Current Date

Search
Close this search box.
Search
Close this search box.

എനിക്ക് ഇസ്‌ലാം നല്‍കിയ പുതിയ ജീവിതം!

( പഠനകാലത്ത് തന്നെ ഇസ്ലാമിലേക്കു നയിച്ച സാഹചര്യം പങ്കുവെച്ച് അമേരിക്കയിലെ ഓര്‍ഗന്‍ സര്‍വകലാശായിലെ വിദ്യാര്‍ത്ഥി അബ്ദുറഹീം എഴുതിയ കുറിപ്പ്‌ )

അമേരിക്കയിലെ ഓര്‍ഗന്‍ സര്‍വകലാശാലയില്‍ പുതിയ വിദ്യാര്‍ത്ഥിയായി വന്ന വര്‍ഷം തന്നെ എനിക്ക് ഇസ്ലാമിനോട് താല്‍പര്യം ജനിച്ചിരുന്നു. അങ്ങനെയാണ് ഫേസ്ബുക്ക് മുഖേന എം.എസ്.എമു(മുസ്ലിം സ്റ്റുഡന്റ് അസോസിയേഷന്‍)മായി ബന്ധപ്പെടുന്നത്. അവരിലൂടെ ഇസ്ലാമിനെ അറിഞ്ഞു തുടങ്ങിയപ്പോള്‍, ആദ്യമായി പുറം ലോകം കാണുന്ന ഒരു കുഞ്ഞിന്റെ കൗതുകവും ജിജ്ഞാസയുമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. ജീവിതം സത്യത്തില്‍ നിന്ന് ഒരുപാട് തെന്നിമാറിയിരിക്കുന്നുവെന്ന് ബോധ്യപ്പെട്ടു തുടങ്ങിയ സമയമായിരുന്നു അത്. ജീവിത ക്ലേശങ്ങളില്‍ നിന്നും മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും മുക്തിനേടാന്‍ ലഹരിയില്‍ അഭയം പ്രാപിച്ചിരുന്ന കാലം. പക്ഷേ, അവയിലൊന്നും എനിക്ക് മനഃശാന്തി കണ്ടെത്താനായില്ല, മനസ്സെന്നും അസ്വസ്ഥമായി തന്നെ കിടന്നു. ഞാന്‍ ഒരു ഹൈന്ദവ വിശ്വാസിയായിട്ടാണ് വളര്‍ന്നതെങ്കിലും, എന്റെ കുടുംബ മതമെന്നതിലുപരി ആ ദര്‍ശനത്തില്‍ എനിക്കൊരു വിശ്വാസവുമില്ലായിരുന്നു. എന്നാല്‍ ഇസ്ലാമാകട്ടെ, ഒരുപാട് കാലമായി എന്നെ ആകര്‍ഷിച്ചിരുന്ന ഒരു ദര്‍ശനമായിരുന്നു.

നാട്ടിലായിരിക്കുമ്പോള്‍ ക്ഷേത്രങ്ങളിലേക്ക് നടത്തിയിരുന്ന തീര്‍ത്ഥാടന യാത്രകളില്‍ പോലും, വഴിമധ്യേയുള്ള മുസ്ലിം പള്ളികള്‍ എന്നെ ആകര്‍ഷിച്ചിരുന്നു. എന്താണ് അതിനകത്തെന്നറിയാനുളള കൗതുകമായിരുന്നു മനം നിറയേ ഉണ്ടായിരുന്നത്. ഇത്തരത്തില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു ഹൃദ്യമായ ബന്ധം ഇസ്ലാമിനോട് എനിക്കുണ്ടായിരുന്നു. അങ്ങനെ, ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ പഠിക്കണമെന്ന തോന്നല്‍ എന്റെ മനസ്സില്‍ ഉള്‍ക്കടമായി അനുഭവപ്പെട്ടു. അതിന്റെ ഭാഗമായി കോളേജിലെ ഖുര്‍ആന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ തുടങ്ങി. ഖുര്‍ആന്‍ പഠിതാക്കള്‍ എന്ന നിലയില്‍, ഖുര്‍ആനിലുള്ള ചില അദ്ധ്യായങ്ങള്‍ പഠിച്ച് നിരൂപണം ചെയ്യാന്‍ ഞാനും എന്റെ സഹപാഠികളും അവിടെ വെച്ച് ഏല്‍പ്പിക്കപ്പെട്ടിരുന്നു. അങ്ങനെ ആദ്യമായി ഞാന്‍ വായിച്ചത് ‘ശര്‍ഹ് ‘ അഥവാ വിശാലത നല്‍കല്‍ എന്നര്‍ഥം വരുന്ന ഒരു ചെറിയ അധ്യായമായിരുന്നു. അത് വായിക്കാന്‍ ഇടവന്ന സന്ദര്‍ഭം ഇന്നലെ നടന്നതുപോലെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു!

ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട ഒരു സമയമായിരുന്നു അത്. കുത്തഴിഞ്ഞ ജീവിതത്തിലൂടെ ഞാന്‍ ഞാനല്ലാതെ മാറിയിരുന്ന കാലം. എനിക്ക് എന്നോട് തന്നെ അറപ്പും വെറുപ്പും കുറ്റബോധവും തോന്നിയ നിമിഷം. മറു ഭാഗത്ത് പഠനവും പരീക്ഷയുമായി ബന്ധപ്പെട്ട മാനസിക പിരിമുറുക്കവും. കഴിഞ്ഞുപോയ മോശമായ ജീവിതമോര്‍ത്ത് ലൈബ്രറിയുടെ ഒരു മൂലയിലിരുന്ന് ഞാന്‍ അറിയാതെ കരഞ്ഞു പോയി. ഞാന്‍ പൂര്‍ണ്ണമായും തളര്‍ന്ന് പോയിരുന്നു. ജീവിതം അവസാനിച്ചതായി തോന്നിതുടങ്ങിയ ആ സമയത്താണ് ബാഗില്‍ ഖുര്‍ആനിന്റെ ഒരു കോപിയുളള കാര്യം ഞാന്‍ ഓര്‍ത്തത്. എനിക്ക് ആശ്വാസം പകരുന്ന എന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഞാന്‍ ഖുര്‍ആന്‍ എടുത്തു. അങ്ങിനെയായിരുന്നു സൂറത്തു ശര്‍ഹില്‍ ഞാന്‍ എത്തിപ്പെട്ടത്.

‘നിനക്ക് നിന്റെ ഹൃദയം നാം വിശാലത ഉള്ളതാക്കി തന്നില്ലേ?
നിന്നില്‍ നിന്ന് നിന്നെ ഞെരിച്ചിരുന്ന ആ ഭാരം നാം ഇറക്കിവെക്കുകയും ചെയ്തു
നിനക്ക് നിന്റെ കീര്‍ത്തി നാം ഉയര്‍ത്തി തരുകയും ചെയ്തു
തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ എളുപ്പം ഉണ്ടായിരിക്കും
നിശ്ചയം പ്രയാസത്തോടൊപ്പമാണ് എളുപ്പം’

ഇത് പാരായണം ചെയ്യാന്‍ തുടങ്ങിയപ്പോഴേക്കും എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. മനസ്സിന് എന്തെന്നില്ലാത്ത ഒരു ആശ്വാസം! ഹൃദയത്തില്‍ നിന്ന് വലിയൊരു ഭാരം നീങ്ങിയ പ്രതീതി. ഈ സൂറത്ത് പാരായണം ചെയ്ത് കഴിഞ്ഞപ്പോഴേക്കും ഇസ്ലാമിനെക്കുറിച്ച് കൂടുതല്‍ പഠിക്കാനുള്ള ആഗ്രഹം മനസ്സില്‍ ഉടലെടുത്തു. അങ്ങനെ, ഖുര്‍ആന്‍ ക്ലാസികള്‍ക്ക് പുറമേ സ്വന്തം നിലയില്‍ ഗവേഷണമാരംഭിച്ചു. ഒടുവില്‍ ഇസ്ലാം സ്വീകരിക്കാന്‍ സന്നദ്ധത അറിയിച്ചു എം.എസ്.ഐം-നു മെസ്സേജ് അയക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തി. എം.എസ്.ഐം-ന്റെ പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും ചേര്‍ന്ന് അന്ന് എന്നെ അവരുടെ ക്ലബ് ഓഫീസിലേക്ക് ക്ഷണിച്ചു. അവരുമായി അവിടെ കുറച്ചുനേരം സംസാരിച്ചിരുന്നു. ഞാന്‍ വളരെ വികാരഭരിതനായിരുന്നു. ആദ്യമായി സ്‌കൂളിലേക്ക് പോകുന്ന ഒരു കുട്ടിയുടെ പരിഭ്രമം!

ആ റൂമില്‍ ഞങ്ങള്‍ മൂന്നു പേര്‍ മാത്രമേ ഉണ്ടായിരുന്നുവെങ്കിലും കോടിക്കണക്കിന് വരുന്ന മുഴുവന്‍ മുസ്ലിംകളും എന്നെ നോക്കുന്നത് പോലെ എനിക്ക് തോന്നി. ഞാനവര്‍ക്ക് സ്വീകാര്യനാകുമോ, എന്റെ ഈ തീരുമാനം ഉചിതമാണോ എന്ന് തുടങ്ങിയ പല ആശങ്കകളും മനസ്സിലൂടെ കടന്നു പോയി. വീട്ടുകാരും കുടുംബക്കാരും അറിഞ്ഞാലുണ്ടാകാന്‍ പോകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഓര്‍ക്കാന്‍ തന്നെ വയ്യാത്ത അവസ്ഥയിലേക്ക് ഞാന്‍ എത്തി. പക്ഷേ, ഈ ആശങ്കകളൊന്നും തന്നെ ഇസ്ലാം സ്വീകരിക്കുന്നതിന് തടസ്സമായിനിന്നില്ല. കാരണം ഇസ്ലാം സത്യമാണെന്ന് എനിക്ക് ബോധ്യപ്പെട്ടു കഴിഞ്ഞിരുന്നു. അങ്ങനെ ഞങ്ങള്‍ പള്ളിയില്‍ എത്തി. അവിടെ പള്ളിമുറ്റത്ത് രണ്ടുപേര്‍ രാത്രി അത്താഴത്തിനുവേണ്ടിയുള്ള ബാര്‍ബിക്യു ഒരുക്കുന്ന തിരക്കിലായിരുന്നു. അവിടെ ഉണ്ടായിരുന്ന ഒരു സൗദിക്കാരനോട് പുതുതായി ഇസ്ലാമിലേക്ക് കടന്നുവരാനാഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്ന് സ്വയം പരിചയപ്പെടുത്തി. പക്ഷേ, അദ്ദേഹത്തില്‍ ഞാന്‍ പ്രതീക്ഷിച്ച ഭാവമാറ്റം ഒന്നും കണ്ടില്ല. ഒരുരുപക്ഷേ ഞാനീ സമുദായത്തില്‍ അവഗണിക്കപ്പെടുമോ, ഒറ്റപ്പെട്ടു പോകുമോ എന്നൊക്കെയുള്ള ആശങ്കയും ഭയവും എന്നില്‍ ഉളവാക്കാന്‍ അത് കാരണമായി.

ഒരു സ്ഥാപനത്തില്‍ പുതുതായി വരുന്ന ആള്‍ പഴയ ആളുകള്‍ക്കിടയില്‍ പരിഗണിക്കപ്പെടാതെ ഒറ്റപ്പെടുകയാണല്ലോ പതിവെന്നത് ഞാനോര്‍ത്തു. എം.എസ്.ഐം-ന്റെ പ്രസിഡന്റ് എന്നെയും കൂട്ടി പള്ളി ഇമാമിന്റെ അടുക്കല്‍ ചെന്ന് എന്നെ പരിചയപ്പെടുത്തി കാര്യങ്ങള്‍ അവതരിപ്പിച്ചു. ഞാന്‍ നാളെ ഈ പള്ളിയില്‍ മുഴുവനാളുകളുടെയും മമ്പില്‍ എന്റെ ഇസ്ലാം ആശ്ലേഷണം പ്രഖ്യാപിക്കണമത്രെ! ആ ദിവസത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങും. അത്രമാത്രം ഉത്കണ്ഠാ ജനകമായിരുന്നു ആ അനുഭവം. അതിനുവേണ്ടി ഞാന്‍ മാനസികമായും ശാരീരികമായും തയ്യാറെടുത്തു. കുളിച്ചു വൃത്തിയായി പുതുവസ്ത്രമണിഞ്ഞു. പുതിയൊരു ജീവിതം ആരംഭിക്കാന്‍ പോവുകയാണെന്നോര്‍ത്തപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല. പിറ്റേന്ന് പള്ളിയിലുള്ള മുഴുവനാളുകളെയും സാക്ഷിയാക്കി ഞാന്‍ പ്രഖ്യാപിച്ചു: ‘ആരാധനക്കര്‍ഹന്‍ അല്ലാഹു മാത്രമാണെന്നും പ്രവാചകന്‍ മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാണെന്നും ഞാന്‍ വിശ്വസിക്കുന്നു’
‘അള്ളാഹു അക്ബര്‍ അള്ളാഹു അക്ബര്‍’ എന്ന് പള്ളിയില്‍ തക്ബീറുകള്‍ മുഴങ്ങാന്‍ തുടങ്ങി. എന്നെ ആലിംഗനം ചെയ്യാനും അഭിനന്ദിക്കാനും ആളുകള്‍ തിരക്കുകൂട്ടി. ആശ്വാസ വാക്കുകള്‍ കൊണ്ടും അഭിനന്ദ പ്രവാഹം കൊണ്ടും ഞാന്‍ വീര്‍പ്പുമുട്ടി. ഒരു സഹോദരന്‍ എന്നെ അടുത്തിരുത്തി കൊണ്ട് പറഞ്ഞു: ‘താങ്കള്‍ ഇനിയൊരു നവജാതശിശുവിനെ പോലെ പരിശുദ്ധനാണ്. മുന്‍കഴിഞ്ഞ പാപങ്ങളില്‍ നിന്നെല്ലാം മുക്തനാണ്. പഴയകാല ജീവിതത്തെയോര്‍ത്ത് ഇനി വേവലാതി വേണ്ട. ഇവിടുന്നങ്ങോട്ട് പുതിയ ജീവിതമാണ്’.

ആ വാക്കുകള്‍ അറിയാതെ എന്റെ ചുണ്ടുകളില്‍ പുഞ്ചിരി വിടര്‍ത്തി. ജീവിതത്തില്‍ ഇന്നേവരെ ഞാന്‍ അനുഭവിച്ചിട്ടില്ലാത്ത ആഹ്ലാദവും ആശ്വാസവും മനസ്സില്‍ അലതല്ലി. മനസ്സിലുള്ള മുഴുവന്‍ പ്രയാസങ്ങളും ഉരുകിയൊലിച്ചത് പോലെ തോന്നി. ഇസ്ലാമിലേക്കുള്ള എന്റെ പ്രയാണം തുടങ്ങിയിട്ടേയൊള്ളൂ എന്ന് പിന്നീടുള്ള ജീവിതത്തിലൂടെ ഞാനറിഞ്ഞു. ഒരുപാട് പ്രതിസന്ധികളും പരീക്ഷണങ്ങളും നിറഞ്ഞതായിരുന്നു പിന്നീടങ്ങോട്ടുള്ള യാത്ര. പക്ഷെ ദിനംപ്രതി എന്റെ വിശ്വാസത്തിന് ദൃഢത വര്‍ധിച്ചുകൊണ്ടിരുന്നതേയുള്ളൂ. ഓരോ പ്രാവിശ്യവും പടച്ചവനെ സ്മരിക്കുമ്പോള്‍, ഏകനായ അവനു മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് നമസകരിക്കുമ്പോള്‍ ഈ ദര്‍ശനം സത്യമാണെന്ന് എനിക്ക് കൂടുതല്‍ ബോധ്യമായികൊണ്ടിരുന്നു. മുസ്ലിമായിട്ട് ഇന്നേക്ക് രണ്ടരവര്‍ഷം പൂര്‍ത്തിയായെങ്കിലും, ഇനിയും ഒരുപാട് പ്രതിസന്ധികളെ തരണം ചെയത് മുന്നേറേണ്ടതായിട്ടുണ്ട്, അനവധി പരീക്ഷണങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ട്. രണ്ടര വര്‍ഷം പിന്നിടുമ്പോള്‍ എന്റെ ജീവിതത്തിന്റെ ദിശ മാറ്റിയ ആ ദിനം ജീവിതത്തിലെ ഏറ്റവും സുന്ദര ദിനമായി ഇന്നും ഞാനോര്‍ക്കുന്നു.

അവലംബം: themuslimvibe.com

Related Articles