Current Date

Search
Close this search box.
Search
Close this search box.

ഹിജാബ് എന്നാല്‍ കരുത്തും വിമോചനവും സൗന്ദര്യവും ചെറുത്തുനില്‍പ്പുമാണ് : ഇല്‍ഹാന്‍ ഒമര്‍

അമേരിക്കന്‍ പൗരത്വം നേടി ഇരുപതു വര്‍ഷത്തിനു ശേഷം, ആ രാജ്യത്ത് ഇല്‍ഹാന്‍ ഒമര്‍ ചരിത്രം കുറിച്ചിരിക്കുകയാണ്. തന്റെ പിതാമഹന്‍ നല്‍കിയ വിശുദ്ധ ഖുര്‍ആനില്‍ കൈവെച്ച് യു.എസ് കോണ്‍ഗ്രസില്‍ സത്യപ്രതിജ്ഞ ചൊല്ലിയതോടെ, അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ ഹിജാബി (ഹിജാബ് അണിഞ്ഞവള്‍) കോണ്‍ഗ്രസ് അംഗമായി അവര്‍ മാറി. ചെംബറില്‍ തലമറക്കുന്ന തരത്തില്‍ എന്തെങ്കിലും അണിഞ്ഞു കൊണ്ടു പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് 181 വര്‍ഷത്തോളമായി നിലനിന്നിരുന്ന വിലക്ക് എടുത്തു കളയുന്നതു കൂടിയായിരുന്നു ആ മഹനീയ മുഹൂര്‍ത്തം. അങ്ങനെ, റഷീദ തലീബിനൊപ്പം (ഇവര്‍ ഹിജാബ് ധരിക്കാറില്ല), അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ അംഗമായ ആദ്യ രണ്ടു മുസ്‌ലിം വനിതകളില്‍ ഒരാളായും, ആദ്യ സൊമാലി-അമേരിക്കനായും ഇല്‍ഹാന്‍ മാറി.

ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങളെ കുറിച്ച് എന്തു തോന്നുന്നു? ‘അതൊരു വല്ലാത്ത ചോദ്യം തന്നെയാണ്,’ ഇല്‍ഹാന്‍ ചിരിച്ചു. ‘എന്റെ സ്വത്വചിഹ്നങ്ങള്‍ വഹിച്ചുകൊണ്ട്, ജനങ്ങളെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിക്കുക എന്നത് വലിയൊരു അനുഭവം തന്നെയാണ്. അതോടൊപ്പം തന്നെ ഭാരമേറിയ ഉത്തരവാദിത്തം കൂടിയാണത്.’

ഇല്‍ഹാന് രണ്ടു വയസ്സുള്ളപ്പോഴാണ് ഉമ്മ മരണപ്പെടുന്നത്, ഉപ്പയും പിതാമഹനും ചേര്‍ന്നാണ് പിന്നീട് അവരെ വളര്‍ത്തിയത്. വലിയ ശുഭാപ്തിവിശ്വാസികളാണ് അവര്‍, ‘ഇന്നത്തെ ദിവസമല്ല നിന്റെ നാളെയെ തീരുമാനിക്കുന്നത്’ അവര്‍ അവളെ പഠിപ്പിച്ചു. അമേരിക്കയില്‍ അഭയാര്‍ഥി, കറുത്ത വര്‍ഗക്കാരി, മുസ്‌ലിം, ഹിജാബണിഞ്ഞ സ്ത്രീ- വെല്ലുവിളി നിറഞ്ഞ നാളുകളില്‍ അവള്‍ മനസില്‍ ആവര്‍ത്തിച്ചിരുവിട്ട ജീവിത പാഠമായിരുന്നു അത്. 1991-ലെ സൊമാലി ആഭ്യന്തര യുദ്ധസമയത്ത് രക്ഷപ്പെട്ടോടിയ അനേകം കുടുംബങ്ങളിലെ ഒരു കുടുംബമായിരുന്നു അവളുടേതും. അമേരിക്കയില്‍ എത്തുന്നതിനു മുന്‍പ്, നാലു വര്‍ഷത്തോളം കെനിയയിലെ ഒരു അഭയാര്‍ഥി ക്യാമ്പിലായിരുന്നു ജീവിതം. അമേരിക്കയില്‍, തനിക്കും തന്റെ പുതിയ രാജ്യത്തിനും ഇടയില്‍ നിലനില്‍ക്കുന്ന വ്യത്യാസങ്ങളുമായി അവള്‍ക്ക് ഏറ്റുമുട്ടേണ്ടി വന്നു. ‘ആദ്യമായാണ്, ഞാന്‍ അഭിമാനം കൊണ്ടിരുന്ന, ഞാനെപ്പോഴും കൂടെ കൊണ്ടുനടക്കുന്ന എന്റെ സ്വത്വചിഹ്നങ്ങള്‍, എന്റെ ജീവനു തന്നെ ഭീഷണിയാവുന്നവയായി മാറിയത്,’ അവള്‍ ഓര്‍ക്കുന്നു. ചുറ്റും കറുത്തവരും മുസ്‌ലിംകളും മാത്രമുള്ള ഒരു അന്തരീക്ഷത്തില്‍ വളര്‍ത്തപ്പെട്ട ഒരു കുട്ടി, ആരും തന്നെ നിങ്ങളുടെ സ്വത്വത്തെ കുറിച്ച് ചോദിക്കുകയോ പറയുകയോ ചെയ്യുന്നില്ല. നിങ്ങള്‍ നിങ്ങള്‍ മാത്രമാണ്. നിങ്ങള്‍ എന്തെല്ലാമാണോ അതെല്ലാമായി സ്വീകരിക്കപ്പെടുന്നു എന്നറിയുമ്പോള്‍ അവിടെ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, സമൂഹത്തില്‍ നിങ്ങളുടെ സ്വത്വവുമായി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട് എന്ന തോന്നല്‍ ഒരു പന്ത്രണ്ടു വയസ്സുകാരിയെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രയാസമുളവാക്കുന്നതായിരുന്നു.’

മിനിസോട്ടയുടെ അഞ്ചാമത് കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്ന അംഗമെന്ന നിലയില്‍, നീതിയുക്തമായ ഒരു കുടിയേറ്റ വ്യവസ്ഥക്ക് പ്രായോഗികരൂപം നല്‍കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് ഇല്‍ഹാന്റെ നയങ്ങളില്‍ ഒന്നാണ്; അമേരിക്കയിലെ നിലവിലെ രാഷ്ട്രീയ കാലാവസ്ഥയോട് എതിരിട്ടു നില്‍ക്കുന്ന ഒന്നാണത്. ‘വെല്ലുവിളി നിറഞ്ഞതാണ്,’ തന്റെ പദവിയും പൈതൃകവും നിരന്തരം വിമര്‍ശിക്കപ്പെടുന്ന, ട്രംപ് പ്രസിഡന്റായ അമേരിക്കയിലെ ജീവിതത്തെ കുറിച്ച് അവര്‍ പറഞ്ഞു. ‘എല്ലാദിവസവും ആക്രമിക്കപ്പെടുന്ന അവസ്ഥയാണ്. എല്ലാദിവസവും, നിങ്ങളുടെ സ്വത്വത്തിന്റെ ഒരു ഭാഗം ഭീഷണിക്ക് വിധേയമാകുന്നു, ഭീകരവത്കരിക്കപ്പെടുന്നു, മോശമായി ചിത്രീകരിക്കപ്പെടുന്നു. നമ്മുടെ സമൂഹത്തിന്റെ ഏറ്റവും മോശമായ ഒരു ഭാഗത്തെ ഉപയോഗിക്കുകയും ആ വൃത്തികേടിനെ സമൂഹത്തിലേക്കു തുറന്നുവിടുകയുമാണ് ട്രംപ് ചെയ്യുന്നത്. എല്ലാവരെയും ചേര്‍ത്തുപിടിക്കുക എന്ന ദൗത്യം മുന്നോട്ടു കൊണ്ടുപോകാനുള്ള വഴികള്‍ കണ്ടെത്തുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്, അതായത് എന്റെ അതേ പാര്‍ശ്വവത്കരിക്കപ്പെട്ട സ്വത്വചിഹ്നങ്ങളുള്ള ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഞാന്‍ അവരെ പ്രതിനിധീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നത്.’

ഹിജാബ് ധരിച്ചു കൊണ്ട് സമൂഹത്തിലേക്ക് ഇറങ്ങുക എന്നത്, ഇല്‍ഹാനെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസപ്രകാശനം മാത്രമല്ല, നടപ്പുരീതിയില്‍ നിന്നും വ്യത്യസ്തമായ ഒന്നിനെ പ്രതിനിധീകരിക്കല്‍ കൂടിയാണ്. ‘എന്നെ സംബന്ധിച്ചിടത്തോളം, ഹിജാബ് എന്നാല്‍ കരുത്തും വിമോചനവും സൗന്ദര്യവും ചെറുത്തുനില്‍പ്പും ഒക്കെയാണ്,’. ഒരാണ്‍കുട്ടിയും, അദ്‌നാന്‍, രണ്ടു പെണ്‍കുട്ടികളും, ഇല്‍വാദ്, ഇസ്‌റ, ഭര്‍ത്താവ് അഹ്മദ് ഹിര്‍സിയും ചേര്‍ന്നതാണ് ഇല്‍ഹാന്റെ കുടുംബം. പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിക്കണമെന്നുണ്ടെങ്കില്‍ അതവരുടെ ഇഷ്ടമാണ്, അവള്‍ പറഞ്ഞു. ‘ഒരു മതകീയ സമൂഹത്തിലാണ് ഞാന്‍ വളര്‍ന്നത്. നന്മയും തിന്മയും എന്താണെന്ന് പഠിപ്പിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് വിശ്വസിച്ചവരായിരുന്നു എന്റെ ഉപ്പയും പിതാമഹനും. അങ്ങനെ തന്നെയാണ് എന്റെ കുട്ടികളെയും ഞാന്‍ വളര്‍ത്തുന്നത്. തടസ്സങ്ങള്‍ നീക്കാനാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്, അതിലൂടെ അവര്‍ക്ക് ഏറ്റവും നല്ല രീതിയില്‍ സന്തോഷത്തോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും. അതവരെ ഹിജാബ് ധരിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെങ്കില്‍, അതൊരു നല്ല കാര്യമാണ്. ഇനിയവര്‍ ഹിജാബ് ധരിക്കുന്നില്ലെങ്കില്‍, അതിലും യാതൊരു കുഴപ്പവുമില്ല. എന്തും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. നിങ്ങള്‍ ഏതു ലിംഗവിഭാഗത്തില്‍പെട്ടവരും ആയിക്കോട്ടെ, സമൂഹം എപ്പോഴും ഒരുപാട് നിയന്ത്രണങ്ങള്‍ വെക്കാന്‍ നോക്കും. എനിക്ക് എന്റെ കുട്ടികളെ സ്വതന്ത്രരായി കാണാനാണ് ഇഷ്ടം.’

‘തങ്ങളുടേതായ വഴിയിലൂടെ സഞ്ചരിക്കുക. മറ്റുള്ളവരെ പോലെ തന്നെ സന്തോഷിക്കാനും കരുത്തരാകാനും ആഹ്ലാദിക്കാനും നമുക്കും കഴിയും. അധികാരത്തിലേക്കു കടന്നുവരാനും അവിടെ നിലനില്‍ക്കാനും നമുക്കാരുടേയും അനുവാദമോ ക്ഷണമോ ആവശ്യമില്ല, നാമതിന് അര്‍ഹതപ്പെട്ടവരാണ്.’

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം : vogue arabia

Related Articles