Youth

മനസ്സില്‍ ഉടക്കിയ വചനങ്ങള്‍

പ്രഭാത നമസ്കാരത്തില്‍ ഇമാം സൂറ നാസിആത്താണു പാരായണം ചെയ്തത്. അതിനിടയില്‍ രണ്ടു വചനങ്ങള്‍ മനസ്സില്‍ വല്ലാതെ സ്പര്‍ശിച്ചു. നാസിആത്ത് മക്കീ അദ്ധ്യായമാണ്‌. തൗഹീദിന്റെ അടിസ്ഥാനം പഠിപ്പിച്ചു തുടങ്ങുന്ന അദ്ധ്യായങ്ങള്‍. അന്ന് നാം കാണുന്ന പോലുള്ള ദീന്‍ നിലവിലില്ല. നമസ്കാരവും നോമ്പും മറ്റു അനുഷ്ടാനങ്ങളും പ്രാവര്‍ത്തികമായിട്ടില്ല. പക്ഷെ അന്ന് പരലോക മോക്ഷത്തെ കുറിച്ച അറിയിപ്പുകള്‍ വന്നിട്ടുണ്ട്. മരണത്തിന്റെ അവസ്ഥകള്‍ പറഞ്ഞു കൊണ്ടാണ് ഈ അദ്ധ്യായവും അവതരിപ്പിക്കപ്പെട്ടത്.

മനസ്സില്‍ ഉടക്കിയ വചനങ്ങള്‍ ഇവയാണ് “ ധിക്കാരമനുവര്‍ത്തിക്കുകയും ഐഹികജീവിതത്തിന് മുന്‍ഗണന കല്‍പിക്കുകയും ചെയ്തിരുന്നവന്റെ താവളം നരകംതന്നെയാകുന്നു. എന്നാല്‍, തന്റെ റബ്ബിന്റെ സമക്ഷം നില്‍ക്കേണ്ടിവരുന്നതിനെ ഭയപ്പെടുകയും ആത്മാവിനെ ദുര്‍മോഹങ്ങളില്‍നിന്ന്അകറ്റിനിര്‍ത്തുകയും ചെയ്തവനോ, അവന്റെ താവളം സ്വര്‍ഗമാകുന്നു.” . അതിങ്ങിനെ വിശദീകരിക്കപ്പെടുന്നു “ സ്വര്‍ഗ്ഗ പ്രവേശനത്തിന്റെ ഒറ്റമൂലി എന്നതാണ് ഈ വചനങ്ങളുടെ ഉള്ളടക്കം. ഈ ലോകം പ്രാധാന്യമായി മാറുമ്പോള്‍ മനുഷ്യന് ഇസ്ലാം കല്‍പ്പിച്ച പരിധികള്‍ ലംഘിക്കല്‍ ഒരു ഭാരമായി തോന്നില്ല. പരിധികള്‍ അംഗീകരിക്കുക എന്നിടത്താണ് മനുഷ്യനും മറ്റു ജീവികളും വ്യത്യസ്തമാകുന്നത്. ഹദ്ദ്, ഹുദൂദ് എന്നൊക്കെ അതിനെ സാങ്കേതികമായി പറഞ്ഞു വരുന്നു. അല്ലാഹുവാണ് മനുഷ്യന് പരിധികള്‍ നിശ്ചയിച്ചത്. അപ്പോള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നു എന്നതിന്റെ അടിസ്ഥാനം കൂടിയാണ് പരിധികള്‍ അംഗീകരിക്കുക എന്നത്.
പക്ഷെ ലോകത്തിന്റെ തിളക്കം പലപ്പോഴും മനുഷ്യരെ മോഹിപ്പിക്കുന്നു. അതെ സമയം ജീവിതം കണക്കു പറയാനുള്ളതാണ് എന്ന തിരിച്ചറിവില്‍ നിന്ന് മാത്രമേ മനുഷ്യന് ആ തിളക്കത്തെ മറികടക്കാന്‍ കഴിയൂ. ഈ ലോകത്തെ എങ്ങിനെ കാണുന്നു എന്നതാണ് പരലോക വിജയത്തിന്റെ അടിസ്ഥാനം. വിശ്വാസികള്‍ ഈ ലോകത്തെ പരലോകത്തേക്കുള്ള കൃഷിയിടമാക്കി മാറ്റുന്നു. കൃഷിയിടം എത്രമാത്രം സൂക്ഷമായി കൈകാര്യം ചെയ്യുന്നുവോ അത്രമാത്രമാണ് കൃഷിയുടെ വിജയവും പരാജയവും. ഈ ലോകം പാട്ടത്തിനു ലഭിച്ച കൃഷിയിടമാണ്. കുറച്ചു കാലം മാത്രമാണ് നമുക്കത് ലഭിക്കുക. ശേഷം ആ കൃഷി ഭൂമി മറ്റുള്ളവരുടെ കയ്യിലാവും. നമ്മുടെ കയ്യിലുള്ള സമയത്ത് എത്രമാത്രം നല്ല വിളവുകള്‍ ഉണ്ടാക്കാന്‍ കഴിയുന്നു എന്നതാണ് ഭാവി ജീവിതത്തിന്റെ നീക്കിയിരുപ്പ്.

ഫറോവയെ കുറിച്ച് അല്ലാഹു പറഞ്ഞ വലിയ ആരോപണം അവര്‍ പരിധി ലംഘിച്ചു എന്നാണ്. മനുഷ്യരെ കുറിച്ചും പറഞ്ഞ കാര്യങ്ങളിലൊന്നു “ നിശ്ചയം അവന്‍ പരിധി ലംഘിക്കുന്നു” എന്നുതന്നെയാണ്. പരിധിയില്‍ ജീവിക്കാന്‍ പരിശീലനം വേണം. നാമതിനെ തര്‍ബിയ്യത്ത് എന്ന് വിളിക്കും. സംസ്കരണം കൊണ്ടേ അത് സാധ്യമാകൂ. പ്രവാചക നിയോഗങ്ങളുടെ അടിസ്ഥാന കാരണങ്ങളിലൊന്നു മനുഷ്യന് സംസ്കരണം നല്‍കുക എന്നത് തന്നെയാണ്. ആരാണ് ബുദ്ധിമാന്‍ എന്ന ചോദ്യത്തിന് പ്രവാചകന്‍ നല്‍കിയ ഉത്തരം ഇങ്ങിനെയാണ് “ സ്വന്തത്തെ കീഴ്പ്പെടുത്തുകയും പരലോകത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തവന്‍”. അതെ സമയം സ്വന്തത്തെ ഇഷ്ടത്തിനു വിട്ടു ജീവികുന്നവനെ വിഡ്ഢി എന്നും പ്രവാചകന്‍ ഓര്‍മ്മിപ്പിച്ചു.

സ്വര്‍ഗ്ഗവും നരകവും അത് കൊണ്ട് തന്നെ ചില ഒറ്റമൂലികള്‍ കൊണ്ട് സാധ്യമാണ്. പക്ഷെ അതിനു അടിയുറച്ച കരുതല്‍ വേണം. അല്ലാഹുവിലുള്ള വിശ്വാസവും പരലോക വിശ്വാസവും ചേര്‍ന്ന് വന്നാല്‍ മാത്രമാണ് അത് സംഭവിക്കുക. അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍ പോലും പരലോക വിശ്വാസത്തെ വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ല എന്നതാണ് വിശ്വാസികളില്‍ ഈ പരിധി ലംഘനത്തിന് കാരണമായി തീരുന്നത്.

Facebook Comments
Related Articles
Close
Close