Current Date

Search
Close this search box.
Search
Close this search box.

വാഗ്ദാനങ്ങൾ നിറവേറ്റാനുള്ളതാണ്

ഇറാഖിലെ ഹീറാൻ എന്ന പ്രദേശം ഭരിച്ചിരുന്ന രാജാവായിരുന്നു നുഅമാൻ ബ്നു മുന്ദിർ. അദ്ദേഹം ഓരോ ദിവസവും ഓരോ മനസികവസ്ഥയിലായിരിക്കും. ചിലപ്പോൾ വലിയ സന്തോഷമുള്ള അവസ്ഥ. അപ്പോൾ അദ്ദേഹത്തിന്റെ മുന്നിൽ വരുന്ന ആളുകൾക്ക് വാരിക്കോരി സമ്മാനങ്ങൾ നൽകും. മറ്റു ചിലപ്പോൾ വിഷാദത്തിന്റെ ,ദുഃഖത്തിന്റെ ദിനങ്ങൾ ആയിരിക്കും. ആ സമയത്തു തന്റെ മുന്നിൽ കാണുന്ന ആളുകളെ കൊന്നു കളയുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. ഒരു ദിവസം ത്വാഈ ഗോത്രത്തിൽപ്പെട്ട ഒരു മനുഷ്യൻ വേട്ടക്കിറങ്ങുകയും ദൗർഭാഗ്യവശാൽ രാജാവിന്റെ മുന്നിൽ അകപ്പെടുകയും ചെയ്തു. അന്ന് രാജാവിന്റെ വിഷാദത്തിന്റെ ദിവസമായിരുന്നു. രാജാവ് അയാളോട് പറഞ്ഞു: എനിക്ക് താങ്കളെ കൊല്ലണം, അതല്ലാതെ മറ്റൊരു വഴിയും കാണുന്നില്ല. ആ മനുഷ്യൻ രാജാവിനോട് പറഞ്ഞു:  اصلحك الله .، لقد تركت أولادي يكاد الجوع يقتلهم..
“എന്റെ വീട്ടിൽ പട്ടിണിയാണ്. മക്കൾ പട്ടിണി കിടന്നു മരിക്കുമെന്ന് ഉറപ്പായപ്പോഴാണ് നിവർത്തിയില്ലാതെ ഞാൻ വേട്ടക്കിറങ്ങിയത്. അതിനാൽ എനിക്ക് താങ്കൾ രണ്ടു ദിവസം സമയം തരണം. ഞാൻ വീട്ടിലേക്ക് തിരിച്ചു പോയി എന്റെ മക്കളുടെ വിശപ്പ് മാറ്റിയതിനു ശേഷം അവർക്ക് വേണ്ട വസിയത്ത് നൽകിയതിന് ശേഷം മൂന്നാം ദിവസം ഞാൻ മടങ്ങി വരും. എന്നിട്ട് വേണമെങ്കിൽ താങ്കൾക്ക് എന്നെ കൊന്നു കളയാം.”
ഇതു കേട്ട രാജാവിന്റെ മനസലിഞ്ഞു. രാജാവ് അയാളോട് പറഞ്ഞു.
لا آذن لك حتي يضمن لك آمنا..
“കുഴപ്പമില്ല, താങ്കൾക്ക് വീട്ടിൽ പോയി തിരിച്ചു വരാം. പക്ഷെ താങ്കൾക്ക് വേണ്ടി ഒരാൾ ജാമ്യം നിൽക്കണം.” ആ മനുഷ്യൻ ചുറ്റും നോക്കിയപ്പോൾ പരിചയക്കാരനായ ഒരാളെ കണ്ടു. അദ്ദേഹം അയാളോട് പറഞ്ഞു: يا شريك بن عمرو.. اضمن لي عند الملك حتي اطعم أولادي وآتيك في اليوم الثالث.
“രാജാവിന്റെ അടുക്കൽ താങ്കൾ എനിക്ക് വേണ്ടി ജാമ്യം നിൽക്കുമോ. എന്റെ മക്കൾക്ക് ഭക്ഷണം നൽകി രണ്ടു ദിവസത്തിനുള്ളിൽ തിരിച്ചു വരുന്നതാണ്.”
ഷുറയ്ക്ക് എന്നു പേരുള്ള മനുഷ്യൻ പറഞ്ഞു. اصلحك الله ..هو علي ..
“ശെരി താങ്കളുടെ ജാമ്യം ഞാൻ ഏറ്റെടുത്തിരിക്കുന്നു.”
ആ മനുഷ്യൻ തന്റെ വീട്ടിലേക്ക് തിരിച്ചു പോയി. മൂന്നാമത്തെ ദിവസത്തിലേക്ക് കടന്നപ്പോൾ രാജാവ് ഷുറയ്ക്കിനെ വിളിച്ചു വരുത്തി. അയാളോട് പറഞ്ഞു:
أنت ضامن والله منه غارم
താങ്കൾ ജാമ്യക്കാരനാണ്. ജാമ്യകാരൻ കടക്കാരനുമാണ്”.
ഷുറയ്ക്ക് രാജാവിനോട് പറഞ്ഞു: “അവധി സമയം പൂർത്തിയായിട്ടില്ലലോ.. അത് പൂർത്തിയാകുന്നത് വരെ നമുക്ക് കാത്തിരിക്കാം.” അങ്ങനെ ആ ദിവസം അവസാനിക്കാനിരിക്കെ ഷുറയ്ക്കിനെ കൊല്ലാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ആളുകൾ രാജാവിനോട് പറഞ്ഞു. കുറച്ചു വൈകിപ്പിക്കുക. ദൂരെ നിന്നും ഒരാൾ വരുന്നുണ്ട്. ചിലപ്പോൾ അത് ആ മനുഷ്യൻ ആയിരിക്കാം. ആ രൂപം തെളിഞ്ഞു വന്നു. അത് അയാൾ തന്നെ ആയിരുന്നു. രാജാവ് അത്ഭുതപ്പെട്ടു. ജാമ്യം നിന്ന ഷുറയ്ക്കിനോട് രാജാവ് ചോദിച്ചു .
يا شريك..مالذي حملك على أن تضمن الرجل وربما اخلف وعده. وانت تقتل..
“എന്തു കണ്ടിട്ടാണ് താങ്കൾ ആ മനുഷ്യന് ജാമ്യം നിന്നത്. ഒരു പക്ഷെ അയാൾ കരാർ ലംഘിച്ചിരുന്നെങ്കിൽ താങ്കളാണ് അയാൾക്ക് പകരമായി കൊല്ലപ്പെടുക.”
ഷുറയ്ക്ക് പറഞ്ഞു:
إنما فعلت ذلك حتي لا يقال ضاعت المروءة من الناس.
“ജനങ്ങളിൽ നിന്ന് മനുഷ്യത്വം മറിച്ച്പോയിട്ടില്ല എന്ന് ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ഞാൻ അങ്ങനെ ചെയ്തത്.”
രാജാവ് ആ ത്വാഈ ഗോത്രക്കാരനോട് ചോദിച്ചു:
لقد نجوتك بنفسك فمالذي دعاك إلى أن تحضر لتقتل..
“താങ്കൾ രക്ഷപ്പെട്ടതല്ലേ. പിന്നെ എന്തിനാണ് വീണ്ടും ജീവൻ അപകടപെടുത്താൻ വന്നത്.”
ആ മനുഷ്യൻ പറഞ്ഞു:
اصلحك الله إنما جئت اسلم رقبتي للقتل حتى لا يقال ضاعت الوفاء من الناس
“ജനങ്ങൾക്കിടയിൽ നിന്ന് വാഗ്‌ദാന പൂർത്തീകരണം നഷ്ടപ്പെട്ടു പോയി എന്ന് പറയാതിരിക്കുന്നതിന് വേണ്ടിയാണ് ഞാൻ തിരിച്ചു വന്നത്.”
ഇത് കേട്ട് രാജാവിന് ലജ്ജ തോന്നി. താങ്കളെ ഞാൻ കൊല്ലുന്ന പക്ഷം ഈ മൂന്ന് പേരിൽ ഏറ്റവും നീചനായ വ്യക്തിയായി ഞാൻ മാറും.
قد عفوت عنك حتى لا يقال ضاع العفو من الناس
“ജനങ്ങളിൽ നിന്ന് വിട്ടുവീഴ്ച ചെയ്യുന്നത് മാഞ്ഞു പോയി എന്ന് പറയാതിരിക്കുന്നതിന് വേണ്ടി ഞാൻ താങ്കളെ വെറുതെ വിടുന്നു.”

പുരാതനമായ ഈ കഥയുടെ സന്ദേശം വാഗ്ദാന പൂർത്തീകരണമാണ്. വിശുദ്ധ ഖുർആന്റെ ഭാഷയിൽ വാഗ്ദാനങ്ങൾ നിറവേറ്റുക എന്നത് വിശ്വാസത്തിന്റെ ഭാഗമായാണ് കണക്കാക്കപ്പെടുന്നത്.
വിശ്വാസികളുടെ ഗുണമായി കൊണ്ട് അള്ളാഹു പരിചയപ്പെടുത്തുന്നത്.
والموفون بعهدهم اذا عاهدوا
(അവർ വാഗ്ദാനം ചെയ്താൽ പാലിക്കുന്നവരാകുന്നു.)
വാഗ്ദാന പൂർത്തീകരണത്തിന് മഹത്തായ പ്രതിഫലമുണ്ടെന്നാണ് ഖുർആൻ പറയുന്നത്:
ومن أوفى بما عاهد عليه الله فسيؤتيه أجرا عظيما} [الفتح :10
(അല്ലാഹുവുമായുള്ള കരാർ പൂർത്തികരിക്കുന്നവർക്ക് അതി മഹത്തായ പ്രതിഫലമാനുള്ളത്)
മനുഷ്യന്റെ ബുദ്ധിയുടെ ലക്ഷണമാണ് കരാർ പൂർത്തീകരണം.
إِنَّمَا يَتَذَكَّرُ أُولُو الْأَلْبَابِ . الذين يوفون بعهد الله ( الرعد :19)
(ബുദ്ധിയുള്ളവർ കരാർ പൂർത്തീകരിക്കുന്നവരാണ്.)
ഇസ്മായിൽ നബി (അ) റസൂൽ ആണെന്ന് പറയുന്നതിന് മുൻപ് ഖുർആൻ അദ്ദേഹത്തെ പറ്റി പറഞ്ഞത്: {وَاذْكُرْ فِي الْكِتَابِ إِسْمَاعِيلَ ۚ إِنَّهُ كَانَ صَادِقَ الْوَعْدِ وَكَانَ رَسُولًا نَّبِيًّا} [مريم : 54]
(വേദഗ്രന്ഥത്തില്‍ ഇസ്മാഈലിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം വാഗ്ദാനം പാലിക്കുന്നവനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു.)

എവിടെ നിന്നാണ് ഇസ്മായിൽ നബിക്ക് ഈ വിശേഷണം ലഭിച്ചത് എന്നു കൂടി ഖുർആൻ പരാമർശിക്കുന്നു. പിതാവിൽ നിന്ന് അനന്തരമെടുത്ത പരമ്പര്യമായിരുന്നു അത്.
റസൂൽ (സ) പ്രവാചകനായി തെരഞ്ഞെടുക്കപ്പെട്ടത്തിന്റെ കാരണങ്ങളിൽ ഒന്ന്, ജനങ്ങൾക്ക് അദ്ദേഹത്തെ വിശ്വാസമായിരുന്നു എന്ന് കാണാൻ കഴിയും. ഒരു വാക്ക് പറഞ്ഞാൽ അത് വാക്കായിരിക്കും. അത് കൊണ്ടാണ് അറേബ്യൻ സമൂഹം അദ്ദേഹത്തെ അൽ അമീൻ എന്ന് വിളിച്ചത്. കരാറുകൾ ലംഘിക്കുക എന്നത് വൃത്തികെട്ട സ്വഭാവങ്ങളിൽ പെട്ടതാണ്. അതിന്റെ അനന്തര ഫലം ആളുകളാൽ വെറുക്കപ്പെട്ടവനാവുക എന്നതും. അതു കൊണ്ടാണ് ഈ സ്വഭാവത്തെ വിശുദ്ധ ഖുർആൻ കപട വിശ്വാസികളുടെ വിശേഷണമായി എണ്ണിയിരിക്കുന്നത്.
{فَأَعْقَبَهُمْ نِفَاقًا فِي قُلُوبِهِمْ إِلَىٰ يَوْمِ يَلْقَوْنَهُ بِمَا أَخْلَفُوا اللَّهَ مَا وَعَدُوهُ وَبِمَا كَانُوا يَكْذِبُونَ} [التوبة : 77]
(അവര്‍ അവനെ കണ്ടുമുട്ടുന്ന ദിവസം (ന്യായവിധിയുടെ ദിവസം) വരെ അവരുടെ ഹൃദയങ്ങളില്‍ കാപട്യമുണ്ടായിരിക്കുക എന്നതാണ് അതിന്‍റെ അനന്തരഫലമായി അവന്‍ അവര്‍ക്ക് നല്‍കിയത്‌. അല്ലാഹുവോട് അവര്‍ ചെയ്ത വാഗ്ദാനം അവര്‍ ലംഘിച്ചത് കൊണ്ടും, അവര്‍ കള്ളം പറഞ്ഞിരുന്നതുകൊണ്ടുമാണത്‌.)
ഈ ആയത്തിലൂടെ കപട വിശ്വസികളുടെ മറ്റൊരു വിശേഷണം കൂടി ഖുർആൻ വ്യക്തമാക്കുന്നു. അവർ കളവു പറയുന്നവരാകുന്നു. കളവു പറയുന്നതും കരാർ ലംഘിക്കുന്നതും ഇരട്ട സന്തതികളെ പോലെയാണ്. അവ രണ്ടും പരസ്പരം ചേർന്നു വരുന്നതാണ്.
റസൂൽ (സ ) അരുൾ ചെയ്തു:
آية المنافق ثلاث . إذا حدث كذب وإذا وعد اخلف وإذا ائطمن خان
“മുനാഫിക്കുകളുടെ അടയാളങ്ങൾ മൂന്നെണ്ണം ആണ്. സംസാരിച്ചാൽ കളവു പറയും, വാഗ്ദാനം ചെയ്താൽ ലംഘിക്കും, വിശ്വസിച്ചേല്പിച്ചാൽ വഞ്ചിക്കും.”
ഇമാം റാഗിബ് അസ്ഫഹാനി പറയുന്നു :
الوفاء أخ الصدق والعدل ، والغذر أخ الكذب والجور
“കരാർ പൂർത്തീകരണം സത്യസന്ധതയുടെ സഹോദരൻ ആണ്, കരാർ ലംഘനം കളവിന്റെ സഹോദരനുമാണ്.”
മനുഷ്യന്റെ അന്തസ്സും അഭിമാനവുമായി ബന്ധപ്പെട്ടതാണ് കരാർ പൂർത്തീകരണം. കാരണം കരാർ ലംഘിക്കുന്നതോട് കൂടി അവന്റെ മനസ്സിൽ സത്യസന്ധതയുടെ അളവ് ലവലേശം ബാക്കിയുണ്ടാവില്ല. സത്യസന്ധതയോ ഈമാനിന്റെ ഭാഗവും.
സ്വഹാബികൾ വളരെ സൂക്ഷ്മമായാണ് ഈ വിഷയത്തെ കൈകാര്യം ചെയ്തിരുന്നത്. വാക്കു കൊടുത്താൽ ലംഘിക്കരുത് എന്നവർ ശഠിച്ചിരുന്നു.
ഇബ്നു അബി ദുന്യാ തന്റെ ഗ്രന്ഥത്തിൽ അബ്ദുല്ലാഹിബ്നു ഉമർ (റ) നെ കുറിച്ചു ഉദ്ധരിക്കുന്നതായി കാണാം: അദ്ദേഹം മരണ ശയ്യയിൽ കിടന്നു കൊണ്ട് ചുറ്റും കൂടി നിന്നവരോട് പറഞ്ഞു:
إنه كان حبّب إلي ابنتي رجل من قريش، وقد كان مني الي شبه الوعد ،، فوالله لا ألقى الله بثلث النفاق
شيف عني قد زوجته ابنتي
“ഖുറൈശികളിൽ നിന്ന് ഒരു മനുഷ്യൻ എന്റെ മകളെ വിവാഹം ആലോചിച്ചു വന്നിരുന്നു. ആ കാര്യത്തിൽ ഞങ്ങൾ ഏകദേശം ഒരു തീരുമാനത്തിൽ എത്തിയിട്ടുണ്ട്. ഞാൻ ഇപ്പൊൾ മരണകിടക്കിയിലാണ്. നിഫാഖിന്റെ അംശവുമായി അല്ലാഹുവിനെ കണ്ടു മുട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആ മനുഷ്യൻ എവിടെയാണെന്ന് എനിക്കറിയില്ല. അയാൾ തിരിച്ചു വരുന്നതിന് മുൻപ് ഞാൻ മരണപ്പെട്ടാൽ എന്റെ മകളെ അയാൾക്ക് വിവാഹം ചെയ്തു കൊടുത്തിരിക്കുന്നതിന് നിങ്ങളെ ഞാൻ സാക്ഷിയാക്കിയിരിക്കുന്നു,” ഈ വസ്വിയത്ത് ചെയ്തു കൊണ്ടാണ് അദ്ദേഹം മരണപ്പെടുന്നത്. ഇത്രത്തോളം ഗൗരവത്തിൽ ആണ് മുൻഗാമികൾ ഈ വിഷയത്തെ സമീപിച്ചിരുന്നത്.

നമ്മുടെ വായിൽ നിന്നും പുറത്തേക്ക് വരുന്ന ഓരോ വാക്കും വാഗ്ദാനങ്ങൾ ആണ്. അതിന് പവിത്രതയുണ്ട്. അത് പൂർത്തീകരിക്കേണ്ട ബാധ്യതയും നമ്മിലുണ്ട്. അത് നിറവേറ്റാത്ത പക്ഷം നമ്മുടെ വിശ്വാസ്യതയാണ് നഷ്ടപ്പെടുന്നത്. ഇങ്ങനെ ഓരോ വ്യക്തിയുടെയും വിശ്വാസ്യത നഷ്ടപ്പെട്ടു കൊണ്ടിരിക്കുമ്പോൾ സമൂഹത്തിന്റെ തന്നെ വിശ്വാസ്യതയാണ് നഷ്ടപ്പെടുന്നത് എന്ന് നാം തിരിച്ചറിയുക. ഈ അവസ്ഥയെ ഭയന്നു കൊണ്ടാണ് മേൽ ഉദ്ധരിച്ച കഥയിലെ ത്വാഈ ഗോത്രക്കാരൻ രാജാവിന്റെ അടുക്കലേക്ക് തിരിച്ചു വന്നത്. വിശ്വാസ്യത ,സമാധാനം, സത്യസന്ധത ഇവയൊന്നും ഇല്ലാത്ത ഒരു സമൂഹം കാടിന് തുല്യമാണ്. ഇത്തരത്തിലുള്ള ഒരു സമൂഹം ദുരന്ത ഭൂമിക്ക് തുല്യമാണ്. അറബി ചൊല്ലുകളിൽ കാണാം.
إذا رغد الوفاء نزل البلاء
“ഒരു സമൂഹത്തിൽ നിന്ന് വാഗ്ദത്ത പൂർത്തീകരണം അപ്രത്യക്ഷമായാൽ അവിടെ ദുരന്തം വന്നിറങ്ങും” എന്നാണ് ഈ ചൊല്ല് സൂചിപ്പിക്കുന്നത്. നമ്മുടെ ഓരോ വാക്കിനും മൂല്യമുണ്ട്. മനുഷ്യരിൽ നിന്നുണ്ടാകുന്ന ഓരോ വാക്കിനെയും പ്രവർത്തിയെയും രേഖപ്പെടുത്താൻ തങ്ങളുടെ ചുമലുകളിൽ അല്ലാഹു രണ്ട് മലക്കുകളെ നിശ്ചയിച്ചിരിക്കുന്നത്.  {مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ} [ق : 18]

(അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്‍റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല.) ആ വാക്കുകളോടുള്ള നമ്മുടെ സമീപനം സത്യസന്ധമാണോ എന്നു പരിശോധിക്കുവാൻ വേണ്ടിയാണത്.

ജാഹിലിയ്യാ കാലത്തുള്ളവർ പോലും തങ്ങളുടെ വാഗ്ദാനങ്ങൾ നിറവേറ്റിയിരുന്നതായി ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. അതിനു വേണ്ടി സ്വന്തം മക്കളുടെ ജീവൻ പണയം വെച്ചവർ അവരിലുണ്ടായിരുന്നു. വാഗ്ദാന പൂർത്തീകരണത്തിനു വേണ്ടി ഏതറ്റം വരെ പോകാനും അവർക്കു മടികാണിച്ചിരുന്നില്ല. എന്നാൽ ഇസ്‌ലാമിന്റെ അനുയായികൾ എന്നവകാശ പെടുന്ന നമ്മിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ആ മേഖലയിൽ കാലിടറുന്നു എന്നത് യാഥാർഥ്യമാണ്. സാധാരണ, പണ്ട് കാലത്ത് , രാഷ്ട്രീയക്കാരന്റെ വാഗ്ദാനങ്ങൾ പോലെ എന്നിങ്ങനെ പറഞ്ഞു കൊണ്ടിരിക്കും. അവർ ധാരാളം വാഗ്ദാനങ്ങൾ നൽകി കൊണ്ടിരിക്കും. എന്നാൽ അവയിലധികവും അവർ തന്നെ ലംഘിക്കുന്നു. എന്നാൽ ഇന്ന് രാഷ്ട്രീയ മേഖലയിൽ മാത്രമല്ല മനുഷ്യൻ ഇടപെടുന്ന ഏത് മേഖലയും പരിശോധിച്ചു നോക്കുമ്പോൾ ഈ പ്രവണത വ്യാപിച്ചിരിക്കുന്നതായി കാണാം. ഒരു സ്ഥാപനത്തിൽ ചേരുന്ന വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം ആ സ്ഥാപനത്തോട് ചെയ്യുന്ന കരാറാണ്. അല്ലാഹുവിന്റെ മുന്നിൽ പശ്ചാത്തപിക്കുന്ന അടിമയെ സംബന്ധിച്ചിടത്തോളം പശ്ചാത്താപം തന്നെ അല്ലാഹുവിനോടുള്ള കരാറാണ്. കുറ്റം ചെയ്തതിന് ശേഷം പിടിക്കപ്പെട്ടാൽ, ഇനി ആവർത്തിക്കില്ല എന്ന് മാതാപിതാക്കളുടെയും അധ്യാപകരുടെയും മുന്നിൽ നിന്ന് കരഞ്ഞു പറയുന്ന ഓരോ വാക്കുകളും കരാറുകാളാണ്. കച്ചവട ലാഭത്തിനു വേണ്ടി മോഹന വാഗ്ദാനങ്ങൾ നൽകി ചരക്ക് വിറ്റഴിക്കുമ്പോൾ, ആ ചരക്കിന് നൽകപ്പെട്ട വാഗ്ദാനങ്ങളുമായി ബന്ധമില്ലെങ്കിൽ കച്ചവടക്കാരൻ കരാർ ലംഘനം നടത്തിയവരുടെ കൂട്ടത്തിലായിരിക്കും അല്ലാഹുബിന്റെ മുന്നിൽ ഹാജറാക്കപ്പെടുക.
ഒരു സംഗതി ഏൽപ്പിക്കപ്പെടുമ്പോൾ ‘ ഞാൻ അതു ചെയ്തു കൊള്ളാം’ എന്നു പറയുന്ന സന്ദർഭങ്ങളിൽ ‘ഇൻഷാ അല്ലാഹ് ‘ എന്നു പറയണം എന്ന് അല്ലാഹു കല്പിക്കുന്നുണ്ട്.
{وَلَا تَقُولَنَّ لِشَيْءٍ إِنِّي فَاعِلٌ ذَٰلِكَ غَدًا} {إِلَّا أَن يَشَاءَ اللَّهُ ۚ [الكهف( 23 , 24)
(യാതൊരു കാര്യത്തെപ്പറ്റിയും നാളെ ഞാനത് തീര്‍ച്ചയായും ചെയ്യാം എന്ന് നീ പറഞ്ഞുപോകരുത്‌.   അല്ലാഹു ഉദ്ദേശിക്കുന്നവെങ്കില്‍ (ചെയ്യാമെന്ന്‌) )
അല്ലാതെ പറയാനുറച്ച അല്ലെങ്കിൽ ചെയ്യാനുറച്ച ഒരു കാര്യം, പൂർത്തീകരിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു കരാർ, ഒരു പക്ഷെ അതിനെതിരായി സംഭവിച്ചാലോ എന്ന് കരുതി ‘ഇൻഷാ അല്ലാഹ് ‘ എന്നു പറയാണം. ഇതാണ് വിശുദ്ധ ഖുർആന്റെ ഭാഷ. എന്നാൽ ഇന്ന് സമൂഹത്തിൽ ഇൻഷാ അല്ലാഹ് എന്നതിന്റെ അർത്ഥവും പ്രയോഗവും തെറ്റിയിരിക്കുന്നു. ഇന്നത് ചെയ്യുകയില്ല എന്ന് ഉറപ്പുള്ള കാര്യങ്ങൾക്കാണ് ഇക്കാലത്ത് ഇൻഷാ അല്ലാഹ് ഉപയോഗിക്കാറുള്ളത്. പിതാവ് മക്കളോട് “ഇൻഷാ അല്ലാഹ് ഞാൻ നിന്നെ കൊണ്ടു പോകാം” എന്നു പറഞ്ഞാൽ അവർക്ക് ഇത് നടക്കുകയില്ല എന്ന് മനസ്സിലായി. ഒരു കൂട്ടുകാരൻ മറ്റൊരു കൂട്ടുകാരനോട് ഇൻഷാ അല്ലാഹ് നാളെ തരാം എന്ന് പറഞ്ഞാൽ അവന് ഉറപ്പാണ് അത് സംഭവിക്കുകയില്ല. നാം ഖുർആന്റെ അധ്യാപങ്ങളിൽ നിന്ന് എത്രമാത്രം അകന്നിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇതെല്ലാം.
ഖുർആൻ പറയുന്നു:
{وَلَا تَتَّخِذُوا أَيْمَانَكُمْ دَخَلًا بَيْنَكُمْ فَتَزِلَّ قَدَمٌ بَعْدَ ثُبُوتِهَا } [النحل : 94]

(നിങ്ങള്‍ നിങ്ങളുടെ ശപഥങ്ങളെ അന്യോന്യം ചതിപ്രയോഗത്തിനുള്ള മാര്‍ഗമാക്കിക്കളയരുത്‌. (ഇസ്ലാമില്‍) നില്‍പുറച്ചതിന് ശേഷം പാദം ഇടറിപോകാനും അത് കാരണമായിത്തീരും) സമൂഹത്തിൽ നമുക്കുള്ള പരിഗണന ഇത് മുഖേന ഇല്ലാതാകുന്നു. ഒരു മനുഷ്യനെ കുറിച്ച് അഭിപ്രായം പറയുമ്പോൾ സത്യം മാത്രമേ പറയാവൂ എന്നതും കരാർ പൂർത്തീകരണത്തിന്റെ ഭാഗമാണ്. അബു സുഫിയാന്റെ ചരിത്രം ഇതിനു ഉദാഹരമാണ്. ഹിർക്കൽ രാജാവ് അദ്ദേഹത്തെ വിളിച്ചു വരുത്തി മുഹമ്മദിന്റെ സ്വഭാവത്തെ കുറിച്ച് ചോദിക്കുന്നുണ്ട്. അക്കാലത്ത് മുഹമ്മദ് (സ) അബൂ സുഫ്യാന്റെ ശത്രു ആയിരുന്നു. പക്ഷേ അദ്ദേഹം മുഹമ്മദ് നബിയെ കുറിച്ച് സത്യസന്ധമായി മറുപടി പറഞ്ഞു. കാരണം അദ്ദേഹം ഒരു സമൂഹത്തിന്റെ നേതാവ് ആയിരുന്നു. കളവ് പറയുക എന്നത് സമൂഹത്തിൽ നിലയും വിലയും ഉള്ള ആളുകൾക്ക് യോജിച്ചതല്ല. അബു സുഫ്യാൻ പറയുന്നു:
“ജീവിതത്തിൽ കളവ് പറയണം എന്ന് ആഗ്രഹിച്ചു കൊണ്ട് പറഞ്ഞ ഏക സത്യം ഇവിടെയാണ്. മുഹമ്മദിനെ കുറിച്ചു കളവ് പറയണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്നാൽ ആ മനുഷ്യനെ കുറിച്ച് ഇല്ലാത്തത് പറയുന്നത് എനിക്ക് യോജിച്ചതല്ല എന്നത് കൊണ്ടാണ് ഞാൻ മുഹമ്മദിനെ കുറിച്ച് സത്യം പറഞ്ഞത്.”

ജാഹിലിയ്യത്തിലെ അറബികൾ ഈ സ്വഭാവത്തെ ഉന്നതമായി കണ്ടിരുന്നു. വഞ്ചിക്കുകയും മറ്റും ചെയ്യുന്നവരെ അവർ അപമാനിക്കുകയും മോശക്കാരക്കുകയും ചെയ്തിരുന്നു. ‘ഉക്കാള് ‘ എന്ന ജാഹിലിയ്യാ ചന്തയിൽ ഒരു കൊടി ഉണ്ടായിരുന്നു. ഏതെങ്കിലും ഒരു ഗോത്രം വഞ്ചിക്കുകയോ വാക്ക് പാലിക്കാതിരിക്കുകയോ ചെയ്താൽ അവരുടെ പേരിൽ ആ കൊടി ഉയർത്തപ്പെടും. ഇത്രത്തോളം മോശമായ സ്വഭാവമായിട്ടായിരുന്നു അവർ ഈ വിശേഷണത്തെ കണ്ടിരുന്നത്.  കുതുബത്തുബ്നു മുഅസിൻ എന്ന കവി തന്റെ കാമുകിയോട് പറയുന്ന ചില വർത്തമാനങ്ങളുണ്ട്.  “അല്ലയോ സുമയ്യ.. ഞങ്ങളെ കുറിച്ച് നീ കേട്ടിട്ടുണ്ടോ ഞങ്ങളുടെ ഗോത്രത്തിൽപെട്ട ഒരാളെയും കുറിച്ച്, കരാർ പൂർത്തീകരിക്കാത്തതിന്റെ പേരിൽ ഒരിക്കലും ഉക്കാള് ചന്തയിൽ കൊടി ഉയർന്നതായി. ഞങ്ങൾ ആരോടെങ്കിലും കരാർ ചെയ്താൽ ആ സന്ധി ഞങ്ങൾ ലംഘിക്കുകയില്ല. എന്ന് മാത്രമല്ല ലംഘിക്കുന്നു എന്നു അവർക്ക് തോന്നുന്ന ഒരു പ്രവർത്തനത്തിൽ പോലും ഞങ്ങൾ ഏർപ്പെടുകയില്ല.”

മറ്റൊരു കൊടിയുണ്ട്. അല്ലാഹുവിന്റെ റസൂൽ (സ) പരലോകത്ത് ഉള്ള ഒരു കൊടിയെ കുറിച്ചു പറയുന്നുണ്ട്:   لِكُلِّ غَادِرٍ لِوَاءٌ يَوْمَ الْقِيَامَةِ، يُقَالُ : هَذِهِ غَدْرَةُ فُلَان
“ഖിയാമത് നാളിൽ ,കരാർ ലംഘിച്ചിട്ടുള്ള ഓരോ വ്യക്തിക്കും അല്ലാഹു ഓരോ കൊടി കൊടുക്കും. എന്നിട്ട് മാലാഖമാർ വിളിച്ചു പറയും: ഇന്ന വ്യക്തി ഇന്ന വ്യക്തിയെ വഞ്ചിച്ചതിന്റെ പേരിലുള്ള കൊടിയാണ് ആ പാറി കിടക്കുന്നത്.” ( സ്വഹീഹ് മുസ്‌ലിം)
കരാർ ലംഘിച്ചവർ നാളെ പരലോകത്ത് അപമാനിക്കപെടും എന്നതിലേക്കാണ് തിരു വചനം സൂചിപ്പിക്കുന്നത്.  { وأوفوا بالعهد إن العهد كان مسئولا} [الإسراء : 34]
(നിങ്ങള്‍ കരാര്‍ നിറവേറ്റുക. തീര്‍ച്ചയായും കരാറിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ്‌)

കരാറുകൾ പൂർത്തീകരിക്കേണ്ടത് അതിന്റെ സമയത്തു തന്നെയാണ്. ഒരു തൊഴിലാളിയെ നിങ്ങൾ വീട്ടിലേക്ക് വിളിച്ചാൽ അയാളുടെ വിയർപ്പ് ഉണങ്ങുന്നതിന് മുൻപ് കൂലി നൽകണം. അത് അയാളോടുള്ള കരാർ പൂർത്തീകരണമാണ്. മനുഷ്യരിൽ പലരും കരാർ പൂർത്തീകരിക്കുന്നവരാണ്. എന്നാൽ അതിന്റെ സമയത്തു പൂർത്തീകരിക്കുകയില്ല. വിശുദ്ധ ഖുർആന്റെയും തിരു സുന്നത്തിന്റെയും അധ്യാപനങ്ങൾ പഠിപ്പിക്കുന്നത് കരാറുകൾ അതിന്റെ സമയത്തു പൂർത്തീകരിക്കണം എന്നാണ്. ഹുദൈബിയ്യ സന്ധിയുടെ സന്ദർഭം. നബി (സ) ഖുറൈശികളുടെ നേതാവായ സുഹൈലുബ്നു അംറു മായി സന്ധി ചെയ്തു. ഉടമ്പടി പ്രകാരം മക്കയിൽ നിന്ന് ആരെങ്കിലും മദീനയിലേക്ക് വന്നാൽ അവരെ മക്കയിലേക്ക് തന്നെ തിരിച്ചയക്കണം എന്നാണ്. നബി (സ) അത് അംഗീകരിച്ചു. എന്നാൽ ഒപ്പു വെച്ചിരുന്നില്ല. ആ സമയത്താണ് അബൂ ജന്ദൽ (റ) ഓടി വന്നു. അദ്ദേഹത്തിന്റെ കാലുകളിൽ ചങ്ങലയുണ്ട്. ശരീരത്തിലെ മുറിപാടുകളിൽ നിന്ന് രക്ത മൊലിക്കുന്നുണ്ടായിരുന്നു. അദ്ദേഹം നബി (സ്വ) യോട് പറഞ്ഞു: താങ്കൾ കരാറിൽ ഒപ്പു വെച്ചു കഴിഞ്ഞാൽ എനിക്ക് മക്കയിലേക്ക് തന്നെ തിരിച്ചു പോകേണ്ടി വരും. പീഡനങ്ങൾ സാഹിക്കാവയ്യാതെയാണ് ഞാൻ താങ്കളിലേക്ക് അഭയം തേടി വന്നത്. എന്നെ ഉപേക്ഷിക്കരുത്. നബി (സ) സുഹൈലുബ്നു അംറി നോട് ചോദിച്ചു: നാം കരാറിൽ ഒപ്പു വെച്ചിട്ടില്ലല്ലോ, ആ നിലക്ക് ഇദ്ദേഹത്തെ ഇതിൽ നിന്നും ഒഴിവാക്കികൂടെ? . സുഹൈൽ മറുപടി പറഞ്ഞു: ഈ കരാർ ഇപ്പോൾ മുതൽ താങ്കൾ അംഗീകരിക്കുന്നില്ലെങ്കിൽ പിന്നെ ഒരിക്കലും ഇത് നിലവിൽ വരുകയില്ല. അവസാനം അബു ജന്ദൽ (റ)യെ സമാധാനിപ്പിച്ചു മക്കയിലേക്ക് തിരിച്ചയക്കുകയാണ് റസൂൽ (സ)
ചെയ്തത്.

ഒപ്പു വെക്കുന്നതിനു മുൻപേ കരാർ പാലിച്ച , അഭിമാന പൂർവമായ ചരിത്രമാണ് ഇസ്‌ലാമിനുള്ളത്.  എന്നാൽ ഇന്നത്തെ മുസ്‌ലിം ജീവിതത്തിൽ കരാർ പൂർത്തീകരണത്തിന്റെ പ്രസക്തി കുറഞ്ഞു വരുന്നത് കാണാൻ കഴിയും. സാമ്പത്തിക മേഖലയിലാണ് കരാർ പൂർത്തീകരണത്തിന്റെ പ്രാധാന്യമില്ലായ്മ കൂടുതലായി കണ്ടു വരുന്നത്. കടം അതിന് ഒരു ഉദാഹരണമാണ്. പലപ്പോഴും കടം എന്ന കരാർ പൂർത്തീകരിക്കണം എന്ന ചിന്ത പോലുമില്ലാതെയാണ് നാം ജീവിക്കുന്നത്. മുനാഫിഖിന്റെ അടയാളമായ ഈ സ്വഭാവത്തിൽ നിന്നും മുക്തി നേടികൊണ്ട് ജീവിതത്തിൽ കരാർ പൂർത്തീകരണത്തിന് വലിയ പ്രാധാന്യം ഉണ്ടെന്ന് മനസ്സിലാക്കി ജീവിതത്തെ ചിട്ടപെടുത്താൻ ശ്രമിക്കുക..

തയ്യാറാക്കിയത്: ഹാഫിസ് ബഷീർ

Related Articles