Current Date

Search
Close this search box.
Search
Close this search box.

ഹമീദാ ഖുതുബ് : പ്രബോധനത്തിനും പ്രതിരോധത്തിനുമായി സമര്‍പ്പിച്ച ജീവിതം

hameeda.jpg

1937-ല്‍ ഈജിപ്തിലെ മൂശാ ഗ്രാമത്തിലാണ് ഹമീദ ഖുതുബ് ജനിച്ചത്. മതനിഷ്ഠ പുലര്‍ത്തുന്ന കുടുംബമായിരുന്നു മഹതിയുടേത്. അല്‍ ഹാജ് ഖുത്ബ് ഇബ്രാഹീം പിതാവും സ്വാലിഹ മാതാവുമായിരുന്നു. സയ്യിദ് ഖുതുബ്, നഫീസ, ശൗഖി, മുഹമ്മദ് ഖുതുബ്, അമീന ഖുതുബ് എന്നിവര്‍ സഹോദരി സഹോദരന്മാരായിരുന്നു. സഹോദരന്‍ സയ്യിദ് കൈറോയില്‍ ഉന്നത പഠനത്തിനായി പോയ സന്ദര്‍ഭത്തിലായിരുന്നു പിതാവ് മരണപ്പെട്ടത്. അതിനെ തുടര്‍ന്ന് കുടുംബം സഈദില്‍ നിന്നും കൈറോയിലേക്ക് താമസം മാറ്റി. കുറച്ച് കാലത്തിനിടെ മാതാവും മരണപ്പെട്ടു.

ജ്യേഷ്ട സഹോദരന്‍ സയ്യിദ് ഖുതുബ് തന്റെ സാഹിതീയ പ്രതിഭ തെളിയിച്ചപ്പോള്‍ സഹോദരനായ മുഹമ്മദും സഹോദരിമാരായ ഹമീദയും അമീനയും സാഹിത്യരംഗത്തേക്ക് കടന്നുവരികയുണ്ടായി. സയ്യിദ് ഖുതുബ് ഇഖ്‌വാനുല്‍ മുസ്‌ലിമൂനുമായി ബന്ധം സ്ഥാപിച്ചതോടെ അദ്ദേഹത്തെ അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പത്രത്തിന്റെ എഡിറ്ററാക്കി. ഹമീദ ഖുതുബ് അതില്‍ ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരുന്നു.

കുടുംബം പരീക്ഷിക്കപ്പെടുന്നു
നിരവധി പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കപ്പെട്ട കുടുംബമായിരുന്നു ഹമീദയുടേത്. 1954-ല്‍ സഹോദരന്‍ സയ്യിദ് ഖുതുബിനെ പതിനഞ്ച് വര്‍ഷത്തേക്ക് ജയിലിലടക്കപ്പെട്ടു. 1965-ല്‍ മന്‍ഷിയ്യ സംഭവത്തെ തുടര്‍ന്നു കുടുംബത്തിലെ ഓരോ അംഗങ്ങളെയും അറസ്റ്റു ചെയ്യപ്പെടുകയും കഠിനമായി ശിക്ഷിക്കപ്പെടുകയും ചെയ്തു. സയ്യിദ് ഖുതുബിനെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. ഹമീദ ഖുതുബിനെ സൈനബുല്‍ ഗസ്സാലിക്കൊപ്പം പത്ത് വര്‍ഷം ജയിലിലടച്ചു. സൈനബുല്‍ ഗസ്സാലിക്കൊപ്പം സിജ്‌നുല്‍ ഹര്‍ബിയിലും സിജ്‌നുല്‍ ഖനാത്വിറിലും ഹമീദ ഉണ്ടായിരുന്നു. സയ്യിദ് ഖുതുബിനും സൈനബുല്‍ ഗസ്സാലിക്കുമിടയില്‍  വിവരങ്ങളും നിര്‍ദ്ദേശങ്ങളും എത്തിച്ചു എന്ന കുറ്റമാണ് ഹമീദയുടെ മേല്‍ ചുമത്തിയത്. സയ്യിദ് ഖുതുബിന്റെ വിഖ്യാതമായ ‘വഴിയടയാളങ്ങള്‍’ എന്ന ഗ്രന്ഥം ക്രമീകരിച്ചു എന്ന കുറ്റവും മഹതിയുടെ മേല്‍ ചുമത്തുകയുണ്ടായി. ഹര്‍ബി ജയിലിലെ ഏകാന്ത തടവറയുടെ സന്ദര്‍ഭത്തില്‍ മഹതി വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുകയുണ്ടായി. ശത്രുക്കളുടെ പ്രകോപനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാടു സ്വീകരിക്കുകയുണ്ടായി. ജയിലില്‍ നിന്നും ശക്തമായ രോഗങ്ങള്‍ കൊണ്ട് മഹതി പരീക്ഷിക്കപ്പെട്ടു. 1967-ല്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാകേണ്ടി വന്നു.

വിട്ടുവീഴ്ചയില്ലാത്ത നിലപാട്
സയ്യിദ് ഖുതുബിന്റെ വധശിക്ഷ നടപ്പാക്കുന്ന രാത്രിയില്‍ ജയിലധികൃതര്‍ ഹമീദ ഖുതുബിനെ വിളിപ്പിച്ചു. അതിനെ കുറിച്ച് മഹതി തന്നെ വിവരിക്കുന്നു: ഹംസ അല്‍ ബൂസീനി അദ്ദേഹത്തിന്റെ ഓഫീസിലേക്ക് എന്നെ വിളിപ്പിച്ചു. വധശിക്ഷ നടപ്പാക്കുന്നതിന്റെ ഉത്തരവ് എനിക്ക് കാണിച്ചു തന്നു. എന്നോട് പറഞ്ഞു: ‘അവര്‍ ആവശ്യപ്പെടുന്ന ചില കാര്യങ്ങള്‍ക്ക് എന്റെ സഹോദരന്‍ മറുപടി പറയുന്ന പക്ഷം ഈ വിധിയില്‍ ഇളവ് വരുത്താന്‍ ഭരണകൂടം തയ്യാറാണ്, നിന്റെ സഹോദരന്റെ വിയോഗം നിനക്ക് മാത്രമല്ല, ഈജിപ്തിന് മൊത്തം നഷ്ടമാണ്. ഈ വ്യക്തിത്വത്തെ മണിക്കൂറുകള്‍ കൊണ്ട് നമുക്ക് നഷ്ട്‌പ്പെടും. അതിനാല്‍ തന്നെ ഏത് മാര്‍ഗത്തിലൂടെയും അദ്ദേഹത്തെ രക്ഷപ്പെടുത്തണമെന്നാണ് നാം ഉദ്ദേശിക്കുന്നത്. പക്ഷെ, അദ്ദേഹത്തെ ഈ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ നിനക്ക് മാത്രമേ കഴിയുകയുള്ളൂ… അദ്ദേഹത്തെ സ്വാധീനിക്കാനും കഴിയുന്ന ഏക വ്യക്തി നീ തന്നെ. അതിനാല്‍ ഞങ്ങള്‍ പറയുന്ന ഈ കാര്യം അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ഏറ്റവും അര്‍ഹയായിട്ടുള്ളത് നീ മാത്രമാണ്. അദ്ദേഹത്തോട് പറയാന്‍ ഉദ്ദേശിക്കുന്നത് ഇത്ര മാത്രമാണ്: ‘ ഈ പ്രസ്ഥാനങ്ങള്‍ക്ക് പലബന്ധങ്ങളുമുണ്ട്. ഇതില്‍ നിന്ന് മോചനം തേടുന്നതിലൂടെ ആരോഗ്യത്തോടെ അദ്ദേഹത്തിന് മോചിതനാകാം’. ഉടന്‍ ഞാന്‍ അവരോട് പറഞ്ഞു: നിങ്ങള്‍ പറയുന്നത് പോലെ ഈ പ്രസ്ഥാനത്തിന് അഅത്തരത്തിലുള്ള ഒരു ബന്ധങ്ങളുമില്ല. അപ്പോള്‍ ഹംസ ബൈസൂനി എന്നോട് പറഞ്ഞു: ‘ അതെനിക്കറിയാം. മാത്രമല്ല, ഇസ്‌ലാമിക ആദര്‍ശത്തിന് വേണ്ടി ഈജിപ്തില്‍ പ്രവര്‍ത്തിക്കുന്ന ഏക സംഘം നിങ്ങള്‍ മാത്രമാണെന്ന് എല്ലാവര്‍ക്കും അറിയാം. രാഷ്ട്രത്തിലെ ഏറ്റവും ഉത്തമരായ വ്യക്തിത്വങ്ങള്‍ നിങ്ങളാണെന്നും അറിയാം. അതിനാല്‍ സയ്യിദ് ഖുതുബിനെ വധശിക്ഷയില്‍ നിന്നും രക്ഷപ്പെടുത്താനാണ് നാം ആഗ്രഹിക്കുന്നത്. ഇതാണ് അദ്ദേഹത്തെ അറിയിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിന് ഒരു തടസ്സവുമില്ല എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.

സഫ്‌വത്തിനെ വിളിച്ചുകൊണ്ട് പറഞ്ഞു: അവളെ അവളുടെ സഹോദരന്റെ അടുത്തേക്ക് കൊണ്ടുപോകൂ, ഞാന്‍ അപ്രകാരം സഹോദരന്‍ സയ്യിദ് ഖുതുബിന്റെ അടുത്ത് എത്തി സലാം ചൊല്ലി. അവര്‍ എന്നോട് പറയാന്‍ കല്‍പിച്ച കാര്യം ഞാന്‍ പറഞ്ഞു. ഉടന്‍ അദ്ദേഹം എന്റെ മുഖത്തേക്ക് ഒരു തീഷ്ണമായ നോട്ടം! ‘നീയാണോ എന്നോട് ഇത് ആവശ്യപ്പെട്ടത്! അതല്ല ഭരണകൂടമോ? ‘ എന്ന് ചോദിക്കുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു. സൂചനകളിലൂടെ ഭരണകൂടത്തിന്റെ അഭ്യര്‍ഥനയാണിതെന്ന് ഞാന്‍ അദ്ദേഹത്തെ ധരിപ്പിച്ചു. ഹംസ എന്നെ വിളിപ്പിച്ചുകൊണ്ട് വധശിക്ഷയുടെ ഓര്‍ഡര്‍ കാണിച്ചു തന്നുകൊണ്ട് താങ്കളോട് ഇത് ആവശ്യപ്പെടാന്‍ എന്നോട് ആവശ്യപ്പെട്ടതാണെന്ന് അദ്ദേഹത്തെ ഞാന്‍ ധരിപ്പിച്ചു. ഉടന്‍ സയ്യിദ് ഖുതുബ് ഇതില്‍ നീ തൃപ്തിയടഞ്ഞോ എന്ന് എന്നോട് തിരിച്ചു ചോദിച്ചു. ഒരിക്കലുമില്ല എന്നു ഞാന്‍ പ്രതിവചിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘എനിക്ക് ഒരു ഉപകാരമോ ഉപദ്രവമോ വരുത്താന്‍ അവര്‍ക്ക് സാധിക്കുകയില്ല, തീര്‍ച്ചയായും മനുഷ്യരുടെ ആയുസ്സ് അല്ലാഹുവിന്റെ കരങ്ങളിലാണ്. എന്റെ ജീവിതത്തെ അതിനാല്‍ തന്നെ വിധിക്കുവാന്‍ അവര്‍ക്ക് സാധിക്കുകയില്ല. എന്റെ ആയുസ്സിനെ ഒരല്‍പം നീട്ടിത്തരാനോ ചുരുക്കാനോ അവര്‍ക്ക് സാധിക്കുകയില്ല. എല്ലാം അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ്. അല്ലാഹു നാനാ ഭാഗത്തുകൂടിയും അവരെ വലയം ചെയ്യുന്നവനാണ്’.

വിവാഹം
ആറ് വര്‍ഷത്തെ ജയില്‍ വാസത്തിന് തൊട്ടുടനെ ഡോ. ഹംദി മസ്ഊദ് ഹമീദ ഖുതുബിനെ വിവാഹം ചെയ്തു. അദ്ദേഹത്തോടൊപ്പം പഠനാവശ്യാര്‍ഥം ഫ്രാന്‍സിലേക്ക് പോയി. സന്തുഷ്ടമായ ജീവിതമായിരുന്നു ഇരുവരും കാഴ്ചവെച്ചത്. ഫ്രഞ്ച് ഭാഷ പഠിക്കാനും സര്‍വകലാശാല പഠനം പൂര്‍ത്തിയാക്കാനും അവിടെ നിന്നും സാധിച്ചു. അറബി ഭാഷയിലും ചരിത്രത്തിലും ലൈസന്‍സ് ബിരുധം നേടി. വീട്ടു ജോലികളോടൊപ്പം തന്നെ ഫ്രാന്‍സില്‍ പ്രബോധനപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുകയുണ്ടായി. പ്രബോധനാവശ്യാര്‍ഥം ഫ്രഞ്ച് ഭാഷയില്‍ നിരവധി ഗ്രന്ഥങ്ങള്‍ ഹമീദ രചിച്ച മഹതി 212-ജൂലൈ 13-ന് മഹതി അല്ലാഹുവിലേക്ക് യാത്രയായി.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles