Current Date

Search
Close this search box.
Search
Close this search box.

നേതൃനിരയിലെ പെണ്ണിടങ്ങൾ

കാലാന്തരമില്ലാതെ അനേകം ചർച്ചകൾക്ക് വഴിവെക്കുന്ന ഒന്നാണ് മുസ്ലിം സ്ത്രീയുടെ നേതൃപദവി. പ്രവാചകനും ഇസ്ലാമിക ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്ന് അറിയപ്പെടുന്ന ഖുലഫാഉ റാഷിദുകളുടെ കാലഘട്ടത്തിലുമടക്കം സ്ത്രീ സമൂഹത്തെ പ്രോത്സാഹിപ്പിച്ചില്ലെന്നാരോപിച്ച് നേതൃനിരകളിൽ നിന്ന് സ്ത്രീകളെ മാറ്റിനിർത്തുന്ന നിലപാട് സ്വീകരിക്കുന്നവരാണ് അധികവും. പ്രവാചകകാലത്തും തുടർന്നും അധികാര കേന്ദ്രങ്ങളിൽ തങ്ങളുടേതായ പങ്ക് വഹിച്ച പെണ്ണിടങ്ങളിലേക്കുള്ള ഒരെത്തിനോട്ടമാണ് ഈ കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത്.

പ്രവാചക കാലഘട്ടത്തിൽ ഇസ്ലാമിന്റെ നേതൃനിരകളിലെ അതിവിശിഷ്ടമായ സ്ഥാനത്തിന് അർഹയായിരുന്നു സയ്യിദത്ത് ഖദീജ(റ).പ്രവാചക പത്നി എന്ന നിലയിൽ ചരിത്രം മഹതിയെ മുസ്ലിം സ്ത്രീകളുടെ നായികയായി അടയാളപ്പെടുത്തി.സദാസമയം അവർ പ്രവാചകന് കൂട്ടിരുന്നു, പ്രതിസന്ധിയുടെ വെയിലിൽ തണലായി.തിരുമേനി (സ്വ) തങ്ങൾക്ക് ആദ്യമായി ദിവ്യബോധനം നൽകപ്പെട്ട സമയത്ത് പേടിച്ചുവിറച്ച് പ്രവാചകനോടിച്ചെന്നത് ഖദീജാബീവിയുടെ മടിത്തട്ടിലേക്കായിരുന്നു. കുടുംബബന്ധങ്ങളുടെ വേരുകളെയെല്ലാം സുകൃതം കൊണ്ട് നനച്ച്, കൈനീട്ടുന്നവനെ വെറുംകൈയോടെ തിരിച്ചു മടക്കാത്ത, അബലന് ശക്തി പകരുന്ന താങ്കളെ നാഥൻ ഒരിക്കലും കൈവിടില്ലെന്ന് സാന്ത്വനത്തിന്റെ വാക്കുകൾ കൊണ്ട് വെപ്രാളത്തിന്റെ കൊടുങ്കാറ്റിൽ കൈവിടാതെ മഹതി റസൂലിന് കരുത്തുപകർന്നു.

തുടർന്ന്, പ്രവാചകനെയും കൊണ്ട്, തൗറാത്തും ഇഞ്ചീലും അറിയുന്ന തന്റെ ബന്ധു വറഖത്തു ബ്നു നൗഫലിനെ സമീപിക്കുകയുമുണ്ടായി. പ്രവാചകന്റെ സ്ഥിതി വിശേഷങ്ങളെക്കുറിച്ച് ആ പണ്ഡിതന്റെ മുന്നിൽ അവതരിപ്പിച്ചത് മഹതിയായിരുന്നു. വറഖയുമായി സംസാരിച്ച ബീവി ഖദീജ യോട് ഈ സമുദായത്തിലെ പ്രവാചകനായി ദൈവം തിരഞ്ഞെടുത്ത ഉൽകൃഷ്ടനായ വ്യക്തിയാണ് മുഹമ്മദ് എന്ന സന്തോഷവാർത്ത അറിയിക്കുകയുണ്ടായി. ഇത് കേൾക്കേണ്ട താമസം തങ്ങളെ വിശ്വസിച്ചത് ഖദീജ(റ) ആയിരുന്നു.

ലോകത്തിൽ ആദ്യം പ്രവാചകനെ വിശ്വസിച്ച വ്യക്തിത്വമെന്ന് ബീവിയെ ചരിത്രം അടയാളപ്പെടുത്തി. ബന്ധുക്കളോടോ കൂട്ടുകാരോടോ അവർ സമ്മതം ആരാഞ്ഞില്ല, പകരം പ്രബോധനത്തിന്റെ വഴിയിൽ തന്റെ ഇണക്ക് സുരക്ഷിതത്വത്തിന്റെ കാവൽ ഒരുക്കുകയായിരുന്നു. അതിസമ്പന്നയായിരുന്ന മഹതി തന്റെ സ്വത്തുക്കൾ ആകമാനം പുതിയ മതത്തിന്റെ വളർച്ചക്കുവേണ്ടി വിനിയോഗിച്ചു.

പ്രചരണത്തിന്റെ പ്രാരംഭഘട്ടത്തിൽ അവിശ്വാസികളായ ജനങ്ങൾ റസൂലിനോടും വിശ്വാസികളോടും പ്രവാചകന്റെ ബന്ധുമിത്രാദികളോടും ശക്തമായ ഉപരോധം ഏർപ്പെടുത്തി. മുസ്‌ലിംകളുമായി വിൽപ്പന നടത്തുകയോ അവരിൽ നിന്നും ചരക്കുകൾ വാങ്ങുകയോ അവരിൽ ഒരാളെയും വിവാഹം കഴിക്കുകയോ അവർക്ക് വിവാഹം കഴിച്ചു നൽകുകയോ ഇല്ലെന്ന് പ്രവാചകനും കൂട്ടർക്കും എതിരായി അവർ സത്യം ചെയ്തു. ഈ ഉപരോധത്തെയും ഉന്മൂലനം ചെയ്യുന്നതിൽ ഖദീജാബീവി വിജയിച്ചു. പ്രവാചകനും തന്റെ കൂട്ടാളികൾക്കും ഭക്ഷണവും വെള്ളവും എത്തിക്കുന്നതിൽ മഹതി ഒരു വീഴ്ചയും വരുത്തിയില്ല.

നിഴലുപോലെ പ്രവാചകന് കൂട്ടിരുന്നൊടുവിൽ നാഥൻ സ്വർഗ്ഗ ലോകത്ത് വലിയ പദവി നൽകി മഹതിയെ ആദരിച്ചു. മാലാഖ ജിബ് രീൽ മഹതിയോട് പ്രവാചകന്റെ അടുത്ത് സലാം പറഞ്ഞയച്ചു, സ്വർഗ്ഗീയാരാമത്തിൽ ഭവനം വാഗ്ദാനം നൽകി. എല്ലാ പ്രതിസന്ധികളെയും വകഞ്ഞുമാറ്റി ദീനിന്റെ വളർച്ചക്കു വേണ്ടി മഹതി കടന്നുവന്ന ധീരമായ വഴികൾ അളക്കാൻ ഈ പദവികൾ തന്നെ പര്യാപ്തമാണ്.

വൈജ്ഞാനിക നേതൃത്വം

വൈജ്ഞാനിക ലോകത്ത് അസംഖ്യം സംഭാവനകൾ സമർപ്പിച്ച ഒട്ടനവധി പെൺ പണ്ഡിതകളെ നമുക്ക് കാണാനാവും. തിരുമേനി(സ്വ) യുടെ ഹദീസ് മനഃപാഠമാക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്ത അനുചരരിൽ ഗണ്യമായൊരളവിൽ സ്ത്രീകളുമുണ്ട്.

അറിവുകൊണ്ട് ലോകരിൽ ഖ്യാതി നേടിയ പണ്ഡിതകളിൽ ഏറ്റവും ശ്രേഷ്ഠയാണ് സയ്യിദത്ത് ആഇശ ബീവി. കർമശാസ്ത്രത്തിലും ഹദീസിലും തഫ്സീറും സാഹിത്യത്തിലും കവിതയിലും വൈദ്യശാസ്ത്രത്തിലും കഴിവുകൊണ്ട് മികച്ചു നിന്നു.ഉമ്മുൽ മുഅ്മിനീൻ ബീവി ഉമ്മുസൽമ ഹദീസ് വിജ്ഞാനത്തിലും തഫ്സീറിലും മറ്റാരെക്കാളും മുന്തിനിന്നു.

ഖുലഫാഉ റാഷിദുകളുടെ കാലഘട്ടത്തിലും സ്ത്രീകൾ സമൂഹത്തിലെ മുഖ്യധാരാ ഇടങ്ങളിൽ നിന്നും മാറി നിന്നിരുന്നില്ല. ഖലീഫ ഉമർ ബിൻ ഖത്താബ് ശത്രുവിന്റെ കുത്തേറ്റ് കിടക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ മകൾ ഹഫ്സ(റ) തന്റെ സഹോദരൻ ഇബ്നു ഉമർ തങ്ങളെ സമീപിച്ചു ; ” പിതാവ് ആരെയെങ്കിലും തന്റെ ശേഷം പിൻഗാമിയായി നിശ്ചയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. അദ്ദേഹം അങ്ങനെ ചെയ്യില്ലെന്ന് സഹോദരൻ പ്രതിവചിച്ചു. പക്ഷേ സഹോദരി ഹഫ്സ പിതാവിനോട് യോഗ്യനായ ഒരാളെ തന്റെ പിൻഗാമിയായി നിർദേശിക്കാൻ ആവശ്യപ്പെട്ടു, ഇസ്ലാമിന്റെ ഭരണ പരിസരങ്ങളിൽ അസ്വസ്ഥതകളും ഭിന്നതകളും ഇല്ലാതിരിക്കാനായിരുന്നു അവർ അങ്ങനെ ആവശ്യപ്പെട്ടത്. ഭരണസിരാ കേന്ദ്രങ്ങളിൽ പോലും സുസ്ഥിരതയും സമാധാനവും നിലനിർത്താൻ അന്നത്തെ മുസ്‌ലിം സ്ത്രീകൾ ബദ്ധശ്രദ്ധരായിരുന്നു എന്നർത്ഥം.

ഉമർ ( റ) വിന് ശേഷം ഖലീഫ അലി ബിൻ അബീത്വാലിബ്(റ) ന്റെ ഭരണകാലത്ത് നടന്ന മുഅവിയ ബ്നു സുഫിയാനും ഖലീഫയും തമ്മിലുള്ള പ്രശ്നത്തിന് രാഷ്ട്രീയപരമായ അനുരഞ്ജനത്തിന് മുന്നിട്ടു നിന്നത് മഹതി ആഇശ ബീവിയായിരുന്നു.പ്രവാചക പത്നിമാരോട് വീട്ടിൽ ഇരിക്കാനുള്ള പ്രവാചകന്റെ കല്പന ഉണ്ടായിരിക്കെ തന്നെ, നന്മയുദ്ദേശിച്ച് ഇരു പക്ഷക്കാർക്കുമിടയിൽ പരിഹാരത്തിനായി ബീവി വീട്ടിൽ നിന്നും പുറത്തിറങ്ങി. പുരുഷസമൂഹം പിന്നിലായി അണിനിരന്നു കൊണ്ട് പ്രശ്നപരിഹാരത്തിന് ബീവി നേതൃത്വം വഹിക്കുകയുണ്ടായി.

വൈദ്യശാസ്ത്ര ലോകം

പ്രവാചക കാലഘട്ടത്തിൽ വൈദ്യശാസ്ത്രലോകത്ത് ഒട്ടനേകം ചികിത്സാരീതികൾ പരിചയിച്ച കഴിവുറ്റ സ്ത്രീകളെ കാണാം. യുദ്ധ മുഖങ്ങളിലും മറ്റും യോദ്ധാക്കൾക്ക് പ്രഥമശുശ്രൂഷ നൽകാനും മുറിവ് കെട്ടാനും കൂടാരം കെട്ടി അവർ സന്നദ്ധരായിരുന്നു.

അൻസ്വാരി സ്ത്രീകളിൽ ഒരാളായ ഉമ്മു അതിയ്യ ഉദ്ധരിക്കുന്നു: “പ്രവാചകന്റെ കൂടെ 7 യുദ്ധങ്ങളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. യോദ്ധാക്കളുടെ യാത്ര സംഘങ്ങളിൽ പിന്നിലായി കൊണ്ട് ഞങ്ങൾ യാത്ര ചെയ്തു അവർക്കു വേണ്ടി ഭക്ഷണം തയ്യാറാക്കി പരിക്കു പറ്റിയവർക്ക് ചികിത്സാ സഹായങ്ങൾ നൽകി രോഗികളെ പരിചരിച്ചു”. ഖന്തഖ് യുദ്ധ സന്ദർഭം പോരാട്ടത്തിൽ പരിക്കേറ്റ സഅദുബ്നു മുഅദ് (റ)നെ ശുശ്രൂഷിക്കാനായി റുഫൈദ എന്ന സ്വഹാബി വനിത പരിചരിച്ച ചരിത്രമുണ്ട്.

സമുദായത്തെ വഴിനടത്തിയവർ

തന്റെ അനുചരരുമായി പ്രവാചകൻ കൂടിക്കാഴ്ച നടത്തുന്നതിനെ കുറിച്ച് ഒട്ടനവധി ചരിത്രരേഖകളുണ്ട്. എന്നാൽ അതിൽ പ്രവാചകൻ സഹാബി വനിതകളുമായി കൂടിക്കാഴ്ച നടത്തിയതായും ചരിത്രമുണ്ട്.

ഉംറത്തുൽ ഖളാഇന്റെ അന്ന്, മാടിനെ അറുക്കാനും തലമുണ്ഡനം ചെയ്തു ഉംറയിൽ നിന്ന് വിരമിക്കാനും നബി തങ്ങൾ സ്വഹാബാക്കളോട് കൽപ്പിച്ചു.പക്ഷേ, സ്വഹാബാക്കൾ പ്രവാചകന്റെ കല്പന മാനിക്കുന്നതിനോട് വിസമ്മതം പ്രകടിപ്പിക്കുകയും ഉദ്ദേശം പൂർത്തിയാവാതെ ഉംറ പാതി വഴിയിൽ ഉപേക്ഷിക്കുന്നതിനോട് ഭിന്നാഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തു.ഇതുകണ്ട പ്രവാചകന്റെ മനസ്സ് വലിയ പ്രയാസത്തിലായി. അന്നേരം പ്രവാചകൻ പത്നി ഉമ്മു സൽമ(റ)യെ സമീപിക്കുകയും ഉണ്ടായ കാര്യം ധരിപ്പിക്കുകയും ചെയ്തു. അപ്പോൾ മഹതി റസൂലിനോട് ആദ്യം തന്നെ ബലിയറുക്കാൻ നിർദേശിക്കുകയും അതുകഴിഞ്ഞ് എല്ലാവർക്കും മുന്നെ എല്ലാവർക്കും മുന്നെ തല മുണ്ഡനം ചെയ്യാനും നിർദ്ദേശിച്ചു. പ്രവാചകൻ അതപ്പടി ചെയ്യുകയും ഉടനെ സ്വഹാബാക്കൾ പ്രവാചകനെ അനുകരിച്ച് കർമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.

സ്ത്രീ പ്രഭാഷകർ

സ്ത്രീകൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വരികയോ ശബ്ദം ഉയർത്തുകയോ ചെയ്യുന്നത് മത വിരുദ്ധമാണെന്ന് ആക്രോശിക്കുന്നവർ ഈ ചരിത്രം കൂടി അറിയണം. പ്രവാചകന്റെ കാലഘട്ടത്തിൽ പ്രസിദ്ധരായ അനവധി സ്ത്രീ പ്രഭാഷകൻ ഉണ്ടായിരുന്നു. അസ്മ ബിൻത് അബീ സകൻ അവരിലൊരാളാണ്.തുടർന്നു വന്ന കാലഘട്ടങ്ങളിലും ഹിജ്റ എട്ടാം നൂറ്റാണ്ടിൽ ജീവിച്ച ഹംബലി പണ്ഡിത ഉമ്മ സൈനബ ഫാത്തിമ ബിൻ അബ്ബാസ് അൽ ബഗ്ദാദിയ എന്ന പണ്ഡിതയും പ്രസിദ്ധരായ സ്ത്രീ പ്രഭാഷകരായി എണ്ണപ്പെടുന്നു.

ക്രമസമാധാനപാലകരിലൊരാളായി

ഖലീഫ ഉമർ ബിൻ ഖത്താബ്(റ)ന്റെ കാലഘട്ടത്തിൽ അങ്ങാടികവലകളിലെ നടത്തിപ്പുകാരിയായിരുന്നു ശിഫാ എന്ന വനിത. അങ്ങാടിയിൽ പാലിക്കേണ്ട മര്യാദകൾ ലംഘിക്കുന്ന പക്ഷം തിന്മകൊണ്ട് നിരോധിക്കുകയും നന്മ കൊണ്ട് കൽപിക്കുകയും ചെയ്യുകയായിരുന്നു മഹതിയുടെ പ്രധാന ദൗത്യം. പൂഴ്ത്തിവെപ്പും കൊള്ളയും വഞ്ചനയും അവർ തടഞ്ഞു. കച്ചവടങ്ങളിൽ ഇസ്ലാം കൽപ്പിച്ച നിയമങ്ങളെ നിസ്സംഗം ലംഘിക്കുന്നവർ അവരുടെ നേതൃത്വത്തിൽ ശിക്ഷക്ക് വിധേയമാക്കപ്പെട്ടു.സൗദികൾ ഇന്നും അവരുടെ വാണിജ്യ സ്ഥാപനങ്ങൾക്ക് ഷിഫാ എന്ന പേര് വെക്കുന്നത് കാണാം.

ചുരുക്കത്തിൽ പ്രവാചകന്റെയും ഖലീഫമാരുടെയും കാലഘട്ടത്തിലെ പെണ്ണിടങ്ങളെ പരിശോധിക്കുമ്പോൾ തന്റെ പ്രകൃതത്തിനുനുസൃതമായി നേതൃനിരയിൽ അവൾ നിറഞ്ഞു നിൽക്കുന്നതായി കാണാം. ഇന്ന് പുരുഷാധിപത്യംസമൂഹവും സ്ത്രീവാദികളും പറഞ്ഞു വെക്കുന്ന അടിച്ചമർത്തലും അരികുവൽകരിക്കലും ഇസ്ലാമികമല്ല എന്ന ബോധ്യം ചെറുതായെങ്കിലും തെളിഞ്ഞു കിട്ടാൻ ഇതു പര്യാപ്തമാണ് എന്ന് പ്രത്യാശിക്കാം.

ഇസ്ലാം നിഷ്കർഷിക്കുന്ന അതിരുകൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ഉന്നതിയുടെ ആകാശം തൊടാൻ സ്ത്രീകൾക്ക് സാധിക്കും എന്നതിന് തെളിവുകളാണ് ഓരോ ചരിത്ര ശകലങ്ങളും.സ്ത്രീസ്വാതന്ത്ര്യത്തിന്റെ ഇടങ്ങളൊക്കെയും മതത്തിനുള്ളിൽ അപ്രസക്തമാണെന്ന് നിരന്തരം പ്രചരിപ്പിക്കാൻ മത്സരിക്കുന്ന മതവിരുദ്ധരുടെ ലോകത്ത് ഇത്തരം വായനകൾ എന്തുകൊണ്ടും പ്രോത്സാഹിക്കപ്പെടേണ്ടത് കൂടിയാണ്.

 

വിവ:ഫഹ്മിദ സഹ്റാവിയ്യ തറയിട്ടാൽ

Related Articles