Current Date

Search
Close this search box.
Search
Close this search box.

വിവാഹത്തിന് മുമ്പുള്ള പ്രണയം

love3.jpg

വിവാഹത്തിന് മുമ്പ് സ്‌നേഹിക്കല്‍ അനുവദനീയമാണോ അതോ ഹറാമാണോ? വൈവാഹിക ജീവിതത്തിന്റെ വിജയത്തിന് അത് അനിവാര്യമാണോ? സ്‌നേഹവും അനുരാഗവും തമ്മില്‍ അന്തരമുണ്ടോ? ആവര്‍ത്തിച്ച് ചോദിക്കപ്പെടുന്ന ഇത്തരം ചോദ്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

സ്‌നേഹം ഒരു വികാരമാണ്
ഹൃദയ വികാരങ്ങളില്‍ പെട്ടതാണ് സ്‌നേഹം, അതിന്റെ നിയന്ത്രണം മനുഷ്യന്റെ കൈപ്പിടിയിലല്ല. ഹൃദയം അല്ലാഹുവിന്റെ രണ്ട് വിരലുകള്‍ക്കിടയിലാണ്, അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവനതിനെ മാറ്റുന്നു. ഹൃദയത്തില്‍ സ്‌നേഹം മുളപൊട്ടുന്നതിനെ ശുഐബ് നബിയുടെ മകള്‍ക്ക് പ്രവാചകന്‍ മൂസായോട് തോന്നിയ അനുരാഗത്തെയാണ് വിശുദ്ധ ഖുര്‍ആന്‍ ഉദാഹരിക്കുന്നത്. അവളത് വേണ്ടവിധം പിതാവിനെ ധരിപ്പിച്ചു, പിതാവ് മൂസായുമായി വിവാഹക്കാര്യം സംസാരിക്കുകയും ചെയ്തു. അങ്ങനെ ജീവിതത്തിന്റെ വിലപ്പെട്ട പത്ത് വര്‍ഷം പ്രവാചകന്‍ മൂസാ അവളെ സ്‌നേഹിച്ച് കഴിച്ചു കൂട്ടി. സ്‌നേഹം ഇത്ര വിലയേറിയതല്ലായിരുന്നെങ്കില്‍ അതിനുവേണ്ടി പ്രവാചകന്‍ ഇത്രയും കാലം കഴിച്ചുകൂട്ടുമായിരുന്നില്ലല്ലോ.

പ്രേമത്തിന്റെ കനലുകള്‍ കത്തിത്തുടങ്ങിയാല്‍ വിവാഹത്തിലൂടെയല്ലാതെ അത് കെടുത്താനാകില്ലെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നുണ്ട്. പ്രവാചകന്‍ പറഞ്ഞു : പരസ്പരം സ്‌നേഹത്തിലായവര്‍ക്ക് വിവാഹമല്ലാതെ മറ്റു മാര്‍ഗമില്ല’ (ഇബ്‌നുമാജ). തഖ്‌വയും പാതിവ്രത്യവും പാലിച്ചുകൊണ്ടുള്ള പ്രണയത്തില്‍ പ്രശ്‌നങ്ങളില്ല, പ്രവാചകന്‍ നിര്‍ദ്ദേശിച്ചത് പോലെ അതിനുള്ള ഏക മാര്‍ഗം വിവാഹവുമാണ്. ഇനി വിവാഹം സാധ്യമല്ലെങ്കില്‍ എല്ലാ പ്രയാസങ്ങളോടും കൂടി ക്ഷമ മുറുകെ പിടിക്കല്‍ തന്നെയാണ് പിന്നെയുള്ള ഏക പോംവഴി.

ഇതുമായി ബന്ധപ്പെട്ട് ഉമര്‍ (റ) ന്റെ ഒരു ചരിത്രം ഇവിടെ ഉദ്ധരിക്കാം. ഉമര്‍ തന്റെ രാത്രികാല സഞ്ചാരത്തിലായിരിക്കെ ഒരിക്കല്‍ ഒരു സ്ത്രീ ഒരു യുവാവിനെ കുറിച്ച് വര്‍ണിച്ച് പാടുന്നത് കേട്ടു. സുന്ദരനായ നസ്‌റുബ്‌നു ഹജ്ജാജ് എന്നയാളെക്കുറിച്ചാണ് അവള്‍ പാടിയിരുന്നത്. അവന്റെ വധുവാകാന്‍ അവള്‍ അതിയായി ഇഷ്ടപ്പെട്ടിരുന്നു. അവളുടെ പാട്ടുകേട്ട് ഉമര്‍ കോപാകുലനായി. പ്രഭാതമായപ്പോള്‍ ഉമര്‍ ആ യുവാവിനെ തന്റെ അടുക്കലേക്ക് വിളിച്ചു വരുത്തി. യുവാവിന്റെ സൗന്ദര്യം കണ്ട ഉമര്‍ അദ്ദേഹത്തിന്റെ സൗന്ദര്യത്തില്‍ മയങ്ങി സ്ത്രീകള്‍ ഇനിയും വഴികേടിലാകാതിരിക്കാന്‍ യുവാവിനെ നാടുകടത്താന്‍ തീരുമാനിച്ചു. സ്വത്തില്‍ നിന്നും തനിക്കാവശ്യമുള്ളത് എടുത്ത് ബസ്വറയിലേക്ക് പോകാനും ഉമര്‍ ആ യുവാവിനോട് ആവശ്യപ്പെട്ടു. യുവാവിനെ നാടുകടത്തിയ വിവരമറിഞ്ഞ സ്ത്രീ വീണ്ടും പാടി. തന്റെ ഇഛ മോശമായിപ്പോയെങ്കിലും അതിനെ തഖ്‌വ കൊണ്ട് നിയന്ത്രിക്കുമെന്നായിരുന്നു ആ സ്ത്രീ പാടിയത്. അതുകേട്ട് കരഞ്ഞ ഉമര്‍ പറഞ്ഞു : തഖ്‌വ കൊണ്ടും പാതിവ്രത്യം പുലര്‍ത്തിയും ഇഛയെ നിയന്ത്രിക്കാനുള്ള ശേഷി നല്‍കിയ അല്ലാഹുവിന് സ്തുതി.

ആത്മനിയന്ത്രണത്തിനും ചാരിത്രശുദ്ധി കാത്തുസൂക്ഷിക്കുന്നതിനും മഹത്തായ പ്രതിഫലമാണ് ഉള്ളതെന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രവാചകന്‍ യൂസുഫിന്റെ ചരിത്രം പറയുമ്പോള്‍ പഠിപ്പിക്കുന്നുണ്ട്. വ്യഭിചാരത്തിലേക്കുള്ള ക്ഷണം നിരസിച്ച് ആത്മനിയന്ത്രണം പാലിച്ച പ്രവാചകന്‍ യൂസുഫിനെ ‘തീര്‍ച്ചയായും അദ്ദേഹം നമ്മുടെ തെരഞ്ഞെടുക്കപ്പെട്ട ദാസന്മാരില്‍ പെട്ടവനത്രെ’ എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്.

ഗുഹക്കകത്ത് കുടുങ്ങിയ മൂന്ന് പേരെ അല്ലാഹു രക്ഷപ്പെടുത്തിയത് അവരിലൊരാള്‍ ചാരിത്രശുദ്ധി കാത്തുസൂക്ഷിച്ചത് കൊണ്ട് കൂടിയായിരുന്നു. ഹദീസ് ഇങ്ങനെ : അവരിലൊരാള്‍ പറഞ്ഞു ‘നാഥാ, എന്റെ പിതാവിന്റെ സഹോദരന്റെ മകളെ ഞാന്‍ അങ്ങേയറ്റം ഇഷ്ടപ്പെട്ടിരുന്നു, എന്നാല്‍ നൂറു ദീനാര്‍ നല്‍കാതെ അവളെനിക്ക് വഴങ്ങാന്‍ സന്നദ്ധയായില്ല, അങ്ങനെ ഞാന്‍ അധ്വാനിച്ച് നൂറു ദീനാര്‍ സമ്പാദിക്കുകയും അതുമായി അവളടുത്ത് വരികയും ചെയ്തു. ഞാന്‍ അവളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാനിരിക്കെ അവള്‍ പറഞ്ഞു : അല്ലാഹുവിന്റെ അടിമേ! നീ അല്ലാഹുവിനെ സൂക്ഷിക്കുക, നിനക്ക് അവകാശപ്പെട്ടവരുമായല്ലാതെ നീ ലൈംഗിക ബന്ധത്തിലേര്‍പ്പെടരുത്. ഇതുകേട്ട് ഞാന്‍ അതില്‍ നിന്നും പിന്മാറി. നാഥാ, നിനക്കറിയാം ഞാന്‍ അപ്രകാരം പ്രവര്‍ത്തിച്ചത് നിന്റെ തൃപ്തി മാത്രം കാംക്ഷിച്ചായിരുന്നു, അതിനാല്‍ ഞങ്ങളുടെ തടസ്സം നീ നീക്കണേ.. അങ്ങനെ അവര്‍ക്കു മേലുള്ള തടസ്സം അല്ലാഹു നീക്കി. (മുസ്‌ലിം).

പ്രണയം അശ്ലീല ചെയ്തികള്‍ക്ക് പ്രേരകമാകുമ്പോള്‍

മാനസിക വികാരമെന്ന നിലയില്‍ പ്രണയം അനുവദനീയമാകുമ്പോള്‍ തന്നെ അനുവദനീയമല്ലാത്ത പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുമ്പോള്‍ അത് നിഷിദ്ധവുമാകുന്നു. അഥവാ, സ്പര്‍ശനം, ചുംബനം തുടങ്ങിയ അനുവദനീയമല്ലാത്ത ചെയ്തികളിലേക്ക് പ്രണയം നയിക്കുമ്പോള്‍ അത് നിഷിദ്ധമാണ്. എന്നുമാത്രമല്ല അത് നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. പ്രണയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ 2000 ത്തില്‍ നടന്ന ഒരു സെന്‍സസ് റിപ്പോര്‍ട്ട് ഇത്തരം പ്രണയങ്ങളുണ്ടാക്കുന്ന അപകടങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.

ഈ സെന്‍സസ് പ്രകാരം 15 നും 44 നും ഇടയില്‍ പ്രായമുള്ള അമേരിക്കന്‍ സ്ത്രീകളില്‍ 1.4% പേരും വിവാഹത്തിന് മുമ്പ് പ്രണയിത്തിലേര്‍പ്പിട്ടിരുന്നവരും വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവരുമാണ്. 15 നും 19 നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയില്‍ ഇത് 9% ഉം 20 നും 24 നും പ്രായമുള്ളവര്‍ക്കിടയില്‍ 39% ഉം 25 നും 29 നും ഇടയില്‍ ഇത് 49% ഉം 30 നും 34 നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയില്‍ 51% ഉം പേരും ഇത്തരത്തില്‍ വിവാഹേതര പ്രണയവും ലൈംഗിക ബന്ധവും പുലര്‍ത്തിയവരാണ്. ഇത്തരത്തിലുള്ള 41% പ്രണയനികളും വിവാഹം കഴിക്കാതെ അമ്മമാരായവരാണ്. പ്രണയിച്ച് വിവാഹം കഴിച്ചവരില്‍ 40% പേരും 5 വര്‍ഷത്തിന് ശേഷം വേര്‍പിരിഞ്ഞ് ജീവിക്കുന്നു.

പ്രണയം മ്ലേഛ പ്രവര്‍ത്തനത്തിലേക്ക് കടന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമായി വിശുദ്ധ ഖുര്‍ആന്‍ എടുത്തുദ്ധരിക്കുന്നത് പ്രഭുവിന്റെ പത്‌നിയുടെ സംഭവമാണ്. അത് അങ്ങേയറ്റം വൃത്തികെട്ടതും മോശവും ദുശിച്ച മാര്‍ഗവുമാണെന്നതില്‍ സംശയമില്ല.

അതെ, എത്രയെത്രെ പേരെയാണ് ഈ നിഷിദ്ധമായ പ്രണയം നശിപ്പിച്ചിട്ടുള്ളത്. അത് നീ മറക്കരുത്. അപ്പോള്‍ നമ്മളുദ്ദേശിക്കുന്ന പ്രണയം എന്താണ്? ഹൃദയാന്തരാളങ്ങളില്‍ മാറ്റമുണ്ടാക്കുന്ന പ്രണയമാണത്. അത്തരം പ്രണയങ്ങളെ ചരിത്രം അതിന്റെ താളുകളില്‍ എന്നെന്നും ഓര്‍മ്മിക്കപ്പെടും വിധം കുറിച്ചിടും. തുഫൈലുബ്‌നു ഉമര്‍ ദൗസിയുടെയും അദ്ദേഹത്തിന്റെ പ്രണിയിനിയുടെയും ചരിത്രമതാണ്. നിങ്ങളത് മറന്നോ? തുഫൈിലിനെയും അദ്ദേഹത്തിന്റെ പ്രണിയിനിയെയും അറിയാത്തവരുടെ പ്രണയം എങ്ങനെ യഥാര്‍ഥ പ്രണയമാകും!!!

തുഫൈല്‍ ഇസ്‌ലാം സ്വീകരിച്ചു. ശേഷം ഭാര്യ തന്നിലേക്ക് വന്നപ്പോള്‍ തുഫൈല്‍ അവളോട് പറഞ്ഞു : അരുത്, ഞാന്‍ നിന്നില്‍ പെട്ടവനോ നീ എന്നില്‍ പെട്ടവളോ അല്ല. അവള്‍ ചോദിച്ചു : അതെന്താ? അദ്ദേഹം പറഞ്ഞു : ഞാന്‍ മുസ്‌ലിമായിരിക്കുന്നു, ഇനി നമ്മള്‍ ഒന്നല്ല. അപ്പോള്‍ അവളും ഇസ്‌ലാം സ്വീകരിച്ചു എന്നിട്ട് അവള്‍ പറഞ്ഞു : ഞാന്‍ നിന്നില്‍ പെട്ടവളും നീ എന്നില്‍ പെട്ടവനുമാണ്, നിന്റെ ദീന്‍ തന്നെയാണ് എന്റെ ദീനും.

ലോകത്ത് ഏറ്റവും വലിയ ‘മഹര്‍’ ലഭിച്ച വനിത ആരാണെന്ന് നിങ്ങള്‍ക്കറിയുമോ? ലോകത്തെ ഏതെങ്കിലും വലിയ രാജകുമാരിയോ സിനിമാ നടിമാരോ ഗായികമാരോ ആയിരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടാവും. സ്‌നേഹത്തെ കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപ്പാടും മാനദണ്ഡങ്ങളും വെച്ചുനോക്കുമ്പോള്‍ തീര്‍ച്ചയായും അങ്ങനെ തന്നെയാണ് നമ്മള്‍ വിചാരിക്കുക. എന്നാല്‍ യഥാര്‍ഥ സ്‌നേഹത്തിന്റെ, പ്രണയത്തിന്റെ ആളുകളാണ് അവള്‍ ആരാണെന്ന് മനസ്സിലാക്കുക. മറ്റാരുമല്ല, ഉമ്മു സുലൈമാണ് ലോകത്തെ ഏറ്റവും വലിയ ‘മഹര്‍’ ലഭിച്ച വനിത. റമീസാ ബിന്‍ത് മില്‍ഹാന്റെ (ഉമ്മു സുലൈം) ഭര്‍ത്താവ് മരിച്ചു. അവളുടെ ഇദ്ദാ കാലം കഴിഞ്ഞപ്പോള്‍ അബൂ ത്വല്‍ഹ (യസീദുബ്‌നു സഹല്‍) അവളുമായി വിവാഹം ആലോചിച്ചു. എന്നാല്‍ അവള്‍ ആ ആലോചന നിരസിച്ചു. അബൂ ത്വല്‍ഹ കരുതി കൂടുതല്‍ പണത്തിന് വേണ്ടിയായിരിക്കും അവള്‍ ആലോചന നിരസിച്ചതെന്ന്.
അദ്ദേഹം ഉമ്മു സുലൈമിനോട് ചോദിച്ചു : ദീനാറും ദിര്‍ഹവുമാണോ നിനക്കാവശ്യം?
ഉമ്മു സുലൈം മറുപടി നല്‍കി : അല്ല, നിന്നോട് ഞാന്‍ സത്യം ചെയ്യുന്നു, അല്ലാഹുവും അവന്റെ റസൂലുമാണെ സത്യം, നീ മുസ്‌ലിമാകുകയാണെങ്കില്‍ ദീനാറും ദിര്‍ഹമുമില്ലാതെ താങ്കളെ ഭര്‍ത്താവായി സ്വീകരിക്കാന്‍ ഞാന്‍ ഒരുക്കമാണ്, താങ്കളുടെ ഇസ്‌ലാമിനെ ഞാന്‍ മഹറായി നിശ്ചയിക്കുന്നു.
അബൂ ത്വല്‍ഹ ചോദിച്ചു : എങ്ങനെയാണ് ഇസ്‌ലാം സ്വീകരിക്കേണ്ടത്?
ഉമ്മു സുലൈം പറഞ്ഞു : സത്യവാചകം ചൊല്ലുക, അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് അവന്റെ ദൂതനാണെന്നും സാക്ഷ്യപ്പെടുത്തുക. ശേഷം നീ നിന്റെ വീട്ടില്‍ പോയി വിഗ്രഹങ്ങള്‍ എറിഞ്ഞുടക്കുക.
അബു ത്വല്‍ഹ പറഞ്ഞു : അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് അവന്റെ ദൂതനാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു.

ഇസ്‌ലാം, ഒരു വനിതക്ക് ലഭിച്ച ഏറ്റവും വലിയ മഹര്‍ അതായിരുന്നു. അതിനേക്കാള്‍ മികച്ച എന്തുണ്ട്? ഉമ്മു സുലൈം അനുഗ്രഹീതയാണ്, അവരുടെ മഹര്‍ ചരിത്രത്തില്‍ എന്നെന്നും സ്മരിക്കപ്പെടുന്നു. ഉമ്മു സുലൈമിനേക്കാള്‍ മഹത്തരമായ മഹര്‍ ലഭിച്ചവരെ കുറിച്ച് ഞങ്ങള്‍ കേട്ടിട്ടില്ലെന്ന് വിശ്വാസികള്‍ എക്കാലത്തും പറയുന്നു.

ഇത്തരം പ്രണയങ്ങള്‍ എങ്ങനെ വിസ്മരിക്കപ്പെടും? എന്നാല്‍ ഇങ്ങനെയുള്ള പ്രണയങ്ങളെ കുറിച്ച് നമ്മള്‍ ഇന്ന് കേള്‍ക്കുന്നില്ല, വൈകാരികവും വിവാഹത്തിലൂടെ വളരുന്നതുമായ ഇത്തരം പ്രണയങ്ങളാണ് നമ്മിലുണ്ടാവേണ്ടത്. ഒരു നേട്ടവും ഉണ്ടാക്കാത്ത, നിന്ദ്യത മാത്രം നല്‍കുന്ന കാമാര്‍ത്തിയോടെയുള്ള പ്രണയങ്ങളില്‍ നിന്ന് നാം വിട്ടു നില്‍ക്കുകയും വേണം. ഖുര്‍ആന്‍ വചനങ്ങളെ കുറിച്ച് ആഴത്തില്‍ ചിന്തിക്കുകയും ചെയ്യുക, അല്ലാഹു പറഞ്ഞു : ‘അല്ലാഹു നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. നിങ്ങള്‍ക്കു സമാധാനത്തോടെ ഒത്തുചേരാന്‍. നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്.’ (അര്‍റൂം 21).

വിവ : ജലീസ് കോഡൂര്‍

Related Articles