Current Date

Search
Close this search box.
Search
Close this search box.

സ്ത്രീ; ഖുർആനിലും സുന്നത്തിലും

ഇസ്ലാമിൽ അല്ലാഹുവുമായുള്ള ബന്ധത്തിൽ ആൺ-പെൺ വ്യത്യാസങ്ങൾ കൽപിച്ചിട്ടില്ല. കർമ്മങ്ങൾക്ക് ഒരേ പ്രതിഫലം എന്നതാണ് ഇസ്ലാമിക നിലപാട്. ഖുർആൻ വിശ്വാസികളെ അഭിസംബോധന ചെയ്യുമ്പോൾ, വിശ്വസിച്ച പുരുഷന്മാരെയും സ്ത്രീകളെയും ഉദ്ധരിച്ച് കാര്യങ്ങൾ സംവദിക്കാറുണ്ട്. കർമ്മം ചെയ്യുന്നത് ആരു തന്നെ ആയാലും പ്രതിഫലം ആൺ പെൺ വ്യത്യാസങ്ങൾ ഇല്ലാതെ ഒരുപോലെയാണെന്ന് കാണിക്കാൻ വേണ്ടിയാണത്. (2:226)

ഖുർആൻ പറയുന്നത് നോക്കാം : ‘നിശ്ചയം അല്ലാഹുവിലുള്ള സമര്‍പ്പണം, സത്യവിശ്വാസം, ഭയഭക്തി, സത്യസന്ധത, ക്ഷമാശീലം, വിനയം, ദാനശീലം, വ്രതാനുഷ്ഠാനം, ലൈംഗിക വിശുദ്ധി എന്നിവ ഉള്‍ക്കൊള്ളുന്നവരും അല്ലാഹുവെ ധാരാളമായി സ്മരിക്കുന്നവരുമായ സ്ത്രീപുരുഷന്മാര്‍ക്ക് അവന്‍ പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ട് ‘. (33:35)

ക്രൈസ്തവ പുരോഹിതന്മാരുടെ സ്ത്രീ വാദത്തോട് വിരുദ്ധമാണ് ഖുർആനിന്റെ പക്ഷം. ആത്മാവില്ലാത്ത ശരീരമാണ് സ്ത്രീയെന്ന് അവർ വാദിക്കുമ്പോൾ, പുരുഷനെ പോലെ തന്നെ സൽകർമ്മങ്ങൾക്ക് അനുസരിച്ച് സ്വർഗ്ഗസ്ഥയാവാൻ സ്ത്രീ സാധിക്കുമെന്ന് ഖുർആൻ ഊന്നി പറയുന്നു; ‘നിങ്ങളും ഇണകളും ആഹ്ലാദ നിർഭരമായി സ്വർഗ്ഗ പ്രാപ്തരായി കൊള്ളുക’ (43:70) .

പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന, വാർഷികാഘോഷങ്ങളിൽ കഅ്ബക്ക് ചുറ്റും നഗ്നമായി സ്ത്രീകളെ നൃത്തം ചെയ്യിച്ച, വെറുമൊരു ഭോഗ വസ്തുവായി മാത്രം സ്ത്രീയെ പരിഗണിച്ചിരുന്ന ഒരു സമൂഹത്തിലേക്ക് സ്ത്രീ സമത്വത്തിന്റെ വിപ്ലവാത്മകമായ അധ്യാപനങ്ങളുമായാണ് ഖുർആൻ കടന്നുവന്നത്. പെണ്ണ് ഒരു പാപ കറയല്ലെന്നും ഒരൊറ്റ ആത്മാവിൽ നിന്നും സൃഷ്ടിക്കപ്പെട്ട സ്ത്രീയും പുരുഷനും ഒരുപോലെ പരിഗണിക്കപ്പെടണമെന്നും ഖുർആൻ സമൂഹത്തെ പഠിപ്പിച്ചു. അവരുടെ അവകാശങ്ങളും അഭിമാനവും സംരക്ഷിക്കപ്പെടണം എന്ന് ഖുർആൻ ആഹ്വാനം ചെയ്തു. സ്ത്രീ പുരുഷന്റെ പാതിയാണെന്ന് പ്രവാചകൻ പഠിപ്പിച്ചു. അവരൊന്നിച്ചു നിൽക്കണമെന്ന സുമോഹന സങ്കല്പത്തെ ഖുർആൻ അവതരിച്ചതിങ്ങന: ‘നിങ്ങൾ പരസ്പരം വസ്ത്രമാണ്’(2:187) . നഗ്നതയെ വസ്ത്രം മറക്കുന്നത് പോലെ, വിവാഹിതരാകുന്ന സ്ത്രീയും പുരുഷനും അവരുടെ പരിശുദ്ധിയെ സംരക്ഷിക്കുന്നു. ഇരുവരും താങ്ങും തണലും ആവുന്നു.

പിശാചിന്റെ ആയുധമായല്ല സ്ത്രീയെ ഇസ്ലാം പരിഗണിക്കുന്നത്. മറിച്ച് ‘മുഹ്സ്വന’ ; പിശാചിൽ നിന്നും രക്ഷനേടാനുള്ള വഴിയാണ് സൽവൃത്തയായ സ്ത്രീ. വിവാഹം അതിലേക്കുള്ള മാർഗമാണ്. ജീവിതവഴിയിൽ വിശുദ്ധി കാത്തുസൂക്ഷിക്കാനുള്ള മഹത്തായ കർമ്മമാണ് അത്. പ്രവാചകന്റെ ഏറ്റവും വലിയ തിരുചര്യയായി വിവാഹത്തെ പരിഗണിക്കാനുള്ള കാരണമതാണ്. പ്രവാചകൻ പറയുന്നു: ‘ഒരാൾ വിവാഹിതനാകുമ്പോൾ അവൻ തന്റെ മതത്തിന്റെ പാതി സുരക്ഷിതമാക്കിയിരിക്കുന്നു’. വിവാഹത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് നബി തങ്ങളുടെ മറ്റൊരു അധ്യാപനം : ‘വിവാഹം എന്റെ ചര്യയാണ്, അതിൽ നിന്ന് വിട്ടു നിൽക്കുന്നവൻ എന്റെ അനുയായിയല്ല’.

വിവാഹത്തിന്റെ വിശുദ്ധിയെക്കുറിച്ച് ഖുർആൻ പറയുന്നു : ഇണകളുമായി സംഗമിച്ച് സമാധാന ജീവിതം ആസ്വദിക്കാനായി സ്വന്തത്തിൽ നിന്നു തന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിച്ചു തന്നതും പരസ്പര സ്നേഹവും കാരുണ്യവും നിക്ഷേപിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതുതന്നെയത്രേ.(30:21)

സ്ത്രീകൾക്ക് മഹത്തായ സ്ഥാനം നൽകി ആദരിച്ചവരായിരുന്നു റസൂൽ (സ്വ). അദ്ദേഹം പറയുന്നു: ഈ ലോകത്തുള്ള സകലതും വിലപിടിപ്പുള്ളതാണ്. അതിൽ ഏറ്റവും വിലപിടിപ്പുള്ളവർ സൽവൃത്തയായ സ്ത്രീയാണ്. ഒരിക്കൽ നബി തങ്ങൾ ഉമർ(റ)നോട് ചോദിച്ചു: ‘ ഒരാൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ നിധിയെ കുറിച്ച് ഞാൻ നിനക്ക് പറഞ്ഞു തരട്ടെ. മുഖത്ത് നോക്കുമ്പോൾ സന്തോഷം പകരുന്ന, തന്റെ ഭർത്താവിന്റെ അഭാവത്തിൽ സ്വകാര്യതകളെ സംരക്ഷിക്കുന്ന സൽവൃത്തയായ സ്ത്രീയാണ് അത്’.

മറ്റൊരു അവസരത്തിൽ റസൂൽ പഠിപ്പിക്കുകയുണ്ടായി: ‘ ഒരാൾക്ക് ഉണ്ടാവേണ്ട ഏറ്റവും വലിയ സമ്പത്ത് എന്നത്, നാഥനെ സ്മരിക്കുന്ന നാവും റബ്ബിന്റെ വഴിയിൽ അവനെ സഹായിക്കുന്ന ഭാര്യയുമാണ് ‘

ഇസ്ലാമിന്റെ ആവിർഭാവത്തിന് മുമ്പ് പെണ്ണ് മൃഗത്തേക്കാൾ ഹീനമായാണ് പരിഗണിക്കപ്പെട്ടത്. അവരോട് കാണിച്ച ക്രൂരതകളെ എടുത്തു കളയുകയായിരുന്നു പ്രവാചകന്‍. സ്ത്രീകളുടെ വിഷയത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കണം എന്ന് അദ്ദേഹം വിശ്വാസികളോട് താക്കീത് ചെയ്തു. ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാറുന്നവരാണ് നിങ്ങളിൽ ഏറ്റവും ഉത്തമൻ എന്ന് പഠിപ്പിച്ചു. ഹജ്ജത്തുൽ വിദാഇന്റെയന്ന് അറഫാ മൈതാനിയിൽ വച്ച് തന്റെ അനുയായികളോട് സ്ത്രീകളോടുള്ള കടമയെക്കുറിച്ചും അവരുടെ അവകാശങ്ങളെ കുറിച്ചുമായിരുന്നു പ്രവാചകൻ ഉൽബോധിപ്പിച്ചത്.

ഇസ്ലാമിൽ സ്ത്രീ പരിഗണിക്കപ്പെടുന്നത് പൂർണ്ണമായും സ്വതന്ത്രമായ വ്യക്തിത്വമായിട്ട് തന്നെയാണ്. ഉമ്മയായും മകളായും ഭാര്യയായും അവൾക്ക് അവകാശങ്ങൾ ഇസ്ലാം വകവെച്ചു നൽകുന്നു. തന്റെ വരനെ കണ്ടെത്താൻ പൂർണമായുള്ള സ്വാതന്ത്ര്യം ഇസ്ലാം പെണ്ണിന് നൽകുന്നുണ്ട്.

ഒരിക്കൽ ഒരു സ്ത്രീയും രണ്ട് പെൺകുട്ടികളും പ്രവാചകന്റെ വീട്ടിലേക്ക് വന്നു. തിന്നാൻ വല്ലതും അന്വേഷിച്ചിറങ്ങിയതായിരുന്നു അവർ. ആയിഷ ബീവിയാണ് വീട്ടിലുണ്ടായിരുന്നത്. ഒരു കാരക്കയല്ലാതെ മറ്റൊന്നും ആ വീട്ടിൽ ഉണ്ടായിരുന്നില്ല. ബീവി അതെടുത്ത് അവർക്ക് നൽകി. ആ മാതാവ് ഈത്തപ്പഴം രണ്ടു മക്കൾക്കും പകുത്തു നൽകി. ശേഷം അവിടെ നിന്ന് മക്കളെയും കൂട്ടി തിരിച്ചു നടന്നു. പ്രവാചകൻ വീട്ടിലേക്ക് വന്നപ്പോൾ ആയിഷ നടന്ന സംഭവത്തെക്കുറിച്ച് പറഞ്ഞു. അന്ത്യനാളിൽ ആ രണ്ടും പെൺകുട്ടികളും ആ മാതാവിന് നരകാഗ്നിയിൽ നിന്ന് രക്ഷ നൽകുമെന്ന് പ്രവാചകൻ (സ്വ) മറുപടി നൽകുകയുണ്ടായി.

വിധവകളെയും ഇസ്ലാം അത്യധികം പരിഗണിച്ചിട്ടുണ്ട്. ഭർത്താവ് മരിക്കുന്നതോടെ മക്കളെ പരിപാലിക്കുന്നതിന്റെ ഉത്തരവാദിത്വം ഭാര്യയുടേതായി. വിധവകളുടെ പുനർവിവാഹത്തെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് ഇസ്ലാം, അതിൽ ഏറ്റവും ഉദാത്തമായ മാതൃകയാണ് പ്രവാചകന്റേത്. അദ്ദേഹത്തിന്റെ 9 ഭാര്യമാരിൽ അധികവും വിധവകൾ ആയിരുന്നു. പ്രവാചകൻ അരുളി : ‘ വിധവകളെയോ പാവപ്പെട്ടവരെയോ സഹായിക്കുകയും താങ്ങാകുകയും ചെയ്യുന്നവർ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവരെ പോലെയാണ്.

കൂടാതെ മാതൃപദവിക്ക് അതിമഹത്തായ പദവി ഇസ്ലാം നൽകുന്നുണ്ട്. ഉമ്മ അവിശ്വാസിയാണെങ്കിൽ പോലും അവരെ പരിചരിക്കാൻ വിശ്വാസിയുടെ കടമയാണെന്ന് ദീൻ കൽപിക്കുന്നു. ഉമ്മയോടുള്ള കടമ അനിർവചനീയമാണെന്നാണ് പ്രവാചകാധ്യാപനം. ഒരിക്കൽ പ്രവാചകനോട് ഒരാൾ ചോദിച്ചു: ‘ഞാൻ ഏറ്റവും കടപ്പെട്ടിരിക്കുന്നത് ആരോടാണ് റസൂലെ’? ‘നിന്റെ ഉമ്മയോട് ‘ പ്രവാചകൻ മറുപടി പറഞ്ഞു. അയാൾ ചോദ്യം വീണ്ടും ആവർത്തിച്ചു. നബി തങ്ങൾ മറുപടി അതേപടി ആവർത്തിച്ചു. മൂന്നാമത്തെ തവണയും ചോദ്യത്തിന് അതേ മറുപടിയായിരുന്നു. പിന്നെ ആരാണ് എന്ന നാലാമത്തെ ചോദ്യത്തിനാണ് നിന്റെ പിതാവിന് എന്ന് നബി തങ്ങൾ മറുപടി പറഞ്ഞത്.

ഒരിക്കൽ മുആവിയ(റ) പ്രവാചകനെ സമീപിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, എനിക്ക് യുദ്ധത്തിൽ പങ്കെടുക്കണം എന്നുണ്ട്. അങ്ങ് എന്നെ അനുവദിച്ചാലും. ഉടനെ പ്രവാചകൻ മറുപടി പറഞ്ഞു : ‘ നീ നിന്റെ മാതാവിനെ പരിചരിക്കുക. നിന്റെ സ്വർഗം അവരുടെ കാൽ കീഴിലാണ് ‘.

ഇസ്ലാമിന്റെ മധുരം നുണഞ്ഞ അറബികൾ പ്രവാചകനെ അനുസരിച്ചു. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പുതിയ പാഠങ്ങൾ പഠിച്ചു. സ്ത്രീയെ ആദരിക്കാനും ചേർത്തുനിർത്താനും മതം അവർക്ക് വഴി കാണിച്ചു. പതിയെ വിശ്വാസിനി സമൂഹം സർവ്വ മേഘലകളിലും ഉയർന്നുവന്നു. സാമൂഹികമായും വൈജ്ഞാനികമായും സാമ്പത്തികമായും അവർ ഇടപെടലുകൾ നടത്തി. അവരിൽനിന്ന് പണ്ഡിതകൾ ഉയർന്നുവന്നു. കച്ചവടത്തിനും മറ്റുമായി തന്റെ ആവശ്യങ്ങൾക്കുവേണ്ടിയും ഭർത്താവിനെ സഹായിക്കാനും മറ്റും അവർ സന്നദ്ധരായി.

ആയിഷ ബീവി റിപ്പോർട്ട് ചെയ്യുന്നു: ‘ സൗദാ ബിൻത് സമഹ്(റ) ഒരിക്കൽ രാത്രി പുറത്തിറങ്ങി. വഴിയിൽ വച്ച് ഉമർ (റ) അവരെ കണ്ടു. അദ്ദേഹം ചോദിച്ചു: നീ എന്താണ് ഞങ്ങളിൽ നിന്നും മറഞ്ഞിരിക്കാത്തത്? ഇതു കേട്ട് അവർ പ്രവാചകന്റെ അടുത്തേക്ക് തിരിച്ചു. കാര്യം ബോധിപ്പിച്ചു, സ്ത്രീകൾക്ക് അവരുടെ ആവശ്യത്തിന് പുറത്തുപോകാൻ അല്ലാഹു അനുവദിച്ചിട്ടുണ്ട് എന്നായിരുന്നു പ്രവാചകന്റെ മറുപടി.

ആത്മീയതയുടെ വിഷയത്തിൽ ഇസ്ലാമിൽ സ്ത്രീപുരുഷ ഭേദങ്ങളില്ല. ശാരീരിക വ്യതിയാനങ്ങൾക്ക് അനുസൃതമായ ചില നിയമപരിരക്ഷകൾ ഇസ്ലാം മുന്നോട്ടുവെക്കുന്നു എന്നതാണ് കാതലായ മാറ്റം. എന്നിരിക്കെ ഉപജീവനമാർഗ്ഗത്തിനുവേണ്ടി പുരുഷൻ തിരഞ്ഞെടുക്കപ്പെടുകയും കുടുംബ പരിപാലനത്തിനായി സ്ത്രീ തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നു.

എന്നിരുന്നാലും, ഒരു ഏകീകൃത നയമില്ലാതെ വീട്ടിൽ മികച്ച ഭരണം അസാധ്യമാണ് എന്നത് ഒരു വസ്തുതയാണ്. ഇക്കാരണത്താൽ ശരീഅത്ത് കുടുംബനാഥൻ എന്ന നിലയിൽ ഒരു പുരുഷൻ തന്റെ കുടുംബവുമായി കൂടിയാലോചന നടത്തുകയും അതുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ അന്തിമമായി പറയുകയും ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. അങ്ങനെ ചെയ്യുമ്പോൾ അയാൾ തന്റെ ഭാര്യക്ക് എന്തെങ്കിലും പരിക്കേൽപ്പിക്കാൻ തന്റെ പ്രത്യേകാവകാശം ദുരുപയോഗം ചെയ്യരുത്. ഈ തത്ത്വത്തിന്റെ ഏതൊരു ലംഘനവും അല്ലാഹുവിന്റെ പ്രീതി നഷ്‌ടപ്പെടാനുള്ള അപകടസാധ്യത ഉൾക്കൊള്ളുന്നു, കാരണം അവന്റെ ഭാര്യ അവന്റെ കീഴുദ്യോഗസ്ഥയല്ല, മറിച്ച് അവൾ പ്രവാചകന്റെ (സ്വ) ‘വീട്ടിലെ രാജ്ഞി’ എന്ന വാക്കുകൾ ഉപയോഗിക്കുന്നു. ഒരു യഥാർത്ഥ വിശ്വാസി തന്റെ ഭാര്യക്ക് നൽകുമെന്ന് പ്രതീക്ഷിക്കുന്ന സ്ഥാനമാണിത്. സ്ത്രീകളെ സംബന്ധിച്ച ഇസ്‌ലാമിന്റെ ഈ പ്രബുദ്ധമായ അധ്യപനങ്ങളിൽ നിന്ന് വ്യത്യസ്തമായി പാശ്ചാത്യ സംസ്കാരം യഥാർത്ഥത്തിൽ അവളുടെ ശരീരത്തെ ചൂഷണം ചെയ്യുന്നതിന്റെയും അവളുടെ ബഹുമാനം ഹനിക്കുന്നതിന്റെയും ആത്മാവിന്റെ അധഃപതനത്തിന്റെയും വേഷംമാറിയ രൂപം മാത്രമാണ്.

വിവ: ഫഹ്‌മിദ സഹ്റാവിയ്യ

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles