Current Date

Search
Close this search box.
Search
Close this search box.

ആരാണ് കൂടുതല്‍ പ്രശംസ ഇഷ്ടപ്പെടുന്നത്, പുരുഷനോ സ്ത്രീയോ?

പ്രശംസിക്കപ്പെടുന്നത് കൂടുതലിഷ്ടപ്പെടുന്നത് സ്ത്രീയോ പുരുഷനോ? ഈ ചോദ്യത്തിനുള്ള ഉത്തരം അല്‍പം വിശദീകരിക്കേണ്ടതാണ്. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും മനുഷ്യര്‍ പൊതുവെ പ്രശംസ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ ചെറിയൊരു മാറ്റം വരുത്തി കുടുതലായി പ്രശംസ തേടുന്നത് സ്ത്രീയാണോ പുരുഷനാണോ എന്നതാണ് ചോദ്യമെങ്കില്‍ നിങ്ങളധിക പേരുടെയും മറുപടി സ്ത്രീയാണെന്നായിരിക്കും. എന്തുകൊണ്ട് സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ പ്രശംസ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നു എന്ന ചോദ്യം ഇവിടെ അവശേഷിക്കുന്നുണ്ട്. ചെറിയൊരു പ്രശംസ പോലും സ്ത്രീക്ക് വലിയ ഊര്‍ജ്ജം പകരുകയും അവളെ ഉന്‍മേഷവതിയാക്കുകയും ചെയ്‌തേക്കും. അതേസമയം പുരുഷന്‍ പ്രശംസ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും പ്രകടമായ രീതിയില്‍ അവനത് തേടുന്നത് വളരെ കുറച്ച് മാത്രമാണ്. മിക്കപ്പോഴും ആരെങ്കിലും അവനെ പ്രശംസിച്ചാലും അതിലുള്ള തന്റെ സന്തോഷം അവന്‍ പ്രകടിപ്പിക്കാറില്ല. അതേസമയം പ്രശംസയില്‍ അവന്റെ ഉള്ള് ഏറെ സന്തോഷിക്കുന്നുണ്ടാവും. എന്നാല്‍ പ്രശംസിക്കപ്പെടുമ്പോള്‍ സ്ത്രീ അതിലുള്ള വികാരം പ്രകടിപ്പിക്കുകയും അവളുടെ മുഖത്തത് പ്രകടമാക്കുകയും ചെയ്യും. ചിലപ്പോഴെല്ലാം അതിലുള്ള സന്തോഷത്താല്‍ തുള്ളിച്ചാടുക വരെ ചെയ്യും.

ഒരു വൃദ്ധയെ പ്രശംസിച്ച കഥ നര്‍മമായി പറയാറുണ്ട്. ഒരിക്കല്‍ ഒരു വൃദ്ധ തന്റെ ഭര്‍ത്താവിനൊപ്പം റോഡിലൂടെ നടന്നു പോകുകയായിരുന്നു. ഒരു യാചകന്‍ അവരെ സമീപിച്ച് പറഞ്ഞു: ഞാനൊരു അന്ധനാണ് സാറേ, താങ്കളുടെ സുന്ദരിയും യുവതിയുമായ ഭാര്യക്ക് വേണ്ടി എനിക്ക് പത്ത് രൂപ തന്ന് സഹായിക്കണം. ആ ഭര്‍ത്താവ് യാചകന് ഒന്നും നല്‍കിയില്ല. എന്നാല്‍ യാചകന്റെ ‘സുന്ദരിയും യുവതിയുമായ’ എന്ന പ്രശംസയില്‍ അതിയായി സന്തോഷിച്ച ഭാര്യ നൂറ് രൂപയെടുത്ത് അയാള്‍ക്ക് നല്‍കി. അവരിരുവരും വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ വൃദ്ധയോട് ഭര്‍ത്താവ് പറഞ്ഞു: ‘ആ യാചകനെ ഞാന്‍ സമ്മതിച്ചിരിക്കുന്നു, അതിബുദ്ധിമാനാണയാള്‍’ അപ്പോള്‍ ഭാര്യ അല്‍പം കൊഞ്ചിക്കൊണ്ട് ചോദിച്ചു: ‘അന്ധനായിട്ടു പോലും ഞാന്‍ സുന്ദരിയായ യുവതിയാണെന്ന് അയാള്‍ തിരിച്ചറിഞ്ഞതുകൊണ്ടാണോ?’ അപ്പോള്‍ ഭര്‍ത്താവ് പരിഹാസത്തോടെ പറഞ്ഞു: ‘ഒരിക്കലുമല്ല, എനിക്കയാളെ ശരിക്കറിയാം. അയാള്‍ക്ക് കാഴ്ച്ചയുണ്ടെന്നും ആളുകളുടെ സഹതാപം പിടിച്ചുപറ്റാന്‍ അന്ധത നടിക്കുകയാണെന്നും എനിക്കറിയാം. അയാള്‍ ബുദ്ധിമാനാണെന്ന് ഞാന്‍ സമ്മതിക്കുന്നതിന്റെ കാരണം താന്‍ അന്ധന്‍ തന്നെയാണെന്ന് ബോധ്യപ്പെടുത്തുന്നതിനാണ് നിന്നെ ‘സുന്ദരിയായ യുവതി’യെന്ന് അയാള്‍ വിശേഷിപ്പിച്ചത്, അയാള്‍ ശരിക്കും അന്ധനാണെന്ന് ഞാനും വിശ്വസിക്കുമായിരുന്നു.’ ഇതൊരു തമാശയാണെങ്കിലും പ്രശംസ സ്ത്രീകളെ വളരെ പെട്ടന്ന് സ്വാധീനിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുന്നു.

സമാനമായ ഒരു സംഭവം ഞാന്‍ ഓര്‍ക്കുകയാണ്. സുഗന്ധങ്ങള്‍ വില്‍ക്കുന്ന ഷോപ്പില്‍ കയറി അവിടെയുള്ള ഏറ്റവും നല്ല അത്തറിനെ കുറിച്ച് കടക്കാരനോട് ചോദിച്ചു. കടക്കാരന്‍ പറഞ്ഞു: നിങ്ങളെ പോലുള്ളവരുടെ വിശേഷണമാണ് അതിന്റെ പേര്. സ്ത്രീ ചോദിച്ചു: ആ അത്തറിന്റെ പേരെന്താണ്? കടക്കാരന്‍ പറഞ്ഞു: ‘അല്‍ജമീലാത്ത്’ (സുന്ദരികള്‍)’ ആ സ്ത്രീ അത് വാങ്ങുകയും ചെയ്തു. കച്ചവടക്കാരന്‍ അതേ തന്ത്രം ഒരു പുരുഷനോടും പയറ്റിനോക്കി. എന്നാല്‍ അയാള്‍ അത് മണത്തുനോക്കി വേണ്ടന്ന് വെച്ച് പോവുകയാണ് ചെയ്തത്. സംവേദനങ്ങളാലും വികാരങ്ങളാലും നിറക്കപ്പെട്ടതാണ് സ്ത്രീ പ്രകൃതം. അതേസമയം ഇതേ സംവേദനങ്ങളും വികാരങ്ങളും തന്നെയാണ് പുരുഷനിലുമുള്ളത്. എന്നാല്‍ അവയോടുള്ള അവന്റെ സമീപനം വ്യത്യസ്തമാണ്. സവിശേഷ സന്ദര്‍ഭങ്ങളില്‍ അതിനോട് പ്രതികരിക്കുന്ന അവന്‍ എല്ലായ്‌പ്പോഴും അതിനോട് പ്രതികരിച്ചുകൊള്ളണമെന്നില്ല. സംവേദനങ്ങളെക്കാളും വികാരങ്ങളേക്കാളും യുക്തിയെ ഉപയോഗപ്പെടുത്താനാണ് അവനിഷ്ടപ്പെടുന്നത്. അതേസമയം സ്ത്രീ തന്റെ വികാരങ്ങളെയും സംവേദനങ്ങളുയം ജീവിപ്പിക്കാനും ആസ്വദിക്കാനും ഇഷ്ടപ്പെടുന്നു. സ്ത്രീക്കും പുരുഷനുമിടയിലെ ഈ വ്യത്യാസം നമുക്ക് പരീക്ഷിച്ചറിയാവുന്നതാണ്. ഒരു പുരുഷനും സ്ത്രീക്കും അവരുടെ കുട്ടിക്കാലത്തെ ഓരോ ഫോട്ടോകള്‍ നല്‍കുക. പുരുഷന്‍ പെട്ടന്ന് അതൊന്ന് നോക്കി പുഞ്ചിരിക്കുന്നതോടെ അവന്റെ പ്രതികരണം അവസാനിക്കുന്നു. എന്നാല്‍ സ്ത്രീ ആ ഫോട്ടോ പലതവണ നോക്കുകയും തന്റെ കുട്ടിക്കാലം ഓര്‍ക്കുകയും അന്നത്തെ ഓര്‍മകളിലേക്കും വികാരങ്ങളിലേക്കും മടങ്ങുകയും ചെയ്യുന്നത് കാണാം. ദിവസം മുഴുവന്‍ ആ ചിത്രം അവളുടെ മനസ്സില്‍ പതിഞ്ഞുകിടക്കുകയും അതിനെ കുറിച്ച് സന്തോഷത്തോടെ സംസാരിക്കുകയും ചെയ്യും. അതേസമയം പുരുഷന്‍ ഫോട്ടോ കണ്ട് മറ്റൊരു പ്രവൃത്തിയില്‍ ഏര്‍പ്പെടാന്‍ തുടങ്ങുമ്പോള്‍ തന്നെ ആ വിഷയം അവസാനിപ്പിക്കുകയാണ്.

സ്ത്രീയുടെ ഈ പ്രകൃതത്തെ ഇസ്‌ലാം ഏറെ പരിഗണിച്ചിട്ടുണ്ട്. സ്വര്‍ണവും പട്ടും കൊണ്ടുള്ള അലങ്കാരം പുരുഷന്‍മാര്‍ക്ക് നിഷിദ്ധമാക്കിയപ്പോഴും സ്ത്രീകള്‍ക്ക് അത് അനുവദനീയമാക്കിയതിന് പിന്നിലെ യുക്തി അതായിരിക്കാം. സ്ത്രീ തന്നെ പ്രശംസിക്കുന്നവരെയും താനുമായി സല്ലപിക്കുന്നവരെയും ഇഷ്ടപ്പെടുന്നു. എന്നാല്‍ പുരുഷനെ സംബന്ധിച്ചടത്തോളം സല്ലാപം അത്രവലിയ ഒരു കാര്യമല്ല. പുരുഷന്റെ ഭാഗത്തു നിന്നും സ്ത്രീക്ക് – അവള്‍ മകളാവാം, സഹോദരിയാവാം, ഉമ്മയാവാം, ഇണയാവാം – പ്രശംസ നേടിക്കൊടുക്കുന്നതിനാണ് സ്വര്‍ണവും പട്ടും അവര്‍ക്ക് അനുവദനീയമാക്കി കൊടുത്തിരിക്കുന്നതെന്ന് ഇസ്‌ലാം അവളിലെ ഈ വൈകാരിക വശത്തെ പരിഗണിച്ചു എന്നാണ് വ്യക്തമാക്കുന്നത്. പ്രശംസയുടെ വാക്കുകള്‍ കേള്‍ക്കുകയെന്ന സ്ത്രീയുടെ ആവശ്യം നിറവേറ്റപ്പെടുന്നതിനാണത്.

ആരോഗ്യകരമായി ഉപയോഗിക്കുകയാണെങ്കില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ആയുധമാണ് പ്രശംസ. മറ്റുള്ളവരില്‍ മാറ്റങ്ങളുണ്ടാക്കുന്നതില്‍ വിമര്‍ശനങ്ങള്‍ക്കുള്ളതിനേക്കാള്‍ വലിയ സ്വാധീനം പ്രശംസക്കുണ്ട്. ഒരു സ്ത്രീയോട് അവളുടെ തടി കുറക്കണമെന്ന് പറയാന്‍ പുരുഷന് രണ്ട്തരം ശൈലി സ്വീകരിക്കാം. നീ തടിച്ചിയാണെന്ന് പറയുന്ന വിമര്‍ശനത്തിന്റെ ശൈലിയാണ് ഒന്നാമത്തേത്. അവളുടെ ആരോഗ്യകരമായ ആഹാരത്തെ പ്രശംസിച്ചു കൊണ്ട് അത് തടി കുറക്കാന്‍ സഹായിക്കുമെന്ന് പറയുന്ന പ്രശംസയുടെ ശൈലിയാണ് രണ്ടാമത്തേത്. സ്വാഭാവികമായും ഒന്നാമത്തേതിനേക്കാള്‍ അവളെ സ്വാധീനിക്കുക രണ്ടാമത്തെ ശൈലിയായിരിക്കും. ഇപ്രകാരം തന്നെയാണ് പുരുഷന്‍മാരിലും ഇതിന്റെ സ്വാധീനം. പുരുഷനിലെ പരുക്കന്‍ പെരുമാറ്റത്തെ കുറ്റപ്പെടുത്തുന്ന ശൈലിയും സ്ത്രീക്ക് സ്വീകരിക്കാം അല്ലെങ്കില്‍ അദ്ദേഹം സൗമ്യനായിരിക്കുമ്പോഴുള്ള പെരുമാറ്റത്തെ പ്രശംസിക്കുന്ന ശൈലിയും സ്വീകരിക്കാം. എന്നാല്‍ നല്ല ഫലം തരുന്നത് പ്രശംസയുടെ ശൈലിയായിരിക്കും.

മൊഴിമാറ്റം: അബൂഅയാശ്‌

Related Articles