Current Date

Search
Close this search box.
Search
Close this search box.

‘ സുൽത്താൻ വാരിയം കുന്നൻ’

ബ്രിട്ടീഷ്‌ വിരുദ്ധ സമരത്തിന്റെ ഭാഗമായി കേരളത്തിൽ ഉണ്ടായ ഏറ്റവും തീവ്രമായ സമരം, മലബാർ സമരമാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. ആ സമരത്തിന്റെ നായകനായ വാരിയൻ കുന്നനെ കുറിച്ചുള്ള അപ്രകാശിത വിവരങ്ങളും അദ്ദേഹത്തിന്റെ യഥാർത്ഥ ചിത്രവും പുറത്തു വരുന്നത്‌ ഏറെ സന്തോഷകരമാണ്. ചരിത്ര വിദ്യാർത്ഥികൾക്ക്‌ അത്‌ വലിയ മുതൽക്കൂട്ട്‌ തന്നെയാകും.

നീണ്ട ഗവേഷണങ്ങളുടെ ഫലമായി‌ ‘സുൽത്താൻ വാരിയംകുന്നൻ’ എന്ന പുസ്തകം പുറത്തിറക്കിയ റമീസ്‌ മുഹമ്മദിനെ അഭിനന്ദിക്കാതെ വയ്യ. ഈ സന്ദർഭത്തിൽ വാരിയംകുന്നൻ എന്ന പോരാളിയെ കുറിച്ച്‌ വളരെ നേരത്തെ തന്നെ വിപുലമായ പഠനം നടത്തിയ, ചരിത്ര കുതുകിയായ കെ കെ മുഹമ്മദ്‌ അബ്‌ദുൽ കരീം എന്ന ചരിത്രാന്വേഷകനെ കൂടി ഓർക്കുന്നു‌. കരീം മാഷ്‌ നടത്തിയ പഠനങ്ങൾ ഇല്ലായിരുന്നെങ്കിൽ വാരിയംകുന്നൻ എന്ന പേർ പോലും നമ്മുടെ ഓർമയിൽ ശേഷിക്കുമായിരുന്നില്ലല്ലൊ.

ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ പല ധാരകളുണ്ടായിരുന്നു. ഗാന്ധിജിയും ഭഗത്‌ സിംഗും അതിന്റെ രണ്ട്‌ ധാരകളുടെ പ്രതിനിധികളാണ്. ഒന്ന് അഹിംസയുടെ വഴി ആണെങ്കിൽ മറ്റേത്‌ പോരാട്ടത്തിന്റെ വഴിയാണ്. ഇതിൽ ഏത്‌ ശരി ഏത്‌ തെറ്റ്‌ എന്ന ചോദ്യത്തിൽ ഇനി പ്രസക്തിയില്ല. കാരണം അത്‌ ചരിത്രമാണ്. പുതിയ കാലത്തിന്റെ യാഥാർത്ഥ്യങ്ങൾക്ക്‌ മുന്നിൽ ആ ചരിത്രത്തെ എങ്ങനെ വായിക്കണം, വ്യാഖ്യാനിക്കണം എന്നതാണ് പ്രധാനം.

മലബാർ സമരത്തിന്റെ കാര്യത്തിലും അതിന്റെ ശരി തെറ്റുകൾ ചികയുന്നതിന് ഇനി പ്രസക്തിയില്ല. മാപ്പിളമാരിൽ തന്നെ സ്വാന്തന്ത്ര്യ സമരത്തെ പല രീതിയിൽ സമീപിച്ചവരുണ്ടല്ലൊ. ഖിലാഫത്ത്‌ സമരത്തോടും അതിന്റെ രീതികളോടും പല മട്ടിൽ പ്രതികരിച്ചവരുണ്ടായിരുന്നു. അതൊക്കെ ചരിത്രമാണ്. അതിലെ തെറ്റും ശരിയുമെല്ലാം പിൽക്കാല ചരിത്രം തന്നെ പറഞ്ഞ്‌ തന്നിട്ടുമുണ്ട്‌.

ചരിത്രത്തെ വിവേകത്തോടെയാണ് സമീപിക്കേണ്ടത്‌. അവിടെ വികാരം കയറി വരുമ്പോൾ ആപത്താകും. വാരിയൻ കുന്നൻ വീരനായ ഒരു ചരിത്ര പുരുഷനാണ്. ഇന്ത്യ എന്ന മതേതര രാജ്യമോ , കേരളം എന്ന ഭാഷാ സംസ്ഥാനമോ ഉണ്ടാകുന്നതിന് മുമ്പ്‌ അദ്ദേഹം നേതൃത്വം നൽകിയ പോരാട്ടത്തെ ആ ചരിത്ര സന്ദർഭത്തിൽ നിന്നാണ് വിലയിരുത്തേണ്ടത്‌.

പുതിയ കാലത്തെ, അതിന്റെ വെല്ലുവിളികളെ, സങ്കീർണതകളെ നേരിടാൻ ചരിത്രം ഉപകരിക്കട്ടെ. നമുക്ക്‌ മുന്നോട്ടാണ് യാത്ര ചെയ്യാനുള്ളത്‌. കണക്ക്‌ ചോദിക്കാനോ വീരസ്യം പറയാനോ ഉള്ളതാകരുത്‌ ചരിത്രം. അതിജീവനത്തിന് ദിശ നൽകാൻ ഉള്ളതാകണം.

‘ സുൽത്താൻ വാരിയം കുന്നൻ’ എന്ന പുസ്തകം ആ വഴിക്കുള്ള ചരിത്ര വായനകൾക്ക്‌ ദിശ പകരട്ടെ എന്ന് പ്രത്യാശിക്കുന്നു.

Related Articles