Current Date

Search
Close this search box.
Search
Close this search box.

യുവാക്കളുടെ നിശ്ചയദാര്‍ഢ്യമാണ് നവോത്ഥാനങ്ങള്‍ സൃഷ്ടിച്ചത്

globe.jpg

യുവാക്കള്‍ വര്‍ത്തമാന കാലത്തിന്റെ പകുതിയാണ്, ഭാവിയുടെ എല്ലാം അവര്‍ തന്നെ. ഭാവി അവരുടെ കരങ്ങളിലാണ്. സമൂഹത്തിന്റെ ഉണര്‍ച്ചയുടെയും പുരോഗതിയുടെയും പ്രേരകങ്ങള്‍ അവരാണ്. സമൂഹത്തെ ദൗര്‍ബല്യത്തില്‍ നിന്നും തളര്‍ച്ചയില്‍ നിന്നും സംരക്ഷിച്ച് നിര്‍ത്തേണ്ടതും അവര്‍ തന്നെയാണ്. വിപ്ലവങ്ങള്‍ ജനിക്കുന്നതും അതിനെ സംരക്ഷിക്കുന്നതും യുവാക്കളിലൂടെയാണ്. സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പുരോഗതിയില്‍ ഒട്ടേറെ സമര്‍പ്പിക്കാന്‍ കഴിയുന്നവരാണ് അവര്‍. അതുകൊണ്ട് തന്നെ അവരെ അതിന് യോഗ്യരാക്കുന്നതിന് അവരുടെ സംസ്‌കരണത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.

ഒമ്പത് മുതല്‍ പതിനഞ്ച് വരെയുള്ള പ്രായത്തിനിടയിലാണ് യൗവനം ആരംഭിക്കുന്നത്. മനുഷ്യന്‍ ആ പ്രായത്തിലെത്തുമ്പോഴാണ് സമൂഹത്തിന് സംഭാവനകളര്‍പ്പിക്കാനുള്ള ശേഷി കൈവരുന്നത്. അല്ലാഹു അവന് നല്‍കിയ ശക്തിയും ശേഷിയും സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയിലാണ് ഉപയോഗിക്കപ്പെടേണ്ടതുണ്ട്. സമൂഹത്തിന്റെ നാഗരിക വളര്‍ച്ചയിലും നവോത്ഥാനത്തിലും യുവാക്കളുടെ പങ്ക് നിസ്തുലമാണ്. ചിലപ്പോഴത് വൈജ്ഞാനികവും ചിന്താപരവുമായ കഴിവുകളായിരിക്കാം. അല്ലെങ്കില്‍ സാങ്കേതിക രംഗത്തെയോ മറ്റ് മേഖലകളിലെയോ ശേഷികളായിരിക്കാം.

വിശുദ്ധ ഖുര്‍ആന്‍ പല സന്ദര്‍ഭങ്ങളിലായി യുവത്വത്തിന്റെ മാതൃകകളെ കുറിച്ച് സൂചനകള്‍ നല്‍കുന്നുണ്ട്. യുവാക്കള്‍ക്ക് പ്രധാന്യം കല്‍പ്പിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ നിര്‍ദേശങ്ങളാണവ.

1. ഇബ്‌റാഹീം നബി(അ): വിശുദ്ധ ഖുര്‍ആന്‍ അദ്ദേഹത്തെ ഒരു വ്യക്തിയായിട്ടല്ല ഒരു സമൂഹമായിട്ടാണ് പരിചയപ്പെടുത്തുന്നത്. ‘ഇബ്‌റാഹീം സ്വയം ഒരു സമുദായമായിരുന്നു. അദ്ദേഹം അല്ലാഹുവിന് വഴങ്ങി ജീവിക്കുന്നവനായിരുന്നു. ചൊവ്വായ പാതയില്‍ ഉറച്ചുനില്‍ക്കുന്നവനും. അദ്ദേഹം ബഹുദൈവവിശ്വാസികളില്‍ പെട്ടവനായിരുന്നില്ല. അദ്ദേഹം അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നവനായിരുന്നു. അല്ലാഹു അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും ഏറ്റം നേരായ വഴിയില്‍ നയിക്കുകയും ചെയ്തു. ഇഹലോകത്ത് അദ്ദേഹത്തിനു നാം നന്മ നല്‍കി. പരലോകത്തോ, ഉറപ്പായും അദ്ദേഹം സച്ചരിതരിലായിരിക്കും.’ (അന്നഹ്ല്‍ : 120-122) സത്യത്തിന്റെ പാതയില്‍ മുന്നേറുകയും ധീരത കാണിക്കുകയും ചെയ്ത യുവാവായിരുന്നു അദ്ദേഹം. അല്ലാഹുവെയല്ലാതെ മറ്റാരെയും അദ്ദേഹം ഭയന്നിരുന്നില്ല. തന്റെ സമൂഹം വിഗ്രഹങ്ങളെ ആരാധിക്കുന്നത് കണ്ട അദ്ദേഹം അതിനെ എതിര്‍ത്ത് തെളിവുകള്‍ നിരത്തി. ബഹുദൈവാരാധനയില്‍ നിന്നദ്ദേഹം അവരെ ഏകദൈവത്വത്തിലേക്ക് ക്ഷണിച്ചു. ശിര്‍കില്‍ നിന്ന് പിന്തിരിയാന്‍ വളരെ നൈര്‍മല്യത്തോടെ അദ്ദേഹം പിതാവിനോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ വഴികേടിനെ അദ്ദേഹം വിമര്‍ശിച്ചു. വിഗ്രഹങ്ങള്‍ തകര്‍ന്ന് കിടുക്കുന്നത് കണ്ടപ്പോള്‍ തന്നെ അത് ചെയ്തത് ഇബ്‌റാഹീമാണെന്ന് അദ്ദേഹത്തിന്റെ സമൂഹം തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ യുവത്വത്തിലായിരുന്നു അത് ഖുര്‍ആന്‍ അത് വിവരിക്കുന്നു: ‘അങ്ങനെ അദ്ദേഹം അവയെ തുണ്ടംതുണ്ടമാക്കിയിട്ടു. അവയിലേറ്റം പെരിയതിനെ മാത്രം ഒഴിവാക്കി. ഒരുപക്ഷേ, അവര്‍ അതിലേക്കു തിരിഞ്ഞെങ്കിലോ. (അവര്‍ വന്ന് വിഗ്രഹങ്ങളുടെ സ്ഥിതി കണ്ടപ്പോള്‍) പറഞ്ഞു: നമ്മുടെ ദൈവങ്ങളോടിതു ചെയ്തവനാര്? അവന്‍ മഹാ അക്രമിതന്നെ. ചിലയാളുകള്‍) പറഞ്ഞു: ഒരു ചെറുപ്പക്കാരന്‍ ഇവയെ വിമര്‍ശിക്കുന്നതായി ഞങ്ങള്‍ കേട്ടിട്ടുണ്ട്. അവന്റെ പേര് ഇബ്‌റാഹീം എന്നാകുന്നു.’ (അല്‍-അമ്പിയാഅ് : 58-60)

2. ഇസ്മാഈല്‍ നബിയുടെ(അ) മാതൃക : അദ്ദേഹത്തിന്റെ വേറിട്ട യൗവന മാതൃക ഖുര്‍ആന്‍ നമുക്ക് വിവരിച്ചു തരുന്നുണ്ട്. ഇന്നത്തെ യുവാക്കള്‍ക്ക് അനിവാര്യമായും ഉണ്ടായിരിക്കേണ്ട നിരവധി ഗുണങ്ങള്‍ അദ്ദേഹത്തില്‍ കാണാം. അല്ലാഹുവെ അനുസരിക്കുകയും അവന്റെ കല്‍പനകള്‍ക്ക് കീഴൊതുങ്ങുകയും ചെയ്യാന്‍ കടുത്ത തീരുമാനങ്ങളെടുക്കാനുള്ള ശേഷിയാണ് അതില്‍ ഏറ്റവും പ്രധാനം. ഇബ്‌റാഹീം നബിയുടെയും ഇസ്മാഈല്‍ നബിയുടേയും കഥയിലൂടെ ഖുര്‍ആന്‍ അത് വിവരിച്ചു തരുന്നു. ‘നാം അദ്ദേഹത്തിന് സഹനശാലിയായ ഒരു പുത്രന്റെ സുവിശേഷമരുളി. പുത്രന്‍ അദ്ദേഹത്തോടൊപ്പം പ്രയത്‌നിക്കുന്ന പ്രായമായപ്പോള്‍ (ഒരു ദിവസം) ഇബ്‌റാഹീം പറയുന്നു: ഭമകനേ, ഞാന്‍ നിന്നെ അറുക്കുന്നതായി സ്വപ്നദര്‍ശനമുണ്ടായിരിക്കുന്നു. പറയൂ, ഇതേപ്പറ്റി നിനക്ക് എന്തു തോന്നുന്നു? മകന്‍ പറഞ്ഞതെന്തെന്നാല്‍, പ്രിയപിതാവേ, അങ്ങ് കല്‍പിക്കപ്പെട്ടതെന്തോ അത് പ്രവര്‍ത്തിച്ചാലും. ഇന്‍ശാഅല്ലാഹ് അങ്ങയ്ക്ക് എന്നെ ക്ഷമാശീലരില്‍ പെട്ടവനെന്നു കാണാം. അങ്ങനെ ഇരുവരും സമര്‍പ്പിതരായി.’ (അസ്സ്വാഫാത് : 120) പിതാവിനെ അനുസരിക്കുന്നതിലും ദൈവിക കല്‍പന നടപ്പാക്കുന്നതിലുമുള്ള യുവാവിന്റെ മാതൃകയാണത് കാണിക്കുന്നത്. ഉയര്‍ന്ന പരിഗണനയും സംസ്‌കരണവും ലഭിച്ചതുകൊണ്ടാണ് സവിശേഷമായ സ്ഥാനത്തെത്താന്‍ ഇസ്മാഈലിന്(അ) സാധിച്ചത്.

3. ഗുഹാവാസികളായ യുവാക്കള്‍ : സൂറത്തുല്‍ കഹ്ഫില്‍ ഈ വിശ്വാസികളായ യുവാക്കളുടെ കഥ ഖുര്‍ആന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സമൂഹത്തില്‍ നിന്നുള്ള എതിര്‍പ്പ് ശക്തമായപ്പോള്‍ അവര്‍ ഗുഹയില്‍ അഭയം തേടി. ഖുര്‍ആന്‍ അതിനെ കുറിച്ച് പറയുന്നു : ‘ഏതാനും യുവാക്കള്‍ ഗുഹയില്‍ അഭയം പ്രാപിച്ച സന്ദര്‍ഭം: അവര്‍ പ്രാര്‍ഥിച്ചു: ഭനാഥാ, ഞങ്ങളില്‍ നിന്നില്‍നിന്നുള്ള സവിശേഷമായ കാരുണ്യം അരുളേണമേ, ഞങ്ങളുടെ കാര്യങ്ങള്‍ നേരെ നയിക്കാന്‍ സൗകര്യം ചെയ്തുതരേണമേ!’ (അല്‍-കഹ്ഫ് : 10) യുവാക്കളുടെ ഉയര്‍ന്ന ചിന്താശേഷിയും പക്വതയുമാണ് എടുത്തു കാണിക്കുന്നത്. തങ്ങളുടെ വിശ്വാസത്തില്‍ അടിയുറച്ച് സ്ഥൈര്യത്തോടെ നിലകൊണ്ട അവര്‍ അതിനെ സംരക്ഷിക്കുന്നതിനാണ് ഗുഹയില്‍ എത്തിയത്. അല്ലാഹുവിന്റെ കാരുണ്യം തേടിയാണ് അവര്‍ ഗുഹയിലെത്തിയത്. സന്മാര്‍ഗത്തോടുള്ള അവരുടെ താല്‍പര്യവും സ്ഥൈര്യവുമാണ് ഇതെല്ലാം പ്രതിഫലിപ്പിക്കുന്നത്. ഖുര്‍ആന്‍ അവരെ വിശേഷിപ്പിക്കുന്നത് കാണുക: ‘അവരുടെ യഥാര്‍ഥ കഥ നാം നിനക്കു പറഞ്ഞുതരാം: അത് റബ്ബില്‍ വിശ്വസിച്ച ഒരു സംഘം യുവാക്കളായിരുന്നു. നാം അവര്‍ക്ക് സന്മാര്‍ഗത്തില്‍ പുരോഗതിയരുളി. അവരുടെ മനസ്സുകളെ നിശ്ചയദാര്‍ഢ്യമുള്ളതാക്കി.’ (അല്‍-കഹ്ഫ് : 13) ശരിയായ ആദര്‍ശത്തെ മുറുകെ പിടിക്കുന്നവരായിരുന്നു അവരെന്നാണിത് വ്യക്തമാക്കുന്നത്.

ഗുഹയിലെ യുവാക്കളുടെയും ഇസ്മാഈല്‍ നബിയുടെയും ഉദാഹരണങ്ങളില്‍ ചിന്തിക്കുന്ന ഒരാള്‍ക്ക് യുവാക്കളുടെ വിജയത്തിന്റെ നിരവധി അടിസ്ഥാന ഘടകങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. യുവാക്കളെ സജ്ജരാക്കുന്നവരും സംസ്‌കരിക്കുന്നവരും പ്രസ്തുത ഘടകങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനാണ് ശ്രമിക്കേണ്ടത്. വിശ്വാസത്തിന്റെ കരുത്ത്, സ്വപ്നം, സഹനം, അനുസരണം, അല്ലാഹുവിന്റെ കല്‍പന അനുസരിക്കല്‍, സന്‍മാര്‍ഗം, പരിശ്രമം തുടങ്ങിയവയാണ് അതിലെ പ്രധാന ഘടകങ്ങള്‍.

4. യഹ്‌യാ(അ): അല്ലാഹു യഹ്‌യാ നബിയെ അഭിസംബോധന ചെയ്യുന്നത് ശക്തിയുടെ പ്രാധാന്യത്തെ കൂടി സൂചിപ്പിച്ചു കൊണ്ടാണ്. തന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിന് പ്രസ്തുത ശക്തി ഉപയോഗപ്പെടുത്താനുള്ള ആഹ്വാനം കൂടിയാണത്. ”ഓ യഹ്‌യാ, വേദപുസ്തകം കരുത്തോടെ മുറുകെപ്പിടിക്കുക.’ കുട്ടിയായിരിക്കെ തന്നെ നാമവന്ന് ജ്ഞാനം നല്‍കി.’ (മര്‍യം : 12) സത്യന്റെ മാര്‍ഗത്തില്‍ സഞ്ചരിക്കുമ്പോള്‍ അതിനെതിരെ പ്രയാസങ്ങള്‍ സൃഷ്ടിക്കാന്‍ തിന്മയുടെ ശക്തികള്‍ ഉണ്ടാകും. അത്തരം സന്ദര്‍ഭങ്ങളില്‍ ദൗര്‍ബല്യം ഫലം ചെയ്യില്ല. സത്യത്തിന്റെ ആളുകള്‍ സ്ഥൈര്യത്തോടെ നിലകൊണ്ടാല്‍ തിന്മയുടെ ശബ്ദം ഉയര്‍ന്നതാണെങ്കിലും അത് ദുര്‍ബലമാകും. അതുകൊണ്ടായിരുന്നു നബി(സ) യുവാക്കള്‍ക്ക് പ്രത്യേകം പരിഗണന നല്‍കിയിരുന്നത്. ബദ്ര്‍ യുദ്ധത്തിന്റെ വേളയില്‍ യുവാക്കള്‍ അത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. നബി(സ)യുടെ വിളിക്കുത്തരം നല്‍കി ഓരോ കാര്യത്തിനും അവര്‍ മത്സരിച്ചു മുന്നോട്ടു വന്നു.

5. സൈഫുദ്ദീന്‍ ഖുതുസ് : അഞ്ചാം വയസ്സില്‍ പരുക്കന്‍ സ്വഭാവക്കാരും കുറ്റവാളികളുമായ ഒരു വിഭാഗം അദ്ദേഹത്തെ വീട്ടില്‍ നിന്നും തട്ടികൊണ്ടു പോയി. അദ്ദേഹവുമായി നാടുചുറ്റിയ ആ സംഘം അവസാനം അദ്ദേഹത്തെ വിറ്റുകളയുകാണ് ചെയ്തത്. വീണ്ടും വീണ്ടും വില്‍ക്കപ്പെട്ട് അദ്ദേഹം എത്തിയ സ്ഥലത്ത് നിന്നാണ് അദ്ദേഹം യുദ്ധം ചെയ്യാനും പോരാടാനുമുള്ള പരിശീലനം നേടിയെടുത്തത്. ചെറിയ കുട്ടിയായിരുന്നെങ്കിലും വലിയ ലക്ഷ്യമായിരുന്നു അദ്ദേഹത്തിന്റെ മുന്നിലുണ്ടായിരുന്നത്. കടുത്ത പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നിട്ടും തന്റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടിട്ടും കടുത്ത നിശ്ചയദാര്‍ഢ്യത്തിനുടമായിരുന്നു ഖുതുസ്. അടിമത്വത്തിനും കച്ചവടത്തിനും അദ്ദേഹം വിധേയനായി. എന്നിട്ടും ചെറുപ്പത്തില്‍ തന്നെ സൈനിക നേതൃപാടവം കാണിച്ചു. താര്‍ത്താരികളെ പരാജയപ്പെടുത്തിയ ഐന്‍ ജാലൂത്ത് യുദ്ധത്തില്‍ സൈനിക നായകനും പോരാളിയുമായിട്ടാണ് വരുന്ന അദ്ദേഹത്തെയാണ് നാം പിന്നീട് കാണുന്നത്.  അദ്ദേഹമായിരുന്നു അതില്‍ മുസ്‌ലിം സൈന്യത്തെ നയിച്ചിരുന്നത്. ഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ കാലത്ത് ഖുതുസിനെക്കാള്‍ ശ്രേഷ്ഠനായ ഒരാളും ഉണ്ടായിരുന്നില്ലെന്ന് ഞാന്‍ പറഞ്ഞാല്‍ അതൊരിക്കലും കള്ളമാകില്ലെന്ന ശൈഖ് ഇസ്സ് ബിന്‍ അബ്ദുസ്സലാമിന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്.

6. ഇമാം ശാഫിഈ : നാലോ അഞ്ചോ വയസ്സു പ്രായമുള്ളപ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടു. കടുത്ത ദാരിദ്യത്തില്‍ ഉമ്മയായിരുന്നു അദ്ദേഹത്തിന് തുണയായുണ്ടായിരുന്നത്. ശക്തമായ നിശ്ചയദാര്‍ഢ്യം മാത്രമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. ഉമ്മയോടൊപ്പമുള്ള ജീവിതത്തിലെ ശക്തമായ നിശ്ചയദാര്‍ഢ്യത്തിന്‍മേല്‍ വലിയ പ്രതീക്ഷകള്‍ അദ്ദേഹം നെയ്‌തെടുത്തു. വിദ്യാഭ്യാസത്തിലും അറിവ് നേടുന്നതിനും അതീവ ശ്രദ്ധ കാണിച്ചു. കടുത്ത ദാരിദ്ര്യം കാരണം അറിവുകള്‍ രേഖപ്പെടുത്തുന്നതിന് കടലാസു പോലും അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നില്ല. അത് വാങ്ങി കൊടുക്കാനുള്ള ശേഷി ഉമ്മാക്കും ഉണ്ടായിരുന്നില്ല. വഴിയരികില്‍ അറവുകാര്‍ ഉപേക്ഷിച്ച എല്ലുകള്‍ തേടിപ്പിടിച്ച് അതായിരുന്നു കടലാസിന് പകരം അദ്ദേഹം ഉപയോഗിച്ചിരുന്നത്. എഴുതിയ ശേഷം വീട്ടിലുണ്ടായിരുന്ന വലിയൊരു മണ്‍കലത്തിലത് നിക്ഷേപിക്കുകയും ചെയ്യും. ഇമാം ശാഫിഈയുടെ ജീവിതത്തെ കുറിച്ചുള്ള ഈ യാഥാര്‍ത്ഥ്യങ്ങള്‍ ഇന്നത്തെ യുവാക്കള്‍ തിരിച്ചറിയേണ്ടതുണ്ട്. വായിക്കാന്‍ നിരവധി പുസ്തകങ്ങളുണ്ട് എന്നിട്ടും വായിക്കുന്നില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. പിന്നീട് ഇമാം ശാഫിഈ തന്റെ വീടിനടുത്ത് ഒരു സര്‍ക്കാര്‍ ഓഫീസ് കണ്ടെത്തി. അവിടെയുള്ളവര്‍ എഴുതുന്ന കടലാസുകള്‍ ശേഖരിച്ചു വെക്കുകയും പിന്നീട് കുറച്ചു കഴിയുമ്പോള്‍ അവരത് വലിച്ചെറിയുകയും ചെയ്യും. ഒരു വശത്ത് മാത്രം എഴുതിയിരുന്ന ആ കടലാസുകള്‍ ഇമാം ശാഫിഈ ഉപയോഗപ്പെടുത്തി. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ആ കടലാസുകള്‍ വലിയ നിധിയായിരുന്നു. അങ്ങനെയുള്ള കഷ്ടപ്പാടുകളിലൂടെ കടന്നുവന്നാണ് അദ്ദേഹം ലോകം അറിയപ്പെടുന്ന പണ്ഡിതനായി മാറിയത്.

7. ഇമാം ബുഖാരി : അനാഥനും ദരിദ്രനുമായിട്ടാണ് ഇമാം ബുഖാരി വളര്‍ന്നത്. പിതാവ് നഷ്ടപ്പെട്ട അദ്ദേഹത്തെ വളര്‍ത്തിയത് ഉമ്മയായിരുന്നു. കാഴ്ച്ച ശക്തിയുടെ കാര്യത്തിലും അദ്ദേഹം പരീക്ഷിക്കപ്പെട്ടു. അദ്ദേഹത്തിന് കാഴ്ച്ച തിരിച്ചു കിട്ടുന്നത് ഉമ്മ അല്ലാഹുവോട് വളരെയധികം പ്രാര്‍ഥിച്ചു. ആ ഉമ്മയുടെ പ്രാര്‍ഥന അല്ലാഹു കേട്ടു, അദ്ദേഹത്തിന് കാഴ്ച്ചശക്തി തിരിച്ചു കിട്ടി. ഉമ്മ അദ്ദേഹത്തെ വിജ്ഞാനത്തിന് വേണ്ടി സമര്‍പ്പിച്ചു. അദ്ദേഹത്തെയും കൂട്ടി വിജ്ഞാനത്തിനായി അവര്‍ കിലോമീറ്ററുകള്‍ താണ്ടി. വിജ്ഞാനമുള്ളിടത്തെത്തി എഴുതിയും വായിച്ചും മനപാഠമാക്കിയും അദ്ദേഹം അറിവ് സ്വന്തമാക്കി. അദ്ദേഹത്തിന്റെ പക്കല്‍ രേഖപ്പെടുത്തുന്നതിനായി കടലാസുകള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സസൂക്ഷ്മം ശ്രദ്ധിച്ച് കേട്ട് മനപാഠമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. മുപ്പതു വയസ്സായപ്പോഴേക്കും ആറു ലക്ഷത്തോളം ഹദീസുകള്‍ അദ്ദേഹത്തിന് മനപാഠമുണ്ടായിരുന്നുവെന്നത് മാത്രം മതി എത്രത്തോളം അദ്ദേഹം മനപാഠമാക്കിയിരുന്നു എന്ന് മനസ്സിലാക്കുന്നതിന്. സമൂഹങ്ങള്‍ക്ക് ഉണര്‍ച്ചയും പുരോഗതിയും നല്‍കിയിരുന്നത് യുവാക്കളായിരുന്നുവെന്ന് ഈ യുവമാതൃകള്‍ കാണിച്ചു തരുന്നു. നമ്മുടെ കാലഘട്ടത്തിലെ യുവാക്കള്‍ക്കും അവരുടെ സംസ്‌കരണത്തിനും പ്രധാന്യം നല്‍കി സമൂഹത്തിന്റെ ഉണര്‍ച്ചയില്‍ അവരെ പങ്കാളികളാക്കല്‍ അനിവാര്യമാണ്.

വിവ : അഹ്മദ് നസീഫ്‌

Related Articles