Current Date

Search
Close this search box.
Search
Close this search box.

അത്രയും കുറച്ച്‌ നേരമെങ്കിലും

തിരുനബിയുടെ ഒരു സംഭവം വായിച്ചിട്ടുണ്ട്‌. വാഴപ്പഴം പോലുള്ള എന്തോ ഒന്ന് അവിടുന്ന് കഴിക്കുകയാണ്‌. തൊലി കളഞ്ഞ്‌ ഓരോ കഷ്ണങ്ങൾ മുറിച്ചെടുത്ത്‌ കഴിക്കുന്നത്‌ കണ്ടപ്പോൾ കൂടെയുള്ള ആരോ ചോദിക്കുന്നുണ്ട്‌: ‘ഞങ്ങളൊന്നും ഇങ്ങനെയല്ല, കടിച്ചെടുത്താണ്‌ കഴിക്കാറുള്ളത്‌. തിരുനബിയെന്തേ ഇങ്ങനെ?’

‘ഒന്നൂല്ല. ആരെങ്കിലും ഇങ്ങോട്ട്‌ വരാണെങ്കിൽ ഒരു കഷ്ണം അവർക്കും കൊടുക്കാൻ ഇങ്ങനെ കഴിക്ക്ണതല്ലേ നല്ലത്‌.’
കാരുണയുടെ ശാന്തസമുദ്രം അങ്ങനെയാണ്‌ മറുപടി പറഞ്ഞത്‌. ഒരു മനുഷ്യന്റെ മുഴുവൻ സാധ്യതകളും പൂത്തുലഞ്ഞ ജീവിതമായിരുന്നു ‌ തിരുനബിയുടേത്‌. കരുണയായിരുന്നു അതിന്റെ കാതൽ.

ഒരു ഗുരുനാഥന്റെ സംഭവമുണ്ട്‌. രാത്രി കൂട്ടുകാർക്കൊപ്പം തീ കായുമ്പോൾ, കത്തിക്കൊണ്ടിരിക്കുന്ന കൽക്കരിക്കഷ്ണം അദ്ദേഹം പുറത്തേക്ക്‌ നീക്കിയിട്ടു. ചൂട്‌ കിട്ടാതായപ്പോൾ ‌ തണുക്കാൻ തുടങ്ങിയ കൽക്കരിയെ തീയിലേക്കു ‌ തന്നെ തിരിച്ചിട്ട്‌ കൂട്ടുകാർക്ക്‌‌ പറഞ്ഞുകൊടുത്തു: ‘ജ്വലിച്ച്‌ കത്തുന്ന കൽക്കരിക്കും തീനാളത്തിന്റെ ചൂട്‌ കൊള്ളാതെ കത്താനാവില്ലട്ടോ. കഴിവും പ്രസിദ്ധിയും എത്രയുണ്ടെങ്കിലും മറ്റുള്ള മനുഷ്യരിൽ നിന്ന് അകന്നുപോയാൽ നമ്മളും തണുത്തുപോവും.’

ജീവിതത്തിൽ കണ്ടുമുട്ടുന്നത്‌ അധികവും നിഴലുകളെയാണ്‌‌. വല്ലപ്പൊഴുമൊക്കെ ഒരു വെളിച്ചത്തെ കാണാനേ ഭാഗ്യമുള്ളൂ. അങ്ങനൊരു വെളിച്ചം ഈയടുത്ത്‌ നഷ്ടപ്പെട്ടു. ഞാനെന്റെ കണ്ണുകൊണ്ട്‌ കണ്ട ഏറ്റവും പ്രകാശമുള്ള മനുഷ്യരിലൊരാൾ. പ്രഫ.കെ.എ സിദ്ദീഖ്‌ ഹസൻ. വിശുദ്ധമായ ആശയങ്ങൾക്ക്‌ മലയാളത്തിലിറങ്ങിയ ഏറ്റവും നല്ല പരിഭാഷകളിലൊന്നായിരുന്നു ആ ജീവിതം. ദു:ഖിതരായ മനുഷ്യരോട്‌ ഒട്ടിച്ചേർന്നു നിന്ന് ആത്മാവിന്റെ ലാളിത്യത്തെ അതീവ ഭംഗിയിൽ അടയാളപ്പെടുത്തി കടന്നുപോയൊരാൾ. വേറൊരാൾ ഇപ്പോഴും കൊണ്ടോട്ടിയിലുണ്ട്‌. അനാഥരായ കുട്ടികൾക്കും കുടുംബങ്ങൾക്കും‌ വാത്സല്യനിധിയായ അച്ഛനും ഉപ്പയുമാകുന്നൊരാൾ. പെട്ടെന്നൊരു നിമിഷം കൂടെയുള്ളയാൾ ഇല്ലാതാവുമ്പോൾ ഒറ്റപ്പെടലിന്റെ പേടിയിൽ വിറയ്ക്കുന്ന വിധവകൾക്ക്‌ ധൈര്യത്തോടെ കേറിച്ചെല്ലാവുന്ന സങ്കേതം. തന്റെ കർമങ്ങളിലൂടെ ഉയർച്ച ലഭിക്കേണ്ടത്‌ തനിക്കല്ലാ എന്നും, സാധുക്കളായ മനുഷ്യർക്കാണെന്നും നല്ല നിശ്ചയമുള്ളൊരാൾ. ഈ രണ്ടുപേരും അവരുടെ ഏറ്റവും നല്ല ഇൻവെസ്റ്റ്‌മന്റ്‌ നടത്തിയത്‌ ആയിരക്കണക്കായ മനുഷ്യരിലാണ്‌. ആയുസ്സുകൊണ്ട്‌ യഥാർത്ഥത്തിൽ നിർവ്വഹിക്കപ്പെടേണ്ടത്‌ ഇങ്ങനൊരു സ്നേഹനിക്ഷേപമാണ്‌‌. മരണം ഒരു കൈവിടർത്തലാണ്‌. അന്നോളം മുറുക്കെപ്പിടിച്ചതെല്ലാം ആ നിമിഷം താഴെ വീഴും. അതിനു മുമ്പായി വേണം ഈ നിക്ഷേപിക്കൽ.
ഒരേയൊരു മനുഷ്യന്റെയെങ്കിലും ജീവിതത്തിൽ, സമയം കൊണ്ടോ സാന്നിധ്യം കൊണ്ടോ കെട്ടിപ്പിടിക്കുന്ന വാക്കുകൾ കൊണ്ടോ പ്രതീക്ഷയുടെ കുട നിവർത്തിക്കൊടുക്കണം നമുക്ക്‌. ഇരുണ്ട രാത്രിയിലെ ഒറ്റനക്ഷത്രം പോലെ ഈ ആയുസ്സ്‌ ധന്യമാകും.

ഉപ്പൂപ്പയെകുറിച്ച്‌ പറയുമ്പോളെല്ലാം അവൾ ഓർത്തെടുക്കുന്ന ഒരു സംഭവമുണ്ട്‌. ചെറിയ മോളായിരിക്കുമ്പോൾ, മഴയുള്ള രാത്രിയിൽ പൊടിഞ്ഞുണ്ടായ പാറ്റകളെ കയ്യിലെ പുസ്തകം കൊണ്ട്‌ അടിച്ചുരസിച്ചു. അപ്പുറത്തിരുന്ന് ഉപ്പൂപ്പ പറഞ്ഞുകൊടുത്തു: ‘മോളെ, അവർക്ക്‌ ആകെ കുറച്ചുനേരത്തേക്കുള്ള ആയുസ്സേ ഉള്ളൂ. അത്ര നേരമെങ്കിലും സന്തോഷത്തോടെ ജീവിക്കാൻ മോള്‌ സഹായിച്ചാൽ മതി. വേദനിപ്പിക്കേണ്ട..’
മഴപ്പാറ്റകളെ മാത്രമല്ല, മനുഷ്യരേയും.

Related Articles