Current Date

Search
Close this search box.
Search
Close this search box.

സൗന്ദര്യമുള്ള ആദർശം

‘ജനലഴികൾ തുറക്കാതെതന്നെ താവോയുടെ ദർശനം ലഭ്യമാക്കാം’ -ലോവോത്സു

അഴകുള്ളതും സുഭദ്രവുമായ ആദർശമാണ് ഇസ്‌ലാം സമർപ്പിക്കുന്നത്. ‘അല്ലാഹുവല്ലാതെ മറ്റൊരു ദൈവമേയില്ല, മുഹമ്മദ് ദൈവത്തിന്റെ ദൂതനാകുന്നു’ എന്ന വചനത്തിൽ വിശ്വാസത്തിന്റെ മുഴുവൻ തലങ്ങളും മനോഹരമായി സന്നിവേശിക്കപ്പെട്ടിരിക്കുന്നു. ആദർശത്തിന്റെ ഉള്ളഴകുകളാണ് ദൈവവിശ്വാസവും പ്രവാചകന്മാരിലുള്ള വിശ്വാസവും വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസവും മാലാഖമാരിലുള്ള വിശ്വാസവും പരലോകവിശ്വാസവും. അഥവാ ഇപ്പറഞ്ഞ വിശ്വാസങ്ങളുടെ സമുച്ചയം സുന്ദരമായ ഒരു ആദർശമായി പൂവിരിയുന്നു.

ഇസ്‌ലാമിലെ ഓരോ വിശ്വാസത്തിനും അവയുടെ സ്ഥാനവും ക്രമവുമുണ്ട്. സ്ഥാനചലനം സംഭവിച്ചതും ക്രമഭംഗം വന്നതുമായ വിശ്വാസം വിരൂപമായിരിക്കും. വിശ്വാസങ്ങളുടെ കൂട്ടത്തിൽ ദൈവവിശ്വാസമാണ് ഏറ്റവും പ്രധാനം. ദൈവത്തെക്കുറിച്ച ശരിയായതും ഉണർന്നിരിക്കുന്നതുമായ അവബോധമാണ് ദൈവവിശ്വാസം. ദൈവസ്മരണ, ദൈവസാന്നിധ്യം അനുഭവിക്കൽ, ദൈവസ്‌നേഹം, ദൈവതൃപ്തി, ദൈവത്തിലുള്ള പ്രതീക്ഷ തുടങ്ങി ഒട്ടനവധി തത്വങ്ങൾ ദൈവവിശ്വാസത്തിന്റെ ചേരുവകളാണ്. എല്ലാറ്റിനുമുപരി ദൈവത്തിന്റെ ദർശനമാണ് പരമപ്രധാനം. ദൈവത്തോടുള്ള അഗാധമായ പ്രണയത്തിൽനിന്നാണ് ദൈവദർശനം സാധ്യമാവുന്നത്. ‘ഭ്രമമൊക്കെ പോയെന്റുള്ളം തെളിഞ്ഞു, ഏകദൈവത്തിൽ ലയിച്ചെന്റെ ചിത്ത’മെന്ന് മഹാകവി കബീർ ദൈവപ്രണയത്തെ മുൻനിർത്തി പാടുന്നുണ്ട്. നിസ്‌കാരം, നിർബന്ധദാനം, ഉപവാസം, തീർഥാടനം തുടങ്ങിയ ആരാധനകളുടെയും മറ്റു വിധിവിലക്കുകളുടെയും ആന്തരികപൊരുളായി വർത്തിക്കുന്നത് ദൈവദർശനമത്രെ.

ദൈവദർശനം അനുഭവിക്കാനാവുകയെന്നത് വലിയ സൗഭാഗ്യമാണ്. ഈ ലോകത്തും പരലോകത്തുമുണ്ട് ദൈവദർശനം. ഇവിടുത്തെ ദൈവദർശനം എന്താണെന്ന് പ്രവാചകൻ പഠിപ്പിച്ചുതന്നിട്ടുണ്ട്. ദൈവത്തെ കൺമുന്നിൽ അനുഭവിക്കുംപോലെ മുഴുജീവിതത്തെ ക്രമീകരിക്കലാണത്. ദൈവത്തിന്റെ യഥാർഥ കാഴ്ച സാധ്യമാകുന്നില്ലെങ്കിലും, ദൈവം തീർച്ചയായും നമ്മെ കാണുന്നുണ്ട്. പരലോകത്തെ ദൈവദർശനം ദൈവത്തെ യഥാതഥമായി അനുഭവിക്കലാണ്. വിശ്വാസിക്ക് സ്വർഗത്തിൽ ലഭിക്കുന്ന പല അനുഗ്രഹങ്ങളിൽ ഏറ്റവും വലിയ സൗഭാഗ്യമാണിത്. ‘ദൈവമേ, നിന്റെ മുഖദർശനം എനിക്ക് നിഷേധിക്കരുതേ’യെന്ന് പ്രശസ്ത സൂഫീവനിത റാബിഅ ബസ്വരിയ്യ പ്രാർഥിക്കാറുണ്ടായിരുന്നു.

മറ്റു വിശ്വാസങ്ങൾക്കും തിളക്കവും തെളിച്ചവും വേണ്ടുവോളം ഉണ്ടാവണം. അവസാനപ്രവാചകനായ മുഹമ്മദ് നബിയെ ദൂതനും നേതാവും വഴികാട്ടിയുമായി ഉൾകൊള്ളുമ്പോഴാണ് പ്രവാചകനിലുള്ള വിശ്വാസം പൂർണതയിലേക്ക് വഴിനടക്കുന്നത്. ഇസ്‌ലാമിന്റെ വിജ്ഞാനസ്രോതസ്സുകളായ വിശുദ്ധവേദവും തിരുചര്യയും അനിർവചനീയമായ മാർഗദർശകതത്വങ്ങളാണ്. അവയിലുള്ള വിശ്വാസം, മറ്റു വിശ്വാസങ്ങളുടെ കാവലാളായി വർത്തിക്കുന്നു.

ശരിയായ ആദർശം ഒരുതരം ശാന്തിനിർഭരമായ സുരക്ഷിതത്വം പ്രദാനംചെയ്യുന്നു. ഒരു കുഞ്ഞ് തന്റെ മാതാപിതാക്കളിൽനിന്ന് അനുഭവിക്കുന്ന സംരക്ഷണകവചമുണ്ട്. അതിനപ്പുറമുള്ള സംരക്ഷണത്തിന്റെ മേലാപ്പ് ദൈവവിശ്വാസത്തിന്റെ ഫലമായി ഉണ്ടാവുന്നു. ആദർശം നൽകുന്ന സുരക്ഷിതത്വത്തിന്റെ നീൾച്ചയാണ് ഭയവും ദുഖരഹിത ജീവിതവും. വരാനിരിക്കുന്ന കാര്യങ്ങളെ ആലോചിച്ചായിരിക്കും ഭീതി രൂപപ്പെടുക. കഴിഞ്ഞുപ്പോയ നഷ്ടങ്ങളെ ഓർത്തായിരിക്കും ദുഖം ഖനീഭവിക്കുക. മുഴുവൻ ഭീതികളിൽനിന്നും മുഴുവൻ ദുഖങ്ങളിൽനിന്നും മുക്തി നൽകി ജീവിതത്തിന് പ്രത്യാശ നൽകുന്നു ആദർശം. ശരിയായ ജീവിതവീക്ഷണവും ധർമബോധവും ആദർശം പകരുന്ന മറ്റു ഫലങ്ങളാണ്.

വിശ്വാസങ്ങളുടെ സമുച്ചമായ ആദർശത്തിന് ക്ലാവ് പിടിക്കാതെ നോക്കണം. നിതാന്തമായ ഉണർവും ജാഗ്രതയും ജീവിതവിശുദ്ധിയും അതിനാവശ്യമാണ്. ഇരുമ്പിന് തുരുമ്പ് പിടിക്കുംപോലെ ആദർശത്തിന് നിറഭംഗം സംഭവിക്കുമെന്ന് പ്രവാചകൻ പ്രവചിച്ചിട്ടുണ്ട്. അപ്പോഴൊക്കെ, ആദർശത്തിന്റെ തിളക്കം കൂട്ടാൻ പ്രവാചകൻ നിർദേശിച്ച പ്രതിവിധി, അതിനെ നവീകരിച്ചുകൊണ്ടേയിരിക്കുക എന്നാണ്. എങ്ങനെയാണ് ആദർശത്തെ നവീകരിക്കേണ്ടതെന്നും അവിടുന്ന് അരുളുകയുണ്ടായി. ദൈവസ്മരണ, മരണസ്മരണ, വേദപാരായണം എന്നിവ വർധിപ്പിക്കലാണ് ആദർശത്തിന്റെ തെളിമ നിലനിർത്താൻ പ്രവാചകൻ ഉപദേശിച്ച പ്രതിവിധികൾ.

Related Articles