Current Date

Search
Close this search box.
Search
Close this search box.

അപരൻറെ വ്യക്തിത്വം സ്വീകരിക്കേണ്ടതില്ല

മറ്റൊരാളുടെ വ്യക്തിത്വം സ്വീകരിക്കുകയൊ അയാൾക്ക് വേണ്ടി വാദിക്കുകയൊ പ്രതിരോധം തീർക്കുകയൊ ചെയ്യേണ്ടതില്ല. അങ്ങനെയാണെങ്കിൽ അതൊരു നിത്യദുരന്തമാണെന്നെ പറയാൻ കഴിയൂ.

സ്വന്തത്തെയും സ്വന്തം ശബ്ദത്തെയും ചലനത്തെയും ദാനത്തെയുമെല്ലാം മറക്കുന്നവരാണ് പലരും. അത് മറ്റുള്ളവരോട് കെഞ്ചുന്നതിലേക്ക് നയിക്കുന്നു. സ്വന്തത്തിൻറെ പ്രധാന്യം ഇല്ലാതാവുന്ന അവസ്ഥ. ആദം നബി (അ) മുതൽ കഴിഞ്ഞ നൂറ്റാണ്ട് വരേയും രണ്ട് വ്യക്തികൾ തമ്മിൽ ഒരുപോലെയായിരുന്നിട്ടില്ല. പിന്നെ എന്തിനാണ് മറ്റൊരാളുടെ പെരുമാറ്റത്തിലും ഔദാര്യത്തിലും അനുകരിക്കാൻ ശ്രമിക്കുന്നത്?

നിങ്ങൾക്ക് തീർത്തും വ്യതിരിക്തമായ വ്യക്തിത്വമാണുള്ളത്. നിങ്ങളെ പോലെയുളള ഒരാൾക്ക് ചരിത്രത്തിൽ മറ്റൊരു ഉദാഹരണമില്ല. നിങ്ങളെ പോലൊരാൾ ഇനി ലോകത്ത് വരികയുമില്ല. നിങ്ങൾ പൂർണ്ണമായും അംറിൽ നിന്നും സൈദിൽ നിന്നും വിത്യസ്തനായ വേറൊരു വ്യക്തയാണ്. മറ്റൊരാളെ അന്ധമായി അനുകരിച്ച് അയാളുടെ കല്ലറയിൽ നിങ്ങളെ കുത്തിനിറക്കേണ്ടതില്ല.

നിങ്ങളുടെ രീതിയും മുല്യവുമായി മുന്നോട്ട് പോവുക. ഖുർആൻ പറയുന്നു: …..എല്ലാ വിഭാഗം ജനങ്ങളും തങ്ങൾ കുടിവെള്ളമെടുക്കേണ്ടിടം തിരിച്ചറിഞ്ഞു….2:60

മറ്റൊരു സൂക്തം ഇങ്ങനെ: ……ഓരോരുത്തർക്കും ഓരോ ദിശയുണ്ട്. അവർ അതിൻ്റെ നേരെ തിരിയുന്നു…..2:148

നീ സൃഷ്ടിക്കപ്പെട്ടത് പോലെ ജീവിക്കുക. നിങ്ങളുടെ ശബ്ദം മാറ്റേണ്ടതില്ല. നിങ്ങളുടെ സ്വരഭേദത്തിന് താളഭംഗം വരുത്തേണ്ടതില്ല. നിങ്ങളുടെ നടത്തത്തിൻറെ രീതി ഉപേക്ഷിക്കേണ്ടതില്ല. ദിവ്യ വെളിപാടനുസരിച്ച് മാറ്റം വരുത്തുക. നിങ്ങളുടെ വ്യതിരിക്തതയെ നശിപ്പിക്കുന്നതിനെക്കാൾ ഉപരിയായി, പൂർവ്വസൂരികൾ വിവരിച്ച് തന്ന ഖുർആനും തിരുചര്യയുമനുസരിച്ച് മാറ്റം വരുത്തുക.

നിങ്ങൾക്ക് തീർത്തും വ്യതിരിക്തമായ രുചിയും വർണ്ണവുമുണ്ട്. ഈ വർണ്ണത്തോടും രുചിഭേദത്തോടും കൂടി നിങ്ങളെ ഈ ലോകത്തിന് ആവശ്യമാണ്. കാരണം നിങ്ങൾ അത്പോലെയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. നിങ്ങളെ ഞങ്ങൾ അറിയുന്നതും അങ്ങനെതന്നെ. ഒരാളും അപരൻറെ വ്യക്തിത്വം സ്വീകരിക്കരുത്.

ജനങ്ങൾ അവരുടെ സഹജമായ പ്രകൃതി ഗുണത്തിൽ വൃക്ഷങ്ങളുടെ ലോകം പോലെയാണ്. വൃക്ഷങ്ങളിൽ കയ്പും മധുരവും ഉള്ളതും കുറിയതും നീളമുള്ളതുമുണ്ടാവും. അത്പോലെയാണ് ജനങ്ങളും. അപ്പോൾ നിങ്ങൾ ഒരു വാഴപ്പഴത്തെ പോലെയാണെങ്കിൽ, ആപ്പിളിനെ പോലെയാകാൻ ശ്രമിക്കേണ്ടതില്ല. കാരണം നിങ്ങളുടെ സൗന്ദര്യവും മുല്യവും നിങ്ങളൊരു വാഴപ്പഴമായിരിക്കുന്നതിലാണ് നിലകൊള്ളുന്നത്.

നമ്മുടെ വർണ്ണത്തിലും ഭാഷകളിലും ഔദാര്യത്തിലും കഴിവുകളിലുമുള്ള വ്യതിരിക്തത അത്യുന്നതനായ സൃഷ്ടാവിൻറെ അടയാളത്തിൽ നിന്നുള്ളതാണ്. അതിനാൽ അവൻറെ ചിഹ്നങ്ങളെ നിഷേധിക്കാതിരിക്കുക.

ആശയ മൊഴിമാറ്റം: ഇബ്റാഹീം ശംനാട്

Related Articles