Current Date

Search
Close this search box.
Search
Close this search box.

വിജ്ഞാനത്തിന്റെ മൂല്യം

‘ദൈവം സ്വത്വത്തെ പുനരുജ്ജീവിപ്പിക്കുന്നത് വിജ്ഞാനമാകുന്ന
വെളിച്ചം കൊണ്ടാണ്’-ലുഖ്മാനുൽ ഹക്കീം

സർവധനാൽ പ്രധാനമാണ് വിജ്ഞാനം. ചിറകില്ലാത്ത പക്ഷിയെപ്പോലിരിക്കും വിജ്ഞാനമില്ലാത്ത ജീവിതം. രത്‌നം, സ്വർണം, വെള്ളി എന്നിവയേക്കാൾ വില വിജ്ഞാനത്തിനുണ്ടെന്ന് വേദങ്ങൾ പഠിപ്പിക്കുന്നു. വിജ്ഞാനം ആത്മാവിന് ഭക്തിയും ജീവിതത്തിന് പ്രത്യാശയും പകരുന്നു. സ്വത്വത്തിന്റെ പൊരുൾ അനാവൃതമാവുന്നതും വിശ്വാസം തെളിമയുള്ളതാവുന്നതും വിജ്ഞാനത്തിലൂടെയാണ്. സന്മാർഗവും ധർമബോധവും സാക്ഷാൽകൃതമാവുന്നതിൽ വിജ്ഞാനത്തിന് അനൽപമായ പങ്കുണ്ട്. ‘വിവേകിക്ക് വിജ്ഞാനം തന്റെ വഴി തിരിച്ചറിയാനാണെ’ന്ന് സുഭാഷിതത്തിലുണ്ട്.

വിശുദ്ധവേദവും തിരുചര്യയും വിജ്ഞാനത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച സംസാരങ്ങളാൽ സമ്പന്നമാണ്. ദൈവമെന്ന ശബ്ദത്തിനുശേഷം കൂടുതൽ വന്ന ശബ്ദമാണ് വിജ്ഞാനമെന്ന ശബ്ദം. വിശുദ്ധവേദത്തിന്റെ ഒരു സംസാരം നോക്കൂ: ”വിജ്ഞാനമുള്ളവരും വിജ്ഞാനമില്ലാത്തവരും തുല്ല്യരാവില്ല”(അസ്സുമർ:9). വായിക്കാനുള്ള കൽപനയോടെയായിരുന്നു വെളിപാടിന്റെ തുടക്കം. വേദത്തിലെ ഒരു അധ്യായത്തിൽ പേനയെയും രേഖകളെയും മുൻനിർത്തി ദൈവം സത്യംചെയ്യുന്നത് കാണാം. ദൈവം ആദ്യം സൃഷ്ടിച്ചത് പേനയായിരുന്നുവെന്ന് തിർമിദി ഉദ്ധരിച്ച ഒരു ഹദീസിൽ വന്നിട്ടുണ്ട്. വിജ്ഞാനാന്വേഷണം നിർബന്ധ ചുമതലയാണെന്ന് പ്രവാചകൻ പഠിപ്പിച്ചു. സ്വർഗലോകത്തുവെച്ച് ദൈവം ആദമിന് നൽകിയ ബഹുമതികളിൽ ഒന്ന് വിജ്ഞാനമായിരുന്നുവല്ലോ.

വ്യക്തിക്കും സമൂഹത്തിനും പ്രയോജനപ്പെടുന്ന ഏതു വിജ്ഞാനവും ആർജ്ജിക്കണം. അക്കാര്യത്തിൽ അധ്യാത്മികമെന്നും ഭൗതികമെന്നുമുള്ള വേർത്തിരിവില്ല. ഇമാം ഗസ്സാലി, ഇമാം റാസി, ഇബ്‌നുറുശ്ദ്, ഇബ്‌നുതുഫൈൽ പോലുള്ള പൗരാണിക മുസ്‌ലിംപണ്ഡിതർ ദൈവശാസ്ത്രം, വേദശാസ്ത്രം, ആത്മജ്ഞാനം, തത്വജ്ഞാനം എന്നിവയിൽ അവഗാഹമുള്ളതുപോലെ ഗോളശാസ്ത്രം, ഗണിതശാസ്ത്രം, ജീവശാസ്ത്രം, ശരീരശാസ്ത്രം പോലുള്ള വിജ്ഞാനങ്ങളിലും അവഗാഹമുള്ളവരായിരുന്നു.

അധ്യാത്മികം, ഭൗതികം എന്നിങ്ങനെ വേർത്തിരിവ് ഇല്ലെങ്കിലും, വിജ്ഞാനത്തിന്റെ കാര്യത്തിൽ മുൻഗണനാക്രമമുണ്ട്. ചില പ്രാഥമിക വിജ്ഞാനങ്ങൾ കരസ്ഥമാക്കൽ നിർബന്ധമാണ്. വിശ്വാസകാര്യങ്ങൾ, ധാർമികകാര്യങ്ങൾ, ആരാധനകൾ, പൊതുമര്യാദകൾ എന്നിവയെക്കുറിച്ച് ഓരോ വ്യക്തിക്കും കൃത്യമായ വിജ്ഞാനം ഉണ്ടായിരിക്കണം. ആ വക കാര്യങ്ങളിൽ വിജ്ഞാനം ഉണ്ടാകുമ്പോഴേ, അവയുടെ നിർവഹണം ചൈതന്യവത്തായി മാറുകയുള്ളൂ. ദൈവത്തെയും സ്വന്തത്തെയും സമൂഹത്തെയും സംബന്ധിച്ച വിജ്ഞാനങ്ങൾ, ഒരു വ്യക്തിയുടെ സത്തയുടെയും അസ്തിത്വത്തിന്റെയും രഹസ്യങ്ങളെയുമാണ് വെളിപ്പെടുത്തുന്നത്. ‘മനുഷ്യന്റെ ചലനവും നിശ്ചലതയും ദൈവത്തെ ആശ്രയിച്ചാണെന്ന ബോധമാണ് വിജ്ഞാന’മെന്ന അബൂയസീദ് ബിസ്ത്വാമിയുടെ നിരീക്ഷണം സത്താപരമായ വിജ്ഞാനത്തിന്റെ പ്രാധാന്യത്തെ കുറിക്കുന്നു.

എത്രകാലം വിജ്ഞാനം നേടാനാവുമോ, അത്രയും കാലം വിജ്ഞാനം നേടണം. വിജ്ഞാന സമ്പാദനത്തിന് പ്രായപരിധിയില്ല. വിവേകം ഉദിച്ചതുമുതൽ ബോധം നഷ്ടപ്പെടുന്നതുവരെ വിജ്ഞാനം നുകരുന്ന മധുവാകൻ സാധിക്കുകയെന്നത് വലിയ സൗഭാഗ്യമാണ്. വിജ്ഞാനത്തിന്റെ ഖനികൾ നിരവധിയാണ്. വിശുദ്ധവേദവും തിരുചര്യയും തുറന്നവിടുന്ന വിജ്ഞാനത്തിന്റെ ചക്രവാളങ്ങൾ അനന്തമാണ്. ധ്യാനപൂർവം സ്വന്തത്തെ നോക്കാനും മൗനസ്മിതം പ്രപഞ്ചത്തെ നിരീക്ഷിക്കാനും ശ്രദ്ധാപൂർവം വായനയെ ക്രമീകരിക്കാനും അവ പ്രേരിപ്പിക്കുന്നു.

വിജ്ഞാനകുതുകികൾക്ക് ഇമാം ശാഫിയുടെ കവിതാശകലം ആവേശകരമാണ്. അദേഹം പാടി: ‘സോദരാ, ആറു കാര്യങ്ങളാലേ വിജ്ഞാനത്തിൻ മധു നീ നുകരുള്ളൂ. വ്യക്തമാംവിധം ഞാൻ നിനക്കതു ചൊല്ലീടാം. ബുദ്ധിയും തൃഷ്ണയും ആദ്യ രണ്ടെണ്ണം. ത്യാഗവും വിവേകവുമത്രെ പിന്നത്തെ രണ്ടെണ്ണം. ഗുരുവിൻ സഹവാസവും ദീർഘമാം കാലത്തെ കാത്തിരിപ്പുമാണ് അവസാന രണ്ടെണ്ണം’. ‘വിജ്ഞാനം സമ്പാദിക്കണമെങ്കിൽ നാം അതിന്റെ അടിമയയായി മാറണ’മെന്ന് പ്ലേറ്റോ പറഞ്ഞിട്ടുണ്ട്. അതുപോലെ, വിജ്ഞാനം നേടുന്നതിൽനിന്ന് ശ്രദ്ധയെ തെറ്റിച്ചുകളയുന്ന ആസക്തികളോടുള്ള ഭ്രമം, അഹങ്കാരം, അശ്രദ്ധ, അക്ഷമ, ചീത്ത സ്വഭാവങ്ങൾ പോലുള്ളവയിൽനിന്ന് തീർത്തും അകലം പാലിക്കുകയും ചെയ്യണം.

Related Articles