Youth

പിറന്ന ഗ്രാമത്തെ മറക്കാത്ത സലാഹ്

മുഹമ്മദ് സലാഹ് ഇന്ന് ഈജിപ്തിലെ മുഴുവന്‍ പേരുടെയും മകനാണ്. തന്റെ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് സമൃദ്ധമായ കുടിവെള്ളം ഒരുക്കുന്നതിനു വേണ്ടി മലിനജല ശുദ്ധീകരണ പ്ലാന്റ് നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ സലാഹ്. ഇതിനായി നാലര ലക്ഷം ഡോളറാണ് അദ്ദേഹം ചിലവഴിക്കുന്നത്.
ലിവര്‍പൂള്‍ എഫ്.സിയുടെ സ്‌ട്രൈക്കറായ സലാഹും തന്റെ പിതാവും ഇതിനായി സ്ഥലം വാങ്ങി മലിനജല ശുദ്ധീകരണ പ്ലാന്റ് തുടങ്ങാനുള്ള കരാറിലെത്തിയിട്ടുണ്ട്. ഈജിപ്തിലെ നഗ്രിഗിനു സമീപം ഗാര്‍ബിയ എന്ന കാര്‍ഷിക ഗ്രാമത്തിലാണ് പ്ലാന്റ് തുടങ്ങുന്നത്.

സലാഹിന്റെ ഈ സ്‌നേഹം ആഘോഷമാക്കിയിരിക്കുകയാണ് ഗ്രാമീണര്‍. സൂപ്പര്‍സ്റ്റാര്‍ സലാഹ് ഈ ഗ്രാമത്തിന് ഒരിക്കലും അന്യനല്ലെന്ന് നഗ്രിഗിലെ അധ്യാപകനായ അബൂ ഹബ്‌സാഹ് പറയുന്നു. അവന് നമ്മോട് എത്രത്തോളം സ്‌നേഹമുണ്ടെന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ല. അവന്‍ നമുക്കും ഈജിപ്തിനും വേണ്ടി ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. അബൂ ഹബ്‌സാഹ് പറയുന്നു.

സലാഹിന്റെ സൗമ്യമായ പെരുമാറ്റവും വിനയവുമെല്ലാം അദ്ദേഹത്തിന്റെ ഈ സംഭാവനയുടെ തെളിവാണ്. ഇന്ന് 280 മില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള കളിക്കാരനാണ് സലാഹ്. സലാഹ് തന്റെ ഗ്രാമത്തിലേക്ക് തിരിച്ചുവരുന്ന സമയത്തെല്ലാം ഞങ്ങളെ സന്ദര്‍ശിക്കാനായി വരാറുണ്ട്. അവന്‍ നമുക്ക് ഒരു അപരിചിതനല്ല, അവനെ നമ്മള്‍ക്കും അങ്ങനെ തോന്നിയിട്ടില്ല.
പ്രശ്‌സ്തനായതിനു ശേഷം ഒരിക്കല്‍ സലാഹ് തനിയെ ഗ്രാമത്തിലൂടെ നടന്നുപോകവെ ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു താങ്കള്‍ എന്താണ് സുരക്ഷ ഉദ്യോഗസ്ഥരില്ലാതെ ഇങ്ങനെ തനിയെ നടക്കുന്നതെന്ന്. താങ്കള്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ലേ? അപ്പോള്‍ സലാഹ് പറഞ്ഞു: എന്റെ വീട്ടിലും ഗ്രാമത്തിലും കറങ്ങാന്‍ എനിക്ക് സുരക്ഷ ഉദ്യോഗസ്ഥന്റെ ആവശ്യമില്ല എന്നായിരുന്നു. സലാഹ് ചെയ്യുന്ന സംഭാവനകളുടെയും ചിലവഴിച്ച പണത്തിന്റെയും കണക്കുകള്‍ പുറത്തു പറയാന്‍ താല്‍പര്യമില്ലാത്ത വ്യക്തിയാണ് അദ്ദേഹം. അതിനെക്കുറിച്ച് അന്വേഷിക്കുന്നത് അവനിഷ്ടമല്ലായിരുന്നു. അബൂ ഹബ്‌സാഹ് പറഞ്ഞു.

എല്ലാ സംഭാവനകള്‍ക്കും സലാഹിന്റെ പിതാവിനോട് നന്ദി പറയുകയാണ് ഗാര്‍ബിയ ഗവര്‍ണര്‍ അഹ്മദ് ദാഇഫ്. യുവജനങ്ങള്‍ക്ക് മഹത്തായ ഒരു റോള്‍ മോഡല്‍ ആണ് അദ്ദേഹം. മില്യണ്‍ കണക്കിന് ആളുകളാണ് ലോകത്ത് അദ്ദേഹത്തെ ആരാധിക്കുന്നത്. അവരുടെ മുഖത്ത് സന്തോഷം വരുത്തുന്നവനാണ് ഇന്ന് സലാഹ്, അഹ്മദ് ദാഇഫ് പറയുന്നു. ഇതാദ്യമായല്ല സലാഹ് തന്റെ കൊച്ചു ഗ്രാമത്തിനു വേണ്ടി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്. അതിനാല്‍ തന്നെ സലാഹിനെ ‘സന്തോഷം ഉണ്ടാക്കുന്നവന്‍’ എന്നാണ് വിളിക്കുന്നത്. സലാഹ് തന്റെ ഗ്രാമത്തെ അതിയായി സ്‌നേഹിക്കുന്നുണ്ട്. യൂറോപ്പില്‍ നിന്നും തന്റെ ഗ്രാമത്തിലേക്ക് തിരിച്ചു വരുന്നത് സലാഹിന് വളരെ സന്തോഷം നല്‍കുന്ന ഒന്നാണ്. ആശുപത്രികളിലേക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സ്‌കൂളുകളുടെ പുന:രുദ്ധാരണത്തിനും ആംബുലന്‍സ് യൂണിറ്റുകള്‍ സ്ഥാപിക്കാനുമെല്ലാം സഹായങ്ങള്‍ നല്‍കി സന്തോഷം കൊണ്ടുവരുന്നവനായി മാറുക കൂടിയാണ് മുഹമ്മദ് സലാഹ്. ‘ലോങ് ലിവ് ഈജിപ്ത്’ എന്ന പദ്ധതിക്കു വേണ്ടി നേരത്തെ അഞ്ചു മില്യണ്‍ ഈജിപ്ഷ്യന്‍ പൗണ്ട് സംഭാവന നല്‍കിയിട്ടുണ്ട് അദ്ദേഹം.

ഈജിപ്തിലെ ഗ്രാമത്തിലെ ക്ലബ്ബുകള്‍ളും സ്‌കൂളുകളും ഇപ്പോള്‍ സലാഹിന്റെ പേരില്‍ നാമകരണം ചെയ്തിരിക്കുകയാണ്. ഇപ്പോള്‍ ഈജിപ്തിലെ ചെറുപ്പക്കാരെല്ലാം ഒന്നടങ്കം പറയുന്നത് എനിക്കും സലാഹിനെ പോലെ മികച്ച ഒരു ഫുട്‌ബോളറാകണം, എനിക്കും ഇംഗ്ലീഷ് ടീമിനു വേണ്ടി കളിക്കണം എന്നാണ്. ഇങ്ങനെ ലോകത്തിന് ഒന്നടങ്കം റോള്‍ മോഡലായി മാറുകയാണ് മുഹമ്മദ് സലാഹ് എന്ന 25ഉകാരന്‍.

വിവര്‍ത്തനം: സഹീര്‍ അഹ്മദ്
അവലംബം: www.middleeasteye

 

 

Facebook Comments
Related Articles

Check Also

Close
Close
Close