Current Date

Search
Close this search box.
Search
Close this search box.

ലോകർക്ക് മാതൃകയായി ദൈവദൂതൻ

‘പുരുഷാകൃതി പൂണ്ട ദൈവമോ? നരദിവ്യാകൃതി പൂണ്ട ധർമമോ?
പരമേശ പവിത്ര പുത്രനോ? കരുണാവാൻ നബി മുത്തുരത്‌നമോ?’ -ശ്രീനാരായണ ഗുരു

വ്യക്തികൾ ചരിത്രത്തെ സൃഷ്ടിക്കുകയാണോ? അതല്ല, ചരിത്രം വ്യക്തികളെ സൃഷ്ടിക്കുകയാണോ? സാമൂഹികശാസ്ത്രത്തിലെ സുപ്രധാനമായ ഒരു ചർച്ചാ വിഷയമാണിത്. ചർച്ചയുടെ ഫലം എന്തുമാവട്ടെ, ഒത്തിരി മഹാമനീഷികളാൽ സമ്പന്നമാണ് ചരിത്രം. അബ്രഹാം, ശ്രീബുദ്ധൻ, യേശുക്രിസ്തു, മോസസ്, സോക്രട്ടീസ്, ലാവോത്സു, കങ്ഫ്യൂചിസ്…….അങ്ങനെ കുറേ പേരുണ്ട് ഈ ഗണത്തിൽ. ലോകത്ത് ധർമത്തിന്റെ വെളിച്ചം വിതറിയവരാണിവർ; നന്മയുടെ വിത്ത് വിതച്ചവരാണിവർ: സത്യത്തിന്റെ കിരണങ്ങൾ ചൊരിഞ്ഞവരാണിവർ. ഇവരുടെ മൊഴിമുത്തുകളും തത്വചിന്തകളും സ്വത്വത്തിന് നൽകുന്ന അനുഭൂതി വർണിക്കാനാവില്ല. ഈ പുണ്യജന്മങ്ങൾ ഇല്ലായിരുന്നുവെങ്കിൽ, ലോകം ഊഷരമായിപോയേനെ.

ദൈവത്താൽ നിയോഗിതരായവരാണ് മഹാമനീഷികൾ. ദൈവം ഓരോ ജനതയിലും ഒരു മാർഗദർശിയെ നിയോഗിച്ചിട്ടുണ്ടെന്ന് വിശുദ്ധവേദം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ദൈവത്താൽ നിയോഗിതരായ മഹദ്‌വ്യക്തികളുടെ എണ്ണം ഒരു ലക്ഷത്തിൽപ്പരം വരുമെന്ന് പ്രവാചകൻ മുഹമ്മദ് മൊഴിഞ്ഞിട്ടുണ്ട്. അവരിൽ ചുരുക്കം ചിലരേ വിശുദ്ധവേദം പരാമർശിക്കുന്നുള്ളൂ.

പ്രത്യക്ഷജ്ഞാനത്തിനപ്പുറം, പരോക്ഷജ്ഞാനത്താൽ അനഗൃഹീതരായിരുന്നു മഹാമനീഷികൾ. ധർമത്തിന്റെ സംസ്ഥാപനമായിരുന്നു അവരുടെ നിയോഗലക്ഷ്യം. ഭഗവദ്ഗീതയിൽ ശ്രീകൃഷ്ണൻ അക്കാര്യം വ്യക്തമാക്കുന്നുണ്ട്: ‘ഹേ ഭരതവംശജനായ അർജുനാ, എപ്പോഴെല്ലാം ധർമത്തിന് ക്ഷതവും അധർമത്തിന് മേൽകോയ്മയും ലഭിക്കുന്നുവോ, അപ്പോഴെല്ലാം ഞാൻ ആവിർഭൂതനാകുന്നു. ശിഷ്ടജനങ്ങളെ രക്ഷിപ്പാനും ദുഷ്ടജനങ്ങളെ ശിക്ഷിപ്പാനും ധർമം സംസ്ഥാപിക്കാനും ഞാൻ ആവിർഭവിക്കുന്നു’. ദൈവികമായ സ്വഭാവങ്ങൾ, വൈയക്തിമായ സ്വഭാവങ്ങൾ, മാനവികമായ സ്വഭാവങ്ങൾ തുടങ്ങിയവ മാതൃകാവ്യക്തിത്വങ്ങൾ മാനവികതക്ക് പകർന്നുകൊടുത്തു. ആത്മാവിൽ ദരിദ്രരായവരെ അനശ്വരതയിലേക്ക് ഉയർത്തുകയായിരുന്നു ധർമസംസ്ഥാപനത്തിലൂടെ ആ മഹാമനുഷ്യർ ചെയ്തത്.

ധർമസംസ്ഥാപനത്തിന്റെ സ്വാഭാവികമായ ഫലമായിരുന്നു മനുഷ്യന്റെ വിമോചനം. പ്രവാചകൻ മുഹമ്മദിനെ ദൈവം നിയോഗിച്ചത് മനുഷ്യന്റെ വിമോചനത്തിനായിരുന്നുവെന്ന് വിശുദ്ധവേദം വ്യക്തമാക്കുന്നുണ്ട്: ”അവരെ ഞെരിച്ചുകൊണ്ടിരിക്കുന്ന ഭാരങ്ങൾ ഇറക്കിവെക്കുന്നു. അവരെ കുരുക്കിയിട്ട വിലങ്ങുകൾ അഴിച്ചുമാറ്റുന്നു”(അൽഅഅ്‌റാഫ്: 157). തെറ്റായ വിശ്വാസത്തിൽനിന്നും ഭൗതികമായ അടിമത്തത്തിൽനിന്നുമാണ് മഹദ്‌വ്യക്തിത്വങ്ങൾ മനുഷ്യരെ മോചിപ്പിച്ചത്. ദൈവത്തിനുമാത്രം ജീവിതത്തെ സമർപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് വിമോചനം സാധ്യമാക്കിയത്. ‘ഒരു പ്രണാമം ആയിരം പ്രണാമങ്ങളിൽനിന്ന് മനുഷ്യനെ രക്ഷിക്കുന്നുവെന്ന്’ അല്ലാമാ ഇഖ്ബാൽ പറഞ്ഞിട്ടുണ്ട്.

മഹാമനീഷികളിലെ അവസാന കണ്ണിയാണ് പ്രവാചകൻ മുഹമ്മദ്. മക്കയിലാണ് അദേഹം പിറന്നത്. മദീനയിൽ ആ ജീവിതം അസ്തമിച്ചു. പ്രവാചകനെക്കുറിച്ച് മുൻവേദഗ്രന്ഥങ്ങളിൽ പരാമർശങ്ങൾ വന്നിട്ടുണ്ട്. ഇരുപത്തിമൂന്ന് വർഷമാണ് തന്റെ ദൗത്യത്തിൽ അദേഹം വിയർപ്പൊഴുക്കിയത്. മറ്റു പ്രവാചകന്മാരുടെ തുടർച്ചയാണ് താനെന്ന് അവിടുന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇനിയൊരു പ്രവാചകൻ വരില്ലെന്നും പ്രഖ്യാപിച്ചു. മനുഷ്യജീവിതത്തിന്റെ മുഴുവൻ മേഖലകളിലേക്കും ആവശ്യമായ നിയമങ്ങളും വിലക്കുകളും അടങ്ങുന്ന ധർമസംഹിത മുഹമ്മദിലൂടെ ദൈവം പൂർത്തീകരിച്ചതിനാലാണ് മറ്റൊരു പ്രവാചന്റെ ആവശ്യമില്ലാതെ വരുന്നത്.

മറ്റു പുണ്യപുരുഷന്മാർക്കില്ലാത്ത ചില സവിശേഷതകൾ പ്രവാചകൻ മുഹമ്മദിനുണ്ട്. ചരിത്രത്തിന്റെ തെളിഞ്ഞ പുസ്തകത്തിൽ ആ മഹാനുഭാവന്റെ മുഴുജീവിതവും ദർശിക്കാം. ജനനംമുതൽ മരണംവരെയുള്ള സംസാരം, കർമം, മൗനം, ജീവിതം തുടങ്ങി എല്ലാം അതിലുണ്ട്. മുഴുവൻ സ്വഭാവങ്ങളും ഉൾചേർന്ന പൂർണമനുഷ്യനായിരുന്നു മുഹമ്മദ്. ഉൽകൃഷ്ടസ്വഭാവത്തിന്റെ ഉടമസ്ഥനാണ് മുഹമ്മദെന്ന് വിശുദ്ധവേദം സാക്ഷിപത്രം നൽകുകയും ചെയ്തിട്ടുണ്ട്. സാമൂഹികപരിഷ്‌കരണത്തിന്റെ ചുമതല ഏറ്റെടുക്കുകയും അതിൽ വിജയക്കൊടി പറത്തുകയും ചെയ്ത പ്രായോഗിക വിപ്ലവകാരി കൂടിയായിരുന്നു പ്രവാചകൻ. ആ ജന്മം മാനവികതക്ക് മാതൃകയാണ്. വിശുദ്ധവേദം പറയുന്നു: ”തീർച്ചയായും നിങ്ങൾക്ക് ദൈവത്തിന്റെ ദൂതനിൽ മികച്ച മാതൃകയുണ്ട്”(അൽഅഹ്‌സാബ്: 21).

Related Articles