Youth

പ്രതീക്ഷാ നിർഭരമാവട്ടെ ജീവിതം

നമ്മുടെ ജീവിതാവസ്ഥകള്‍ നിരന്തരം ചാഞ്ചാടിക്കൊണ്ടിരിക്കും. ഒരാളും ഒരിക്കലും ഒരേ അവസ്ഥയില്‍ നിലനില്‍ക്കുകയുമില്ല.അതില്‍ നന്മയും തിന്മയും, സംസ്‌കരണവും കുഴപ്പങ്ങളും, സന്തോഷവും സന്താപവും, പ്രതീക്ഷയും നിരാശയും ഉണ്ടാകും. പ്രത്യാശയും ശുഭാപ്തി വിശ്വാസവും മനുഷ്യാത്മാവില്‍ സ്ഥിരോത്സാഹം സാധ്യമാക്കുന്നു. അതോടൊപ്പം നമ്മില്‍ ക്ഷമയും സഹിഷ്ണുതയും ശീലമാക്കുന്നു.

ഇസ്ലാം അല്ലാഹുവെക്കുറിച്ച പ്രതീക്ഷയിലേക്കും ശുഭാപ്തി വിശ്വാസത്തിലേക്കും ക്ഷണിക്കുകയും നിരാശയെയും അശുഭാപ്തി വിശ്വാസങ്ങളെയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. നബി (സ്വ) പറയുന്നു: ശകുനം നോക്കല്‍ ( പക്ഷികളെ പറപ്പിച്ച് കൊണ്ട് ഭാഗ്യപരീക്ഷണം നടത്തുന്നത് ) അനുവദനീയമല്ല . തീര്‍ച്ചയായും ‘ഫഅ്ല്‍ ‘ ആകുന്നു നന്മ. അപ്പോള്‍ ചോദിച്ചു: പ്രവാചകരേ, എന്താണ് ‘ഫഅ്ല്‍ ‘ ?. തിരുമേനി പറഞ്ഞു: ‘നിങ്ങള്‍ കേള്‍ക്കുന്ന നല്ല വാക്ക് ‘ .(ബുഖാരി, മുസ്ലിം). അബീ ഹുറൈറ(റ) ഉദ്ധരിക്കുന്നു: നല്ല ശകുനത്തെ പ്രവാചകന്‍ ഇഷ്ടപ്പെടുകയും ദു:ശ്ശകുനത്തെ വെറുക്കുകയും ചെയ്തിരുന്നു.(ഇബ്‌നുമാജ, അല്‍ബാനി ).

അയ്യൂബ് (അ)യെ തന്റെ സമ്പത്തും സന്താനവും സൗഖ്യവും നീക്കിക്കൊണ്ട് തന്റെ രക്ഷിതാവ് പരീക്ഷിക്കുകയുണ്ടായി.എന്നിട്ടോ? . അല്ലാഹു പറയുന്നു: ‘അയ്യൂബ് തന്റെ നാഥനെ വിളിച്ച് പ്രാര്‍ത്ഥിച്ച കാര്യം ഓര്‍ക്കുക. ‘എന്നെ ദുരിതം ബാധിച്ചിരിക്കുന്നു. നീ കരുണയുള്ളവരിലേറ്റവും കരുണയുള്ളവനാണല്ലോ’. അപ്പോള്‍ അദ്ദേഹത്തിന് നാം ഉത്തരമേകി .അപ്പോള്‍ അദ്ദേഹത്തിനുണ്ടായിരുന്ന ദുരിതം ദൂരീകരിച്ച് കൊടുത്തു. അദ്ദേഹത്തിന് നാം തന്റെ കുടുംബത്തെ നല്‍കി. അവരോടൊപ്പം അത്രയും പേരെ വേറെയും കൊടുത്തു. നമ്മുടെ ഭാഗത്ത് നിന്നുള്ള അനുഗ്രഹമായാണത്. വഴിപ്പെടുന്നവര്‍ക്ക് ഒരോര്‍മ്മപ്പെടുത്തലും. (സൂറ: അല്‍ അമ്പിയാഅ 83,84).

അപ്രകാരം യഅഖൂബ്(അ)യും പരീക്ഷിക്കപ്പെട്ടു. അദ്ദേഹത്തിന് തന്റെ മകന്‍ യൂസുഫ് (അ)നെയും ശേഷം അദ്ദേഹത്തിന്റെ സഹോദരനെയും നഷ്ടമായി.എന്നാല്‍ അദ്ദേഹം ഒട്ടും നിരാശനായില്ല.മറിച്ച്, പ്രതീക്ഷയോടെയും പ്രത്യാശയോടെയും അദ്ദേഹം പറഞ്ഞു: ‘നന്നായി ക്ഷമിക്കുക, ഒരു വേള അവരെയെല്ലാം അല്ലാഹു എന്റെ അടുത്തെത്തിച്ചേക്കാം. അവന്‍ എല്ലാം അറിയുന്നവനും യുക്തിജ്ഞനും തന്നെ’ (സൂറ: യൂസുഫ് 83).

അല്ലാഹുവെക്കുറിച്ച വിശ്വാസത്താല്‍ ശക്തിപ്പെടുന്ന ഈ പ്രതീക്ഷ എത്ര മനോഹരം! ശേഷം പറയുന്നു: ‘എന്റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്റെ സഹോദരനെയും സംബന്ധിച്ച് അന്വേഷിച്ച് നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യത്തെ സംബന്ധിച്ച് നിരാശരാവരുത്. സത്യനിഷേധികളായ ജനമല്ലാതെ അല്ലാഹു വിന്റെ കാരുണ്യത്തെക്കുറിച്ച് നിരാശരാവുകയില്ല’.(സൂറ: യൂസുഫ് 87). ജനങ്ങള്‍ക്കിടയില്‍ വെറുപ്പുണ്ടാക്കുകയും അവരെ അപകര്‍ഷതയുടെയും നിന്ദ്യതയുടെയും സ്ഥാനത്ത് നിര്‍ത്തുകയും ചെയ്യുന്നവരെ പ്രവാചകന്‍ നിരുത്സാഹപ്പെടുത്തിയിരുന്നു.

അബൂ ഹുറൈറ(റ) ഉദ്ധരിക്കുന്നു: നബി(സ്വ) പറയാറുണ്ടായിരുന്നു: ”ജനങ്ങള്‍ നശിച്ചു’ ‘ എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവനാണ് അവരെ നശിപ്പിച്ചത്, അല്ലെങ്കില്‍ അവനാണ് അവരില്‍ ഏറ്റവും നശിച്ചവന്‍ ‘. ഇതേക്കുറിച്ച് അബൂ ഇസ്ഹാഖ് പറയുന്നു: പ്രസ്തുത ഹദീഥില്‍ ‘അഹ് ലകഹും'(അവന്‍ അവരെ നശിപ്പിച്ചു) എന്നാണോ ‘അഹ് ലകുഹും'(അവനാണ് അവരില്‍ ഏറ്റവും നശിച്ചവന്‍) എന്നാണോ പറഞ്ഞത് എന്ന് എനിക്കറിയില്ല.

നിരാശയും അശുഭാപ്തി വിശ്വാസവും പ്രവാചകന്‍ വിലക്കിയിരിക്കുന്നു. തീര്‍ച്ചയായും അവ അല്ലാഹുവെക്കുറിച്ച് ദുഷിച്ച വിചാരങ്ങള്‍ ജനിപ്പിക്കുന്നു. പ്രവാചകന്‍ (സ) തന്റെ രക്ഷിതാവിനെ ഉദ്ധരിച്ച് കൊണ്ട് ഇപ്രകാരം പറഞ്ഞു: ‘എന്റെ അടിമ എന്നെക്കുറിച്ച് എന്ത് വിചാരിക്കുന്നുവോ, അപ്രകാരമായിരിക്കും ഞാന്‍ (ബുഖാരി, മുസ്ലിം). നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെക്കുറിച്ച് എന്ത് വിചാരിക്കുന്നു?. തീര്‍ച്ചയായും നിങ്ങളുടെ വിചാരത്തിനനുസരിച്ചായിരിക്കും നിങ്ങളുടെ അവസ്ഥയും.

നിരാശ പ്രത്യാശ, ഈ രണ്ട് പദങ്ങള്‍ തമ്മില്‍ വളരെയധികം അന്തരമുണ്ട്. അപ്രകാരം തന്നെ പ്രത്യാശയും ശുഭപ്രതീക്ഷയും പുലര്‍ത്തി ജീവിക്കുന്ന വ്യക്തിയും, നിരാശയും അപപ്രതീക്ഷയുമായി ജീവിക്കുന്ന വ്യക്തിയും തമ്മില്‍ വളരെയധികം വ്യത്യാസമുണ്ട്.ഇവക്കിടയിലെ അന്തരമെന്തെന്ന് വെച്ചാല്‍, ജീവിതത്തെ ശുഭപ്രതീക്ഷയോടെയും ശുഭാപ്തി വിശ്വാസത്തോ ടെയും നോക്കിക്കാണുന്ന ആള്‍ ചലനാത്മകവും ഊര്‍ജസ്വലവുമായ മനസ്സിനുടമയായിരിക്കും.

മനുഷ്യ മനസ്സില്‍ നിന്ന് തെളിമ നിറഞ്ഞ ചിത്രം മറയുമ്പോള്‍ അവന്‍ നിരാശനായി, മനക്കരുത്ത് നഷ്ടപ്പെട്ട് ,ഒന്നിനും കഴിയാത്ത അവസ്ഥയിലെത്തുന്നു. ഇന്ന് , തീര്‍ച്ചയായും നമ്മില്‍ പ്രതീക്ഷ പരത്തുന്ന, നന്മയിലേക്കുള്ള വഴി എളുപ്പമാക്കുന്ന ആളുകളെയാണ് നമുക്ക് ആവശ്യം. നിരാശ ഒരു പരിഹാരവും മുന്നോട്ട് വെക്കുന്നില്ല. കുറേ വേദനകളും ബുദ്ധിമുട്ടുകളുമല്ലാതെ ഒന്നും തന്നെ അത് ഉണ്ടാക്കുന്നുമില്ല. മാത്രമല്ല, അത് നിങ്ങളുടെ മനസ്സില്‍ നിഷേധാത്മകമായ ചിന്തകള്‍ മാത്രം രൂപപ്പെടുത്തുകയും ചെയ്യുന്നു.

അവലംബം: al-forqan.net

Facebook Comments
Related Articles
Show More
Close
Close