Current Date

Search
Close this search box.
Search
Close this search box.

സ്ത്രീ വൈദ്യുതിയോ പുല്‍ക്കൊടിയോ

woman.jpg

സ്ത്രീ ഒരു പ്രതിസന്ധിയാണോ? അവളൊരു പ്രശ്‌നമാണോ? നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള തെറ്റായ ചിന്താഗതി ഖേദകരം തന്നെയാണ്. അമേരിക്കയില്‍ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റുകള്‍ക്ക് പോലും സ്ത്രീ നാമങ്ങള്‍ നല്‍കുന്നതിന് എന്ത് ന്യായീകരണമാണുള്ളത്? നാഗരിക സമൂഹമെന്നും സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും വക്താക്കളെന്നും സ്വയം പരിചയപ്പെടുത്തുന്നവരാണവര്‍. പിന്നെ എന്തിനാണ് മനുഷ്യര്‍ക്കും സ്വത്തിനും നാശം വിതക്കുന്ന കൊടുങ്കാറ്റുകള്‍ക്ക് സ്ത്രീ നാമങ്ങള്‍ നല്‍കി വിശേഷിപ്പിക്കുന്നത്?.  സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ സ്ത്രീകള്‍ക്ക്് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് സാക്ഷിയായവരാണ് നാം. അവരോട് അതിക്രമം ചെയ്യുന്ന പുരുഷന്‍മാര്‍ അവര്‍ ഉമ്മയാണെന്നത് വിസ്മരിക്കുകയാണ്. അവള്‍ സഹോദരിയാണെന്ന് യാഥാര്‍ഥ്യം മറന്നാണ് അവളെ പരിഹാസപാത്രമാക്കുന്നത്. അവള്‍ ഭാര്യയാണെന്ന് അവന്‍ മറന്നു കൊണ്ടാണവളെ കയ്യേറ്റം ചെയ്യുന്നത്. സ്ത്രീകളോട് അതിക്രമം പ്രവര്‍ത്തിക്കുന്ന സംസ്‌കാരത്തിന്റെ ഭാഗമായിട്ടാണിതെല്ലാം സംഭവിക്കുന്നത്.

യുവാക്കളുടെ ഒരു സദസ്സില്‍ പങ്കെടുക്കവെ ഓരോരുത്തരും തങ്ങളുടെ മനസിലുള്ള സ്ത്രീയുടെ ചിത്രം വിവരിച്ചു. അവരില്‍ ഒരാള്‍ പറഞ്ഞു:  ഇരുപതാം വയസ്സില്‍ സ്ത്രീ ഒരു ഫുട്‌ബോളിന് സമാനമാണ്. അവള്‍ക്കു പുറകെ ഇരുപത്തിരണ്ട് ആളുകള്‍ ഓടിക്കൊണ്ടിരിക്കും. മുപ്പതാം വയസ്സില്‍ ഒരു ബാസ്‌കറ്റ് ബോളിനോട് അവളെ ഉപമിക്കാം, അപ്പോള്‍ പത്താളുകള്‍ അവള്‍ക്ക് പിന്നിലുണ്ടാകും. നാല്‍പതാം വയസ്സില്‍ അവള്‍ ബേസ്‌ബോള്‍ പോലെയായിരിക്കും, അവള്‍ക്ക് പിറകെ ഒരാള്‍ ഓടിക്കൊണ്ടിരിക്കും. അമ്പതാം വയസ്സില്‍ അവളെ ടെന്നിസ് ബോളിനോട് ഉപമിക്കാം. ഓരോരുത്തരും മറ്റേയാളിലേക്ക് എറിയുകയായിരിക്കും അപ്പോള്‍. അറുപതാം വയസ്സില്‍ അവള്‍ ഗോള്‍ഫ് ബോള്‍ പോലെയായിരിക്കും. എല്ലാവരും ആഗ്രഹിക്കുന്നത് കുഴിക്കുള്ളിലേക്ക് അകറ്റാനായിരിക്കും.
മറ്റൊരാള്‍ പറഞ്ഞു: സ്ത്രീ ഒരു സിഗരറ്റ് പോലെയാണ്, ആവശ്യം കഴിയുന്നതോടെയതിനെ ചവിട്ടിയരക്കുന്നു.  അടുത്തയാള്‍ പറഞ്ഞു: സ്ത്രീയെന്നത് വൈദ്യുതി പോലെയാണ് ഒന്നുകില്‍ നിന്റെ ജീവിതമത് പ്രകാശിപ്പിക്കും, അല്ലെങ്കില്‍ നിന്നെയത് ഷോക്കേല്‍പ്പിക്കും. മറ്റൊരാള്‍ പറഞ്ഞു: സ്ത്രീ ഒരു കണ്ണാടി പോലെയാണ്, നിന്റ സൗന്ദര്യം നിനക്കതില്‍ കാണാം, നീയത് പൊട്ടിച്ചാല്‍ നിന്നെയത് വേദനിപ്പിക്കും.
നിങ്ങളെല്ലാം സ്ത്രീയെ നോക്കികാണുന്നത് ആസ്വാദനത്തിനും ആനന്ദത്തിനും ലൈംഗികാസ്വാദനത്തിനുമുള്ള ഒരുപാധി മാത്രമായിട്ടാണെന്ന് നിങ്ങളുടെ ഉദാഹരണങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്ന് അവരോട് ഞാന്‍ പറഞ്ഞു. എന്തുകൊണ്ട് അവളെ വ്യത്യസ്തങ്ങളായ ഫലങ്ങളോട് ഉപമിക്കുന്നില്ലെന്ന് ഞാന്‍ ചോദിച്ചു. അവയെല്ലാം മധുരമുള്ളവയാണ്. അപ്പോള്‍ അവരെല്ലാം പുഞ്ചിരിച്ചു.

പിന്നീട് സ്ത്രീകളെ പറ്റിയുള്ള പ്രവാചകന്‍(സ)യുടെ കാഴ്്ച്ചപാട് ഞാന്‍ വിശദീകരിച്ചു. പ്രവാചകന്‍(സ) സ്ത്രീകളെ ചിത്രീകരിച്ചതില്‍ നിന്നും തികച്ചും ഭിന്നമായ കാഴ്ച്ചപാടാണ് യുവാക്കള്‍ക്കുള്ളത്. നബി(സ) പറഞ്ഞു: ‘നിങ്ങള്‍ സ്ത്രീകളോട് നന്മയില്‍ വര്‍ത്തിക്കുക.’ നബി(സ) സ്ത്രീകള്‍ക്ക് നല്‍കിയ ആദരവിന്റെയും അംഗീകാരത്തിന്റെയും ഭാഗമാണ് യുദ്ധത്തില്‍ അവരെ അക്രമിക്കരുതെന്ന് പറഞ്ഞിട്ടുള്ളത്. സ്ത്രീകളോട് ദയയോടെ പെരുമാറണമെന്ന് പറയുന്ന വേറെയും ഹദീസുകളുണ്ട്. ‘സ്ത്രീകള്‍ പുരുഷന്‍മാരുടെ ഉടപ്പിറപ്പുകളാണ്.’ എന്ന് മറ്റൊരിക്കല്‍ പ്രവാചകന്‍(സ) പറഞ്ഞു. സ്ത്രീകള്‍ക്ക് എന്തൊക്കെ കുറവുകളുണ്ടോ അതെല്ലാം ഉടപ്പിറപ്പുകളായ പുരുഷന്‍മാര്‍ക്കും ഉണ്ടാകുമെന്ന് ഇതില്‍ നിന്ന് മനസിലാക്കാം. പ്രവാചക ചരിത്രം വായിക്കുന്ന ഒരാള്‍ക്ക് മനസിലാക്കാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്. അദ്ദേഹത്തിന്റെ പ്രബോധനം ആരംഭിച്ചത് ഒരു സ്ത്രീയില്‍ നിന്നായിരുന്നു. ഒരു സ്ത്രീയുടെ മടിയില്‍ തലവെച്ചായിരുന്നു അദ്ദേഹത്തിന്റെ അവസാനവും. മുസ്‌ലിംകള്‍ ആദ്യമായി അബിസീനിയയിലേക്ക് ഹിജ്‌റ പോയവരില്‍ പകുതിയും സ്ത്രീകളായിരുന്നു. മദീനയിലേക്ക് നബി(സ) ഹിജ്‌റ പോയപ്പോള്‍ അത് അറിഞ്ഞിരുന്നത് ഒരു പുരുഷനും രണ്ട് സ്ത്രീകളും മാത്രമായിരുന്നു . ആഇശ(റ)വും അസ്മാഅ്(റ)വും ആയിരുന്നു അവര്‍. പ്രവാചക ജീവിതത്തിലെ ഏറ്റവും സുപ്രധാന സംഭവമായ വഹ്‌യ് അവതരിച്ചത് ആദ്യമായി അറിഞ്ഞതും ഒരു സ്ത്രീ തന്നെയായിരുന്നു. ഇസ്‌ലാമിന് തന്റെ രക്തം സമര്‍പ്പിച്ച ഇസ്‌ലാമിലെ ആദ്യ രക്തസാക്ഷിയും സ്ത്രീ തന്നെയായിരുന്നു. അപ്പോള്‍ എങ്ങനെയാണ് നമ്മുടെ അടുക്കല്‍ സ്ത്രീയുടെ ചിത്രം വികൃതമാവുക?

സ്ത്രീക്കും പുരുഷനും ഇടയിലെ ബന്ധത്തെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ‘അല്ലാഹു നിങ്ങളുടെ വര്‍ഗത്തില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. അവരിലൂടെ ശാന്തി തേടാന്‍. നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്.’ (അര്‍റൂം: 21) സ്ത്രീക്ക് പുരുഷനോടുള്ള ബന്ധത്തെ അല്ലാഹുവിന്റെ ദൃഷ്ടാന്തമായിട്ടാണ് ഖുര്‍ആന്‍ ചിത്രീകരിച്ചിട്ടുള്ളത്. എന്നാല്‍ അതിനെ വികൃതമാക്കി നാം അതിനോട് അക്രമം കാണിച്ചിരിക്കുകയാണ്. പാശ്ചാത്യര്‍ ചെയ്യുന്നത് പോലെ കൊടുങ്കാറ്റുകള്‍ക്ക് സ്ത്രീ നാമങ്ങള്‍ നല്‍കുന്നില്ലെന്നത് മാത്രമാണ് നമുക്കും അവര്‍ക്കുമിടയിലെ വ്യത്യാസം. എന്നാല്‍ അവളോട് നാം പെരുമാറുന്നത് ആത്മാവില്ലാത്ത കേവലം ശരീരത്തോടെന്ന പോലെയാണ്. ദൈവികമായ സരണിക്ക് വിരുദ്ധമാണ് ഈ നിലപാട്. അല്ലാഹു സ്ത്രീകള്‍ക്ക് ധാരാളം സവിശേഷതകള്‍ നല്‍കിയിട്ടുണ്ട്. അവയാണ് വിജയങ്ങള്‍ക്ക് നിദാനവും സ്‌നേഹത്തിന്റെ ഉറവയുമാക്കുന്നത്. തലമുറകളെ വാര്‍ത്തെടുക്കുന്നത് അവളിലൂടെയാണ്. ലോലമായ ഒരു പുല്‍കൊടിയോട് അവളെ ഉപമിക്കാവുന്നതാണ്. കാറ്റിലത് ചാഞ്ചാടുന്നു, എന്നാല്‍ കൊടുങ്കാറ്റതിനെ പൊട്ടിക്കുകയില്ല. ഓരോ മഹാന്റെയും വിജയത്തിന് പിന്നിലൊരു സ്ത്രീയുണ്ടെന്ന് സാധാരണ പറയാറുണ്ട്. നമുക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട പനിനീര്‍ പുഷ്പങ്ങളാണ് സ്ത്രീകള്‍. നാമെല്ലാം ഇഷ്ടപ്പെടുന്നതാണ് പനിനീരിന്റെ സുഗന്ധം.

വിവ. അഹ്മദ് നസീഫ് തിരുവമ്പാടി
 

Related Articles