Youth

ഇരു ലോകത്തും വിജയിക്കുന്നവർ

പ്രവാചക ശിഷ്യൻമാരിൽപെട്ട രണ്ടു പേർ സംസാരിച്ചുകൊണ്ടിരിക്കെ തഖ്‌വയെ സംബന്ധിച്ച് പറഞ്ഞ ഒരു വാചകം നമ്മൾ എപ്പോഴും ഓർമിക്കേണ്ടതാണ്.
മുള്ളുകൾ നിറഞ്ഞുനിൽക്കുന്ന ഒരു ഇട വഴിയിലൂടെ നിങ്ങൾ നടക്കുമ്പോൾ എങ്ങനെയാണ് നടക്കുക എന്ന് ആ സ്വഹാബി ചോദിച്ചു. വളരെ സൂക്ഷ്മതയോടെ, ശരീരത്തിലോ വസ്ത്രത്തിലോ മുളളുകൾ തറക്കാതെ കരുതിയാണ് നടക്കുക. ദുനിയാവ് എന്ന് പറയുന്ന ഈ ഇടവഴിയിലൂടെ കരുതി നടക്കലാണ് തഖ് വ എന്ന് പറയുന്നത്. ഖുർആനിലൂടെയും സുന്നത്തിലൂടെയും സഞ്ചരിക്കുമ്പോൾ ദീനുൽ ഇസ്‌ലാമിനെക്കുറിച്ചുള്ള ഉൾക്കാഴ്ചയിലേക്കും തിരിച്ചറിവിലേക്കും നമ്മൾ എത്തിച്ചേരും. ഉൾക്കാഴ്ചകളുടെ വെളിച്ചത്തിൽ വേണം നമുക്ക് ജീവിതത്തിൽ മുന്നോട്ടു പോകുവാൻ. ലോകത്തിലെ ഏറ്റവും വലിയ സൗഭാഗ്യവാന്മാരാണ് വിശ്വാസികൾ. കാരണം രണ്ട് ലോകത്തും ഒരുപോലെ വിജയം കൈവരിക്കാൻ അവർക്ക് സാധിക്കും. പരലോക വിജയത്തിന് വേണ്ടിയുള്ള ഒരു പദ്ധതി മാത്രമല്ല ഇസ്‌ലാം, ദുനിയാവിലെ വിജയത്തിന് വേണ്ടിയുള്ള ദർശനം കൂടിയാണ്. ഒരു മനുഷ്യൻ്റെ ജനനത്തിനു മുമ്പേ തന്നെ സമാരംഭിക്കുകയും അയാളുടെ അനന്തമായ, അനശ്വരമായ ജീവിതത്തിലേക്ക് മുഴുവൻ പടർന്നു നിൽക്കുന്നതുമായ ജീവിത പദ്ധതി കൂടിയാവുന്നു അത്. രണ്ട് ലോകത്തും വിജയിക്കുന്ന വിശ്വാസികൾ ദുനിയാവിനെ അന്ധമായി ആക്ഷേപിക്കുന്നവരല്ല.

പിന്നെ ആക്ഷേപിക്കപ്പെട്ട ദുനിയാവ് ഏത്? ദുനിയാവിനെ ഇകഴ്ത്തി പറയുകയും , അപമാനിക്കുകയും , അധിക്ഷേപിക്കുകയും ചെയ്ത് ചില ത്വരീഖുകളിലൂടെ നമ്മൾ പ്രവാചകരെ പോലെ നടക്കുകയും ചെയ്യുന്നതിനല്ല ദീനുൽ ഇസ്‌ലാം എന്ന് പറയുന്നത്. അമ്പിയാക്കന്മാരും ആകാശ ഗ്രന്ഥങ്ങളും പകർന്ന് തന്ന അല്ലാഹുവിൻറെ ദീനിനെ പ്രാവർത്തികമാക്കിയാൽ ആഖിറത്തിലും ദുനിയാവിലും വിജയം കൈവരിക്കാം എന്നാണത് നമ്മെ പഠിപ്പിക്കുന്നത്. പ്രവാചകന്മാരുടെ പ്രബോധന രീതികൾ പരിശോധിച്ചാൽ മനസ്സിലാക്കാൻ സാധിക്കും;നൂഹ് നബി (അ) അല്ലാഹുവിൻറെ മുമ്പിൽ തൻ്റെ പ്രബോധന ചരിത്രത്തിൻറെ ഒരു നിവേദനം സമർപ്പിക്കുകയാണ്. സമർപ്പിക്കുമ്പോൾ പറയും:
فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَان غَفَّارًا (ഞാന്‍ പറഞ്ഞു: റബ്ബിനോട് മാപ്പിരക്കുവിന്‍. നിസ്സംശയം, അവന്‍ വളരെ മാപ്പരുളുന്നവനാകുന്നു. ) يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا (നിങ്ങള്‍ക്ക് അവന്‍ ധാരാളം മഴ പെയ്യിച്ചുതരും )
ആഖിറത്തിൽ പെയ്യുന്ന മഴയെ കുറിച്ചല്ല, ദുനിയാവിൽ പെയ്യുന്ന മഴയെ കുറിച്ചാണ് പറയുന്നത്. وَيُمْدِدْكُم بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا (സമ്പത്തും സന്തതികളും പ്രദാനം ചെയ്യും. തോട്ടങ്ങളുണ്ടാക്കിത്തരും.നദികളൊഴുക്കിത്തരും.) ഈ ദിനിനെ നിങ്ങൾ സ്വീകരിക്കുകയും അധാർമിക ജീവിതത്തെ കൈയൊഴിഞ്ഞു കൊണ്ട് തൗബയിലൂടെ അല്ലാഹുവിലേക്ക് അടുത്ത് കൊണ്ട്, ഈ ദീനിൻ്റെ താൽപര്യങ്ങൾ പ്രാവർത്തികമാക്കാൻ സന്നദ്ധമായാൽ നിങ്ങൾക്ക് മഴ മുതൽ പുഴ വരെയുള്ള അല്ലാഹുവിൻ്റെ അനുഗ്രഹം ലഭിക്കുമെന്ന് പഠിപ്പിക്കുന്നത് നൂഹ് (അ) ആണ്. ഒടുവിലെ പ്രവാചകൻ മുഹമ്മദ് നബി(സ) ൻ്റെ സന്ദേശങ്ങളിലൂടെ കടന്നുപോകുമ്പോഴും നൂഹ് (അ) പറഞ്ഞ വാചകങ്ങൾ തന്നെ ഖുറൈശികളോട് , നിഷേധികളോട് ആവർത്തിക്കുന്നു. وَأَنِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُمَتِّعْكُم مَّتَاعًا حَسَنًا إِلَىٰ أَجَلٍ مُّسَمًّى (നിങ്ങളുടെ റബ്ബിനോട് മാപ്പ് തേടുവിന്‍. അവങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുവിന്‍. എങ്കില്‍ ഒരു നിശ്ചിത കാലംവരെ അവന്‍ നിങ്ങള്‍ക്കു മെച്ചമായ ജീവിതവിഭവങ്ങള്‍ നല്‍കുന്നതാകുന്നു)

ആഖിറത്തിൽ കിട്ടാൻ പോകുന്ന വിഭവങ്ങളെക്കുറിച്ചല്ല, ദുനിയാവിലെ വിഭവങ്ങളെക്കുറിച്ചാണ് പറയുന്നത്. അല്ലാഹുവിൻ്റെ ദീനിനെ പ്രാവർത്തികമാക്കാൻ ആത്മാർത്ഥതയോടെ മുന്നോട്ടുവന്നാൽ ദുനിയാവിലെ അനുഗ്രഹം ലഭിക്കും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട. പ്രവാചകന് എല്ലാ സംരക്ഷണവും നൽകിയെങ്കിലും പ്രവാചകൻ്റെ വിരുദ്ധ ചേരിയിൽ വിശ്വസിച്ച അബൂത്വാലിബിനെ ദീനിലേക്ക് കൊണ്ടുവരാൻ പ്രവാചകൻ ആഗ്രഹിച്ചിരുന്നു. അതിൻറെ ഭാഗമായി പ്രവാചകൻ അബൂത്വാലിബിനോട് ഒറ്റക്ക് സംസാരിക്കാറുണ്ടായിരുന്നു. ഒരിക്കൽ പറഞ്ഞു: ഈ അറബ് സമൂഹത്തെ ഒരൊറ്റ വാചകത്തിൻ്റെ പേരിൽ ഒന്നിപ്പിക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്.
അങ്ങനെ സംഭവിച്ചാൽ അറബ് സമൂഹം നിങ്ങൾക്ക് കീഴടങ്ങും, അറബികൾ അല്ലാത്ത ഇതര സമൂഹങ്ങൾ അറബികൾക്ക്, നിങ്ങൾക്ക് കപ്പം തരുന്ന ഒരു അവസ്ഥയിലേക്ക് ഈ ദുനിയാവിൻ്റെ സാമൂഹിക – രാഷ്ട്രീയ – നാഗരിക സംവിധാനം മാറും.
അല്ലാഹു പറയുന്നു: وَعَدَ اللَّهُ الَّذِينَ آمَنُوا مِنكُمْ وَعَمِلُوا الصَّالِحَاتِ لَيَسْتَخْلِفَنَّهُمْ فِي الْأَرْضِ كَمَا اسْتَخْلَفَ الَّذِينَ مِن قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ الَّذِي ارْتَضَىٰ لَهُمْ وَلَيُبَدِّلَنَّهُم مِّن بَعْدِ خَوْفِهِمْ أَمْنًاۚ (നിങ്ങളില്‍നിന്ന് വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. എന്തെന്നാല്‍, അവരെ അവന്‍ ഭൂമിയില്‍ പ്രതിനിധികളാക്കുന്നതാകുന്നു . അവര്‍ക്കു മുമ്പുണ്ടായിരുന്നവരെ പ്രതിനിധികളാക്കിയിരുന്നതുപോലെ. അല്ലാഹു അവര്‍ക്കായി തൃപ്തിപ്പെട്ടേകിയ ദീനിനെ ഭദ്രമായ അടിത്തറകളില്‍ സ്ഥാപിച്ചുകൊടുക്കുന്നതുമാകുന്നു. അവരുടെ (നിലവിലുള്ള) അരക്ഷിതാവസ്ഥയെ മാറ്റി, പകരം സുരക്ഷിതത്വം പ്രദാനം ചെയ്യുന്നതുമാകുന്നു)
ഈ ആദർശത്തെ മുറുകെപ്പിടിച്ച പൂർവസൂരികൾക്ക് ഭൂമിയിൽ അധികാരം നൽകിയ പോലെ നിങ്ങൾക്കും നൽകുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്യുന്നു. ഈ ദീനിനെ ഭദ്രമായി സ്ഥാപിച്ച് നിലനിർത്തുകയും ശാന്തിയുടെയും സമാധാനത്തിനും സാമൂഹ്യാന്തരീക്ഷം ഒരുക്കുകയും ചെയ്യുന്നു. ഈ സമൂഹത്തിൻ്റെ പ്രത്യേകത എന്തെന്നാൽ അവർ അല്ലാഹുവിനെ മാത്രം ഇബാദത്ത് ചെയ്യുന്നു. يَعْبُدُونَنِي لَا يُشْرِكُونَ بِي شَيْئًاۚ وَمَن كَفَرَ بَعْدَ ذَٰلِكَ فَأُولَٰئِكَ هُمُ الْفَاسِقُونَ (അതിനാലവര്‍ എനിക്കു മാത്രം ഇബാദത്തു ചെയ്യട്ടെ; ആരെയും എന്റെ പങ്കാളികളാക്കാതിരിക്കട്ടെ.അതിനുശേഷം വല്ലവരും നിഷേധിക്കുന്നുവെങ്കില്‍,അവര്‍ പാപികള്‍തന്നെയാകുന്നു.)

മറ്റൊരു ഭാഗത്ത് പറയുന്നു وَلَا تَهِنُوا وَلَا تَحْزَنُوا وَأَنتُمُ الْأَعْلَوْنَ إِن كُنتُم مُّؤْمِنِينَ (ദുര്‍ബലഹൃദയരാവാതിരിക്കുവിന്‍. ദുഃഖിക്കാതിരിക്കുവിന്‍. നിങ്ങള്‍തന്നെയാണ് ജേതാക്കള്‍-നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍)
സമൂഹമെന്ന നിലക്ക് മാത്രമല്ല വ്യക്തികൾ എന്ന നിലക്കും അല്ലാഹുവിൻ്റെ ദീനിനെ ആത്മാർത്ഥമായി ഹൃദയത്തിൽ സ്വീകരിച്ച് അത് പ്രാവർത്തികമാക്കാൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ഓരോ വിശ്വാസിക്കും വലിയ വാഗ്ദാനങ്ങൾ ,ഓഫറുകൾ അല്ലാഹുവും അവൻറെ പ്രവാചകനും നൽകിയിട്ടുണ്ട്. മാർക്കറ്റിലെ ഓഫറുകൾ മാത്രമല്ല നമ്മൾ ശ്രദ്ധിക്കേണ്ടത് ; മതത്തിലെ ഓഫറുകളും ശ്രദ്ധിക്കണം. പരലോകത്തിൽ അവകാശികളാണെന്നല്ല,ദുനിയാവിലെ വിഭവങ്ങളുടെ ഒന്നാമത്തെ അവകാശി മുഅമിനുകളാണ്. قُلْ هِيَ لِلَّذِينَ آمَنُوا فِي الْحَيَاةِ الدُّنْيَا خَالِصَةً يَوْمَ الْقِيَامَةِۗ (ഈ വിഭവങ്ങളെല്ലാം ഭൗതികജീവിതത്തില്‍ വിശ്വാസികള്‍ക്കുള്ളതാകുന്നു. അന്ത്യനാളിലോ, അതവര്‍ക്കുമാത്രമുള്ളതായിരിക്കും) സൃഷ്ടിച്ചു വെച്ചിട്ടുള്ള ദുനിയാവിലെ വിഭവങ്ങളുടെ യഥാർത്ഥ അവകാശികൾ വിശ്വാസികളാണെന്ന് പറയുന്നു. പരലോകത്ത് അത് അവർക്ക് മാത്രം. ഈ വിഭവങ്ങൾ സംഘടിപ്പിക്കാനുള്ള പരിശ്രമങ്ങളിൽ നിങ്ങൾ ഏർപ്പെടുമ്പോൾ അത് ഇബാദത്താണ്. അല്ലാഹുവിൻറെ കൽപന അനുസരിക്കുകയാണ് ചെയ്യുന്നത്. അല്ലാഹു പറയുന്നു: فَإِذَا قُضِيَتِ الصَّلَاةُ فَانتَشِرُوا فِي الْأَرْضِ وَابْتَغُوا مِن فَضْلِ اللَّهِ وَاذْكُرُوا اللَّهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ (പിന്നെ നമസ്‌കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍, ഭൂമിയില്‍ വ്യാപിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹം തേടുകയും ചെയ്തുകൊള്ളുക, അല്ലാഹുവിനെ അധികമധികം സ്മരിക്കുകയും ചെയ്യുക)
മാർക്കറ്റിൽ നമ്മൾ പോകുമ്പോഴും അത് അല്ലാഹുവിൻറെ ഔദാര്യം കരസ്ഥമാക്കുവാൻ വേണ്ടിയാണ്. അല്ലാഹുവിൻറെ ഔദാര്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ദുനിയാവിലെ വിഭവങ്ങളാണ്. ഇസ്‌ലാം നമ്മുടെ മുമ്പിൽ സമർപ്പിക്കുന്ന സമന്വയത്തിൻ്റെ, സൗന്ദര്യമുള്ള പ്രാർത്ഥന ഇങ്ങനെയാണ്: رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ
(ഞങ്ങളുടെ നാഥാ, ഞങ്ങളില്‍ ഈ ലോകത്തു നന്മ ചൊരിയേണമേ, പരലോകത്തും നന്മ ചൊരിയേണമേ! നരകശിക്ഷയില്‍നിന്ന് ഞങ്ങളെ നീ കാക്കുകയും ചെയ്യേണമേ)

ദുനിയാവിനെയും ആഖിറത്തിനെയും ഒരു ചരടിൽ കെട്ടിയിരിക്കുന്നു. ആദ്യം പറയുന്നത് ദുനിയാവിനെയാണ്. കാരണം, കാല് ചവിട്ടി നിൽക്കുന്ന ഈ മണ്ണ് കഴിഞ്ഞിട്ടാണല്ലോ മരണവും, പരലോകവും.രണ്ട് ലോകത്തും വിജയവും നൽകേണമേ എന്നാണ് പഠിപ്പിക്കുന്നത്. റസൂൽ(സ) പഠിപ്പിച്ചു: · ومن كانت الآخرة نيته جمع الله له أمره، وجعل غناه في قلبه، وأتته الدنيا وهي راغمة ( മനുഷ്യൻറെ ആത്യന്തികമായ നിയ്യത്ത് പരലോകമായി തീർന്നാൽ ദുനിയാവിൽ അയാളുടെ കാര്യം അല്ലാഹു ഏറ്റെടുക്കും, അവൻറെ ഹൃദയാന്തരാളത്തിൽ അള്ളാഹു ഐശ്വര്യം പ്രധാനം ചെയ്യും, അവൻറെ മുമ്പിൽ ദുനിയാവ് വിധേയപ്പെട്ട് അനുസരണയോടു കൂടി വന്ന് നിൽക്കും.)
ഒരുപാട് സമ്പാദ്യവും , സന്താനവും, അധികാരവും പ്രശസ്തിയും ലഭിച്ചിട്ട് കാര്യമില്ല; അല്ലാഹുവിൻ്റെ ഐശ്വര്യം വന്നുചേരണം. അല്ലാഹു പറയുന്നു: وَوَجَدَكَ عَائِلًا فَأَغْنَىٰ
(നിന്നെ അവന്‍ ദരിദ്രനായി കണ്ടെത്തുകയും എന്നിട്ട് അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു.) ഇവിടെ ഉദ്ദേശിക്കുന്നത് ആത്മസംതൃപ്തിയുടെ സുഗന്ധത്തെയാണ്, ഐശ്വര്യത്തെയാണ്. റസൂലിനെ (സ)അല്ലാഹു ഗനിയ്യ്(സമ്പന്നൻ) ആക്കി എന്ന് പറഞ്ഞാൽ,63 ആം വയസ്സിൽ പ്രവാചകൻ മരിക്കുന്നതുവരെ ഏതൊരു ഘട്ടത്തിലാണ് മുതലാളി ആയിട്ടുള്ളത്!, പ്രവാചകൻ ഒരിക്കലും ഒരു മുതലാളിയായിട്ടില്ല, മരണത്തിൻറെ സന്ദർഭത്തിൽ 30 സ്വാഅ ധാന്യത്തിന് വേണ്ടി സ്വന്തം പടയങ്കി ഒരു ജൂതൻ്റെ കയ്യിൽ പണയം കൊടുത്തിട്ട് തിരിച്ചെടുക്കാൻ കഴിയാത്ത ദാരിദ്ര്യത്തിൻ്റെ അവസ്ഥയിലാണ് റസൂൽ (സ) മരിക്കുന്നത്. ഈ ദുനിയാവിൽ ഏറ്റവും കൂടുതൽ ആത്മസംതൃപ്തി ലഭിച്ചിരുന്നത് അല്ലാഹു വിൻ്റെ പ്രവാചകനാണ്. മനശാന്തിയാണ് മനുഷ്യൻ ഏറ്റവും കൂടുതൽ കൊതിക്കുന്നത്. അല്ലാഹുവിന്റെ ദീൻ സ്വീകരിച്ച് നിഷ്കളങ്കമായി ജീവിക്കാൻ സന്നദ്ധമായാൽ നിങ്ങൾ വിചാരിക്കാത്ത വഴികളിലൂടെ അല്ലാഹു നിങ്ങൾക്ക് വിഭവങ്ങൾ നൽകും. وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا ، وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُۚ (ഒരുവന്‍ അല്ലാഹുവിനോട് ഭക്തിയുള്ളവനായി വര്‍ത്തിച്ചാല്‍, അവന്ന് വിഷമങ്ങളില്‍നിന്ന് മോചനം നേടാന്‍ അല്ലാഹു മാര്‍ഗമുണ്ടാക്കിക്കൊടുക്കും. ഊഹിക്കുകപോലും ചെയ്യാത്ത മാര്‍ഗത്തിലൂടെ അവന്ന് വിഭവമരുളുകയും ചെയ്യും)
لا إله إلا الله എന്ന ശഹാദത്ത്കലിമ അംഗീകരിച്ച് പ്രാവർത്തികമാക്കാൻ ആത്മാർത്ഥതയോട്കൂടി രംഗത്ത് വന്നാൽ അല്ലാഹു ആഖിറത്തിൽ സ്വർഗവും, ഫിർദൗസും മാത്രമല്ല ദുനിയാവിൽ ഉത്തമ ജീവിതം നൽകുകയും ചെയ്യും. مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً
(പുരുഷനാവട്ടെ, സ്ത്രീയാവട്ടെ സത്യവിശ്വാസിയായിക്കൊണ്ട്സ ല്‍ക്കര്‍മങ്ങളാചരിക്കുന്നവന് നാം ഈ ലോകത്ത് വിശുദ്ധമായ ജീവിതം പ്രദാനംചെയ്യുന്നു)

മറ്റൊന്ന്, അവനോടുള്ള കരാർ നിറവേറ്റണം ഖുർആൻ ആവർത്തിച്ച് പറയുന്നുണ്ട്.
وَأَوْفُوا بِعَهْدِي أُوفِ بِعَهْدِكُمْ (എന്നോടുള്ള കരാര്‍ നിങ്ങള്‍ നിറവേറ്റുകയും ചെയ്യുവിന്‍. എങ്കില്‍ നിങ്ങളോടുള്ള കരാര്‍ ഞാനും നിറവേറ്റാം) ഉലമാക്കൾ ഉദ്ധരിക്കുന്ന ഒരു കഥയുണ്ട്:
ഒരു കുറ്റിയിൽ കെട്ടിയിട്ടിരിക്കുന്ന കുതിരയെ പൊലെയാണ് ദുനിയാവ്. ആ കയറിന് കുറച്ച് നീളമുണ്ട്. അതിൻ്റെ നീളമനുസരിച്ച് ആ അതിർത്തി വരെ അതിന് മേഞ്ഞ് നടക്കാം. അതിനപ്പുറത്തേക്ക് പോവരുത്. നമുക്ക് നൽകിയ സ്വാതന്ത്രത്തെ ഉപയോഗപ്പെടുത്തുക; അനിയന്ത്രിതമായ ദുനിയാപ്രേമമാണ് ഇപ്പോൾ ഒരു രോഗമായി മാറിക്കൊണ്ടിരിക്കുന്നത്.

തയ്യാറാക്കിയത്. റിജുവാൻ.കെ

Facebook Comments
Related Articles
Close
Close