Current Date

Search
Close this search box.
Search
Close this search box.

ഫുട്‌ബോള്‍ കളിക്കാരനോട്…

football.jpg

സുവര്‍ണ പാദുകങ്ങളുടെ ഉടമയോട് എനിക്ക് പറയാനുള്ള സന്ദേശമാണിത്. അവന്റെ ചലനങ്ങളോടൊപ്പം കാഴ്ച്ചകാരുടെയും ഫുട്‌ബോള്‍ പ്രേമികളുടെയും മനസുകളും ചലിക്കുന്നു. കളിയെ വിനോദമായും ജോലിയായും സ്വീകരിച്ചവര്‍ക്കുള്ള സന്ദേശമാണിത്. ഇക്കാലത്ത് വളരെയധികം ആരാധകരുള്ള ഈ വിനോദത്തിന് പിന്നിലുള്ള ലക്ഷ്യം അവന്‍ തിരിച്ചറിയണം. ഫുട്‌ബോള്‍ കളിക്കാരാ, നിന്റെ കളി കൊണ്ട് എന്താണ് നീ ഉദ്ദേശിക്കുന്നത്? ഈ ലോകത്ത് നീ ചെയ്യുന്ന ഓരോ പ്രവര്‍ത്തനത്തിലും നിനക്കൊരുദ്ദേശ്യമുണ്ടായിരിക്കണം. അത് നിന്നെ സൃഷ്ടിച്ച നാഥന്റെ പ്രീതിയായിരിക്കണം. നിന്റെ ലക്ഷ്യം നിര്‍ണ്ണയിക്കുന്നതിലൂടെ ഉദ്ദേശ്യത്തെ ശക്തിപ്പെടുത്തണം.

നമ്മുടെ പ്രവര്‍ത്തനങ്ങളുടെയെല്ലാം ഉദ്ദേശ്യത്തെയാണ് അല്ലാഹു പരിഗണിക്കുക. അവന് വഴിപ്പെടുന്നതിന് മാത്രമാണ് നമ്മെ അവന്‍ സൃഷ്ടിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ നിന്റെ ചെറുതും വലുതുമായ എല്ലാ പ്രവര്‍ത്തനങ്ങളും അവനുള്ള വഴിപെടലാവണം. കളിക്കുന്നതിനുള്ള പാദങ്ങളും ആരോഗ്യവും തന്നത് അവനാണ്. ഏതെങ്കിലും ടീമിലോ ക്ലബിലോ കളിക്കുന്നതിലൂടെ നിനക്കുള്ള ജീവിത മാര്‍ഗവും അവന്‍ ഒരുക്കി തന്നു. നിന്നെ അവന്‍ ഒരു താരമാക്കുകയും നിനക്ക് വ്യത്യസ്ത നാടുകളില്‍ ആരാധകരുണ്ടാകുകയും ചെയ്തു. വീടുകളിലും ഷോപ്പുകളിലും ടെലിവിഷന്‍ സ്‌ക്രീനിലും നിന്നെ ചിത്രം നിറഞ്ഞ് നിന്നു. നിന്നെ കുറിച്ച് സംസാരിക്കുന്നവയായി നിന്റെ ആരാധകരുടെ നാവുകള്‍. ചിലര്‍ നിന്നെ മാതൃകയാക്കി. അപ്പോള്‍ നിന്റെ ഉദ്ദേശ്യവും മാര്‍ഗവും നിര്‍ണ്ണയിക്കാനും കുറ്റമറ്റതാക്കാനുമുള്ള ബാധ്യത നിനക്കില്ലേ?

കളി നിനക്കൊരു ശക്തിയാണ്. നീ ശക്തനായ വിശ്വാസിയാവണം. കളിക്കുന്നത് ദീനിന് വിരുദ്ധമായ ഒന്നല്ല എന്നുമാത്രമല്ല ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തെയും ശക്തിയെയും നിലനിര്‍ത്താന്‍ കല്‍പ്പിക്കപ്പെട്ടവരാണ് നാം. ഖുറൈശികള്‍ക്കിടയിലെ ചാമ്പ്യനായിരുന്ന റുകാനയെ മലര്‍ത്തിയടിച്ച പ്രവാചകന്‍(സ) തന്നെയാണ് നമ്മുടെ മാതൃക. അദ്ദേഹം പത്‌നിമാരോടൊപ്പം ഓട്ടപന്തയം നടത്തിയിരുന്നതായും ഹദീസുകളില്‍ കാണാം. ദുര്‍ബലനായ വിശ്വാസിയേക്കാള്‍ അല്ലാഹുവിന് പ്രിയപ്പെട്ടവന്‍ ശക്തനായ വിശ്വാസിയാണെന്നാണ് അദ്ദേഹം നമ്മോട് അരുളിയത്. ഫുട്‌ബോള്‍ കളിക്കുന്നത് ശരീരത്തിന് ശക്തി നല്‍കുന്നതാണ്. ആത്മാവിനെയത് കടഞ്ഞെടുക്കുകയും പ്രയാസങ്ങള്‍ നേരിടാനുള്ള പരിശീലനം നല്‍കുകയും ചെയ്യുന്നു. എതിര്‍ കളിക്കാരന് മേല്‍ വിജയിക്കുക എന്ന ലക്ഷ്യം നേടുന്നതില്‍ സ്ഥൈര്യവും സഹനവും അവനത് പകര്‍ന്ന് നല്‍കുന്നു. എതിരാളിയോട് ക്ഷമിക്കാനും നിയമങ്ങള്‍ പാലിക്കാനും കോച്ചിന്റെ പരിശീലനം സ്വീകരിക്കാനും അവന് ശിക്ഷണം നല്‍കുന്നു. സംഘടിതമായി പരിശ്രമിക്കുന്നതിനുള്ള പരിശീലനവും അതിലൂടെ നേടുന്നു.

വിജയപരാജയങ്ങളില്‍ അല്ലാഹുവിന്റെ വിധിയെ സ്വീകരിക്കുന്നതിനും അവന്‍ പഠിക്കുന്നു. വിശ്വാസിയായ കളിക്കാരന്‍ എപ്പോഴും തന്റെ നാഥനോട് ബന്ധം കാത്തുസൂക്ഷിക്കുന്നവനായിരിക്കും. തന്റെയും ടീമിന്റെയും വിജയം എളുപ്പമാക്കുന്നതിന് പ്രാര്‍ത്ഥിക്കുന്നവനായി അവനെ കാണാം. വിജയം നേടുമ്പോള്‍ നന്ദിയോടെ അവന്‍ നാഥനെ വണങ്ങും. ഇതെല്ലാം ഓരോ പ്രവര്‍ത്തനങ്ങളിലും ഉദ്ദേശ്യത്തിന്റെ അനിവാര്യതയെയാണ്.

കായിക വിനോദങ്ങള്‍ക്കും അവയുടേതായ നിബന്ധനകളും വിലക്കുകളും പാലിക്കേണ്ടതുണ്ട്. ജീവിതത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും പോലെ നല്ല ഫലങ്ങള്‍ ഉണ്ടാക്കുന്ന ക്രിയാത്മകമായ പ്രവര്‍ത്തനമായിരിക്കണം അത്. അതിന്റെ ഉദ്ദേശ്യം തെറ്റുമ്പോള്‍ ദോഷഫലങ്ങള്‍ ഉണ്ടാക്കുകയും ശരീരത്തിന് ദോഷം ചെയ്യുന്ന ഒന്നായി അത് മാറുകയും ചെയ്യുന്നു. പ്രത്യേകിച്ചും ഫുട്‌ബോള്‍ കളിക്കുമ്പോള്‍ പാലിക്കേണ്ടതായ ധാരാളം നിബന്ധനകളും നിയന്ത്രണങ്ങളുമുണ്ട്. ആ നിയമങ്ങള്‍ക്കെല്ലാം ഉപരിയായി തെറ്റായ പെരുമാറ്റങ്ങള്‍ കാണിക്കാതിരിക്കാന്‍ കളിക്കാരനില്‍ ഉണ്ടാവേണ്ടത് അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസമാണ്. ലോകതലത്തില്‍ തന്നെ മുന്നിട്ട് നില്‍ക്കുന്ന ഒരു കളിയാണിത്, അതുപോലെ തന്നെ അത് കാണുകയും അതിനെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ധാരാളം ജനങ്ങളുമുണ്ട്. അതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ജീവിതമാര്‍ഗ്ഗമായി സ്വീകരിച്ച ധാരാളം പേര്‍ ഉണ്ട്. ഈ കളിയുടെ വിധിയെ കുറിച്ച് പറയുക എന്നതല്ല എന്റെ ഉദ്ദേശ്യം. അത് പറയേണ്ടത് അതില്‍ അറിവുള്ള പണ്ഡിതന്‍മാരാണ്.

ഫുട്‌ബോള്‍ കളിയുമായി എന്റെ പരിചയത്തിന്റെ അടിസ്ഥാനത്തിലുള്ള ചില നിബന്ധനകള്‍ ഓര്‍മപ്പെടുത്തുക എന്നത് മാത്രമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. അതില്‍ ഒന്നാമത്തേത് കളിക്കാരന്റെ ഉദ്ദേശ്യം അല്ലാഹുവിന്റെ പ്രീതിയായിരിക്കുക എന്നതാണ്. അല്ലാഹുവിന് ചെയ്യുന്ന ഒരു ഇബാദത്തായി അതിനെ മനസിലാക്കണം. നിനക്കതില്‍ ധാരാളം ഉദ്ദേശ്യങ്ങള്‍ ഉണ്ടായിരിക്കും. അവയെല്ലാം അല്ലാഹുവിന് വിധേയപ്പെട്ടുകൊണ്ടായിരിക്കണം. എന്നാല്‍ അവക്കെല്ലാം അല്ലാഹുവില്‍ നിന്ന് നിനക്ക് പ്രതിഫലമുണ്ടായിരിക്കും. അപ്രാകാരം തന്നെ കളിയിലും അതിന് മുമ്പും ശേഷവുമെല്ലാം അല്ലാഹുവിന്റെ ശാസനകള്‍ മുറുകെ പിടിക്കണമെന്നതില്‍ തര്‍ക്കമില്ല. പരിശീലനങ്ങള്‍ നിന്നെ ദൈവസ്മരണയില്‍ നിന്ന് തെറ്റിക്കരുത്. അല്ലാഹുവിനുള്ള അനുസരണത്തില്‍ ഒരു വീഴ്ചയും വരുത്തരുത്. നിര്‍ബന്ധ ബാധ്യതകളും കുടുംബബന്ധം പുലര്‍ത്തലും മാറ്റിവെക്കുന്നതിനത് കാരണമാകരുത്. നിനക്ക് നിന്റെ ഭാര്യയോടും മക്കളോടും മാതാപിതാക്കളോടുമുള്ള ഉത്തരവാദിത്വത്തെ അത് പിന്തിപ്പിക്കരുത്. മറക്കേണ്ട ശരീരഭാഗങ്ങള്‍ മറച്ചു കൊണ്ടായിരിക്കണം നീ കളിക്കേണ്ടത്. നമസ്‌കാരം വൈകിപ്പിക്കാത്തതു പോലെ തന്നെ കോച്ചിനെയും സഹകളിക്കാരെയും എതിരാളികളെയും വേദനിപ്പിക്കുകയോ ആക്ഷേപിക്കുകയോ അരുത്. എന്തൊക്കെ പ്രകോപനങ്ങള്‍ ഉണ്ടായാലും നിന്റെ സല്‍സ്വഭാവം നീ കൈവെടിയരുത്.

പ്രമുഖ പണ്ഡിതനായ ഡോ. യൂസുഫുല്‍ ഖറദാവി ഈ കളിയുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ ചില നിബന്ധനകള്‍ വെച്ചിട്ടുണ്ട്. നമസ്‌കാരം പോലുള്ള ദീനീ ബാധ്യതകളില്‍ കൃത്യ സമയത്ത് തന്നെ നിര്‍വഹിക്കുന്നതില്‍ നിന്നത് അശ്രദ്ധനാക്കരുത്. അപ്രകാരം തന്നെ ഭൗതികമായ ഉത്തരവാദിത്വങ്ങളില്‍ നിന്നുമത് തെറ്റിക്കരുത്. ഒരു വിദ്യാര്‍ത്ഥിയെ തന്റെ പഠനത്തില്‍ നിന്നെന്നത് പോലെ ഉദ്യോഗസ്ഥനെ തന്റെ ജോലിയിലും അശ്രദ്ധനാക്കുന്ന ഒന്നായത് മാറരുത്. കളിയുമായ ബന്ധപ്പെട്ട അംഗീകൃതമായ നിയമങ്ങള്‍ കളിക്കാരന്‍ പാലിക്കണം. കാരണം അവന്‍ പാലിക്കേണ്ട നിര്‍ബന്ധമായ കരാറാണത്. രഹസ്യമായോ പരസ്യമായോ അത് ലംഘിക്കാവതല്ല. എതിരാളിയോട് അതിക്രമം ചെയ്യരുത്. കാരണം അല്ലാഹു ഇഷ്ടപ്പെടുന്നത് നൈര്‍മ്മല്യമാണിഷ്ടപ്പെടുന്നത്, പാരുഷ്യമല്ല. റഫറിയായിരിക്കുന്ന ആള്‍ ഒരു പക്ഷത്തോട് ഒപ്പം ചേരരുത്. എല്ലാഴ്‌പ്പോഴും അയാള്‍ നീതി കാണിക്കണം. അനുവദനീയമായ എല്ലാ കാര്യങ്ങളിലും പാലിക്കേണ്ട കാര്യമാണ് അതിരുവിടാതിരിക്കുകയെന്നത്. പരിധി വിട്ടാല്‍ അത് നിഷിദ്ധത്തിന്റെ പരിധിയിലാണ് വരിക. ആരാധനാ കാര്യങ്ങളില്‍ പോലും അതിര് വിടുന്നത് ശരീഅത്ത് വിലക്കിയിട്ടുള്ള കാര്യമാണ്. അതില്‍ അതിര് വിട്ടവരോട് പ്രവാചകന്‍(സ) പറഞ്ഞു: ‘നിന്റെ ശരീരത്തോട് നിനക്ക് ബാധ്യതയുണ്ട്. നിന്റെ കുടുംബത്തോട് നിനക്ക് ബാധ്യതയുണ്ട്. അവകാശമുള്ളവരുടെ അവകാശങ്ങളെല്ലാം നീ പൂര്‍ത്തീകരിക്കുക.’

നീ നിന്റെ ദീനിന്റെ പ്രബോധകനും നാടിന്റെ പ്രതിനിധിയുമാണ്. ദീനീകാര്യങ്ങള്‍ മുറുകെ പിടിക്കുന്നതിലും സല്‍സ്വഭാവത്തിലും നീ യുവാക്കള്‍ക്ക് മാതൃക കാണിക്കുക. അല്ലാഹുവിനെ വണങ്ങുന്നതിനുള്ള സമയങ്ങളില്‍ നീ കണിശത പുലര്‍ത്തുക. നിമിഷങ്ങളുടെ മൂല്യത്തെ കുറിച്ച് നന്നായറിയുന്നവനാണ് നീ. മത്സരത്തില്‍ നിമിഷങ്ങളാണ് അതിന്റെ ഫലത്തെ നിര്‍ണ്ണയിക്കുന്നത്. ജീവിതത്തിലെ നിമിഷങ്ങളെ എത്രത്തോളം നീ സല്‍ക്കര്‍മ്മങ്ങള്‍ക്കായി വിനിയോഗിക്കുന്നുണ്ട്. നമസ്‌കാരം സമയത്ത് തന്നെ നിര്‍വഹിക്കാനും ടീമിനോടൊപ്പമാണെങ്കിലും ജമാഅത്തായി നമസ്‌കാരിക്കാനും ശ്രദ്ധിക്കുക.

ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങളായ അഹങ്കാരം, വഞ്ചന, അസൂയ തുടങ്ങിയവ ബാധിക്കുന്നത് സൂക്ഷിക്കുക. അന്ധമായ പക്ഷപാതിത്വം നീ അവസാനിപ്പിക്കുക. അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് വിജയത്തിനായി ശ്രമിക്കുകയും ഫലം അല്ലാഹുവിന്റെ വിധിയാണെന്ന് ഉള്‍ക്കൊണ്ട് തൃപ്തിപ്പെടുകയും ചെയ്യുക. ദീനീ കാര്യങ്ങള്‍ പഠിക്കുന്നതിനും ഹലാല്‍-ഹറാമുകള്‍ മനസിലാക്കുന്നതിനും സമയം ചെലവഴിക്കുകയും ചെയ്യുക. ഓരോ തവണ മത്സരത്തില്‍ നീ വിജയിക്കുമ്പോഴും യഥാര്‍ത്ഥ വിജയം പരലോകത്താണെന്ന് ഓര്‍ക്കുക. അതിന് വേണ്ട പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്യുക. പന്തിനെ പിടിച്ച് വെക്കുന്ന ഗോള്‍പോസ്റ്റിലെ വലയിലേക്ക് നീ നോക്കുമ്പോള്‍ രാപ്പകല്‍ ഭേദമില്ലാതെ മനുഷ്യരെ വേട്ടയാടാന്‍ പിശാച് ഒരുക്കിയിരിക്കുന്ന വലകളെ ഓര്‍ക്കുക. വികാരങ്ങള്‍ക്കടിപ്പെട്ട് തെറ്റ് ചെയ്ത് അതില്‍ പെടാതിരിക്കാന്‍ നീ സൂക്ഷ്മത പുലര്‍ത്തണം. നീ ഓരോ ഗോള്‍ നേടുമ്പോഴും നിന്റെ ഉന്നതമായ ലക്ഷ്യം ദൈവപ്രീതിയും സ്വര്‍ഗവുമാണെന്ന് നീ തിരിച്ചറിയണം. പന്തുതട്ടാനായി ഓരോ തവണ നീ കാലുയര്‍ത്തുമ്പോഴും നിനക്കതിനുള്ള ആരോഗ്യം തന്ന അല്ലാഹുവിനെ ഓര്‍ക്കുക. കളികളില്‍ ജയവും തോല്‍വിയുമുണ്ടാകും. വിജയം രക്ഷയുടെ താക്കോലായും പരാജയം ലോകത്തിന്റെ തന്നെ അന്ത്യമായും നീ മനസിലാക്കാതിരിക്കുക. നിന്റെ രൂപത്തിലും വസ്ത്രത്തിലും മറ്റു കളിക്കാരെ അനുകരിക്കാതിരിക്കുക. അനുയോജ്യമല്ലാത്ത പരസ്യങ്ങള്‍ ഉള്ള വസ്ത്രങ്ങള്‍ ഉപേക്ഷിക്കുക. ഒരു മുസ്‌ലിം കളിക്കാരനെന്ന നിലയില്‍ നീ നിന്റെ വ്യക്തിത്വം കാത്തുസൂക്ഷിക്കുക. അപ്രകാരം തന്നെ ചിലവഴിക്കുന്ന കാര്യത്തിലും മിതത്വം പാലിക്കുക. പ്രയാസപ്പെടുന്നവരും ദുര്‍ബലരുമായ ആളുകളെ സഹായിക്കാനും മറക്കാതിരിക്കുക. ധനം അല്ലാഹുവിന്റെതാണ് അത് സൂക്ഷിക്കാന്‍ ഏല്‍പ്പിക്കപ്പെട്ടവന്‍ മാത്രമാണ് നാം. നിന്റെ വരുമാന മാര്‍ഗ്ഗം കളിയില്‍ പരിമിതപ്പെടുത്താതിരിക്കുക. അതോടൊപ്പം വേറെ ഒരു ജോലി കണ്ടെത്തുക. കുറച്ച് കളിക്കാര്‍ ചേര്‍ന്ന് സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ കാണുന്നത് വളരെ നല്ലതാണ്. ചില കളിക്കാര്‍ അത് ചെയ്ത് മാതൃക കാണിക്കുന്നുണ്ട്. അതുപോലെ തന്നെ സകാത്ത് നല്‍കുന്നതില്‍ മറവി അരുത്. സ്ത്രീകളുടെ കാര്യത്തില്‍ നീ വളരെയധികം സൂക്ഷ്മത പാലിക്കുകയും വിവാഹത്തിലൂടെ വിശുദ്ധി കാത്തുസൂക്ഷിക്കുകയും ചെയ്യുക. സുന്ദരികളായ സ്ത്രീകളില്‍ നിന്നും നിന്റെ കണ്ണുകള്‍ നീ താഴ്ത്തുക. കാഴ്ച്ചയും കേള്‍വിയുമെല്ലാം പരലോകത്ത് വിചാരണ ചെയ്യപ്പെടുന്നവയാണെന്ന് നീ ഓര്‍ക്കുക. നിന്റെ തെറ്റുകള്‍ തിരുത്തുകയും നിന്നെ പ്രയാസങ്ങളില്‍ സഹായിക്കുകയും ചെയ്യുന്ന നല്ല കൂട്ടുകാര്‍ നിനക്കുണ്ടാവണം.

അവസാനമായി ഓര്‍മ്മപ്പെടുത്താനുള്ളത് സമുദായത്തിന്റെ പ്രശ്‌നങ്ങളെ മറപ്പിക്കുന്നതാവരുത് നിന്റെ കളി. ചാമ്പ്യന്‍മാരായ ആളുകള്‍ താന്‍ സൃഷ്ടിക്കപ്പെട്ടതിന്റെ അടിസ്ഥാന ലക്ഷ്യം മറക്കുന്നവരാകരുത്. നേടുന്ന കപ്പുകള്‍ ആത്യന്തിക ലക്ഷ്യമായ സ്വര്‍ഗത്തെ വിസ്മരിപ്പിക്കാതിരിക്കട്ടെ. അതിന് വേണ്ടി പ്രയത്‌നിക്കുന്നവരാണ് നാം. പേരും പ്രശസ്തിയും ഒന്നും നാഥനം ധിക്കരിക്കുന്നവനും അവന്റെ കല്‍പനകള്‍ അവഗണിക്കുന്നവനുമാകാതിരിക്കണം. ലോകത്തെ മറ്റേത് കണ്ണുകളും നിന്നെ കാണുന്നതിന് മുമ്പ് നിന്നെ വീക്ഷിക്കുന്ന കണ്ണുകള്‍ അവന്റേതാണ്. നിന്റെ ചലനങ്ങള്‍ ക്യാമറകള്‍ ഒപ്പിയെടുക്കുകയും പത്രങ്ങള്‍ എഴുതുകയും ചെയ്യുന്നതിന് മുന്നേ അവന്റെ അടുക്കല്‍ നിന്റെ ഓരോ വാക്കും ചലനവും രേഖപ്പെടുത്തപ്പെടുന്നുണ്ട്.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി
 

Related Articles