Current Date

Search
Close this search box.
Search
Close this search box.

മനുഷ്യന്‍, ഒരു മഹാവിസ്മയം

‘മനുഷ്യന്‍, എത്ര മനോഹരമായ പദം’ -മാക്‌സിം ഗോര്‍ക്കി

മനുഷ്യന്‍ എന്നെന്നും ഒരു മഹാവിസ്മയമാണ്. അവനെപ്പറ്റി ദാര്‍ശനികരും ജ്ഞാനികളും ഏറെ എഴുതുകയും വര്‍ണ്ണിക്കുകയും ചെയ്തിട്ടുണ്ട്. ‘അത്ഭുതങ്ങളില്‍ അത്ഭുതമാണ് മനുഷ്യനെ’ന്ന് സോഫോക്ലീസ്. ‘മനുഷ്യന്‍ അവന്റെ സങ്കല്‍പ്പങ്ങള്‍ക്കപ്പുറം സങ്കീര്‍ണമാണെ’ന്ന് പോള്‍ വലേറി. ‘എല്ലാറ്റിന്റെയും അളവുകോല്‍ മനുഷ്യനാണെ’ന്ന് പ്രൊട്ടാഗൊറസ്.

ദൈവത്തിന്റെ സുന്ദരമായ ആവിഷ്‌കാരമാണ് മനുഷ്യന്‍. സത്താപരമായ മൂല്യവും വിലയും അവന് മാത്രമേയുള്ളൂ. താരതമ്യത്തിനുപോലും അര്‍ഹമല്ലാത്തവിധം, ഇരതജീവജാലങ്ങളേക്കാള്‍ ഉയര്‍ന്ന വിതാനത്തിലാണ് മനുഷ്യനുള്ളത്. മനുഷ്യനു തുല്യം മനുഷ്യന്‍ മാത്രം. ഓരോ മനുഷ്യനും വ്യത്യസ്തമായ പ്രപഞ്ചങ്ങളാണ്. കോടാനുകോടി മനുഷ്യര്‍ മണ്ണടിഞ്ഞു. കോടാനുകോടി ജീവിച്ചുകൊണ്ടിരിക്കുന്നു. ഇനിയും മനുഷ്യര്‍ പിറന്നുകൊണ്ടേയിരിക്കും. എന്നാല്‍, ഒരാളും മറ്റൊരാളെ പോലെയാവുന്നില്ല. രുപത്തിലും ഭാവത്തിലും പ്രതിഭയിലും വൈവിധ്യം പുലര്‍ത്തുന്നു.

സവിശേഷമായ അനുഗ്രഹങ്ങളുടെ ഒത്ത നടുവിലാണ് മനുഷ്യന്‍. ദൈവമാണ് അനുഗ്രഹങ്ങളുടെ ദാതാവ്. സ്വത്വം, അതിന്റെ രണ്ട് അടരുകളായ ആത്മാവ്, പ്രജ്ഞ എന്നിവ മനുഷ്യനെ ആത്മജ്ഞാനിയും തത്വജ്ഞാനിയുമാക്കുന്നു. ചിന്ത, ബോധം, ഭാവന, ഓര്‍മ തുടങ്ങിയവ അവനെ അനശ്വരനാക്കുന്നു. അസാധ്യമായതിനെ സാധ്യമാക്കുന്ന പ്രത്യേക ജനുസ്സാണ് മനുഷ്യന്‍. സാധ്യതകളുടെ മാത്രം അത്യപൂര്‍വ്വ സമാഹാരം. ചരിത്രം, സംസ്‌കാരം, സാഹിത്യം, കല, ദര്‍ശനം തുടങ്ങിയവ മനുഷ്യന്റെ മാത്രം സംഭാവനകളാണ്.

മനുഷ്യന്റെ ശില്‍പഭംഗിയെക്കുറിച്ചൊന്ന് ചിന്തിച്ചുനോക്കൂ. എത്ര സുന്ദരനും സുമുഖനുമാണവന്‍! എത്ര കലാചാതുരിയോടെയാണ് അവന്‍ ആവിഷ്‌കൃതമായിരിക്കുന്നത്. ആകാശത്തേക്ക് ഉയര്‍ന്നുനില്‍ക്കുന്ന ശിരസ്സും മുന്നോട്ടാഞ്ഞ് നില്‍ക്കുന്ന മുഖവും. മുഖത്ത് കാണുന്ന കൊത്തുപണികള്‍ ആരെയാണ് അത്ഭുതപ്പെടുത്താതിരിക്കുക. ആവശ്യമായ ദ്വാരങ്ങള്‍. ഇന്ദ്രിയങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്ന കണ്ണും ചെവിയും എടുപ്പോടെ നിലകൊള്ളുന്നു. മുഖത്ത് നടുവിലായി ശ്വസോഛ്വാസത്തിന് സഹായമേകുന്ന മൂക്ക്. അതിന് തൊട്ടു താഴെ വായ. വായക്ക് ആവരണമായി അധരങ്ങള്‍. അധരങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍, മോണയും പല്ലുകളും പുറത്തേക്ക് കാണുംവിധം മനുഷ്യന്‍ വിരൂപനായേനേ.

മസ്തിഷ്‌കത്തിന്റെ കാര്യം എടുത്തുനോക്കൂ. മനോവ്യാപാരമെന്ന മസ്തിഷ്‌കധര്‍മം നിര്‍വഹിക്കുന്നത് നാഡീകോശങ്ങളാണ്. ഇരുനൂറിലധികം ഇനം നാഡീകോശങ്ങളുണ്ട് മസ്തിഷ്‌കത്തില്‍. ആകെ നാഡീകോശങ്ങളുടെ എണ്ണം പതിനായിരം കോടി വരും. ഓരോ നാഡീകോശവും പരസ്പര ബന്ധിതമാണ്. കേള്‍വി, കാഴ്ച, ഗന്ധം, രുചി, സ്പര്‍ശം പോലുള്ള സംവേദന പ്രക്രിയകകള്‍ സാധ്യമാവുന്നത് നാഡീകോശങ്ങളുടെ പരസ്പര ചേര്‍ച്ചയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ മൂലമത്രെ.

മനുഷ്യനെക്കുറിച്ച് വേണ്ടുവോളം സംസാരിച്ചിരിക്കുന്നു ഇസ്‌ലാം. മികവാര്‍ന്നതും കുറ്റമറ്റതുമായ രീതിയിലാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നതെന്ന് വിശുദ്ധവേദം പറയുന്നു: ”നിശ്ചയം, നാം മനുഷ്യനെ ഏറ്റവും സുന്ദരമായ ഘടനയില്‍ സൃഷ്ടിച്ചു”(അത്തീന്‍: 4). കണ്ണിന്റെ സ്ഥാനത്ത് കണ്ണ്, മൂക്കിന്റെ സ്ഥാനത്ത് മൂക്ക്, ചെവിയുടെ സ്ഥാനത്ത് ചെവി എന്നിങ്ങനെ ബാഹ്യാവയവങ്ങള്‍ ഓരോന്നും ദൈവം കൃത്യമായി നിര്‍ണയിച്ചിരിക്കുന്നു. ആന്തരികാവയവങ്ങള്‍ക്ക് അവയുടേതായ സ്ഥാനങ്ങള്‍ നല്‍കിയിരിക്കുന്നു. ഏതെങ്കിലും ഒരവയവം സ്ഥാനംതെറ്റി വന്നിരുന്നെങ്കില്‍, മനുഷ്യന്റെ മൊത്തം സൗന്ദര്യത്തെതന്നെ അത് ബാധിക്കുമായിരുന്നു.

അപ്രകാരം, ഇസ്‌ലാം മനുഷ്യനെ ആദരിച്ചിരിക്കുന്നു. വിശുദ്ധവേദം പറയുന്നു: ”നിശ്ചയം, നാം ആദം സന്തതികളെ ആദരിച്ചിരിക്കുന്നു. അവര്‍ക്കു നാം കടലിലും കരയിലും സഞ്ചരിക്കാനായി വാഹനങ്ങളൊരുക്കി. ഉത്തമ വിഭവങ്ങള്‍ ആഹാരമായി നല്‍കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളേക്കാള്‍ നാമവര്‍ക്ക് മഹത്വമേകുകയും ചെയ്തു”(അല്‍ഇസ്‌റാഅ്: 70). തിരുചര്യ പറയുന്നു: ”നിങ്ങളുടെ ദൈവം ഒന്ന്. നിങ്ങളുടെ പിതാവുമൊന്ന്. അറബ് വംശജന് അറബല്ലാത്തവനേക്കാളോ, അറബല്ലാത്തവന് അറബ് വംശജനേക്കാളോ ശ്രേഷ്ഠതയേയില്ല. വെളുത്തവന്‍ കറുത്തവനില്‍നിന്നോ, കറുത്തവന്‍ വെളുത്തവനില്‍നിന്നോ വ്യത്യസ്തനുമല്ല. എല്ലാവരും ആദമെന്ന ആദിപിതാവില്‍നിന്ന്; ആദമാകട്ടെ മണ്ണില്‍നിന്നും”(ബുഖാരി, മുസ്‌ലിം).

Related Articles