Current Date

Search
Close this search box.
Search
Close this search box.

എങ്ങിനെയാണ് യുവതയ്ക്ക് വഴി കാണിക്കേണ്ടത്

ഒരു ഇടതു പക്ഷ വിഭാഗം നടത്തിയിരുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള സമ്മര്‍ ക്യാമ്പില്‍ ആദിലും പോയിരുന്നു. വൈകീട്ടാണ് ക്യാമ്പ്. തിരിച്ചു വന്ന അവനോടു നമസ്കരിച്ചോ എന്ന ചോദ്യത്തിന് നമസ്കരിക്കാന്‍ സൗകര്യം കിട്ടിയില്ല എന്നായിരുന്നു മറുപടി. പിറ്റേന്ന് പ്രഭാത നമസ്കാരത്തിന് പള്ളിയില്‍ പോകുമ്പോള്‍ അവനെ അടുത്ത് പിടിച്ചു ഞാന്‍ പറഞ്ഞു “പ്രതികൂല സാഹചര്യത്തില്‍ എങ്ങിനെ ജീവിതം മുന്നോട്ട് കൊണ്ട് പോകണം എന്നതാണ് നാം പഠിക്കേണ്ടത്…………. അത് കൊണ്ട് നമസ്കാരം അതിന്റെ സമയത്ത് നിര്‍വഹിക്കണം. അത് സംഘാടകരോട് പറഞ്ഞാല്‍ മതി………..”. അന്ന് വൈകീട്ട് സമയമായപ്പോള്‍ അവന്‍ സംഘാടകരെ ഓര്‍മ്മിപ്പിച്ചു. അവര്‍ അതിനുള്ള സൗകര്യം ഒരുക്കി നല്‍കുകയും ചെയ്തു.

ഇതൊരു ഉദാഹരണം മാത്രം. കുട്ടികളെ ബുദ്ധിമുട്ടുകള്‍ അറിയിക്കാതെ ജീവിപ്പിച്ചു എന്നതാണ് പലപ്പോഴും രക്ഷിതാക്കള്‍ പറയുന്ന മഹത്തായ കാര്യം. ഒരിക്കല്‍ അബുദാബിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു മാധ്യമം പത്രത്തിന്റെ എഡിറ്റര്‍ ഓ. അബ്ദുറഹിമാന്‍ സാഹിബ് പറഞ്ഞ ഒരു കാര്യം കൂടി ഓര്‍ക്കാം. മുന്നിലിരിക്കുന്ന സദസ്സിനെ നോക്കി അദ്ദേഹം പറഞ്ഞു “ ഈ കൂട്ടത്തില്‍ പലരും പണ്ട് തങ്ങളുടെ ഇരുപതുകളില്‍ ലോഞ്ച് കയറി വന്നവരാകും. അന്നത്തെ ജീവിത പ്രാരാബ്ദം അവരെ അതിനു പ്രേരിപ്പിച്ചു. ഇന്ന് അതെ പ്രായമുള്ള ഒരാളെ നിങ്ങള്‍ ലോഞ്ചില്‍ കയറ്റിയാല്‍ ഇരുപതു മിനുട്ട് കൊണ്ട് അവന്‍ വിറച്ചു മരിക്കും”. ആധുനിക യുവത്വത്തെ പരിശോധിച്ചാല്‍ ഇതൊരു വെറും വര്‍ത്തമാനമല്ല. അതിനു മുഖ്യ കാരണം നമ്മള്‍ രക്ഷിതാക്കള്‍ തന്നെ എന്ന് വേണം പറയാന്‍.

ജീവിതത്തില്‍ മണ്ണ് ചവിട്ടാതെയാണ് പലപ്പോഴും തലമുറ വളര്‍ന്നത്‌. അവരുടെ എന്തിനും രക്ഷിതാക്കള്‍ ഒപ്പമുണ്ട്. ഈ ലോകത്തിന്റെ പളപളപ്പ് മാത്രമാണ് അവര്‍ നേരില്‍ കണ്ടതും അനുഭവിച്ചതും. അതെ സമയം തങ്ങളുടെ വീടിനും സ്കൂളിനും അപ്പുറം ദുരിതം പേറി ജീവിക്കുന്ന ഒരു ലോകമുണ്ട് എന്ന ബോധം നാം അവര്‍ക്ക് നല്‍കിയില്ല. അത്തരം ജീവിതത്തെ അനുഭവിക്കാന്‍ നാം അവരെ സമ്മതിച്ചില്ല. ഒന്ന് തീയില്‍ മുളച്ചതാണ് അത് വെയിലില്‍ വാടില്ല. മറ്റൊന്ന് തണലില്‍ വളര്‍ന്നത്‌. ചെറിയ ചൂട് പോലും അവരെ ഇല്ലാതാക്കും.

നാം ജീവിക്കുന്ന ചുറ്റുപാടുകളെ അറിഞ്ഞു കൊണ്ട് വേണം തലമുറ വളരാന്‍. ജീവിതത്തില്‍ ഇറക്കം മാത്രമല്ല കയറ്റവും കൂടിയുണ്ട് എന്ന് അവര്‍ മനസ്സിലാക്കട്ടെ. ഇറക്കത്ത് വാഹനം ഓടിപ്പിക്കാന്‍ നാം അവരെ പഠിപ്പിച്ചു. അതെ സമയം അവരുടെ ബാക്കി ജീവിതത്തില്‍ ഒറ്റക്കായാല്‍ അവര്‍ കയറ്റത്തിന് മുന്നില്‍ പകച്ചു നില്‍ക്കും. യാത്ര അവസാനിപ്പിക്കുക എന്നത് മാത്രമാകും അവരുടെ മുന്നിലുള്ള ഏക വഴി. യുവത്വമാണ് മാനുഷിക വിഭവ ശേഷിയുടെ അടിസ്ഥാനം. അതിനുണ്ടാകുന്ന ഏതു പുഴുക്കുത്തും സമൂഹത്തെ ഒന്നായി ബാധിക്കും. യുവത്വം ബാല്യവും കൌമാരവും കഴിഞ്ഞാണ് കടന്നു വരുന്നത്. ഈ രണ്ടു സമയത്തും നാമെങ്ങിനെ കുട്ടികളെ കൈകാര്യം ചെയ്യുന്നു എന്നിടത്താണ് നമ്മുടെയും അവരുടെയും ജയപരാജയങ്ങള്‍ കിടക്കുന്നത്.

ഒരു പൂര്‍ണമായ മാറ്റം ആവശ്യമാണ്‌. ഒരാള്‍ മാത്രം മാറിയത് കൊണ്ട് കാര്യമില്ല. ഒന്നാമത്തെ മാറ്റം രക്ഷിതാക്കളില്‍ നിന്നും തുടങ്ങണം. നാം കുട്ടികളെ സാമൂഹിക ബോധം നല്‍കി വളര്‍ത്തുക. താനും സമൂഹത്തിന്റെ ഭാഗമാണ് എന്ന വിദ്യാഭ്യാസം അവര്‍ക്ക് നല്കണം. എന്നിലൂടെ എനിക്ക് മാത്രമല്ല എന്റെ സമൂഹത്തിനും കുടുമ്പത്തിനും നന്മയുണ്ടാകണം എന്ന പാഠമാണു നല്‍കേണ്ടത്. സുഹൃത്ത് മകന് നല്‍കിയ ഉപദേശം ഇങ്ങിനെയായിരുന്നു “ നീ ആരാകണം എന്നതു നിന്റെ കഴിവുമായി ബന്ധപ്പെട്ടതാണ്. പക്ഷെ എനിക്ക് വേണ്ടത് നീയൊരു നല്ല മനുഷ്യനാകുക എന്നതാണ്”. അതൊരു നല്ല ഉപദേശമായി എനിക്കും അനുഭവപ്പെട്ടു.

പ്രതികരണ ശേഷിയുള്ള സമൂഹമായി അവര്‍ വളരട്ടെ. എന്തിനെയും നേരിടാനുള്ള ശക്തി അവര്‍ക്ക് ലഭിക്കാന്‍ അതൊരു ആവശ്യമാണ്. നാം ജീവിക്കുന്ന കാലം പലപ്പോഴും നമുക്ക് പ്രതികൂലമായി അനുഭവപ്പെടുന്നു. ആ പ്രതികൂല സാഹചര്യങ്ങില്‍ ജീവിക്കാനുള്ള കരുത്താണ് നാം യുവതയ്ക്ക് നല്‍കേണ്ടത്. കഴിഞ്ഞ ദിവസം രണ്ടു പെണ്‍കുട്ടികള്‍ നമ്മെ കരയിച്ചു. മറ്റൊരു പെണ്‍കുട്ടി നമ്മെ സന്തോഷിപ്പിച്ചു. അദ്ധ്യാപകരുടെ പകക്കു മുന്നില്‍ ജീവിതം ഹോമിച്ച ഫാത്തിമ, ബന്ധപ്പെട്ടവരുടെ അനാസ്ഥ കൊണ്ട് ജീവന്‍ വരെ പോകേണ്ടി വന്ന ശഹല. അവിടെ നമ്മെ സന്തോഷിപ്പിക്കാന്‍ ഒരു നിദ ഫാത്തിമ കടന്നു വന്നു. തലമുറക്ക് പ്രതികരണം നഷ്ടമായിട്ടില്ല എന്ന തിരിച്ചറിവ് നല്‍കുന്ന സന്തോഷം വലുതാണ്. ജനാധിപത്യ ബോധത്തിന്റെ അടിസ്ഥാനമാണ് പ്രതികരണം. ജനാധിപത്യം ഒരു ജീവിത രീതിയാകുംപോള്‍ മാത്രമാണ് അതുണ്ടാവുക.

ലോകത്തിന്റെ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ എന്റെ മകനെ അല്ലെകില്‍ മകളെ വളര്‍ത്തി എന്നത് ഒരു മഹത്വമുള്ള വാക്കായി നാം കാണരുത്. അതൊരു ഒളിച്ചോട്ടത്തിന്റെ വാക്കാണ്‌. ലോകത്തെ അറിയിച്ചു കൊണ്ട് തന്നെയാണ് എന്റെ മക്കളെ വളര്‍ത്തിയത്‌ എന്ന് തിരുത്തി പറയാന്‍ നാം തയ്യാറാകണം. അവിടെ ഒളിച്ചോടുന്ന യുവത ഉണ്ടാകില്ല എന്നുറപ്പാണ്. പരലോകത്ത് അല്ലാഹുവിന്റെ സിംഹാസനത്തിന്റെ തണല്‍ ലഭിക്കാന്‍ വേണ്ടി യുവതയ്ക്ക് നാം വഴികാണിക്കണം. ഈ ലോകത്ത് വെയിലും കാറ്റും മഴയും തീയും അനുഭവിച്ചവര്‍ക്കെ പരലോകത്തെ തണലിനെ കുറിച്ച് ചിന്തിക്കാന്‍ കഴിയൂ എന്ന് കൂടി നാം ചേര്‍ത്ത് വായിക്കണം.

Related Articles