Current Date

Search
Close this search box.
Search
Close this search box.

സ്ത്രീ ജോലിക്ക് പോകുമ്പോള്‍

working.jpg

മനുഷ്യര്‍ എന്ന നിലക്ക് സ്ത്രീ പുരുഷന്മാര്‍ക്കിടയില്‍ വേര്‍തിരിവില്ല. അവള്‍ അവനില്‍ നിന്നും അവന്‍ അവളില്‍ നിന്നുമാണ് സൃഷ്ടിക്കപ്പെട്ടത്. ‘നിങ്ങളില്‍ ഓരോവിഭാഗവും മറ്റു വിഭാഗത്തില്‍ നിന്ന് ഉല്‍ഭവിച്ചവരാകുന്നു’ (ആലുഇംറാന്‍ : 195). ചിന്തിക്കുകയും ജോലിചെയ്യുകയും ചെയ്യുന്ന ജീവി എന്നതാണ് മനുഷ്യന്റെ സവിശേഷത. മനുഷ്യരെ പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ് സൃഷ്ടിച്ചത്. നിങ്ങളില്‍ ഏറ്റവും നന്നായി അധ്വാനിക്കുന്നവര്‍ ആരാണെന്ന് പരീക്ഷിക്കാന്‍ വേണ്ടിയാണ് അല്ലാഹു സ്ത്രീ പുരുഷന്മാരെ സൃഷ്ടിച്ചിട്ടുള്ളത്. മാത്രമല്ല, അല്ലാഹുവിങ്കല്‍ പുരുഷന്മാരെ പോലെ അധ്വാനത്തിനുള്ള പ്രതിഫലം സ്ത്രീകള്‍ക്കും ലഭിക്കുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ‘അപ്പോള്‍ അവരുടെ രക്ഷിതാവ് അവര്‍ക്ക് ഉത്തരം നല്‍കി: പുരുഷനാകട്ടെ, സ്ത്രീയാകട്ടെ നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവര്‍ത്തനം ഞാന്‍ നിഷ്ഫലമാക്കുകയില്ല’ (ആലുഇംറാന്‍ : 195). അവളുടെ സല്‍കര്‍മങ്ങള്‍ക്കുള്ള പ്രതിഫലം പരലോകത്ത് ലഭ്യമാകുന്നതുപോലെ അതിന്റെ പ്രതിഫലനം ഐഹികജീവിതത്തിലും ലഭ്യമാകുന്നതാണ്. ‘ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ’്. (അന്നഹല്‍ : 97).

സാധാരണ പറയാറുള്ളതു പോലെ സ്ത്രീ മനുഷ്യസമൂഹത്തിന്റെ പാതിയാണ്. സമൂഹത്തിന്റെ പാതി  ജഢത്വം ബാധിച്ച്, ഒന്നും ഉല്‍പാദിപ്പിക്കാത്ത അവസ്ഥയില്‍ കഴിയുക എന്നത്  ഇസ്‌ലാമിക സങ്കല്‍പമല്ല. സ്ത്രീകളുടെ ഏറ്റവും പ്രധാനപ്പെട്ടതും മഹത്തരവുമായ ജോലി തലമുറകളെ ശിക്ഷണം നല്‍കി വളര്‍ത്തുകയാണെന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. എത്രതന്നെ വിദ്യാസമ്പന്നയായും ഇത് അവഗണിക്കാന്‍ പാടില്ല. സ്ത്രീക്ക് പകരമായി ഈ മഹത്തരമായ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ മറ്റാര്‍ക്കും സാധിക്കുകയില്ല. ഏറ്റവും മഹത്തരമായ മനുഷ്യനെന്ന വിഭവം രൂപപ്പെടുന്നത് അതിലൂടെയാണ്.

‘ഉമ്മ ഒരു പാഠശാലയാണ്, വേരുകളുള്ള ഒരുത്തമ സമൂഹത്തെയാണ് അവര്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നത്’ എന്ന നൈലിന്റെ കവി ഹാഫിള് ഇബ്രാഹീമിന്റെ വരികള്‍ ഏറെ പ്രസക്തമാണ്. വീടിന്റെ സംരക്ഷണം, ഭര്‍ത്താവിന് സന്തോഷം പ്രദാനം ചെയ്യല്‍, സ്‌നേഹത്തിലും കാരുണ്യത്തിലും അധിഷ്ടിതമായ ഉത്തമ കുടുംബത്തിന്റെ രൂപീകരണം എന്നിവയെല്ലാം അവളുടെ ജോലിയില്‍ പെട്ടതാണ്. വീടിനു പുറത്തുള്ള സ്ത്രീയുടെ ജോലി ഹറാമാണെന്ന് ഇതിനര്‍ഥമില്ല. പ്രബലമായ പ്രമാണങ്ങളില്ലാതെ ഒരാള്‍ക്കും അപ്രകാരം നിഷിദ്ധമാക്കാനും കഴിയുകയില്ല. അടിസ്ഥാനപരമായി എല്ലാ ഇടപാടുകളും അനുവദനീയമാണ്.

സ്ത്രീകളുടെ ജോലി അടിസ്ഥാനപരമായി അനുവദനീയമാണ്. ചിലപ്പോള്‍ പുണ്യകരവും മറ്റുചിലപ്പോള്‍ നിര്‍ബന്ധവുമായിത്തീരും. വിധവ, ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ടവള്‍… തുടങ്ങിയവര്‍ക്ക് ആശ്രിതരായി ആരുമില്ലാത്ത സന്ദര്‍ഭത്തില്‍ ജോലികളില്‍ ഏര്‍പ്പെടല്‍ അനിവാര്യമായിത്തീരുന്ന സന്ദര്‍ഭങ്ങളുണ്ട്. ഭര്‍ത്താവിനെ സഹായിക്കല്‍, മക്കളുടെ ശിക്ഷണം, വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കല്‍ തുടങ്ങിയ സാഹചര്യത്തില്‍ അവള്‍ ജോലി ചെയ്യേണ്ടതായും വരും. ആട്ടിന്‍ പറ്റങ്ങളെ നോക്കിക്കൊണ്ടിരിക്കുന്ന വൃദ്ധനായ പിതാവിന്റെ രണ്ടു പെണ്‍മക്കളുടെ കഥ ഖുര്‍ആന്‍ വിവരിക്കുന്നത് ശ്രദ്ദേയമാണ്. ‘അവരുടെ ഇപ്പുറത്തായി (തങ്ങളുടെ ആട്ടിന്‍ പറ്റത്തെ) തടഞ്ഞു നിര്‍ത്തിക്കൊണ്ടിരിക്കുന്ന രണ്ട് സ്ത്രീകളെയും അദ്ദേഹം കണ്ടു. അദ്ദേഹം ചോദിച്ചു: എന്താണ് നിങ്ങളുടെ പ്രശ്‌നം? അവര്‍ പറഞ്ഞു: ഇടയന്‍മാര്‍ (ആടുകള്‍ക്ക് വെള്ളം കൊടുത്ത്) തിരിച്ചു കൊണ്ടു പോകുന്നത് വരെ ഞങ്ങള്‍ക്ക് വെള്ളം കൊടുക്കാനാവില്ല. ഞങ്ങളുടെ പിതാവാകട്ടെ പടുവൃദ്ധനുമാണ്.’ (അല്‍ ഖസസ് 23). അസ്മാഅ് ബിന്‍ത് അബൂബക്കര്‍ തന്റെ ഭര്‍ത്താവായ സുബൈറിനു ബ്‌നുല്‍ അവ്വാമിന്റെ കുതിരയെ പരിചരിച്ചു കൊണ്ട്  ജോലിയില്‍ അദ്ദേഹത്തെ സഹായിച്ചിരുന്നതായി കാണാം. പെണ്‍കുട്ടികളെ പഠിപ്പിക്കുക, ഗര്‍ഭിണികളെയും മറ്റു സ്ത്രീകളെയും ശ്രുഷ്രൂഷിക്കുക തുടങ്ങിയ ചില ജോലികള്‍ സ്ത്രീകള്‍ തന്നെ നിര്‍വഹിക്കേണ്ടതായി വരും. സ്ത്രീകളുമായി ഇടപഴകുന്ന ഇത്തരം പ്രത്യേക ജോലികള്‍ സ്ത്രീകള്‍ തന്നെ നിര്‍വഹിക്കുന്നതാണ് ഉത്തമം.

സ്ത്രീ വീടിന് പുറത്ത് ജോലിക്ക് പോകുന്നത് ചില നിബന്ധനകള്‍ പാലിച്ചുകൊണ്ടായിരിക്കണം.

1. അനുവദനീയമായ ജോലി ആയിരിക്കണം. ഹറാമായതോ ഹറാമിലേക്കെത്തിച്ചേരാനോ സാധ്യതയുളള ജോലി ആകരുത്. അന്യപുരുഷന്റെ സേവകന്‍, അന്യരുമായി തനിച്ചിരിക്കേണ്ടിവരുന്ന പ്രൈവറ്റ് സെക്രട്ടറി പോലുള്ള പോസ്റ്റുകള്‍, വികാരമുദ്ദീപിപ്പിക്കുന്ന നൃത്തങ്ങളിലേര്‍പ്പെടല്‍, ബാര്‍ ഹോട്ടല്‍ ജോലികള്‍, വിമാനത്തില്‍ ലഹരി വിതരണം ചെയ്യല്‍, ഉറ്റ ബന്ധുക്കളില്ലാതെ ദീര്‍ഘ യാത്ര നടത്തേണ്ടിവരുന്ന ജോലികള്‍, അതുപോലെ സ്ത്രീകള്‍ക്ക് പ്രത്യേകമായോ അല്ലാതെയോ ഇസ്‌ലാം നിരോധിച്ച ജോലികളില്‍ ഏര്‍പ്പെടരുത്.

2. വീട്ടില്‍ നിന്നും പുറത്ത് പോകുമ്പോള്‍ ചലനത്തിലും സംസാരത്തിലും നടത്തത്തിലും വേഷവിധാനങ്ങളിലുമെല്ലാം ഇസ്‌ലാമിക മര്യാദകള്‍ പാലിക്കണം. (അന്നൂര്‍ : 31, അഹ്‌സാബ് : 32)

3.ഭര്‍ത്താവ്, സന്താനങ്ങള്‍ തുടങ്ങിയവരോട് നിര്‍വഹിക്കേണ്ട ഉത്തരവാദിത്തങ്ങളെ അവഗണിച്ചുകൊണ്ടാകരുത് ജോലിക്ക് പോകുന്നത്.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles