Current Date

Search
Close this search box.
Search
Close this search box.

ആത്മജ്ഞാനം

‘ഉത്തമസ്വഭാവങ്ങളിൽ പ്രവേശിക്കലും ചീത്തസ്വഭാവങ്ങളിൽനിന്ന് പുറത്തുകടക്കലുമാണ് ആത്മജ്ഞാനം’ -അബൂമുഹമ്മദ് അൽജരീരി

സ്വന്തത്തെക്കുറിച്ചുള്ള അഗാധമായ അവബോധമെന്നാണ് ആത്മജ്ഞാനത്തിന്റെ അർഥം. ബ്രഹ്മജ്ഞാനം, ധർമജ്ഞാനം, ദൈവജ്ഞാനം എന്നിങ്ങനെയും അതിന് പേരുണ്ട്. ആംഗലേയ ഭാഷയിൽ തിയോസഫിയെന്നാണ് ആത്മജ്ഞാനത്തിന്റെ പ്രയോഗം. ദൈവമെന്ന അർഥമുള്ള തിയോ, വിജ്ഞാനമെന്ന് അർഥമുള്ള സോഫിയ എന്നീ ഗ്രീക്ക് ശബ്ദങ്ങൾ കൂടിചേർന്നതാണ് തിയോസഫി. അറബിഭാഷയിൽ ആത്മജ്ഞാനത്തിന് ഹഖീഖത്തെന്ന് പറയുന്നു. ഒരു വ്യക്തി യഥാതഥമായി അറിഞ്ഞിരിക്കേണ്ട സത്യാധിഷ്ഠിത വിജ്ഞാനമാണ് ഹഖീഖത്ത്.

പ്രവിശാലമായ ഒരു വൈജ്ഞാനിക ഇടമാണ് ആത്മജ്ഞാനം. സ്വത്വം, ആത്മാവ്, പ്രജ്ഞ എന്നിവയുടെ ആഴത്തിലുള്ള സംസ്‌കരണമാണ് അതിന്റെ വിഷയം. ഉള്ളിനുള്ളിൽ ആത്മീയമായ പ്രകാശംപരത്തുന്ന ദൈവികമായ വിജ്ഞാനമെന്ന് ആത്മജ്ഞാനത്തെ നിർവചിക്കാം. മനുഷ്യന്റെ ഉൽപത്തിമുതൽ നിലനിൽക്കുന്ന വിഷയമാണ് ആത്മജ്ഞാനം. ഏഥൻസിലെ ക്ഷേത്രകവാടത്തിൽ ‘നീ നിന്നെതന്നെ അറിയുക’യെന്ന് കൊത്തിവെച്ചിട്ടുണ്ട്. സോക്രട്ടീസീലേക്ക് പ്രസ്തുത വചനം ചേർക്കപ്പെടുന്നത്. ”വിശ്വസിച്ചവരേ, നിങ്ങൾ നിങ്ങളുടെ കാര്യം ശ്രദ്ധിക്കുക”യെന്ന് വിശുദ്ധവേദം ഉദ്‌ബോധിപ്പിക്കുന്നുണ്ട്. ”ആര് സ്വയമറിഞ്ഞുവോ, അവൻ തന്റെ രക്ഷിതാവിനെ അറിഞ്ഞു”വെന്ന് പ്രവാചകൻ മൊഴിഞ്ഞിട്ടുണ്ട്.

ദുർമേദസ്സുകൾക്ക് ചുറ്റുമാണ് മനുഷ്യന്റെ ജീവിതം. ദുർമേദസ്സുകൾ ഒത്തിരിയുണ്ട്. ആസക്തി, അശ്രദ്ധ, വിസ്മൃതി, പാരമ്പര്യം, ഭൗതികപ്രേമം എന്നിവ അവയിൽ ചിലതാണ്. മിക്ക മനുഷ്യരും കുറഞ്ഞ അളവിലോ, കൂടിയ അളവിലോ അവയിൽ നിമഗ്നമാണ്. അഗ്നി പുകയാലും കണ്ണാടി അഴുക്കിനാലും എപ്രകാരം ആവരണം ചെയ്യപ്പെട്ടിരിക്കുന്നുവോ, അപ്രകാരം ആത്മാവ് അഴുക്കുകളാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് ഒരു ജ്ഞാനി പറഞ്ഞിട്ടുണ്ട്. മുഴുവൻ മാലിന്യങ്ങളിൽനിന്നുമുള്ള സ്വത്വത്തിന്റെ സമ്പൂർണ സംസ്‌കരണവും സദ്‌സ്വഭാവങ്ങൾകൊണ്ടുള്ള അതിന്റെ സൗന്ദര്യവൽക്കരണവുമാണ് ആത്മജ്ഞാനത്തിന്റെ ലക്ഷ്യം. ആത്മജ്ഞാനത്തെ സംസ്‌കരണത്തിന്റെ അടിസ്ഥാനമായി കരുതിയ ചിന്തയാണ് യവന തത്വചിന്ത.

ആത്മജ്ഞാനത്തിന്റെ സ്വാംശീകരണത്തിലൂടെ ഒത്തിരി മാറ്റങ്ങൾ ജീവിതത്തിൽ കടന്നുവരുന്നു. സ്വത്വത്തിന് ഉണർവ് ലഭിക്കുന്നു; ആത്മാവിന് ചൈതന്യം സ്ഫുരിക്കുന്നു; പ്രജ്ഞക്ക് ഊർജം കൈവരുന്നു. ഉള്ളകം ദൈവികചിന്തയാൽ കത്തിജ്വലിച്ചാലേ, ജീവിതം പ്രകാശപൂരിതമാവുകയുള്ളൂ. ‘മനുഷ്യന്റെ അകത്തുള്ള നിധി പുറത്ത് കൊണ്ടുവരികയാണെങ്കിൽ, അവന് അതുതന്നെ മതിയാവു’മെന്ന് അരിസ്റ്റോട്ടിൽ പറഞ്ഞിട്ടുണ്ട്. ആത്മജ്ഞാനത്തിലൂടെ ജീവിതം പ്രകാശപൂരിതമാകുകയും അകത്തെ നിധി പുറത്തുവരികയും ചെയ്യുന്നു.

തെളിഞ്ഞ പുഴപോലെ ആത്മാവ് തെളിമയുള്ളതാവാൻ ആത്മജ്ഞാനം കൂടിയേ തീരൂ. ആത്മാവ് അതിന്റെ തനിമ നേടിയാൽ, അത് അധ്യാത്മലോകത്തേക്കുള്ള ഒരു വാതായനമാവും. അഴുക്ക് നീങ്ങിയ കണ്ണാടിയിൽ എല്ലാം കാണുന്നതുപോലെ, തെളിഞ്ഞ ആത്മാവിന് മുമ്പാകെ പ്രാപഞ്ചികരഹസ്യങ്ങൾ അനാവൃതമാവും. ജീവിതത്തിലുടനീളം ശാന്തിനിർഭരമായ അവസ്ഥ, എല്ലാം ദൈവത്തിന്റെ ശക്തിയാൽ നടക്കുന്നുവെന്ന ബോധം, എപ്പോഴും ദൈവം ഒപ്പമുണ്ടെന്ന ബോധം, തികഞ്ഞ ലാളിത്യം, സത്യാസത്യവിവേചനബോധം എന്നിങ്ങനെ നിരവധി ഫലങ്ങൾ ആത്മജ്ഞാനം സമ്മാനിക്കുന്നു.

ആത്മജ്ഞാനം നേടാനുള്ള മാർഗം വളരെ ലളിതമാണ്. വിശുദ്ധവേദവും തിരുചര്യയും ആത്മാവിലേക്ക് ആവാഹിക്കുമ്പോൾ, ആത്മജ്ഞാനത്താൽ ഉള്ളകം അനുഭൂതിദായകമാവും. മാലാഖ ജിബ്‌രീലിൽനിന്നുള്ള വെളിപാടെന്നപോലെ വിശുദ്ധവേദം പാരായണം ചെയ്യണമെന്ന് അല്ലാമാ ഇഖ്ബാലിന് അദേഹത്തിന്റെ പിതാവ് ഉപദേശം നൽകാറുണ്ടായിരുന്നു. അതുപോലെ, ഇസ്‌ലാം നിർബന്ധമാക്കിയ നമസ്‌കാരം, സകാത്ത്, ഉപവാസം, മക്കയിലേക്കുള്ള തീർഥാടനം പോലുള്ള ആരാധനകളും ജീവിതത്തിന്റെ ഭാഗമാവണം. പ്രാർഥന, ധ്യാനം, ദൈവസ്മരണ എന്നിവയും ആത്മജ്ഞാനത്തിന് തെളിച്ചം നൽകുന്ന ഉത്തമ ആരാധനകളാണ്. എല്ലാറ്റിനുമുപരി ജീവിതത്തിലുടനീളം ദൈവത്തിന്റെ കൽപനകൾ പാലിക്കുകയും അവന്റെ വിലക്കുകൾ വർജിക്കുകയും ചെയ്യുമ്പോഴാണ് ആത്മജ്ഞാനം അതിന്റെ തീവ്രജ്വാലയിലേക്ക് തിരി തെളിയിക്കുന്നത്.

Related Articles