Current Date

Search
Close this search box.
Search
Close this search box.

ആദ്യ രാത്രിയിലെ കന്നി പ്രസംഗം

നമുക്കറിയാവുന്ന പല പകൽ മാന്യന്മാരുടെയും കുടുംബ ജീവിതം വളരെ ശോകമാണ്. നാടിനെ നന്നാക്കാൻ നടന്ന് സ്വന്തം വീടിനെ മറന്ന സാധുക്കൾ . താൻ ശീലിച്ച ശീലങ്ങളും നെഞ്ചിലേറ്റിയ ആദർശവും വീടിന്റെ വാതിൽക്കൽ ഊരിയിടേണ്ടി വരുന്ന എത്രയോ പേരുണ്ട്.

വ്യക്തി ജീവിതത്തിൽ തോറ്റ് തൊപ്പിയിട്ട അത്തരം പ്രഭാഷകന്മാർ വായിച്ചു മനസ്സിലാക്കേണ്ട ഒരു വ്യതിരിക്തനായ താബിഈ പണ്ഡിതനായിരുന്നു ശുറൈഹ് (റഹ്) [D 80 AH/697 CE]. നാട്ടിലെ പോലെ വീട്ടിലും വീട്ടിലെ പോലെ നാട്ടിലും ജീവിച്ചു കാണിച്ചുതന്ന സാത്വികനായിരുന്നു അദ്ദേഹം .നബി (സ) യെ ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും അതേ കാലത്ത് യമനിൽ ഇസ്‌ലാം സ്വീകരിച്ച കിൻദ ഗോത്രത്തിലെ കൗമാരക്കാരനായിരുന്ന അദ്ദേഹം ഒരുപാട് സ്വഹാബികളിൽ നിന്നും നേരിട്ട് വിദ്യയഭ്യസിച്ച ശേഷം ഒന്നാം ഖലീഫ അബൂബക്ർ സിദ്ദീഖി(റ)ന്റെ ഭരണകാലത്ത് ഇറാഖിലെ കൂഫയിലേക്ക് കുടിയേറിയ കുടുംബത്തിലെ പ്രതിനിധിയായിരുന്നു . പിന്നീട് ഉമർ (റ) ന്റെ കാലത്ത് സ്ഥാപിതമായ ദാറുൽ ഖദാഇലെ (ഇസ്ലാമിക കോടതി ) ആദ്യ ന്യായാധിപനായി സേവനമനുഷ്ഠിച്ച ശുറൈഹ് (റഹ്) ഉമറി(റ)നെ പോലെ തന്നെ നീതിക്കും ന്യായവിധിക്കും പ്രശസ്തനായിരുന്നു.

മധ്യവയസ്കനായ സമയത്ത് അദ്ദേഹത്തിന്റെ സുഹൃത്ത് ശഅബി ഒരിക്കലദ്ദേഹത്തോട് ചോദിച്ചു:
“നിങ്ങൾ വീട്ടിൽ എങ്ങനെയാണ് ?? ”
ഏതു പുരുഷ കേസരിയും പതറാൻ സാധ്യതയുള്ള ഒരു ചോദ്യം. എന്നാൽ ഖാദി ശുറൈഹ് പറഞ്ഞത് ഇങ്ങനെ :
“ഇരുപത് വർഷമായി എന്റെ കുടുംബത്തിൽ നിന്ന് എന്റെ ജീവിതത്തെ അസ്വസ്ഥമാക്കുന്ന ഒന്നും അനുഭവിച്ചില്ല. നേരും നെറിയുമുള്ള ബനൂ തമീം കുടുംബത്തിലെ സദ് വൃത്തയായ സൈനബ് എന്ന കുട്ടിയെയാണ് ഞാൻ വിവാഹം കഴിച്ചത്. അവരുടെ എളാപ്പയാണ് തന്റെ സഹോദരൻ ജരീറിന്റെ മകൾ സൈനബിന്റെ കല്യാണക്കാര്യം എന്നോടാദ്യമായി പറഞ്ഞത്. ബനൂ തമീമിന്റെ വീര ശൂര കഥകൾ അറിയാവുന്നത് കൊണ്ട് ഞാനല്പം അമാന്തം കാണിച്ചു എന്നത് നേരാണ്. അവസാനം അവളുടെ സ്വഭാവത്തിലെ മൃദുലത അയൽവാസികളിൽ നിന്ന് കേട്ടറിഞ്ഞ് ബോധ്യപ്പെട്ടപ്പോൾ ഞാനാ ബന്ധത്തിന് തയ്യാറായി.”

തുടർന്നദ്ദേഹം തന്റെ മധുവിധു നാളുകൾ വാചാലനായി അനുസ്മരിച്ചു :

“കല്യാണം കഴിഞ്ഞ് രാത്രിയായപ്പോൾ അവളുടെ സഖിമാരെല്ലാം കൂടി അവളെ എന്റെ മുറിയിലാക്കി വാതിലടച്ചു. അത്രയും അടക്കവും ഒതുക്കവും സത്സ്വഭാവവുമുള്ള ഒരുത്തിയെ ഇണയായി കിട്ടിയതിന് റബ്ബിനോട് നന്ദി അറിയിക്കുന്നതിനായി ഞാൻ വുദൂ ചെയ്തു. അപ്പോളതാ അവളും എൻറ കൂടെ വുദൂ ചെയ്യുന്നു. പിന്നെ ഞാൻ രണ്ടു റകഅത് നമസ്കരിച്ചു. എന്റെ പിന്നാലെ അവളും . അങ്ങനെ ഞാനെന്റെ സൈനബിന്റെ സമീപത്തെത്തിയപ്പോൾ സൈനബ് ഇരിക്കുന്നയിടത്തു എഴുന്നേറ്റ് നിന്ന് എന്നോട് :
അബൂ ഉമയ്യ (ശുറൈഹിന്റെ വിളിപ്പേര് ) , ക്ഷമിക്കൂ …
എന്ന് പറഞ്ഞു കൊണ്ട് ഒരു പ്രഭാഷണം . ഒരുപക്ഷേ അവളുടെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പ്രസംഗം. സാധാരണ ഖുത്വുബക്ക് പറയുന്ന ഹംദും സ്വലാതുമെല്ലാം ചൊല്ലിക്കൊണ്ടുള്ള ലഘുവായ ഒന്ന് :

“തുടർന്നുള്ള ജീവിതത്തിൽ എന്റെ പങ്കാളിയാണ് നിങ്ങൾ, ഞാനാവട്ടെ നിങ്ങളുടെ സ്വഭാവങ്ങളെ കുറിച്ച് അറിവില്ലാത്ത സ്ത്രീയും. നിങ്ങളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും എന്നോട് തുറന്നു പറയണം . അവ പറ്റുന്ന രീതിയിൽ നടപ്പിലാക്കാമല്ലോ?!
താങ്കൾക്ക് പറ്റിയ പെൺകുട്ടികൾ വേറെയില്ലാതെയല്ല താങ്കളെന്നെ തെരെഞ്ഞെടുത്തത് എന്നെനിക്കറിയാം; എനിക്ക് പറ്റിയ ചെക്കന്മാർ എന്റെ നാട്ടിലുമുണ്ടായിരുന്നു എമ്പാടും. ഇതെല്ലാം അല്ലാഹു തീരുമാനിച്ചതനുസരിച്ച് സംഭവിച്ചതാണ്.
ഇനി നല്ല രീതിയിൽ ഭാര്യയായി നിലനിർത്തുക, അല്ലെങ്കിൽ മാന്യമായി പിരിയാം എന്ന് സൂചിപ്പിച്ച് പ്രാർഥനാ വാചകങ്ങളോടെ പ്രസംഗം നിർത്തി.

ഒരു മറുപടി പ്രസംഗത്തിനുള്ള തയ്യാറെടുപ്പില്ലാതെ തന്നെ ഞാനും ചില കാര്യങ്ങൾ പറഞ്ഞു. സൈനബ് തുടങ്ങിയതു പോലെ ഹംദും സ്വലാതുമെല്ലാം ചൊല്ലിയതിന് ശേഷം “താൻ പറഞ്ഞ വാക്കുകൾ സത്യമാണെന്ന് തെളിഞ്ഞാൽ അതെനിക്ക് ഇരു ലോകത്തും ഭാഗ്യമാണ്. അല്ലെങ്കിൽ തനിക്കെതിരെയുള്ള തെളിവാവും …”

തുടർന്ന് ഞാനെന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അവളോട് തുറന്നു പറഞ്ഞു . “എന്നിൽ താൻ എന്തെങ്കിലും നല്ലത് കണ്ടാൽ പ്രചരിപ്പിച്ചു കൊള്ളുക; മോശമായത് വല്ലതും കാണുന്നുവെങ്കിൽ അത് മറച്ച് വെക്കുക. നീതിമതിയായ സ്ത്രീ നിർമ്മലയും മറച്ചു വെക്കുന്നവളുമാവും ” എന്ന തത്വം പറഞ്ഞു കൊണ്ട് ഞാനും പ്രഭാഷണം നിർത്തി.

തുടർന്ന് ഞങ്ങൾ ഞങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ കലവറയില്ലാതെ സംസാരിച്ചു , ഇടക്കുള്ള ബന്ധുവീടുകളുടെ സന്ദർശനങ്ങളും ബന്ധു ജനങ്ങളുടെ സന്ദർശനങ്ങളുമെല്ലാം അനാവരണം ചെയ്യുന്ന വിശദമായ സംസാരം. അളിയന്മാർക്ക് വെറുപ്പുണ്ടാവും വിധമുള്ള സന്ദർശനങ്ങൾ വേണ്ടതില്ലെന്നും മോശം സ്വഭാവമുള്ള അയൽ വാസികളുമായി അകലം പാലിക്കണമെന്നുമെല്ലാം അല്ലാത്ത അയൽ ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കണമെന്നുമെല്ലാം നമ്മൾ അന്നു രാത്രി തന്നെ സംസാരിച്ചു ധാരണയിലെത്തി.

രണ്ടു പേരുടെയും കുടുംബങ്ങളിലെ ഭാര്യാ പീഡകരുടെ അനുഭവങ്ങളും പരീക്ഷണങ്ങളും കവിതകളിലൂടെ പങ്കുവെച്ചാണ് ആദ്യരാത്രി ആസ്വദിച്ചത് എന്ന് പറഞ്ഞു കൊണ്ടാണ് ശുറൈഹ് തന്റെ സംഭാഷണം അവസാനിപ്പിച്ചതെന്ന് ശഅബി ഉദ്ധരിക്കുന്നു. ആദ്യരാത്രിയിൽ തന്നെ രണ്ടാളുകളും മനസ്സ് പങ്കു വയ്ച്ച ഈ ചരിത്രം വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാനിരിക്കുന്ന യുവതീ-യുവാക്കൾക്ക് ആവേശമാവുമെന്നുറപ്പ്.

റഫറൻസ് :
تاريخ دمشق للشعبي ٣٢١/٢
المستطرف في كل فن مستظرف ٤٥٩/١
റാതിബ് നാബുലുസിയുടെ യൂട്യൂബ് വീഡിയോകൾ
സമീർ കാളികാവിന്റെ ജുമുഅ ഖുതുബ

Related Articles