Current Date

Search
Close this search box.
Search
Close this search box.

ഇമാം മാലിക് വിദ്യാർത്ഥികൾക്ക് നല്കിയ ഉപദേശം

ദാറുൽ ഹിജ്‌റ : യുടെ ഇമാം എന്നറിയപ്പെടുന്ന ഇമാം മാലിക് (റഹ്) തന്റെ 3 ശിഷ്യന്മാർക്ക് നല്കിയ വ്യത്യസ്ഥമായ ഉപദേശങ്ങളാണ് ചുവടെ:

ഇമാം ഹാരിഥ് ബിൻ അസദ് പറയുന്നു: പഠനമെല്ലാം കഴിഞ്ഞ് ഞങ്ങളുടെ ശൈഖ്മാ ലിക്കിനോട് വിടപറയാൻ ആഗ്രഹിച്ച് ഞാനും ഇബ്നുൽ ഖാസിമും ഇബ്നു വഹ്ബും അദ്ദേഹത്തിന്റെ സവിധത്തിലേക്ക് പ്രവേശിച്ചു. ഇബ്നു വഹ്ബ് അദ്ദേഹത്തോടു പറഞ്ഞു: എന്നെ ഉപദേശിക്കാമോ? ഇമാം മാലിക് അദ്ദേഹത്തോടു പറഞ്ഞു: അല്ലാഹുവിനെ ഭയപ്പെടുക, ആരിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് പ്രത്യേകം നോക്കുക. തുടർന്നദ്ദേഹം ഇബ്നുൽ ഖാസിമിനോട് പറഞ്ഞു: അല്ലാഹുവിനെ ഭയപ്പെടുകയും കേട്ട കാര്യങ്ങൾ പ്രചരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുക. തുടർന്നദ്ദേഹം എന്നോട് പറഞ്ഞു: അല്ലാഹുവിനെ ഭയപ്പെടുക, നീ നന്നായി ഖുർആൻ പാരായണം ചെയ്യണം. ശിഷ്യൻ ഹാരിഥ് തുടരുന്നു : ഉസ്താദ് എന്നെ അത്യുന്നതമായ അറിവിന് യോഗ്യനല്ല എന്ന് കണ്ടു കാണണം.

ഇമാം മാലിക് (റഹ്) ഇവിടെ തന്റെ മൂന്നു വിദ്യാർത്ഥികളിലെ ഏറ്റവും മികച്ച കഴിവുകളുടെ വ്യാപ്തി മനസ്സിലാക്കി അവരിലോരുത്തരിലുമുള്ള സന്നദ്ധതയ്ക്ക് അനുസൃതമായത് അവരോട് ശുപാർശ ചെയ്യുന്നു. സർവ്വോപരി അവരെല്ലാവരും സമൂഹത്തിന് ഉപകാരം ചെയ്യാനും മറ്റുള്ളവർക്കു യാതൊരു ദോഷം വരുത്താതിരിക്കാനുമുള്ള ഉപദേശങ്ങളാണ് നല്കിയത് എന്ന് സാരം. അദ്ദേഹം തന്റെ ശിഷ്യൻ ഇബ്നു വഹ്ബിൽ പ്രമാണങ്ങൾ മന:പ്പാഠമാക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള പൂർണ സന്നദ്ധത മനസ്സിലാക്കി ആ വിവരം നേടാനും അതിനുള്ള വിവരങ്ങൾ ഉറപ്പിക്കാനും അദ്ദേഹത്തെ വസ്വിയ്യത്ത് ചെയ്തു.

ഇൽമുൽ അസറിൽ (ഹദീസ് വിജ്ഞാനീയങ്ങളിൽ ) അനിഷേധ്യനായ ഒരു ഇമാമായിരുന്നു ഇബ്നു വഹബ് . രണ്ടാമത്തെ ശിഷ്യൻ ഇബ്നുൽ ഖാസിമിൽ തന്റെ കർമ്മശാസ്ത്രത്തിന്റെ വാഹകനായ ഒരു ഫഖീഹിനെയാണ് അദ്ദേഹം ദർശിച്ചത്. ശൈഖിൽ നിന്ന് കേട്ട കർമ്മശാസ്ത്ര കാര്യങ്ങളും നിദാനങ്ങളും പ്രസിദ്ധീകരിക്കാൻ അദ്ദേഹം അദ്ദേഹത്തോട് ശുപാർശ ചെയ്യുകയാണ് ചെയ്തത്. മാലികീ മദ്ഹബിലെ പ്രാമാണികനായ ഗ്രന്ഥകർത്താവായ ഇബ്നുൽ ഖാസിമായി അദ്ദേഹം മാറുകയായിരുന്നു.

ഇബ്നുൽ ഹാരിഥ് സ്വയം വിലയിരുത്തുന്നു: എന്നാൽ ഇബ്നുൽ ഹാരിഥിനെ സംബന്ധിച്ചിടത്തോളം: അറിവിന്റെ വ്യവസ്ഥകൾ പൂർണ്ണമായി നിറവേറിയിട്ടില്ലെന്നും ഹദീസ് / ഫിഖ്ഹ് വിഷയങ്ങളിൽ അധ്യാപന / പ്രസാധന വ്യുൽപത്തി ഇല്ലെന്നും സൂക്ഷ്മ നിരീക്ഷകനായ ഉസ്താദ് മനസ്സിലാക്കിയിരുന്നു. ഖുർആൻ പഠനവും ആരാധനയുമായി ജീവിതം കഴിച്ചു കൂട്ടുകയായിരുന്നു അദ്ദേഹം. പല വിഷയങ്ങളിലും പലരും അദ്ദേഹത്തോട് ഫത്‌വ തേടി വന്നിട്ടും ഫത്‌വയിൽ നിന്ന് സ്വയം വിട്ടു നിന്നത് അന്ന് ഉസ്താദ് നല്കിയ വസ്വിയ്യത്ത് കാരണമായിരുന്നു. ഫിഖ്ഹിനു യോഗ്യനായി എന്നെ ഉസ്താദ് ഇമാം മാലിക് (റ) കണ്ടിട്ടില്ല എന്നാണ് അദ്ദേഹം അത്തരം ഘട്ടങ്ങളിൽ നല്കിയിരുന്ന പ്രതികരണം.

ശിഷ്യന്മാരുടെ കഴിവും യോഗ്യതയും സന്നദ്ധതയും മനസ്സിലാക്കി അവർക്ക് പറ്റുന്ന മേഖലകൾ കണ്ടെത്തി അവിടേക്ക് മുന്നേറ്റം നടത്താൻ കഴിവുള്ളവരാക്കുന്നവരായിരുന്നു അന്നത്തെ ഗുരുജനങ്ങൾ .തന്റെ ശിഷ്യന്മാരുടെ യോഗ്യതകളും അയോഗ്യതകൾ പോലും സൂക്ഷ്മമായി കണ്ടെത്തി അവരെ നയിക്കുന്നവരാണ് യഥാർഥ ഗുരുക്കന്മാർ.

A Teacher is a guide in the side,
Not a Sage in the stage.

അവലംബം
1- തർതീബുൽ മദാരിക് P322/3- ഖാദി ഇയാദ്
2-ഒഫീഷ്യൽ പേജ് – ഡോ. റാഗിബ് സിർജാനി

Related Articles