Current Date

Search
Close this search box.
Search
Close this search box.

തത്വജ്ഞാനം

‘സുഹൃത്തേ, മനുഷ്യസ്വത്വം പ്രകൃതിദത്തമായിതന്നെ
തത്വജ്ഞാനത്തിലാണ് കുടികൊള്ളുന്നത്’ -പ്ലേറ്റോ

ആശയങ്ങളെ ആഴത്തിൽ വീക്ഷിക്കാൻ സഹായിക്കുന്ന വൈജ്ഞാനികശാഖയാണ് തത്വജ്ഞാനം. യുക്തിജ്ഞാനം, തത്വചിന്ത എന്നിങ്ങനെയും അതിന് നാമങ്ങളുണ്ട്. ആംഗലേയഭാഷയിൽ ഫിലോസഫിയെന്നാണ് തത്വജ്ഞാനത്തിന്റെ ശബ്ദം. ഫിലോ, സോഫിയ എന്നീ ഗ്രീക്ക് പദങ്ങൾ ചേർന്നുണ്ടായതാണ് ഫിലോസഫി. ഫിലോയെന്നാൽ സ്‌നേഹമെന്നും സോഫിയയെന്നാൽ വിജ്ഞാനമെന്നും അർഥങ്ങൾ. വിജ്ഞാനത്തോടുള്ള അഗാധമായ സ്‌നേഹമാണ് ഫിലോസഫി.

അറബിഭാഷയിൽ തത്വജ്ഞാനത്തിന് ഹിക്മത്തെന്ന് പറയുന്നു. വിശുദ്ധവേദത്തിൽ ഇരുപതിടങ്ങളിൽ പ്രസ്തുത പദം വന്നിട്ടുണ്ട്. തിരുചര്യയിലും ഏറെ സ്ഥലങ്ങളിൽ വന്നിട്ടുണ്ട്. സോപാധികയുക്തിപ്രയോഗമെന്ന പരികൽപനയിലാണ് തത്വജ്ഞാനത്തിന്റെ ഇസ്‌ലാമിക പ്രസകതി. പ്രവാചകനിയോഗത്തിന്റെ ലക്ഷ്യം ഹിക്മത്ത് പഠിപ്പിക്കലായിരുന്നുവെന്ന് വിശുദ്ധവേദം പറയുന്നുണ്ട്. പ്രവാചകത്വത്തിന്റെ വിളക്കുമാടത്തിൽ നിന്നാണ് തത്വജ്ഞാനം ഉത്ഭവിക്കുന്നതെന്ന അറബിപ്രയോഗമുണ്ട്. പ്രവാചകൻ ഇദ്‌രീസ് അറിയപ്പെടുന്നത് തത്വചിന്തകരുടെ പിതാവെന്നാണ്. ലുഖ്മാൻ തത്വജ്ഞാനിയായ ലുഖ്മാനെന്ന് വിശേഷിപ്പിക്കപ്പെടുന്നു. തത്ത്വജ്ഞാനനിർഭരമാണ് വിശുദ്ധവേദം. ഹക്കീം ദൈവത്തിന്റെ ഒരു സുന്ദരനാമമാണ്. ആർക്കെങ്കിലും തത്വജ്ഞാനം ലഭിച്ചാൽ, മഹത്തായ നന്മ ലഭിച്ചിരിക്കുന്നുവെന്ന് വേദം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

അധ്യാത്മികശാസ്ത്രം, സത്താമീമാംസ, ജ്ഞാനമീമാംസ, തർക്കശാസ്ത്രം, നീതിശാസ്ത്രം, സൗന്ദര്യശാസ്ത്രം എന്നീ മേഖലകളാണ് തത്വജ്ഞാനം പ്രശ്‌നവൽക്കരിക്കുന്നത്. പ്രജ്ഞ പ്രയോഗിച്ചും ചോദ്യങ്ങൾ ചോദിച്ചും സംവാദങ്ങൾ നടത്തിയും മേൽവിഷയങ്ങളുടെ ആഴങ്ങളിലേക്ക് തത്വജ്ഞാനം കടന്നുചെല്ലുകയും ആഴത്തിലുള്ള വിജ്ഞാനം നുകരുകയും ചെയ്യുന്നു. ഉദാഹരണത്തിന് ജ്ഞാനശാസ്ത്രവുമായി ബന്ധപ്പെടുത്തി, എന്താണ് വിജ്ഞാനം? ഒരു വിജ്ഞാനം വിജ്ഞാനമാകുന്നതിന്റെ മാനദണ്ഡങ്ങൾ എന്തൊക്കെയാണ്? വിജ്ഞാനത്തിന്റെ സ്രോതസുകൾ എന്തൊക്കെയാണ്? വിജ്ഞാനത്തിന്റെ ലക്ഷ്യമെന്താണ്? തുടങ്ങി നിരവധി ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്. തത്വജ്ഞാനം അവക്കു കൃത്യമായി മറുപടി കണ്ടെത്തുന്നു.

ഒരു ആശയത്തിന്റെ പൊരുളുകൾ തിരിച്ചറിയുകയെന്നതും തത്വജ്ഞാനത്തിന്റെ പരിധിയിൽ വരുന്നതാണ്. ആ അർഥത്തിൽ ഇസ്‌ലാം തത്വജ്ഞാനത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം, സ്വയം ഒരു തത്വജ്ഞാനം കൂടിയാണ്. കാരണം, ഇസ്‌ലാം സമർപ്പിക്കുന്ന ഓരോ പാഠത്തിനും സവിശേഷമായ പൊരുളുകളുണ്ട്. ധാർമബോധം ഉറപ്പുവരുത്താൻ ഇസ്‌ലാം ആവശ്യപ്പെടുന്നത്, അത് വ്യക്തിക്കും സമൂഹത്തിനും ഗുണകരമായതിനാലാണ്. അധാർമികത വെടിയാൻ പറയുന്നത് അവ ദോഷകരമായതിനാലുമാണ്. നിസ്‌കാരം ദൈവസ്മരണക്കും നിർബന്ധദാനം സമ്പത്തിന്റെ നീതിപൂർമുള്ള വിതരണത്തിനും ഉപവാസം ധർമബോധത്തിനും മക്കയിലേക്കുള്ള തീർഥാടനം വ്യക്തിയുടെ പൂർണതയിലേക്കുള്ള ആരോഹണത്തിനും നിമിത്തമായി വർത്തിക്കുന്നു. അപ്രകാരം ഇസ്‌ലാമിലെ ഓരോ വിധിക്കും വിലക്കിനും പിന്നിൽ സവിശേഷമായ പൊരുളുകളുണ്ടെന്ന് തിരിച്ചറിയാനാവും.

നുഹ, ഹിജ്ർ, ലുബ്ബ്, അഖ്ൽ, ഫിക്ർ എന്നിങ്ങനെ പല പദങ്ങളും തത്വജ്ഞാനത്തിന്റെ പ്രയോഗത്തിന് ഇസ്‌ലാം ഉപയോഗിച്ചിട്ടുണ്ട്. ആശയങ്ങളെയും അതിന്റെ പൊരുളുകളെക്കുറിച്ചും ചിന്തിക്കാൻ വിശുദ്ധവേദം ആവശ്യപ്പെടുന്നുണ്ട്. വിശുദ്ധവേദം കാര്യങ്ങൾ പറഞ്ഞശേഷം, ”വിചാരശീലർക്ക് ഇതിലെല്ലാം ധാരാളം തെളിവുകളുണ്ട്” എന്നുകൂടി പലപ്പോഴും പ്രസ്താവിക്കുന്നുണ്ട്. പ്രവാചകസഖാക്കൾ പരസ്പരം ചോദ്യങ്ങൾ ചോദിച്ച് വിജ്ഞാനം വർധിപ്പിക്കാറുണ്ടായിരുന്നു. അവർ ചോദിച്ച ചില ചോദ്യങ്ങൾക്ക് ”യസ്അലൂനക” എന്നു പറഞ്ഞ് വിശുദ്ധവേദം മറുപടി പറയുന്നുണ്ട്. ചോദ്യങ്ങളിലൂടെ വിജ്ഞാനം വർധിപ്പിച്ച വനിതകളെ പ്രവാചകൻ വിശേഷിപ്പിച്ചത് ഇപ്രകാരമാണ്: ”അൻസ്വാരി വനിതകൾ എത്ര അനുഗ്രഹീതരായിരിക്കുന്നു. ഇസ്‌ലാമിൽ ആഴത്തിലുള്ള വിജ്ഞാനം ആർജിക്കുന്നതിൽനിന്ന് ലജ്ജ അവരെ പിന്തിരിപ്പിച്ചിട്ടില്ല”(മുസ്‌ലിം). അതുപോലെ ചിന്താമാതൃകകളോട് മാന്യമായ രീതിയിൽ സംവദിക്കാനും ആശയരംഗത്തും പ്രായോഗികരംഗത്തും യോജിപ്പിന്റെ വൈജ്ഞാനികതലങ്ങൾ കണ്ടെത്താനും ഇസ്‌ലാം ആവശ്യപ്പെടുന്നുണ്ട്.

Related Articles