Current Date

Search
Close this search box.
Search
Close this search box.

ആലി മുസ്​ലിയാരുടെ രക്തസാക്ഷിത്വത്തിന് 99 വർഷം

ഭൂമിക്കു മുകളിലുള്ള കാര്യങ്ങൾ പറയാതിരിക്കുക എന്നതാണ് പലരുടെയും ഇസ്ലാം. അവരുടെ ഇസ്ലാമിൽ കൂടുതലും ആകാശത്തിലുള്ള കാര്യങ്ങളാവും. ആകാശത്തെ കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നത് ഭൂമിയിലെ പ്രവർത്തനം നോക്കിയാണ് എന്ന പരമാർത്ഥം പലരും മറക്കുന്നു. മത പണ്ഡിതർ എന്നത് കൊണ്ട് ഇസ്ലാം ഉദ്ദേശിക്കുന്നത് സമൂഹത്തിനു ദിശ കാണിക്കുന്നവർ എന്നത് കൂടിയാണ്. ഇസ്ലാമിക ചരിത്രത്തിൽ പണ്ഡിതർ തിന്മകളോട് നിരന്തരം സമരം ചെയ്തവരാണ്. സമൂഹത്തിൽ അനീതി പ്രകടമാകുമ്പോൾ പിന്തിരിഞ്ഞു പോകുക എന്നത് ഇസ്ലാമിക സംസ്കാരത്തിന് എതിരാണെന്ന് അവർ മനസ്സിലാക്കിയിരുന്നു.

ആദ്യ കാലങ്ങളിൽ കേരളത്തിലും അതായിരുന്നു അവസ്ഥ. ഇന്ത്യയിൽ സാമ്രാജത്വ ശക്തികൾ ആദ്യമായി കാലുകുത്തിയത് കേരളത്തിലായിരുന്നു. സാമ്രാജത്വ വിരുദ്ധ പോരാട്ടത്തെ ജിഹാദ് എന്ന രീതിയിൽ പരിചയപ്പെടുത്താൻ സൈനുദ്ദീൻ മഖ്ദൂം അവർകൾക്ക് ഒരു മനക്ലേശവും ഉണ്ടായില്ല. പിന്നീട് വടക്കൻ കേരളത്തിൽ പല പണ്ഡിതരും സാമ്രാജത്വ വിരുദ്ധ സമരത്തിന്റെ ഭാഗമായി. പലരെയും ഭരണകൂടം കൊന്നു കളഞ്ഞു. ചിലരെ നാട് കടത്തി. എങ്കിലും അവർ തങ്ങളുടെ നിലപാടുകളിൽ നിന്നും പിന്മാറിയില്ല.

കേരളത്തിൽ സാമ്രാജത്വ ശക്തികൾ കാലെടുത്ത് വെച്ച അന്ന് മുതൽ തന്നെ സമരവും ആരംഭിച്ചിട്ടുണ്ട്. അതിനു ദാർശനികമായ നേതൃത്വം നൽകിയത് മുസ്ലിം പണ്ടിതരായിരുന്നു. ശേഷം ബ്രിട്ടീഷുകാർ മലബാറിൽ ഭരണം ഉറപ്പിച്ചപ്പോഴും അതിനെതിരെ എല്ലാ നിലയിലും സമരം ശക്തമാക്കുന്നതിൽ അവരുടെ പങ്കു വലുതാണ്‌. അതിനവർക്ക് ഊർജം നൽകിയത് അവർ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്ത ദർശനമാണ്‌. മുസ്ലിം ലോകത്തേക്ക് താർത്താരികൾ കടന്നു കയറിയപ്പോൾ അതിനെ തുരത്താൻ മുന്നിൽ നിന്ന ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയയെ പോലുള്ള പണ്ഡിതർ രംഗത്ത്‌ വന്ന ചരിത്രം നമ്മുടെ മുന്നിലുണ്ട്. ഭരണ കൂടങ്ങളുടെ തിന്മകൾ ചൂണ്ടിക്കാണിക്കുന്ന കാര്യത്തിൽ മുൻകാല പണ്ഡിതർ ഒരു വിട്ടു വീഴ്ചയും കാണിച്ചില്ല .

കേരളത്തിൽ മമ്പുറം തങ്ങന്മാരും ഉമർ ഖാസിയും ആലി മുസ്ലിയാരും അങ്ങിനെയാണ് സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ മുന്നിലെത്തിയത്. സമൂഹത്തിൽ ധിക്കാരവും അനീതിയും അക്രമവും വർധിക്കുമ്പോൾ അവർക്ക് മിഹറാബുകളിൽ ഒതുങ്ങിയിരിക്കാൻ കഴിയുമായിരുന്നില്ല. സമരങ്ങളിൽ അവർ നേരിട്ട് തന്നെ പങ്കെടുത്തു. സമൂഹത്തിലെ രണ്ടു വിഭാഗം നശിച്ചാൽ സമൂഹം തന്നെ നശിക്കുമെന്നാണ്‌ പ്രമാണം. അതിൽ ഒന്ന് ഭരണാധികാരികളാണ് മറ്റൊന്ന് പണ്ഡിതരും. ചരിത്രത്തിൽ നമുക്ക് പരിചയം ഈ രണ്ടു വിഭാഗവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്. ഖുർആൻ സൃഷ്ടി വാദത്തിൽ ഖലീഫ മഅമൂനിനെ ശക്തമായി എതിർത്താണ് അഹ്മദ് ബിൻ ഹമ്പൽ അവർകൾ രംഗത്ത്‌ വന്നത്, അതെ സമയം ഈ വിഷയത്തിൽ ഖലീഫയെ പിന്തുണച്ചതും അന്ന് നാട്ടിലുണ്ടായിരുന്ന പണ്ഡിതരായിരുന്നു.

ആലി ,മുസ്ലിയാർ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേത്രത്വ സ്ഥാനത്തു വരുന്നത് തിരൂരങ്ങാടി പള്ളിയിൽ ജോലി ചെയ്യുമ്പോഴാണ്. പള്ളി കേന്ദ്രമാക്കി ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾക്ക് നേതൃത്വം നൽകി എന്നതാണ് അദ്ദേഹത്തിനെതിരെ ഉന്നയിച്ച മറ്റൊരു ആരോപണം. സൂഫി ത്വരീഖത്തിന്റെ ഭാഗമായും അദ്ദേഹത്തെ പറയപ്പെടുന്നുണ്ട്. അതിലൂടെ അദ്ദേഹത്തിന് കുറെ അനുയായികൾ രൂപപ്പെട്ടിരുന്നു. ഈ ജന പിന്തുണ സാമ്രാജത്വ വിരുദ്ധ സമരത്തിലേക്ക് തിരിച്ചു വിടാൻ അദ്ദേഹത്തിന് കഴിഞ്ഞു.

അക്രമികളായ അധികാര വർഗ്ഗവും സമൂഹത്തിലെ സമ്പന്നരും ദുനിയാ പണ്ഡിതരും എന്നും സത്യത്തിന്റെ എതിർ പക്ഷതാവുക സാധാരണം മാത്രം. ഇന്നും സമൂഹത്തിന്റെ ദുരന്തം അത് തന്നെയാണ്. പണ്ഡിതർ ഭരണ കൂടങ്ങളുടെ തണലിൽ ജീവിക്കുന്ന സമൂഹത്തിൽ ഒരിക്കലും സത്യവും നീതിയും സംഭവിക്കില്ല. തിരഞ്ഞെടുപ്പ് കാലത്ത് സമുദായത്തിലെ പണ്ഡിതരെ തേടി രാഷ്ട്രീയ നേതൃത്വങ്ങൾ കയറിയിറങ്ങുന്നതു നമ്മുടെ മുന്നിലെ നിത്യ സംഭവമാണ്. ബ്രിട്ടീഷ് ഭരണകൂടവും ഈ കാര്യത്തിൽ ശ്രദ്ധ പുലർത്തിയിരുന്നു. പക്ഷെ മലബാറിലെ മുസ്ലിം പണ്ഡിതർ അവരുടെ കണക്കുകൾ തെറ്റിച്ചു. ഒരു സമാന്തര ഭരണ കൂടത്തിനു നേതൃത്വം നല്കാൻ ഒരിക്കൽ ആലി മുസ്ലിയാർക്ക് കഴിഞ്ഞു. മാപ്പിള സമരം പെട്ടെന്ന് തന്നെ കെട്ടടങ്ങിയെങ്കിലും ഇന്ത്യൻ സ്വാതന്ത്ര സമരത്തിന്‌ അത് നൽകിയ പ്രചോദനം വലുതാണ്.

ഒരു കാലത്ത് മുസ്ലിം പണ്ഡിതർ മതത്തോടൊപ്പം ഈ ലോകത്തെ കുറിച്ചും സംസാരിച്ചിരുന്നു. പക്ഷെ ഇന്ന് ഈ ലോകത്തെ കുറിച്ച് സംസാരിക്കാൻ മതം പോര എന്നിടത്തു പലരും എത്തിച്ചേരുകയും ചെയ്തിരിക്കുന്നു. പണ്ഡിതരെ നിരായുധരാക്കിയ ലോകത്ത് മതം ഒരു ജീർണിത അവസ്ഥയിലാകുക എന്നത് തികച്ചും സാധാരണം മാത്രം.

Related Articles