Current Date

Search
Close this search box.
Search
Close this search box.

വിശുദ്ധ ഖുർആനിലെ വേറിട്ട നാല് ഉമ്മമാർ

നാല് ഉമ്മമാരുടെ കഥ ഞാൻ വിശുദ്ധ ഖുർആനിൽ വായിച്ചു. അവിടെ എനിക്ക് കാണാൻ കഴിഞ്ഞത്, മക്കളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കാര്യമാണ് അവരെയെല്ലാവരെയും ഒരുമിപ്പിക്കുന്നതെന്നാണ്. കുട്ടികളെ വളർത്തുകയും പരിപാലിക്കുകയും ചെയ്യുമ്പോഴും, അവരെ സംരക്ഷിക്കുകയും അവരുടെ ജീവിതത്തിൽ വിജയം യാഥാർഥ്യമാക്കുകയും ചെയ്യുന്നതിൽ കേന്ദ്രീകരിച്ചുകൊണ്ടുള്ള ശിക്ഷണത്തിനാണ് സുപ്രധാന മൂല്യമുള്ളത്. ഈ ലേഖനത്തിലൂടെ ഈ നാല് ഉമ്മമാർക്കിടയിലുള്ള (മൂസാ പ്രവാചകന്റെ ഉമ്മ, ഇംറാന്റെ പത്നി -മറിയം ബീവിയുടെ ഉമ്മ, ഈസാ പ്രവാചകന്റെ ഉമ്മ, ഇസ്മാഈൽ പ്രവാചകന്റെ ഉമ്മ) ബന്ധം വായനക്കാർ വിചിന്തനം നടത്തണമെന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്.

ഒന്ന്: മൂസാ പ്രവാചകന്റെ ഉമ്മ. അല്ലാഹുവിന്റെ കൽപന പ്രകാരം മൂസാ(അ)നെ മുലയൂട്ടുകയും, കടലിലെറിയുകയും ചെയ്യുന്ന മൂസാ പ്രവാചകന്റെ ഉമ്മയുടെ കഥ വിശുദ്ധ ഖുർആൻ പറയുന്നു. അങ്ങനെ ഫിർഔൻ മൂസാ(അ)യെ കൊല്ലാതിരിക്കുകയും, അല്ലാഹു അദ്ദേഹത്തെ സംരക്ഷിക്കുകയും, ശേഷം ഉമ്മക്ക് മകനെ തിരിച്ചുനൽകുകയും, ദൈവദൂതന്മാരിൽ ഒരാളായി നിയോഗിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ കൽപന നടപ്പിലാക്കുകയും, മകനെ കടലിലെറിയുകയും ചെയ്യുമ്പോൾ അവരുടെ ഹൃദയം ശൂന്യമായിരുന്നു. ഫിർഔൻ കുടുംബം മൂസാ(അ)നെ എറ്റെടുക്കുകയും, ഉമ്മയിലേക്ക് മകൻ തിരിച്ചത്തുകയും ആ ഉമ്മ തന്നെ മകന് മുലയൂട്ടുകയും ചെയ്യുന്നു. അല്ലാഹുവിൽ ഭരമേൽപ്പിക്കുകയും, കാര്യങ്ങൾ അല്ലാഹുവിലേക്ക് വിടുകയും ചെയ്യുന്നതാണ് കുട്ടികളെ സംരക്ഷിക്കുന്നതിലെ മൂല്യമേറിയ ശിക്ഷണരീതികളിൽ സുപ്രധാനമെന്ന് ഈ കഥയെ കുറിച്ച് ചിന്തുക്കുന്നവർക്ക് മനസ്സിലാകുന്നു. അല്ലാഹു കുഞ്ഞിനെ ഏറ്റെടുക്കുകയും, കുഞ്ഞിനെ വളർത്തുന്ന സമയത്ത് രക്ഷിതാവുമായി സത്യസന്ധത പുലർത്തുകയും ചെയ്തപ്പോൾ അല്ലാഹു ആ ഉമ്മയുടെ ആഗ്രഹം പൂർത്തീകരിച്ചുകൊടുക്കുകയും ചെയ്തു. കാരണം അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്! അല്ലാഹു പറയുന്നു: ‘അങ്ങനെ അവന്റെ മാതാവിന്റെ കണ്ണ് കുളിർക്കുവാനും, അവൾ ദുഃഖിക്കാതിരിക്കാനും, അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണെന്ന് അവൾ മനസ്സിലാക്കാനും വേണ്ടി നാം അവൾക്ക് തിരിച്ചേൽപ്പിച്ചു. പക്ഷേ അവരിൽ അധികപേരും കാര്യം മനസ്സിലാക്കുന്നില്ല.’ (അൽഖസസ്: 13)

രണ്ട്: ഇംറാന്റെ പത്നി. വയറ്റിലുള്ള കുഞ്ഞിനെ ഇംറാന്റെ ഭാര്യ രക്ഷിതാവിന് ഉഴിഞ്ഞുവെക്കാൻ നേർച്ച ചെയ്തപ്പോൾ അല്ലാഹു അവരിൽ നിന്ന് അത് സ്വീകരിച്ചു. പ്രസവിച്ചപ്പോൾ അവർ കുഞ്ഞിന് മറിയം എന്ന് പേര് വിളിച്ചു. അപ്പോൾ അവളെ നല്ല നിലയിൽ സ്വീകരിക്കുകയും, നല്ല നിലയിൽ വളർത്തികൊണ്ടുവരികയും ചെയ്തു. കുഞ്ഞുങ്ങൾ‌ക്ക് ശിക്ഷണം നൽകുകയെന്നത് മാതാപിതാക്കളുടെ പരിശ്രമത്തിൽ മാത്രം പരിമിതപ്പെടുന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ചിലപ്പോൾ രക്ഷിതാക്കൾ ഏറ്റവും നല്ല വിദ്യാലയങ്ങൾ കുട്ടികൾക്കായി തെരഞ്ഞെടുക്കുകയും, ഏറ്റവും നല്ല ശിക്ഷണം നൽകുകയും ചെയ്തിട്ടും കുഞ്ഞുങ്ങൾ സദ്സ്വഭാവിയാകാറില്ല. കാരണം, അവർ അല്ലാഹുവിനോട് പ്രാർഥിക്കുകയോ സഹായം ചോദിക്കുകയോ കുട്ടിയെ വിശ്വാസ മാർഗത്തിലൂടെ വളർത്തിയെടുക്കുകയോ ചെയ്യാത്തതിനാലാണ്. ഗർഭിണിയായിരിക്കെ ഇംറാന്റെ പത്നി പറഞ്ഞത് വിശുദ്ധ ഖുർആൻ അടയാളപ്പെടുത്തുന്നു. ‘ഇംറാന്റെ ഭാര്യ പറഞ്ഞ സന്ദർഭം ശ്രദ്ധിക്കുക. എന്റെ രക്ഷിതാവേ, എന്റെ വയറ്റിലുള്ള കുഞ്ഞിനെ ഉഴിഞ്ഞുവെക്കാൻ ഞാൻ നേർച്ച നേർന്നിരിക്കുന്നു. പിന്നീട് രക്ഷിതാവിനോട് പ്രാർഥിച്ചു. ആ കുട്ടിക്ക് ഞാൻ മറിയം എന്ന് പേരിട്ടിരിക്കുന്നു. ശപിക്കപ്പെട്ട പിശാചിൽ നിന്ന് അവളെയും അവളുടെ സന്തതികളെയും രക്ഷിക്കുവാനായി ഞാൻ നിന്നിൽ ശരണം പ്രാപിക്കുകയും ചെയ്യുന്നു.’ (ആലുഇംറാൻ:35,36) അല്ലാഹു അവരുടെ പ്രാർഥനക്ക് ഉത്തരം നൽകി. മറിയമിന്റെ അടുക്കൽ സകരിയ്യ(അ) വരാറുണ്ടായിരുന്നു. മറിയമിനോട് വിഭവങ്ങൾ എവിടെ നിന്ന് ലഭിക്കുന്നുവെന്ന് സകരിയ്യ ചോദിച്ചപ്പോൾ അവരുടെ മറുപടി ഇതായിരുന്നു: ‘മിഹ്റാബിൽ (പ്രാർഥനാവേദിയിൽ) അവളുടെ അടുക്കൽ സകരിയ്യ കടന്നുചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത് എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മർയമേ, നിനക്ക് എവിടെ നിന്നാണിത് കിട്ടിയത്? അവൾ മറുപടി പറഞ്ഞു: അത് അല്ലാഹുവിൽ നിന്ന് ലഭിക്കുന്നതാകുന്നു. തീർച്ചയായും അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് കണക്ക് നോക്കാതെ നൽകുന്നു.’ (ആലുഇംറാൻ: 37) പ്രാർഥനയുടെയും വിശ്വാസപരമായ ശിക്ഷണത്തിന്റെയും പ്രാധാന്യമാണ് ഇവിടെ ശ്രദ്ധേയമാകുന്നത്.

മൂന്ന്: മറിയം(അ). ഉപ്പയും ഉമ്മയുമില്ലാതെ ആദം(അ)യെ സൃഷ്ടിച്ചതുപോലെ, ഇണയിൽ നിന്ന് ഹവ്വ(അ)യെ സൃഷ്ടിച്ചതുപോലെ, ഭർത്താവില്ലാതെ കുഞ്ഞിന് പ്രസവം നൽകിയ അവരുടെ കഥ ദൈവികമായ അമാനുഷികതയാണ്. എന്നാൽ, മറിയം ബീവിയുടെ കഥയുടെ തുടക്കം മുതൽ ഒടുക്കം വരെ അല്ലാഹുവുമായുള്ള ശക്തമായ ബന്ധം കാണാൻ കഴിയുന്നു. ‘അവൾ പറഞ്ഞു: തീർച്ചയായും നിന്നിൽ നിന്ന് ഞാൻ പരമകാരുണികനിൽ ശരണം പ്രാപിക്കുന്നു. നീ ധർമനിഷ്ഠയുള്ളവനാണെങ്കിൽ (എന്നെ വിട്ട് മാറിപ്പോകൂ).’ (മറിയം: 18) ഈ വിശ്വാസപരമായ കരുത്താണ് അവരെ ഇണയില്ലാതെ ഗർഭം ധരിക്കുകയെന്ന വലിയ സംഭവത്തിനും, തുടർന്ന് കുഞ്ഞിന് ജന്മംനൽകുന്നതിനും പാകപ്പെടുത്തിയത്. പിതാവില്ലാത്ത മറിയമിന്റെ പുത്രൻ ഈസായെ സമൂഹത്തെ അഭിമുഖീകരിക്കാൻ പാകപ്പെടുത്തയതും ഈ വിശ്വാസം തന്നെയാണ്. യുവതിയായിരിക്കെ, പ്രായോഗികമായ അറിവുകൾ ഇല്ലാതിരിക്കെ മറിയം(അ)നെ അല്ലാഹു ഉറപ്പിച്ചുനിർത്തി. കാരണം അവർ അല്ലാഹുവിനോട് തേടുകയും, വിശ്വാസപരമായ ശരിയായ ശിക്ഷണത്തോടെ വളരുകയും ചെയ്ത സ്ത്രീയായിരുന്നു.

നാല്: ഇസ്മാഈൽ നബിയുടെ മാതാവ് ഹാജറ(അ). ഇബ്റാഹീം പ്രവാചകൻ ഹാജറയെ മകനൊപ്പം ഉപേക്ഷിച്ചപ്പോൾ അവർ രണ്ടുപേരും അല്ലാഹുവിൽ ഭരമേൽപ്പിക്കുകയും, അവരെ അല്ലാഹു സംരക്ഷിക്കുകയും, സംസം വെള്ളം കുടിപ്പിക്കുകയും ചെയ്തു. കാരണം അവൾ വിശ്വാസിനിയായിരുന്നു. അല്ലാഹു അവരെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. അല്ലാഹുവിന്റെ തീരുമാന പ്രകാരം ഹാജറ ബീവിയും മകൻ ഇസ്മാഈലും രക്ഷപ്പെട്ടു. അവരെ വിട്ട് ഇബ്റാഹീം പോകുമ്പോൾ അവർ ചോദിച്ചു: അല്ലാഹുവാണോ ഇത് കൽപ്പിച്ചത്? ഇബ്റാഹീം പ്രവാചകൻ മറുപടി പറഞ്ഞു: അതെ. അപ്പോൾ ഹാജറ ബീവി മറുപടി പറഞ്ഞു: എന്നാൽ, അല്ലാഹു ഞങ്ങളെ വെടിയുകയില്ല.

ഈ നാല് കഥകളും വിശ്വാസപരമായ ശിക്ഷണത്തിന്റെ പ്രാധാന്യമാണ് വിളിച്ചോതുന്നത്. കുടുംബത്തെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്നതിന് ശിക്ഷണപരമായ ലക്ഷ്യങ്ങളിൽ വിശ്വാസപരമായ ശിക്ഷണത്തിന് പ്രാധാന്യം നൽകുകയും ചെയ്യുക.

വിവ: അർശദ് കാരക്കാട്

Related Articles