Youth

സുഗന്ധമില്ലാത്ത പൂക്കള്‍

പൂക്കളുടെ സുഗന്ധം എല്ലാവരെയും ആകര്‍ഷിക്കുന്ന ഒന്നാണ്. വളരെ സുന്ദരമായ പൂവ്, ആകര്‍ഷകമായ ഇതളുകള്‍, എന്നാല്‍ അതിനോടടുക്കുമ്പോള്‍ അതില്‍ നിന്ന് വരുന്നത് ദുര്‍ഗന്ധമാണെങ്കില്‍ നാം എത്ര വേദനിക്കും. നമ്മുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കിയ അതിനെ ചവിട്ടിത്തേക്കാനായിരിക്കും പലരും മുതിരുക. കാരണം സുഗന്ധം പൂവിന്റെ സുപ്രധാന ഘടകമാണ്. പല അത്തറുകളുടെയും സ്‌പ്രേകളുടെയും സുഗന്ധം തന്നെ പൂക്കളെ അടിസ്ഥാനമാക്കിയല്ലേ? കുറച്ചു ദിവസം മുമ്പ് ഒരു യുവാവ് പരാതിയുമായി എന്റെ അടുക്കല്‍ വന്നു. മതനിഷ്ഠ പുലര്‍ത്തുന്ന ആളാണ് കക്ഷി, എന്നാല്‍ അതീവ സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ കെണിയില്‍ അവന്‍ പെട്ടുപോയി. അവളിലേക്കുള്ള നോട്ടമാണ് അവനെ വീഴ്ത്തിയത്. അവളുടെ രൂപം പിശാച് ആകര്‍ഷകമാക്കി, രാത്രിയും പകലും അവന്റെ ചിന്ത അവളെ കുറിച്ചായി മാറി.

അവളെ കുറിച്ചുള്ള ചിന്ത ഇല്ലാതാക്കാന്‍ കഠിനമായി ശ്രമിക്കുന്നുണ്ടെന്നാണ് ആ യുവാവ് പറയുന്നത്. എന്നാല്‍ ഒറ്റക്കാകുമ്പോള്‍ അവളുടെ രൂപം വീണ്ടും മനസ്സിലേക്ക് ഇരച്ചു വരുന്നു. ഏകാന്തതയില്‍ അവന് കൂട്ടുവരുന്നത് അവളെ കുറിച്ച ചിന്തകളാണ്. എത്രത്തോളമെന്നാല്‍ അവന്റെ പഠനത്തെയത് ബാധിച്ചു. ക്ലാസില്‍ എന്നും ഒന്നാമനായിരുന്ന അവന്‍ പല വിഷയങ്ങളിലും പരാജയപ്പെട്ടു.

വളരെ ആത്മാര്‍ത്ഥമായ വേവലാതിയുടമായിട്ടാണ് ഈ യുവാവ് എന്റെ അടുത്ത് വരുന്നത്. ഈ കുഴിയില്‍ അവന്‍ വീഴാനുണ്ടായ കാരണത്തില്‍ എനിക്കും അവനും ഒരേ അഭിപ്രായമായിരുന്നു. ആവര്‍ത്തിച്ചുള്ള നോട്ടമായിരുന്നു പ്രസ്തുത കാരണം. കോളേജില്‍ തന്റെ സുഹൃത്തായിരുന്നപ്പോള്‍ ഇടക്കിടെ അവളെ കാണാറുണ്ടായിന്നു. വീണ്ടും വീണ്ടും അവന്റെ കണ്ണുകള്‍ അവളിലെത്തി. പിശാച് അവളുടെ രൂപം അവന് ആകര്‍ഷകമാക്കി കൊടുത്തു, അവളാണ് ഏറ്റവും വലിയ സുന്ദരിയെന്ന് പിശാച് അവനോട് പറഞ്ഞു കൊണ്ടിരുന്നു. അവളല്ലാതെ മറ്റൊരു ജീവിത പങ്കാളി തനിക്കില്ലെന്നടത്തോളം എത്തി. ആവര്‍ത്തിച്ചു നോക്കുന്നതിനെ കുറിച്ച് പ്രവാചകന്‍(സ)യുടെ മുന്നറിയിപ്പാണ് അവനോട് ഞാന്‍ ആദ്യമായി പറഞ്ഞത്. നബി(സ) പറയുന്നു : ‘അല്ലയോ അലി, നീ ഒരു നോട്ടത്തെ മറ്റൊരു നോട്ടം കൊണ്ട് തുടര്‍ത്തരുത്. ഒന്നാമത്തേത് നിനക്ക് അനുവദനീയമാണ്. രണ്ടാമത്തേത് നിനക്ക് നിഷിദ്ധമാണ്.” സുഗന്ധമില്ലാത്ത പുഷ്പമാണ് അവളെന്ന് ഞാന്‍ മുന്നറിയിപ്പ് നല്‍കി. അവളുടെ വസ്ത്രത്തിന്റെ വര്‍ണങ്ങളും അലങ്കാരങ്ങളുമാണ് നിന്നെ വഞ്ചിതനാക്കിയിരിക്കുന്നത്. പിശാച് അവയെല്ലാം നിനക്ക് മനോഹരമായി തോന്നിച്ചിരിക്കുന്നു. ഒന്നുകില്‍ നീ അവളില്‍ നിന്ന് അകലം പാലിക്കണം. അല്ലെങ്കില്‍ അവളുടെ വീട്ടുകാരുമായി വിവാഹാന്വേഷണം നടത്തണം എന്നു ഞാന്‍ ഉപദേശിച്ചു.

കുറെ ദിവസങ്ങള്‍ക്ക് ശേഷമാണ് പിന്നെ അവന്‍ എന്റെ അടുക്കല്‍ വന്നത്. തനിക്കുണ്ടായ അത്ഭുതത്തെ കുറിച്ചവന്‍ സംസാരിച്ചു. ഒരു തീരുമാനമെടുക്കാന്‍ സഹായം തേടി അല്ലാഹുവോട് പ്രാര്‍ഥിച്ച ശേഷം അവളുടെ വീട്ടിലേക്ക് അവന്‍ പോയി. യാതൊരു മതനിഷ്ഠയും പുലര്‍ത്താത്ത യുവതിയെയാണവന്‍ അവിടെ കണ്ടത്. കുടുംബവും തികഞ്ഞ അശ്രദ്ധയില്‍ കഴിയുന്നവര്‍ തന്നെ. എത്രത്തോളമെന്നാല്‍ ദീനിനിഷ്ഠയുള്ളവരെ തങ്ങള്‍ക്കിഷ്ടമില്ലെന്ന് വരെ അവര്‍ പറഞ്ഞു. ഹിജാബ് അണിയുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ദീനിനെകുറിച്ച് അധികം സംസാരിക്കുന്നവരെ ഞങ്ങള്‍ക്ക് ഇഷ്ടമില്ലെന്നായിരുന്നു അവളുടെ ഉപ്പയുടെ മറുപടി. ഈ മറുപടി കേട്ട് അവന്‍ അസ്വസ്ഥനായിരിക്കുമ്പോള്‍ അവള്‍ ചോദിക്കുന്നത് അവന്റെ വീടിന്റെ വിശാലതയെയും കുടുംബത്തിന്റെ വരുമാനത്തെയും കുറിച്ചാണ്. എല്ലാ അത്യാധുനിക സൗകര്യങ്ങളുമുള്ള വീട്, മക്കളെല്ലാം പഠിക്കുന്നത് പുറത്തായിരിക്കണം, പ്രത്യേക പരിപാടികള്‍ ഉണ്ടാകുമ്പോള്‍ മാത്രം അവര്‍ ഉമ്മയെ കണ്ടാല്‍ മതി എന്നൊക്കെയാണ് അവളുടെ സങ്കല്‍പം. അവളുടെ മാതാപിതാക്കളുടെ മറുപടി വലിയ ഞെട്ടലാണ് അവനിലുണ്ടാക്കിയത്. താനിത്രയും കാലം വളരെ ആഗ്രഹത്തോടെ ആശിച്ചു നടന്നത് ഇവള്‍ക്കായിരുന്നോ..? വര്‍ണപ്പകിട്ടുകള്‍ക്കിടയിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തിയ അല്ലാഹുവിന് നന്ദി പറയുകയാണ് യുവാവ് പിന്നീട് ചെയ്തത്.

വളരെയധികം അലങ്കാരങ്ങളും വളരെ കുറച്ച് ദീനുമായി നടക്കുന്ന ഇത്തരത്തിലുള്ള നിരവധി യുവതികള്‍ നമുക്കു ചുറ്റിലും ജീവിക്കുന്നുണ്ട്. അവരണിയുന്ന നിറങ്ങള്‍ പലപ്പോഴും യാഥാര്‍ഥ്യത്തെ മറച്ചു വെക്കുന്നു. ഇത്തരം അലങ്കാരങ്ങളിലും നിറക്കൂട്ടുകളിലും വഞ്ചിതരാവരുത് എന്നാണ് എന്റെ മുസ്‌ലിം യുവസുഹൃത്തുക്കളോടുള്ള എന്റെ ഉപദേശം. പകരം നിങ്ങള്‍ അന്വേഷിക്കേണ്ടത് ദീനും വിശ്വാസവും ഉള്ളവരെയാണ്. അവരുടെ കുടുംബത്തെയും ജീവിത സാഹചര്യങ്ങളെയും കുറിച്ചാണ് നിങ്ങള്‍ അന്വേഷിക്കേണ്ടത്. അവളെ മൂല്യങ്ങള്‍ പഠിപ്പിച്ച മാതാവിനെ കുറിച്ചും അന്വേഷിക്കുക. സുന്ദരമായ ഒരു പുഷ്പമായി കണ്ട് ഒരു പെണ്ണിന്റെ കെണിയില്‍ വീഴാതിരിക്കുന്നതിന് അതാവശ്യം തന്നെ. ‘നിങ്ങള്‍ മതനിഷ്ഠയുള്ളവളെ വിവാഹം ചെയ്യുകയും വിജയം നേടുകയും ചെയ്യുവിന്‍.’ എന്ന പ്രവാചക വചനം എപ്പോഴും ഓര്‍മയില്‍ ഉണ്ടായിരിക്കട്ടെ.

വിവ : നസീഫ്‌

Facebook Comments
Related Articles
Close
Close