Youth

യുവാക്കളെ ഇസ്‌ലാം പഠിപ്പിക്കേണ്ടതെങ്ങനെ ?

അറിവെന്നത് ഒരു കാര്യവും അത് വിതരണം ചെയ്യുന്ന രീതി മറ്റൊന്നുമാണെന്ന് മനസ്സിൽ ഉണ്ടാകേണ്ടതാണ്. ഒന്ന് മറ്റൊന്നില്ലാതെ പൂർണമാകുന്നില്ല. ഔപചാരികമായും അനൗപചാരികമായും ഇസ്‌ലാമിനെ കുറിച്ച് യുവാക്കളെ പഠിപ്പിക്കുമ്പോൾ മേല്പറഞ്ഞ പ്രമാണം വളരെ ഗൗരവത്തോടെ കണക്കിലെടുക്കേണ്ടതുണ്ട്.

വിവരവും  അറിവും എളുപ്പത്തിൽ ലഭ്യമാകുന്നതും വേഗത്തിൽ പ്രചരിക്കുന്നതുമായ ചരക്കുകളായി മാറിയ വിവര  കൈമാറ്റ യുഗത്തിലാണ് (കമ്പ്യൂട്ടർ യുഗം, ഡിജിറ്റൽ യുഗം, പുതിയ മാധ്യമ യുഗം )നമ്മൾ ജീവിക്കുന്നത്. സീമാതീതമായ ഇടപെടലുകളും സംയോജനവും മത്സരവും ബന്ധങ്ങളും ആധിപത്യം പുലർത്തുന്ന ആഗോളവത്കരണ കാലഘട്ടം എന്നും പറയാം.   ഒരുവന്റെ വിരൽ തുമ്പിൽ അറിവിന്റെയും വിവരങ്ങളുടെയും ഒരു  ലോകം തന്നെ ലഭ്യമാണ്.

അതായത് ഇസ്‌ലാമിന്റെ അറിവ്, മൂല്യം, സംസ്കാരം, നാഗരികത എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെയും മുസ്‌ലിം യുവാക്കൾ എളുപ്പത്തിൽ സമീപിക്കുന്നു. വീടുകളിലും സ്കൂളുകളിലും പള്ളികളിലും മാളുകളിലും ലഭ്യമായ കമ്പ്യൂട്ടറും ഇന്റർനെറ്റും ഉപയോഗിച്ചോ അല്ലെങ്കിൽ ജീവിതത്തിന്റെ അഭേദ്യ ഘടകമായി മാറിയ സ്മാർട്ട് ഫോണിലൂടെയോ അവർക്കതിന് സാധിക്കുന്നു. വളർന്നു വരുന്ന കൗതുകകരമായ കാഴ്ചകൾ യുവമനസ്സുകളെ മുമ്പത്തേക്കാൾ കൂടുതൽ ജിജ്ഞാസരും അന്വേഷണാത്മകരും ആവേശഭരിതരും വിവേചനക്കാരുമായി മാറ്റി. എല്ലാ കാര്യങ്ങളെയും ചോദ്യം ചെയ്യാനും യുക്തി ആരായാനുമുള്ള പ്രവണത അവരിൽ ഉണ്ടാകുന്നു. ഏത്‌ വസ്തുവിനെയും സമീപിക്കാനും സൂക്ഷ്മ പരിശോധന നടത്താനുമുള്ള സൗകര്യമുള്ളപ്പോൾ അവർ എന്തുകൊണ്ട് അങ്ങനെ ചെയ്തുകൂടാ ?

അതുകൊണ്ടാണ് ഇന്നത്തെ ലോകത്തിൽ- പ്രത്യേകിച്ചും ജ്ഞാനശാസ്ത്രത്തിൽ -പുരാണങ്ങൾക്കും ഇതിഹാസങ്ങൾക്കും നാടോടിക്കഥകൾക്കും കള്ളങ്ങൾക്കും യാതൊരിടമോ അവസരമോ കൂടുതലായി ലഭിക്കാത്തത്. ജീവിതത്തിലെയും  സമൂഹത്തിലെയും എല്ലാ മേഖലകളിലും വ്യാപിച്ച അനിയന്ത്രിതമായ അജ്ഞേയവാദം, സംശയം, സ്വാതന്ത്രചിന്ത എന്നിവ ഉത്‌ഭവിക്കാനത് കാരണവുമായി.

ഇതിൽ ഇസ്‌ലാം ഉൾപ്പെടെയുള്ള മതങ്ങൾ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചു. കാരണം അവരുടെ ലോകോത്തര മാനങ്ങളെ ആധികാരമാക്കുന്നതിന് അനുഭവശാസ്ത്രത്തിന്റെയും യുക്തിവാദത്തിന്റെയും പരിധിക്കപ്പുറമുള്ള കാര്യങ്ങൾ ആവശ്യമായി വന്നു. അതിനാൽ, ഇസ്‌ലാമിക വിജ്ഞാനത്തോടൊപ്പം ഉചിതവും ഫലപ്രദവുമായ മാർഗങ്ങൾ പ്രയോഗിച്ച് അതിനെ മുസ്‌ലിം യുവാക്കൾക്ക് വിവേകപൂർണവും ആകർഷകവുമാക്കി മാറ്റുന്നതിലാണ് പ്രസക്തി.

മതഗ്രന്ഥങ്ങൾ അർത്ഥം ഉൾക്കൊള്ളാതെ കേവലം മനഃപാഠമാക്കിയ, അറിവിന്റെ ഉറവിടം എന്നത് പഴയതും കീറിയതുമായ ഒരു പുസ്തകത്തിന്റെ രൂപത്തിൽ ശ്രോതാക്കളെ പരിഗണിക്കാതെ അത് വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത , തന്ത്രപ്രധാനവും തന്ത്രപരവുമായ പ്രശ്നങ്ങളെ അകറ്റിനിർത്തുകയും ഒളിപ്പിച്ചുവെക്കുകയും ചെയ്ത, അന്ധമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രശംസനീയമായ പ്രവർത്തനങ്ങളായി ഉയർത്തപ്പെട്ട, അധ്യാപകർ എന്ത് തന്നെ  പറഞ്ഞാലും ചെയ്താലും, അവരുടെ അധികാരത്തെ പൂർണവും വിതർക്കവുമായി കണക്കാക്കിയ, ജനങ്ങൾ -പ്രത്യേകിച്ച് യുവാക്കൾ -അവരുടെ വളർച്ചാഘട്ടങ്ങളിൽ -വ്യത്യസ്ത ആശയങ്ങൾക്കും ജീവിതരീതികൾക്കും വിധേയരാകാതിരുന്ന, എന്തിന്, ഇസ്‌ലാമിനെതിരായ ആക്രമങ്ങളും നിന്ദനങ്ങളും  ആഗോള പ്രശ്നമായി തീർന്നിട്ടില്ലാത്ത നാളുകൾ കഴിഞ്ഞിരിക്കുന്നു.

ഇതിനർത്ഥം, യുക്തിരഹിതവും കാമ്പുമില്ലാത്തതായ വാദങ്ങൾ, ദുർബലവും വ്യാജവുമായ ഹദീസുകൾ, അടിസ്ഥാനരഹിതമായ കെട്ടുകഥകൾ, കേവലം ഊഹങ്ങൾ തുടങ്ങിയവയെ ആസ്പദമാക്കി മുസ്‌ലിം യുവാക്കളെ പഠിപ്പിക്കുകയെന്നത് അവരിൽ സ്വാധീനം ചെലുത്തുകയിലെന്ന് മാത്രമല്ല നേട്ടത്തേക്കാൾ കൂടുതൽ കോട്ടമാണുണ്ടാക്കുന്നത്.

അത്തരം സാഹചര്യങ്ങളിൽ, സംശയവും സ്വാതന്ത്രചിന്തയും കൂടുതൽ ആകർഷകവും വാഗ്ദത്ത നിർദേശവുമായി അവർക്ക് തോന്നാം. ഇനി അതിൽ ആരെങ്കിലും പരാജയപെടുകയാണെങ്കിൽ പോലും, അത് അവന് നല്ലതായിരിക്കും ;കാരണം അവൻ മറ്റാരുടെയോ അല്ല സ്വന്തം ഇഷ്ടപ്രകാരമാണ് അപ്രകാരം ചെയ്തത്.

ആയതിനാൽ, യുവാക്കളെ മാത്രമല്ല ഏതൊരുവനെയും ഭയം, ഭീഷണി,അസാമർത്ഥ്യം, അർദ്ധസത്യങ്ങൾ എന്നിവ മുഖാന്തരം പരമമായ സത്യത്തിലേക്കും സർവ ശക്തനായ അല്ലാഹുവിലേക്കും അവന്റെ സ്വർഗ്ഗത്തിലേക്കും ആകാശ -ഭൂമി പോലെ അന്തമായ സ്നേഹത്തിലേക്കും ആനന്ദത്തിലേക്കും ക്ഷണിക്കുന്നത് അനുചിതമാണ്.

അതുവഴി, മുഴുവൻ പരിശ്രമവും പാഴാവുകയും വ്യർത്ഥമാവുകയും ചെയ്യും. ദഅവത്തിന്റെ രീതികളുടെ സ്വഭാവവും ജനങ്ങളെ ഏതിലേക്കാണോ ക്ഷണിക്കുന്നത് അതിന്റെ സ്വഭാവവും തമ്മിൽ യോജിക്കേണ്ടതുണ്ടെന്ന് പറയാതെ വയ്യ. ഉദാഹരണത്തിന്, അല്ലാഹു നിർബന്ധമാക്കിയിട്ടുണ്ടെന്നും അല്ലാത്ത പക്ഷം അവൻ കോപിക്കുമെന്ന കാരണത്താലോ, അവൻ കഠിനമായി ശിക്ഷിക്കപെടുമെന്ന കാരണത്താലോ, മുസ്‌ലിംകൾ എന്ന നിലയിൽ മുൻഗാമികളെ പോലെ ഇസ്‌ലാമിക പരമ്പരാഗത നിയമങ്ങളും ആചാരങ്ങളും പ്രമാണങ്ങളും സൂചിപ്പിക്കുന്ന രീതികൾ സ്വീകരിക്കുകയും പിന്തുടരുകയും ചെയ്യേണ്ടതാണെന്ന കാരണത്താലോ, ഇന്നത്തെ മുസ്‌ലിം യുവാക്കളോട് ‘വിശ്വസിക്കണം, ഔറത്ത് മറച്ച് ഉചിതമായ രീതിയിൽ വസ്ത്രം ധരിക്കണം, അഞ്ച് നേരം നമസ്കരിക്കണം, റമദാനിൽ നോമ്പനുഷ്ഠിക്കണം, പതിവായി ഖുർആൻ പാരായണം ചെയ്യണം, സ്ത്രീ -പുരുഷ ഇടകലരൽ ഒഴിവാക്കണം, സംഗീതത്തിന്റെയും വിനോദത്തിന്റെയും ചില രീതികൾ ഒഴിവാക്കണം ‘എന്നിങ്ങനെ ആവശ്യപ്പെടുന്നത്  അവരെ ഇസ്‌ലാമിലേക്ക് ആകർഷിക്കുകയോ അതിനെ പൂർണമായി മനസ്സിലാക്കാൻ സഹായിക്കുകയോ ചെയ്യുന്നില്ല.

മേല്പറഞ്ഞ എല്ലാ ന്യായങ്ങളും ശരിയാണെങ്കിലും ഭീഷണി, സമ്മർദ്ദം, അന്ധത, നിബന്ധന എന്നിവയെ മാത്രം ആശ്രയിക്കുന്നത് തന്ത്രമല്ല. ജ്ഞാനം, യുക്തി, ഭയം, പ്രായോഗികത, ആദർശ മാതൃക, യുവാക്കളുടെ വീക്ഷണത്തിൽ നിന്നുള്ള സംസാരം എന്നിവ തീർച്ചയായും ഫലം ചെയ്യും. മാനവികത, സ്നേഹം, യുക്തി, തുറന്ന മനസ്സ്, മിതത്വം, പരോപകാരം എന്നിവയിൽ അധിഷ്ഠിതമായ പ്രഭാഷണങ്ങളോടാണ് യുവാക്കൾ കൂടുതലായും പ്രതികരിക്കുന്നത്.

മതപരമായ കർശനതയല്ല മറിച്ച് അത് അനുഷ്ടിക്കേണ്ടിടത്തെ വഴക്കവും സത്യസന്ധതയുമാണ് യുവാക്കൾ പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും ഈ രണ്ട് മേഖലകളിലും അമിതത്വം, പിടിവാശി, സങ്കുചിത മനോഭാവം എന്നിവ ഒരിക്കലും സ്വാഗതാർഹമല്ല. മറ്റാർക്കുമെന്ന പോലെ യുവാക്കൾക്കുമുള്ള ഏക സത്യമാണ് ഇസ്‌ലാമെന്നും അതിനു വേണ്ടിയാണവർ നിലകൊള്ളേണ്ടതെന്നും അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

സ്വാഭാവികവും പ്രായോഗികവും യുക്തിസഹവുമായ മതമെന്ന നിലയിൽ ഇസ്‌ലാം അവരുടെ സ്വാഭാവികവും പ്രായോഗികവും യുക്തിസഹവുമായ എല്ലാ ആവശ്യങ്ങളുമായും പ്രേരണകളുമായും എളുപ്പത്തിൽ പൊരുത്തപ്പെടുന്നു. തീർച്ചയായും, ഇസ്‌ലാമിൽ യുവത്വം വിശിഷ്ടമാണ്. അതിനെല്ലാമുപരി, ഇസ്‌ലാമിനെ ജീവിത സത്യമായി യുവാക്കൾക്ക് മുന്നിൽ അവതരിപ്പിക്കേണ്ടതുണ്ട്. മനുഷ്യരാശിയുടെ -പ്രത്യേകിച്ചും യുവാക്കളുടെ -എല്ലാ പ്രതിസന്ധികൾക്കുമുള്ള ഉത്തരങ്ങളും പരിഹാരങ്ങളും അതിൽ അടങ്ങിയിരിക്കുന്നുവെന്ന് എല്ലാ തലങ്ങളിലും തെളിയിക്കപ്പെടണം.

ആത്യന്തിക സത്യമെന്ന നിലക്ക്, സ്ഥല സമയ പരിമിതികൾക്കും വിചിന്തനങ്ങൾക്കും മേലെയാണ് ഇസ്‌ലാം പ്രവർത്തിക്കേണ്ടത്. വംശ, ലിംഗ, പ്രായ, സ്ഥല, ചരിത്ര വ്യത്യാസങ്ങൾക്ക് ഇസ്‌ലാമിൽ യാതൊരു സ്ഥാനവുമില്ല. അതേസമയം, ഭക്തി അതിന്റെ ഏക മാനദണ്ഡവും സ്വാതന്ത്രം, നീതി, സമഗ്രമായ മികവ്, അനുകമ്പ, ഐക്യം എന്നിവ അതിന്റെ വ്യക്തമായ സവിശേഷതകളുമാണ്.

വാസ്തവത്തിൽ, ഇസ്‌ലാമിന്റെ വേറിട്ട വ്യക്തിത്വവും മുദ്രയും എല്ലാ പ്രായത്തിലുമുള്ള സകല യുവാക്കളുടെയും ആദർശങ്ങളും അഭിലാഷങ്ങളുമായി ബന്ധപ്പെടുത്താൻ കഴിയണം. അജ്ഞേയവാദം, അനിശ്ചിതത്വം, സ്വാതന്ത്രചിന്ത എന്നിവക്ക് ഒരു തരത്തിലും ഈ സത്യത്തിനും അതിന്റെ ഭാവശാസ്ത്രപരമായ പശ്ചാത്തലത്തിനുമെതിരെ നിലകൊള്ളാൻ സാധിക്കുകയില്ല.

ഇവിടെ ഇസ്‌ലാമിന്റെ സത്തയോ മുസ്‌ലിം യുവാക്കളുടെ സ്വതസിദ്ധമായ സ്വഭാവമോ അല്ല പ്രശ്‍നം. വിനിമയം നടത്തിയും തന്ത്രം മെനഞ്ഞും അത് എത്തിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ രീതി കണ്ടെത്തിയും രണ്ട് വശങ്ങൾക്കിടയിലുള്ള വിടവ്നി കത്തുകയെന്നതാണ് ചർച്ച വിഷയം. തീർച്ചയായും മുസ്‌ലിം യുവാക്കൾക്കുള്ള ഏക പോംവഴി ഇസ്‌ലാം മാത്രമാണ്. അതിനു മാത്രമേ അവർക്ക് ദിശാബോധവും സംതൃപ്തിയും പ്രദാനം ചെയ്യാൻ സാധിക്കൂ. മറ്റെല്ലാ മാർഗങ്ങളും വീണ്ടെടുപ്പിന്റെ താത്കാലിക രൂപമോ പ്രത്യക്ഷ തട്ടിപ്പോ ആണ്.

വിവ. മിസ്‌ന അബൂബക്കർ

Facebook Comments
Related Articles

ഡോ. സ്പാഹിക് ഒമര്‍

Dr. Spahic Omer, an award-winning author, is an Associate Professor at the Kulliyyah of Islamic Revealed Knowledge and Human Sciences, International Islamic University Malaysia (IIUM). He studied in Bosnia, Egypt and Malaysia. In the year 2000, he obtained his PhD from the University of Malaya in Kuala Lumpur in the field of Islamic history and civilization. His research interests cover Islamic history, culture and civilization, as well as the history and theory of Islamic built environment.
Close
Close