Current Date

Search
Close this search box.
Search
Close this search box.

ഗർഭനിരോധന ഗുളികകളും സ്ത്രീ വിമോചനവും

ഗർഭനിരോധന ഗുളികക്ക് സ്ത്രീ വിമോചനവുമായി എന്ത് ബന്ധമെന്ന് ഒരുപക്ഷേ വായനക്കാരൻ ചിന്തിക്കുന്നുണ്ടാവും. ഈ വിഷയത്തെ സംബന്ധിച്ച അന്വേഷണത്തിനിടെ DW എന്ന ജർമൻ വെബ്സൈറ്റിലാണ് ഈ ചോദ്യം ഞാൻ വായിച്ചത്. ‘ഗർഭനിരോധന ഗുളികകൾ തെറ്റിന് പ്രോത്സാഹനമോ ലൈംഗിക വിമോചനമോ’ എന്ന തലക്കെട്ടിൽ അതിൽ വന്ന പഠനം വ്യക്തമാക്കുന്നത് ഗർഭനിരോധന ഗുളികളുടെ കണ്ടുപിടുത്തത്തിന് പിന്നിലെ പ്രേരകം ലൈംഗിക ബന്ധങ്ങളിലെ സ്ത്രീ വിമോചനമാണെന്നാണ്. ഗർഭനിരോധന ഗുളികളുടെ കണ്ടുപിടുത്തത്തെ സ്ത്രീ വിമോചനത്തിലെ വൻ കുതിച്ചുചാട്ടമെന്നാണ് പഠനം വിശേഷിപ്പിക്കുന്നത്. പുരുഷൻമാരെ പോലെ ലൈംഗിക ബന്ധങ്ങളിലേർപ്പെടാൻ സ്ത്രീകൾക്കത് സഹായകമാണെന്നാണ് കാരണമായി പറയുന്നത്. ഈ കണ്ടുപിടുത്തത്തിലൂടെ സ്ത്രീകൾക്ക് സന്താനനിയന്ത്രണത്തിൽ പങ്കാളിയാവാമെന്നതിന് പുറമെ ബന്ധങ്ങളിൽ സ്വാതന്ത്ര്യം ലഭിക്കുന്നുവെന്നും അത് വ്യക്തമാക്കുന്നു.

അറുപത് വർഷങ്ങൾക്ക് മുമ്പ് ഡോ. ഗ്രിഗറി പിൻകസാണ് ഗർഭനിരോധന ഗുളിക കണ്ടുപിടിച്ചതെന്ന് വിക്കിപീഡിയ പറയുന്നു. അതിൻറെ ഫലമെന്നോണം ലൈംഗിക ശീലങ്ങൾ മാറുകയും ലൈംഗിക അരാജകത്വം പ്രകടമാവുകയും ചെയ്തു. അപ്രകാരം സ്ത്രീ പുരുഷ ലൈംഗിക ബന്ധങ്ങളിലും ഈ ഗുളികകൾ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കി. അതേസമയം ഗർഭനിരോധന ഗുളികകൾ നിഷിദ്ധമാണെന്ന തങ്ങളുടെ നിലപാടിൽ വത്തിക്കാൻ കത്തീഡ്രൽ ഇന്നും ഉറച്ചുനിൽക്കുകയാണെന്നതും ശ്രദ്ധേയമാണ്. പുരുഷൻമാരുമായുള്ള നിഷിദ്ധ ബന്ധങ്ങൾക്കത് പ്രേരകമാകുമെന്നതാണ് കാരണം. അമ്പത് വർഷങ്ങൾക്ക് മുമ്പ് ഗർഭനിരോധന ഗുളിക കണ്ടുപിടിക്കുന്നത് വരെ ജർമൻ സമൂഹം സ്ത്രീകളുടെ ലൈംഗിക ബന്ധങ്ങൾക്ക് നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നു.

ലൈംഗിക ബന്ധങ്ങളിലെ സ്വാതന്ത്ര്യം നൽകപ്പെട്ടതിന് ശേഷം സംഭവിക്കുന്ന ഗർഭമലസിപ്പിക്കലുകളിലൂടെ സ്ത്രീകൾ കൊലപാതകികളായി മാറിയിരിക്കുന്നു. ഗർഭം അലസിപ്പിക്കുവാൻ തൻറെ വയറ്റിൽ വെച്ചു തന്നെ അവരതിനെ കൊല്ലുന്നു. ഗർഭനിരോധന ഗുളികകൾ കുറ്റകൃത്യങ്ങളിൽ നിന്ന് അവർക്ക് സംരക്ഷണം നൽകുന്നതിനൊപ്പം ലൈംഗിക ബന്ധങ്ങളിൽ സ്വാതന്ത്ര്യമെടുക്കാൻ അവസരമൊരുക്കുകയും ചെയ്യുന്നു. അക്കാരണത്താൽ തന്നെ ലോകത്ത് ഗർഭഛിദ്ര നിരക്ക് വലിയ അളവിൽ വർധിച്ചിട്ടുണ്ട്. അമേരിക്കയിൽ മാത്രം ഓരോ വർഷവും ദശലക്ഷത്തിനടുത്ത് ഗർഭഛിദ്രങ്ങൾ നടക്കുന്നു. ഗർഭഛിദ്രം അനുവദിച്ചതിലൂടെ സ്ത്രീ വിമോചകർ അവരെ കൊലക്കുള്ള ഉപകരണങ്ങളാക്കി മാറ്റിയിരിക്കുന്നുവെന്ന് ചില വിദഗ്ദർ അഭിപ്രായപ്പെട്ടിട്ടുണ്ട്. സ്ത്രീക്ക് അവരുടെ ശരീരത്തിൽ അവകാശമുണ്ടെന്ന ന്യായത്തിൽ ചില രാഷ്ട്രങ്ങൾ ഗർഭഛിദ്രം അനുവദിച്ചിട്ടുണ്ട്.

ഗർഭനിരോധന ഗുളികളുടെ പാർശ്വഫലങ്ങൾ ഏറെയാണ്. വിഷാദം, ഓക്കാനം, മാനസിക സമ്മർദ്ദം, ശരീരഭാരം വർധിക്കൽ തുടങ്ങിയവ അതിനെ തുടർന്നുണ്ടാവാം. ഇവയുടെ ഉപയോഗം സ്ത്രീ ശരീരത്തിൽ പല സങ്കീർണ പ്രശ്നങ്ങൾക്കും കാരണമാവുമെന്ന് നിരവധി വിദഗ്ദർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെറിയ പ്രായത്തിൽ സ്ത്രീകൾ ഇത്തരം ഗുളികൾ കഴിക്കുന്നത് അവരിൽ വിഷാദം വർധിക്കുന്നതിന് കാരണമാവുന്നു. അപ്രകാരം സ്ത്രീവിമോചകരുടെ ഭാഗത്തു നിന്നും ഉയർന്നു വന്നിട്ടുള്ള മറ്റൊരു ആഹ്വാനമാണ് സ്ത്രീ പുരുഷ സമത്വമുണ്ടാക്കുന്നതിന് പുരുഷൻമാരും ഗർഭനിരോധന ഗുളികകൾ കഴിക്കണമെന്നുള്ളത്. ഇത്തരത്തിൽ സ്ത്രീകളെ അവരുടെ മാനുഷിക പ്രകൃതത്തിൽ നിന്നും സമൂഹത്തിൻറെ നിർമിതിയിൽ പങ്കാളിത്തം വഹിക്കുന്നതിൽ നിന്നും അകറ്റി പുരുഷനെതിരെ പോരാടുന്ന പടയാളിയായവളെ മാറ്റുന്നു.

സ്ത്രീക്ക് ജീവിതത്തിൽ വലിയ ദൗത്യമാണ് നിർവഹിക്കാനുള്ളത്. പുരുഷൻമാരുടെ വികാരപൂർത്തീകരണത്തിനായി അവർക്കിടയിൽ ചുറ്റിത്തിരിയുന്നതിൽ പരിമിതപ്പെടുന്നതല്ല അത്. സ്ത്രീക്ക് രണ്ട് മേഖലകളിൽ തൻറെ ദൗത്യം നിർവഹിക്കാനുണ്ടെന്നാണ് ഇസ്‍ലാം നമ്മെ പഠിപ്പിക്കുന്നത്. സ്ത്രീക്ക് അതിലൊന്ന് തെരെഞ്ഞെടുക്കാം സാധ്യമാകുന്നിടത്തോളം രണ്ട് മേഖലകളെയും ഒരുമിച്ചു കൊണ്ടുപോവുകയും ചെയ്യാം. അതിൽ ഒന്നാമത്തേത് മാതാവായും കുടുംബിനിയായും കുടുംബത്തിന് ഊഷ്മളത പകരുകയും തൻറെ സാമൂഹ്യബന്ധങ്ങളിൽ സന്തുഷ്ടി കണ്ടെത്തുകയും തലമുറകളെ വാർത്തെടുക്കലുമാണ്. രണ്ടാമത്തേത് ഗൗരവകരമായ ജോലികളിലേർപ്പെടലാണ്. അതിനായി അവൾ മീറ്റിങ്ങുകളിൽ പങ്കെടുക്കുകയും തീരുമാനങ്ങളെടുക്കുകയും സമ്മേളനങ്ങൾക്കായി യാത്രകൾ നടത്തുകയും ചെയ്യുന്നു. ഇസ്‍ലാം സ്ത്രീക്ക് മുമ്പിൽ ഈ രണ്ട് അവസരങ്ങളും തുറന്നു കൊടുക്കുന്നതിനൊപ്പം ഒന്നാമത്തേതിന് വലിയ പ്രോത്സാഹനവും നൽകുന്നു. അതേസമയം രണ്ടാമത്തെ മേഖലയിലെ അവസരം നിഷേധിക്കുന്നുമില്ല. അതേസമയം സ്ത്രീ വിമോചനത്തിൻറെ വക്താക്കളായി അറിയപ്പെടുന്നവർ രണ്ടാമത്തെ മേഖലയെ പ്രോത്സാഹിപ്പിക്കുകയും ഒന്നാമത്തേത് വിലക്കുകയോ അല്ലെങ്കിൽ അതിനെ വിലകുറച്ച് കാണുകയോ ചെയ്യുന്നു. ഒന്നാമത്തെ മേഖലയിൽ ദൗത്യം നിർവഹിക്കാനുദ്ദേശിക്കുന്ന സ്ത്രീകളോട് അവരാവശ്യപ്പെടുന്നത് നിങ്ങൾ സ്ത്രീകളല്ല പുരുഷൻമാരെ പോലെ തന്നെയുള്ളവരാണെന്നാണ്. സ്ത്രീ വിമോചനത്തിൻറെ വക്താക്കളെന്ന് അവകാശപ്പെടുന്ന പലരുമായും സംവദിച്ചതിലൂടെ എനിക്ക് ബോധ്യപ്പെട്ടതാണിത്. രണ്ടാമത്തെ മേഖല തെരെഞ്ഞെടുത്ത് അതിൽ ദീർഘകാലം ജീവിച്ച ചില സ്ത്രീകൾ തന്നെ പിൽക്കാലത്ത് തങ്ങൾക്ക് സമയം ലഭിക്കുകയാണെങ്കിൽ ഒന്നാമത്തെ മേഖല തെരെഞ്ഞെടുക്കും അല്ലെങ്കിൽ രണ്ടിനെയും സമന്വയിപ്പിച്ച് മുന്നോട്ടുപോകുമെന്ന് എനിക്ക് മുമ്പിൽ സമ്മതിച്ചിട്ടുണ്ട്.

മൊഴിമാറ്റം: അബൂഅയാശ്

Related Articles