത്യയിലെ മുസ്ലിംകൾ ഒരു ജനാവിഭാഗമെന്ന നിലയിൽ എല്ലാ അധിനിവേശങ്ങളെയും വിശ്വാസപരമായി തന്നെ എതിർത്തവരായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം മുതൽ കേരളത്തിൽ പോർച്ചുഗീസുകാർക്കെതിരെ മുസ്ലിംകൾ പ്രതിരോധം തീർത്തതായി കാണുന്നത് അത് കൊണ്ടു കൂടിയാണ്. സൈനുദീനുൽ മഖ്ദൂമ് എഴുതിയ തുഹ്ഫത്തുൽ മുജാഹിദീൻ പോർച്ചുഗീസു കാർക്കെതിരെ മലബാറിലെ മാപ്പിള മുസ്ലിംകൾ നയിച്ച പ്രതിരോധ സമരത്തിന്റെ ചരിത്ര രേഖകൂടിയാണ്. ബ്രിട്ടീഷുകാർ വരുന്നതിന്ന് മുമ്പ് ഇന്ത്യയുടെ ഒട്ടു മിക്ക ഭാഗങ്ങളിലും മുസ്ലിംകൾ ആയിരുന്നു ഭരണാധികാരികൾ. സ്വഭാവികമായും ബ്രിട്ടീഷ്കാർക്ക് മുഖ്യമായും നേരിടുവാനുണ്ടായിരുന്നത് മുസ്ലിം ഭരണാധികാരികളെയായിരുന്നു. ഇതര ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അധിനിവേശം ചെയ്ത കൊളോനിയൽ ശക്തികൾ ഭരണം നടത്തുന്ന പ്രദേശങ്ങളെ തദ്ദേശീയരായ മുസ്ലിംകൾ ദാറുൽ ഹർബ് (യുദ്ധം ചെയ്യൽ അനുവദനീയമായ രാജ്യം) ആയിട്ടാണ് മതപരമായി തന്നെ കണ്ടിരുന്നത്. ഇത് അന്തർദേശീയ തലത്തിലും ദേശീയ തലത്തിലും പ്രാദേശിക തലത്തിലും മുസ്ലിംകളും അധിനിവേശ ശക്തികളും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിന്നാണ് കളമൊരുക്കിയത്. മുഖ്യമായും മുസ്ലിംകളുടെ സജീവ സാന്നിധ്യമുണ്ടായിരുന്ന പ്രദേശങ്ങളിലും രാജ്യങ്ങളിലുമാണ് പാശ്ചാത്യ കൊളോണിയലിസത്തിന്ന് അതിശക്തമായ ചെറുത്ത്നിൽപ് നേരിടേണ്ടിവന്നതെന്ന ചരിത്ര വസ്തുത മനസ്സിലാക്കി തരുന്നതും ഇത് തന്നെയാണ്. അതോടൊപ്പം തന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് രാജിയായവരും അതിന്റെ ആനുകൂല്യങ്ങൾ അനുഭവിക്കാൻ ഒറ്റുകാരുടെ വേഷത്തിൽ പ്രവർത്തിച്ചവരും പ്രാദേശിക തലത്തിലും ദേശീയ തലത്തിലും അന്തർ ദേശീയ തലത്തിലും ഉണ്ടായിരുന്നുവെന്ന വസ്തുതയും വിസ്മരിക്കാവതല്ല. 1921 ലെ മലബാർ വിപ്ലവത്തിൽ ഒറ്റുകാരാനായി പ്രവർത്തിച്ച ആനക്കയം ചെക്കൂട്ടിയും, 1757 ലെ പ്ലാസി യുദ്ധത്തിൽ ബ്രിട്ടന്ന് ഒറ്റുകൊടുത്ത സിറാജു ദ്ധ്വൗലയുടെ സൈന്യത്തിന്റെ കമേന്റെർ ആയിരുന്ന മിർ ജാഫെറും, ഉസ്മാനിയ ഖിലാഫാത്തിനെ ഒറ്റു കൊടുത്ത മക്കയിലെ ശരീഫ് ഹുസ്സെയിനും അദ്ദേഹത്തിന്റെ മകൻ അമീർ ഫൈസലും ഇതിന്ന് ഉദാഹരണങ്ങൾ മാത്രമാണ്.

എല്ലാ യുദ്ധങ്ങളിലും അവർക്കെതിരെ നടക്കുന്ന സമരങ്ങളിലും സാമ്രാജ്യത്വം ആദ്യം ചെയ്യുന്നത്, ഏറ്റവും സമർത്ഥമായി സത്യത്തെ കൊലചെയ്യുകയും അസത്യങ്ങളെ സത്യമായി അവതരിപ്പിക്കലുമാണ്. രണ്ടാമതായി അവർ ചെയ്യുന്നത്, അവരുടെ എതിരാളികളെ പൈശാചിക വത്കരിക്കലാണ് (Demonization). ഇതോടൊപ്പം തന്നെ, നേരത്തെ വ്യക്തമാക്കിയത് പോലെ, തദ്ദേശീയ ജന വിഭാഗങ്ങളെ മതപരമായും വംശീയമായും ജാതീയമായും ഭിന്നിപ്പിച്ചു, അവരിൽ നിന്നു അധിനിവേശ ശക്തിക്കു സഹായകമാകുന്ന രാഷ്ട്രീയ പാർട്ടികളെയും ജനാവിഭാഗങ്ങളെയും നേതാക്കളെയും, ഉദ്യോഗസ്ഥ വിഭാഗത്തെയും സമർത്ഥമായും ആസൂത്രിതമായും സൃഷ്ടിച്ചു , ആ പാർട്ടികളെയും ജനവിഭാഗങ്ങളെയും നന്നായി പ്രൊജക്റ്റ്‌ ചെയ്തു, അവരുടെ പ്രവർത്തനങ്ങക്ക് നല്ല ദൃശ്യത നൽകി, അത്തരം നേതാക്കളെ തന്ത്ര പൂർവ്വം ഐക്കനുകളാക്കി മാറ്റിയും അല്ലാതെയും, അവരിലൂടെ അധിനിവേശ വിരുദ്ധ സമരം നടത്തുന്ന ശക്തികളെ ദുർബലീകരിച്ചു പരാജയപ്പടുത്തുന്ന തന്ത്രങ്ങളും സൈനിക മാർഗങ്ങൾക്ക് പുറമെ അവർ ആവിഷ്കരിക്കുന്നു. മറ്റൊരു മാർഗം, എല്ലാ പ്രക്ഷോഭങ്ങളെയും സമരങ്ങളെയും നേരിടാൻ ഈ കാലത്തും എല്ലാ ഭരണകൂടങ്ങളും ചെയ്യുന്നത് പോലെ, സാമ്രാജ്യത്വ ശക്തികളുടെ ഏജന്റുകളായും ചാരന്മാരായും പ്രവർത്തിക്കുന്നവരും മഫ്റ്റി വേഷത്തിലുള്ള പോലീസുകാരും സമരത്തിന്നും പ്രക്ഷോഭത്തിന്നും ഉള്ളിൽ നുഴഞ്ഞു കയറിയും, പ്രക്ഷോഭകരായും സമര പോരാളികളായും വേഷമിട്ടും, സമരത്തെയും പ്രക്ഷോഭത്തെയും ഉള്ളിൽ നിന്നും പരാജയപ്പെടുത്താനും യഥാർത്ഥ സമര പോരാളികളെയും പ്രക്ഷോഭകരെയും കരിവാരിത്തേക്കുവാനും ആവശ്യമായതൊക്കെ ചെയ്യുന്നുവെന്നതാണ്. ഇതിന്റെ ഭാഗമായി സാമ്രാജ്യത്വ പട്ടാളം തദ്ദേശീയ ജന വിഭാഗങ്ങളിലെ ഒരു വിഭാഗത്തിന്റെ നേരെ ക്രൂര കൃത്യങ്ങൾ നടത്തി പോരാളികളും വിപ്ലവകാരികളുമായ ആളുകളുടെ തലയിൽ കെട്ടിയേല്പിക്കുകയും അധികാരവും തങ്ങളുടെ അധീനതയിലുള്ള മാധ്യമങ്ങളും ഉപയോഗിച്ചു അതിനനുസൃതമായ പ്രചണ്ഡമായ പ്രചരണം നടത്തുകയും ചെയ്യുന്നു. ഈ വിഷയത്തിൽ ഇവരുടെ തന്നെ മാധ്യമങ്ങൾ വിശ്വാസ്യത ജനിപ്പിച്ചു കൊണ്ട് narrate ചെയ്യുന്ന റിപ്പോർട്ടുകൾക്കപ്പുറത്ത് ഇവർ നടത്തുന്ന ഉപജാപ പ്രവർത്തനങ്ങൾ ഒരിക്കലും മുഖ്യധാരാ ചരിത്രത്തിന്റെ ഭാഗമേയാവുന്നില്ല. അധിനിവേശ വിരുദ്ധ പോരാളികളാവട്ടെ, അവർ ലോകത്തിന്റെ ഭിന്ന ഭാഗങ്ങളിൽ സംഭവങ്ങൾ എങ്ങനെയാണ് റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത് എന്ന് പോലും അറിയാത്തവരും അതാത് കാലങ്ങളിലെ കീഴാള വർഗ്ഗക്കാരും, റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന സംഭവങ്ങളിൽ തങ്ങൾക്കു പറയാനുള്ളത് പ്രസരണം ചെയ്യാൻ സ്വന്തമായി മാധ്യമങ്ങൾ ഉടമപ്പെടുത്താത്തവരും ആയിരിക്കും. ഇനി എന്തെങ്കിലും വിപ്ലവകാരികളുടെ വേർഷനിൽ ഏതെങ്കിലും വിധത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടാൽ തന്നെ അവ അധികാരം ഉപയോഗിച്ചു നിരോധിക്കപ്പെടുകയോ തമസ്‌കരിക്കപ്പെടുകയോ ചെയ്യും. വിജയിക്കാത്ത എല്ലാ വിപ്ലവ ശ്രമങ്ങളും അനുഭവിക്കുന്ന ചരിത്രപരമായ ദൂഷിത വലയമാണിത്.

Ashenden: Or the British Agent എന്നത് സോമേഴ്‌സറ്റ് മോഗത്തിന്റെ അയഞ്ഞ രൂപത്തിൽ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ചാര കഥകളുടെ ഒരു സമാഹരമാണ്. സോമർസെറ്റ് മോഗം ഒന്നാം ലോക മഹാ യുദ്ധകാലത്തെ യൂറോപ്പിലെ ബ്രിട്ടീഷ് ഇന്റലിജൻസ് ഉദ്യോഗസ്ഥനായിരുന്നു. ആ അർത്ഥത്തിൽ ഈ കഥാ സമാഹാരത്തിന്നു ആത്മകഥാപരമായ തലവുമുണ്ടെന്നു മനസ്സിലാക്കാം. ആ കഥാ സമാഹാരം സാമ്രാജ്യത്വ താല്പര്യങ്ങൾക്കെതിരെ പ്രവർത്തിച്ചവരെയും അതിനെതിരെ നിലകൊണ്ട രാജ്യങ്ങളെയും എങ്ങെനെയൊക്കെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം ഉപജാപ പ്രവർത്തനങ്ങളിലൂടെ നേരിട്ടത് എന്നതിനെ സംബന്ധിച്ച ചിത്രം നൽകുന്നുണ്ട്. ബ്രിട്ടീഷ് ഇന്റലിജൻസ് യൂറോപ്പിൽ അതിന്റെ താല്പര്യങ്ങൾക്ക് എതിരെ നിന്ന, അവർ യഥാർത്ഥ ശത്രുക്കളായി കണ്ട ഇന്ത്യൻ നാഷനലിസ്റ്റുകളെ എങ്ങനെയൊക്കെയാണ് ബ്രിട്ടീഷ് ഭരണകൂടത്തിന്ന് വേണ്ടി ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചത് എന്നതിന്റെ ഒരു ചെറിയ ചിത്രവും അതിലെ ചില കഥകൾ നൽകുന്നുണ്ട്. സമാഹാരത്തിലെ ഗിഉലിയ lazzari (Giulia Lazzari) എന്ന കഥ സരോജിനി നായിഡുവിന്റെ സഹോദരൻ വിരേന്ദ്രനാഥ ചറ്റോപാധ്യായയുടെ assassination വേണ്ടിയുള്ള ബ്രിട്ടീഷ് ശ്രമവുമായി ബന്ധപ്പെട്ടുള്ളതാണെന്നാണ് മനസ്സിലാക്കപ്പെടുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്നും തിരസ്കൃതനായ അദ്ദേഹം സായുധ സമരത്തിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കണമെന്ന അഭിപ്രായമുള്ള വിപ്ലവകാരിയായിരുന്നു. യൂറോപ്പിലെ ഇന്ത്യൻ വിദ്യാർഥികളെ ബ്രിട്ടനെതിരെ സംഘടിപ്പിക്കുന്ന ബെർലിൻ കമ്മിറ്റിയിലെ അംഗവുമായിരുന്നു. കഥയിൽ അദ്ദേഹത്തിന്റെ പേര് ചന്ദ്രയെന്നാണ്. സോമേഴ്‌സറ്റ് മോഗത്തിന്റെ കഥയുടെ അവസാനത്തിൽ, ബ്രിട്ടീഷ് ഡീറ്റെക്റ്റീവ്സ് പിടികൂടിയെന്ന് മനസ്സിലാക്കിയ ചന്ദ്രയെന്ന പേരോടു കൂടിയ കഥാ പാത്രം വിഷം കഴിച്ചു മരിക്കുകയായിരുന്നു. യഥാർത്ഥ ജീവിതത്തിൽ, 1937 ൽ ജോസഫ് സ്റ്റാലിന്റെ ഭരണകൂടമാണ് സോവിയറ്റ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി അംഗങ്ങൾ കൂടിയായിരുന്ന അദ്ദേഹത്തെയും അബാനി മുഖർജിയെയും ശുദ്ധി കലശത്തിന്റെ ഭാഗമായി വെടിവെച്ചു കൊന്നത്. എങ്ങനെയാണ് സായുധ സമര പോരാളികളെ ബ്രിട്ടീഷ് ഭരണകൂടം നിർദാക്ഷീണ്യം ഇല്ലായ്മ ചെയ്യുന്നത് എന്ന് വ്യക്തമാക്കുവാനാണ് സോമേഴ്‌സറ്റ് മോഗത്തിന്റെ കഥ ഇവിടെ സൂചിപ്പിച്ചത്. സുഭാഷ് ചന്ദ്ര ബോസിന്റെ തിരോധാനം മറ്റൊരു ഉദാഹരണമാണ്. മലബാർ വിപ്ലവം സായുധ വിപ്ലവമായിരുന്നു. മലബാർ വിപ്ലവത്തെ സംബന്ധിച്ച്, വിപ്ലവാനന്തരം മലബാർ സന്ദർശിച്ച വിരേന്ദ്രനാഥ ചറ്റോപാധ്യായയുടെ സഹോദരി സരോജിനി നായിഡുവിന്ന് ഗാന്ധിജിയിൽ നിന്നും അംബേദ്കറിൽ നിന്നും വ്യത്യസ്തമായി ബ്രിട്ടീഷ് വിരുദ്ധവും മലബാർ വിപ്ലവകാരികൾക്ക് അനുകൂലവുമായ അഭിപ്രായമാണ് ഉണ്ടായിരുന്നത് എന്ന കാര്യവും ഇതോടൊപ്പം ചേർത്തു വായിക്കണം.

ഈ ചരിത്ര പശ്ചാത്തലം മുന്നിൽ വെച്ചു വേണം, ഒന്നാം സ്വാതന്ത്ര്യ സമരത്തിന്ന് ശേഷം, ബ്രിട്ടന്റെ imperial സിവിൽ സർവീസിൽ മെമ്പർ ആയിരുന്ന അലൻ ഓക്റ്റാവ്യൻ ഹ്യും (A. O. Hume) അധിനിവിഷ്ട ഇന്ത്യയിലെ തദ്ദേശീയരായ നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് സ്ഥാപിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണത്തെയും അതിന്ന് പിൽകാലത്ത് ഉണ്ടായ രൂപ പരിണാമങ്ങൾ പോലും നോക്കികാണുവാൻ. ഇതേ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്ന് ബ്രിട്ടനിലും ഇന്ത്യയിലും വലിയ കച്ചവട സ്ഥാപനങ്ങൾ ഉണ്ടായിരുന്ന, കൊൾകത്തയിൽ ബ്രിട്ടന്റെ ഷെരീഫ് ആയി പ്രവർത്തിച്ചിരുന്ന ജോർജ് യൂളും (1888), ബ്രിട്ടനിലെ ലിബറൽ പാർട്ടിയുടെ MP യും civil servant ഉം ആയിരുന്ന വില്യം വെഡർബേർനും (1889, 1910), മറ്റൊരു ബ്രിട്ടീഷ് MP ആയിരുന്ന ആൽഫ്രഡ്‌ വെബ്ബും (1894), മറ്റൊരു ബ്രിട്ടീഷ് MP യും സിവിൽ സെർവന്റുമായിരുന്ന ഹെൻറിജോൺ സ്റ്റേഡ്മാൻ കോട്ടനും (1904), നിസ്സഹരണ പ്രസ്ഥാനത്തെ പോലും എതിർത്തിരുന്ന ആനി ബസന്തും (1917) മെല്ലാം പ്രസിഡന്റ്‌മാരായിട്ടുണ്ടായിരുന്നു വെന്നും ഓർക്കണം. ദൗത്യ ത്തിന്റെ സ്വഭാവത്തിലും രീതിയിലും ലക്ഷ്യത്തിലും വിത്യാസം ഉണ്ടെങ്കിലും, അറബ് നാട്ടിൽ ഓസ്മാനിയ ഖിലഫാത്തിന് എതിരെ ഷെരീഫ് ഹുസ്സെയിനിനെയും മകൻ അമീർ ഫൈസലിനെയു ഉപയോഗപ്പെടുത്തി ലോറൻസ് ഓഫ് അറേബ്യ നിർവഹിച്ചതും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സമാന സ്വഭാവത്തിലുള്ള നയതന്ത്ര താല്പര്യങ്ങളായിരുന്നു വെന്നു വേണം മനസ്സിലാക്കുവാൻ.

നാഷനൽ കോൺഗ്രസ്‌ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനകീയ പിൻബലമുണ്ടായിരുന്ന ഇന്ത്യയിലെ മുസ്ലിം സാമുദായിക പാർട്ടിയായിരുന്ന മുസ്ലിം ലീഗ് രൂപീകരിക്കപ്പെട്ടതിന്ന് പിന്നിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കരങ്ങൾ ഉണ്ടായിരുന്നുവെന്ന് വേണം മനസ്സിലാക്കുവാൻ . നഷ്ട്ടപ്പെട്ട അധികാരം ഏതുവിധേനയും തിരിച്ചു പിടിക്കാന്‍ വെമ്പല്‍ കൊണ്ടിരുന്ന എന്നാല്‍ ഇസ്ലാമിനെ ഒരിക്കലും അതിന്റെ സാമൂഹ്യ രാഷ്ട്രീയ ഉള്ളടക്കത്തോടുകൂടി സമീപിച്ചി ട്ടില്ലായിരുന്ന സുഖലോലുപരായ നവാബുമാര്‍ ഇസ്ലാമിന്നു അന്യമായ കേവല സാമുദായിക വികാരം ഉണര്‍ത്തി ബ്രിട്ടീഷ് സഹായത്തോടു കൂടി എങ്ങനെയെങ്കിലും തങ്ങളുടെ അധികാര പങ്കാളിത്തം ഉറപ്പിക്കുന്നതിനു വേണ്ടി നടത്തിയ ശ്രമങ്ങളുടെ സൃഷ്ടിയായിരുന്നു മുസ്ലിം ലീഗ് അതിന്റെ ഉത്ഭവത്തില്‍. ഇസ്ലാമിന്റെ മാനവികമായ സാംസ്കാരിക പരിസരത്തു മുഖ്യ ധാരാ ലീഗ് രാഷ്ട്രീയം ഒരിക്കലും നിലയുറപ്പിച്ചിട്ടുണ്ടായിരുന്നില്ല. അത് എന്നും ശക്തി സംഭരിച്ചിരുന്നത് സാമുദായികതയുടെ ജീര്‍ണതയില്‍ നിന്നായിരുന്നു. ഇന്ത്യയിലെ ദേശീയ സ്വാതന്ത്ര്യ സമരത്തിൽ വിള്ളലുണ്ടാക്കുക, മുസ്ലിം ലാബെലില്‍ ഇസ്ലാമിന്റെ സാമൂഹ്യ ഉള്ളടക്കവുമായി ബന്ധമില്ലാത്ത ഒരു പാര്‍ട്ടിക്ക് രൂപം കൊടുത്ത് മുസ്ലിംകളെ അവരുടെ വിശ്വാസത്തിന്റെ തന്നെ ഭാഗമായ സാമ്രാജ്യത്ത്വ വിരുദ്ധതയില്‍നിന്നും അടര്‍ത്തി മാറ്റുക, ഇന്ത്യയേയും മുസ്ലിംകളെയും ഇസ്ലാമിനെയും ഒരേ പോലെ ദുര്‍ബലീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ വെച്ച, ഭിന്നിപ്പിച്ചു ഭരിക്കലിന്റെ സൂത്രധാരന്മാരും ആശാന്മാരുമായ ബ്രിട്ടീഷുകാര്‍ക്ക് മുസ്ലിം ലീഗിന്റെ രൂപികരണത്തില്‍ പങ്കുണ്ടായിരുന്നു വെന്നാണ് മുസ്ലിം ലീഗിന്റെ ആദ്യ പ്രസിഡന്റായി ഇന്ത്യയിലെ മുസ്ലിംകളില്‍ വളരെ ന്യൂനപക്ഷമായിരുന്ന ശിയാക്കളിലെ ഇസ്മായീലീ വിഭാഗത്തിലെ ആഘാ ഖാന്‍ III സുല്‍താന്‍ മുഹമ്മദ്‌ ഷാ അവരോധിക്കപ്പെട്ടതില്‍നിന്നും മനസ്സിലാക്കുവാന്‍ സാധിക്കുക. ആഗാ ഖാന്‍ എന്ന നാമം പോലും ബ്രിട്ടീഷ് സാമ്രജ്യത്ത്വത്തിന്നു ചെയ്ത സേവനത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ പിതാവിന്നു നല്‍കിയ ” ബഹുമതി” പേരായിരുന്നുവെന്നും ഓര്‍ക്കുക. ഇന്ത്യന്‍ ചക്രവര്‍ത്തി എദ്വാര്ദ് III യുടെ ഓര്‍ഡര്‍ അനുസരിച്ച് അദ്ദേഹത്തിന്നു വിക്ടോറിയ രാജ്ഞി 1897 ല്‍ ഇന്ത്യാ സാമ്രാജ്യത്തിന്റെ നൈറ്റ് ( KNIGHT) കമ്മാന്റെര്‍ആയും 1902 ല്‍ നൈറ്റ് ഗ്രാന്‍ഡ്‌ ( KNIGHT GRAND) കമ്മാന്റെര്‍ ആയും പുരസ്കാരം നല്‍കി ആദരിക്കുകയുണ്ടായി. 1906 ഒക്ടോബര്‍ 1 ന്നു ആഗാ ഖാനിന്റെ നേതൃത്ത്വത്തില്‍ 35 അംഗ സംഘം ബ്രിട്ടീഷ് വൈസ്രോയ് ലോര്‍ഡ്‌ മിന്റോ യെ സിംലയില്‍ വെച്ച് കണ്ടതില്‍ പിന്നെ ഒക്ടോബര്‍ 24 ന്നു ആഗാ ഖാന്‍ സംഘത്തിലുണ്ടായിരുന്ന മറ്റൊരു അംഗമായ മുഹ്സിന്‍ മുല്കിന്നു ഒരു രാഷ്ട്രീയ സംഘടന രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു കത്തയക്കുകയും 1906 ഡിസംബര്‍ 30 ന്നു ഡാക്കയില്‍ ചേര്‍ന്ന സര്‍വേന്ത്യാ മുസ്ലിം എജുകേഷനല്‍ സമ്മേളനത്തില്‍ ബ്രിട്ടീഷ് ഭരണകൂടത്തോടുള്ള മുസ്ലിം കൂറ് പ്രമോട്ട് ചെയ്യുക എന്നതുകൂടി ലക്ഷ്യമായി സ്വീകരിച്ചു മുസ്ലിം ലീഗ് രൂപീകരിക്കുവാന്‍ തീരുമാനിക്കുകയുമാണ് ഉണ്ടായത്. ലേഡി മിന്റോ തന്റെ @QAAAAAAAAAAAAAAaAA@AAAPaഡയറിയില്‍ സിംലയില്‍ വെച്ച് ആഗാ ഖാന്‍ സംഘവുമായി നടന്ന മീറ്റിംഗ് ഇന്ത്യാ ചരിത്രത്തിലെ ഒരു മഹാ സംഭാവമായാണ് കുറിച്ചിട്ടത്‌ എന്ന് ശരീഫുദ്ധീന്‍ പീർസാദ തന്റെ പാകിസ്ഥാന്റെ അടിസ്ഥാനങ്ങള്‍ ( Foundations of Pakistan ) എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.

ഗാന്ധിജി ബ്രിട്ടീഷ് അധിനിവിഷ്ട രാജ്യമായിരുന്ന സൗത്ത് ആഫ്രിക്കയിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങുന്നത് 1915 ന്റെ തുടക്കത്തിലാണ്. അതിന്ന് തൊട്ടു മുമ്പുള്ള വർഷം അദ്ദേഹം ലണ്ടനിൽ ആയിരുന്നു ഉണ്ടായിരുന്നത്. ഗാന്ധിജിയുടെ സൗത്ത് ആഫ്രിക്കയിലെ നയ സമീപനങ്ങൾ മിക്കവാറും ബ്രിട്ടീഷ് അനുകൂലമായിരുന്നു വെന്നത് വളരെ വിവാദ പൂർണമായ ഒരു ചരിത്ര വസ്തുതയാണ്. (Doctor and Saint by അരുന്ധതി റോയ്, Autobiography Of An Unknown Indian by നിരാദ് സി ചൗധരി). ഇന്ത്യയിൽ വന്നു കോൺഗ്രസിന്റെ നേതൃസ്ഥാനം ഏറ്റെടുത്ത ഗാന്ധിജിയുടെ സമര രീതി ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ നിന്നും വിഭിന്നമായി non-വയലൻസിന്റേതുമായിരുന്നു. അതുകൊണ്ട് തന്നെ മലബാർ വിപ്ലവം ഉൾപ്പടെ ബ്രിട്ടീഷ്കാർക്കെതിരെയുള്ള സായുധമായ ഏതൊരു സമര രീതിയെയും ഗാന്ധിജി തള്ളിപറയുകയേ ചെയ്യൂ. സുഭാഷ് ചന്ദ്ര ബോസിനും ഗാന്ധിജി നേതൃത്വം നൽകിയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്നും ഇടയിലെ അഭിപ്രായാന്തരം മുഖ്യമായും ഇതിലായിരുന്നു. അംബേദ്കർ മഹാനായ നിയമജ്ഞനും നമ്മുടെ ഭരണഘടനാ ശില്പിയുമാണ്. 1920 കളുടെ മധ്യത്തിലാണ് അദ്ദേഹം പൊതു പ്രവർത്തന രംഗത്തേക്ക് കടന്നുവരുന്നത്. രാഷ്ട്രീയ പരിവർത്തനം നടക്കുന്നതിന്ന് മുമ്പ് സാമൂഹ്യ മാറ്റം നടക്കണമെന്നും സാമൂഹ്യമായ മാറ്റം നടക്കാതെയുള്ള കേവല ഭരണമാറ്റം ഒരു പ്രയോജനവും ചെയ്യില്ലെന്നുമുള്ള അഭിപ്രായക്കാരനായിരുന്നു അദ്ദേഹം. (Annihilation of Caste). 1930 ഓഗസ്റ്റ് 8ന്നു നാഗ്പൂരിൽ സമ്മേളിച്ച സർവേന്ത്യ Depressed Classes കോൺഗ്രസിന്റെ (AIDCC) ഒന്നാം സെഷനിൽ, 1929 ഡിസംബറിൽ കോൺഗ്രസിന്റെ കറാച്ചി സെഷൻ മുന്നോട്ട് വെച്ചിരുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രൊജക്റ്റിനെ അദ്ദേഹം എതിർത്തിട്ടുണ്ടാവുക ഇതേ കാരണത്താലായിരിക്കും. എഐഡിസിസി ബ്രിട്ടീഷ് ഭരണത്തേ സവർണാധിപത്യത്തിൽ നിന്നുള്ള കീഴാള വിഭാഗ മോചനത്തിന്റെ അവസരമായിട്ടായിരിക്കും കണ്ടിട്ടുണ്ടാവുക. ആ അർത്ഥത്തിലും അദ്ദേഹം മഹാത്മ ഗാന്ധിക്കും നെഹ്‌റുവിന്നും പട്ടേലിന്നുമൊക്കെ എതിരായിരുന്നു. അംബേദ്കർ ഹിന്ദുയിസത്തെയും, കമ്മ്യൂണിസത്തെയും ശക്തമായി എതിർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓറിയന്റലിസ്റ്റു വായനയുടെ ഫലമായിട്ടായിരിക്കാമെങ്കിലും, ഇസ്‌ലാമും അദ്ദേഹത്തിന്റെ വിമർശനത്തിന്ന് വിധേയമായിട്ടുണ്ട്‌. അദ്ദേഹത്തിന്റെ മറ്റു വിമർശനങ്ങളിൽ നിന്നും വിത്യസ്തമായി, വളരെ ഉപരിപ്ലവമായിട്ടാണ് അദ്ദേഹം ഇസ്‌ലാമിനെ സമീപിച്ചത് എന്നത് ആ വിമർശനത്തിൽനിന്നും വ്യക്തമാണ്. അദ്ദേഹം ബ്രിട്ടീഷ് ഭരണത്തെയോ കൊളോനിയലിസത്തെയോ വിമർശന വിധേയമാക്കിയതായി കാണുന്നില്ലയെന്ന വസ്തുതയും ഇതോടൊപ്പം ശ്രദ്ധിക്കേണ്ടതാണ്. അംബേദ്കർ മഹാത്മ ഗാന്ധിയെയും, നെഹ്‌റുവിനെയും വിമർശിച്ചിട്ടുണ്ട്. എന്നാൽ ഏതെങ്കിലും ബ്രിട്ടീഷ് ഭരണാധികാരിയെ കുറിച്ച അതുപോലുള്ള നിശിത വിമർശനം അദ്ധേഹത്തിന്റെ രചനകളിൽ കാണുവാൻ സാധിക്കുന്നില്ല. അദ്ദേഹം എപ്പോഴും ബ്രിട്ടീഷ് ഭരണ കൂടത്തിന്ന്, വിധേയമായിട്ടാണ് ചിന്തിച്ചതും പ്രവർത്തിച്ചതും.

1939 ലെ ബോംബെ പ്രവിശ്യയിലെ ലെജിസലേറ്റീവ് കൌൺസിലിൽ അംബേദ്കർ വളരെ വ്യക്തമായി അദ്ദേഹത്തിന്റെ സമീപനം അർത്ഥശങ്കക്കിടമില്ലാത്ത രൂപത്തിൽ പറഞ്ഞിരുന്നു: “രാജ്യത്തിന്റെയും കീഴാള വർഗത്തിന്റെയും താല്പര്യങ്ങൾക്കിടയിൽ കോൺഫ്ലിക്ട് ഉണ്ടായാൽ, എന്നെ സംബന്ധിച്ചിടത്തോളം കീഴാള വിഭാഗത്തിന്റെ താല്പര്യങ്ങളൾക്കായിരിക്കും രാജ്യതാല്പര്യത്തേക്കാൾ മുൻഗണന.” 1942 ഓഗസ്റ്റു മാസത്തിൽ മഹാത്മ ഗാന്ധി ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന്ന് ആഹ്വാനം ചെയ്തപ്പോൾ രാജ്യത്തെ ജപ്പാനിനു വിധേയപ്പെടുത്തുന്നതിനെ നിസ്സംശയം സഹായിക്കുകയും സൗകര്യപ്പെടുത്തുകയും ചെയ്യുന്ന ആരാജകാവസ്ഥയും കുഴപ്പവും സൃഷ്ടിക്കുന്ന ഇത്തരം മൂവ്മെന്റ്കളെ തടയുവാനാണ് അംബേദ്കർ ദേശ സ്നേഹികളായ മുഴുവൻ ഇന്ത്യക്കാരോടും ആവശ്യപ്പെട്ടത് എന്ന കാര്യവും ഓർക്കണം. മലബാർ വിപ്ലവത്തെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെയും ആ കാലത്തെ ബ്രിട്ടീഷ് നിയന്ത്രിതവും അനുകൂലവുമായ മാധ്യമങ്ങളുടെയും കണ്ണിലൂടെ മാത്രം നോക്കി കണ്ട അംബേദ്കർ അതിനെ കുറിച്ച് ബ്രിട്ടീഷ് വിരുദ്ധമായ മറ്റൊരു അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കാൻ സാധിക്കില്ലയെന്ന് സൂചിപ്പിക്കുവാനാണ് ഇത് എഴുതിയത്.

പൂർണമായും ബ്രിട്ടീഷ് വിരുദ്ധമായ മലബാർ വിപ്ലവത്തിന്ന് നേതൃത്വം കൊടുത്തത് മലബാറിലെ ഭൂരിപക്ഷ സമുദായമായ മുസ്ലിംകൾ ആണെങ്കിലും, മത ജാതി വിത്യാസങ്ങൾക്കതീതമായി മലബാറിലെ കീഴാള ജന വിഭാഗങ്ങളും ബ്രിട്ടീഷ് ഭരണത്തെ പിന്തുണച്ചിട്ടില്ലാത്ത സവർണ വിഭാഗക്കാരും അതിൽ സജീവമായി തന്നെ ഭാഗബാക്കായിട്ടുണ്ട്. അതേപോലെ തന്നെ, മത ജാതി വിത്യാസങ്ങൾക്കതീതമായി ബ്രിട്ടീഷ് ഭരണകൂടത്തിന്നു വേണ്ടി പണിയെടുത്തിരുന്ന മലയാളികളായ ഉദ്യോഗസ്ഥരും, പോലീസ് സേനയും അതിനെ പരാജയപ്പെടുത്താൻ ഉള്ളിൽ നിന്നും പുറത്തുനിന്നും പ്രയത്നിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകൂടത്തിൽ ഉദ്യോഗസ്ഥരും പോലീസുകാരുമായി മുസ്ലിംകൾ താരതമ്യേന കുറവായതിനാൽ, ഇതിനെ പരാജപ്പെടുത്താൻ ശ്രമിച്ച ഇത്തരം ആഭ്യന്തര ശത്രുക്കളിൽ മുസ്ലിംകൾ കുറവായിരുന്നുവെന്ന് മാത്രം. ഈ വിപ്ലവ സമരത്തെ പരാജപ്പെടുത്താൻ ശ്രമിച്ച മറ്റൊരു വിഭാഗം ഭൂജന്മിമാരായിരുന്നു. ഇവരിലും ഹിന്ദുക്കളും മുസ്ലിംകളും ഉണ്ടായിരുന്നു. കൂടുതലും സവർണ ജാതിക്കാരായ ഹിന്ദുക്കൾ ആയിരുന്നുവെന്ന് മാത്രം. ബ്രിട്ടീഷ്കാർക്കെതിരെയുള്ള സായുധ സമരം തദ്ദേശീയരും ബ്രിട്ടീഷ് അനുകൂലികളും വിപ്ലവത്തിന്റെ ഒറ്റുകാരുമായവർക്കുമെതിരെയും കൂടിയായത് സ്വാഭാവികം മാത്രമായിരുന്നു. അതിനെയും, ഹിന്ദു മുസ്ലിം ധ്രുവീകരണം സൃഷ്ടിക്കുകയെന്ന ദുഷ്ടലാക്കോടെ സാമ്രാജ്യത്വ ഭരണകൂടത്തിന്റെ പതിവ് രീതിയിൽ മഫ്റ്റിയിൽ വിപ്ലവകാരികളായി വന്നു ആക്രമണം നടത്തിയ ബ്രിട്ടീഷ് പോലീസിന്റെ കിരാതത്വത്തെയും, ബ്രിട്ടീഷ് ഭരണകൂടവും അതിന്റെ മൂടുതാങ്ങികളായ മീഡിയയും സവർണ വർഗീയവാദികളും വർഗീയമായി ചിത്രീകരിച്ചു അവരുടെ സങ്കുചിതവും സൃഗാലവുമായ ലക്ഷ്യം നേടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു.ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും നിർവഹിച്ചിട്ടില്ലാത്ത, ബ്രിട്ടീഷ് സർക്കാറിന്ന് മാപ്പ് എഴുതിക്കൊടുത്ത പാരമ്പര്യം മാത്രമുള്ള സംഘ് പരിവാറിന്റ ഫാസിസ്റ്റ് ഭരണകൂടമായിക്കൂടി പരിണമിച്ച സവർണ വർഗീയത, മുസ്ലിം അപരവൽക്കരണത്തിന്നും ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറെ വീരോചിതവും ഐതിഹാസികവുമായ ഈ എപ്പിസോഡിന്റെ അപനിർമിതിക്കും കൂടി ഇപ്പോൾ ഇതിലൂടെ ശ്രമിക്കുന്നുവെന്ന് മാത്രം. ഫാസിസത്തിന്നു കീഴിൽ ജീവിച്ചിരിക്കുന്നവർക്ക് മാത്രമല്ല, മൺ മറഞ്ഞവർക്കും രക്ഷയില്ലെന്ന വസ്തുതകൂടിയാണ് ഇത് വ്യക്തമാക്കുന്നത്.

Related Articles