Current Date

Search
Close this search box.
Search
Close this search box.

സ്ത്രീ കമ്പോളത്തിനും ആദരവിനുമിടയില്‍

revolution.jpg

ആധുനിക സമൂഹങ്ങളില്‍ പലയിടത്തും സ്ത്രീകളുടെ അവകാശങ്ങള്‍ പിച്ചിചീന്തപ്പെടുകയും ആദരവ് വലിച്ച് കീറപ്പെടുകയും ചെയ്യുന്നു. അവളുടെ അഭിപ്രായങ്ങള്‍ക്കവിടെ യാതൊരു വിലയും കല്‍പ്പിക്കപ്പെടുന്നില്ല. സമ്പാദിക്കുന്നതിനും ലാഭം നേടുന്നതിനുമുള്ള കേവലം ചരക്ക് മാത്രമായി അവള്‍ മാറുന്നു. അല്ലെങ്കില്‍ വികാരങ്ങളെ ഇളക്കിവിടാനുള്ള ഒരു മാധ്യമായി മാറിയിരിക്കുന്നു. ആകര്‍ഷണീയമായ മുദ്രാവാക്യമുയര്‍ത്തിയാണ് അവളെ വില്‍പനച്ചരക്കാക്കി മാറ്റുന്നത്. സ്ത്രീ സ്വാതന്ത്ര്യം, അവളുടെ അവകാശങ്ങള്‍ നേടിയെടുക്കല്‍ പോലുള്ള കാര്യങ്ങളാണവര്‍ ഉയര്‍ത്തി പിടിക്കാറ്. എന്നാല്‍ അതെല്ലാം അവളെ ഇകഴ്ത്തുകയും അന്തസിനെ മണ്ണില്‍ ചവിട്ടി തേക്കുകയുമാണ് ചെയ്യുന്നത്. ചില സമൂഹങ്ങളില്‍ വളരെ വികൃതവും വിരൂപവുമാണ് അവളുടെ ചിത്രം. സമൂഹത്തിന്റെ മൂല്യങ്ങളെ നശിപ്പിക്കുന്നതിനും തകര്‍ക്കുന്നതിനുമായി അവളെ തല്‍പരകക്ഷികള്‍ ഉപയോഗപ്പെടുത്തുന്നു.

പെണ്‍കുട്ടികള്‍ ജനിക്കുന്നത് തന്നെ വെറുക്കുകയും അവളുടെ കടന്ന് വരവിനെ രോഷത്തോടെ കാണുകയും ചെയ്തുകൊണ്ടാണ് ചില സമൂഹങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള നിന്ദ നടക്കുന്നത്. ജാഹിലിയ്യാ സമൂഹത്തില്‍ പ്രസ്തുത സമ്പ്രദായം അതിന്റെ ഏറ്റവും മോശവും അങ്ങേയറ്റം വ്യതിചലിച്ചതുമായ രൂപത്തിലായിരുന്നു. ഖുര്‍ആന്‍ അവരെ ആക്ഷേപിക്കുന്നത് കാണുക : ‘അവരിലൊരാള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നതായി സന്തോഷവാര്‍ത്ത ലഭിച്ചാല്‍ ദുഃഖത്താല്‍ അവന്റെ മുഖം കറുത്തിരുളും. തനിക്കു ലഭിച്ച സന്തോഷവാര്‍ത്തയുണ്ടാക്കുന്ന അപമാനത്താല്‍ അവന്‍ ആളുകളില്‍ നിന്ന് ഒളിഞ്ഞുമറയുന്നു. അയാളുടെ പ്രശ്‌നം, അപമാനം സഹിച്ച് അതിനെ നിലനിര്‍ത്തണമോ അതല്ല മണ്ണില്‍ കുഴിച്ചുമൂടണമോ എന്നതാണ്. അറിയുക: അവരുടെ തീരുമാനം വളരെ നീചം തന്നെ!’ (അന്നഹ്ല്‍ : 58,59)

ഇതില്‍ നിന്ന് ഭിന്നമായ ഇസ്‌ലാം സ്ത്രീക്ക് വളരെ ഉന്നതമായ സ്ഥാനമാണ് നല്‍കിയത്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അവള്‍ക്ക് വലിയ മഹത്വവും പരിഗണനയും ഇസ്‌ലാം നല്‍കി. പ്രവാചകന്‍(സ) ഒരിക്കല്‍ പറഞ്ഞു: ‘ഒരാള്‍ക്ക് മൂന്ന് പെണ്‍കുട്ടികളുണ്ടാവുകയും എന്നിട്ട് വളരെ സഹനത്തോടെ അവരെ ഊട്ടുകയും വസ്ത്രം ധരിപ്പിക്കുകയും ചെയ്യുന്നത് നരകത്തില്‍ നിന്നവന് മറയായിരിക്കും.’ ഇപ്രകാരം മാതാപിതാക്കളുടെ സംരക്ഷണത്തിലാണ് ഇസ്‌ലാമില്‍ ഒരു പെണ്‍കുട്ടിയുടെ ജീവിതം ആരംഭിക്കുന്നത്. അവളുടെ ജീവിതചെലവുകള്‍ നടത്തേണ്ടത് പിതാവാണ്. അവള്‍ വിവാഹിതയാവുന്നതോടെ ആ ബാധ്യത ഭര്‍ത്താവിലേക്ക് നീങ്ങുന്നു. അദ്ദേഹത്തോടൊപ്പമുള്ള ജീവിതത്തില്‍ പ്രായപൂര്‍ത്തിയായ സന്താനങ്ങള്‍ കൂടി ഉണ്ടാകുമ്പോള്‍ അവളുടെ അവകാശങ്ങള്‍ ഇരട്ടിക്കുകയാണ് ചെയ്യുന്നത്. ഭര്‍ത്താവില്‍ നിന്ന് ലഭിക്കേണ്ട അവകാശത്തോടൊപ്പം മക്കളില്‍ നിന്നും അവകാശങ്ങള്‍ ലഭ്യമാകണം.

പ്രവാചകന്‍(സ) ഹജ്ജത്തുല്‍ വദാഇന്റെ വേളയില്‍ നമ്മോട് വസിയത്ത് ചെയ്തിട്ടുള്ള കാര്യമാണ് സ്ത്രീകളോട് നന്നായി വര്‍ത്തിക്കണമെന്നത്. ഇസ്‌ലാം സ്ത്രീക്കും പുരുഷനുമിടയില്‍ നീതിയിലധിഷ്ഠിതവും സന്തുലിതവുമായ ഒരു ബന്ധം സ്ഥാപിച്ചു. ഒരു മുസ്‌ലിം സമൂഹം കെട്ടിപടുക്കുന്നതിന്റെ അടിസ്ഥാനമാക്കി അവളെ മാറ്റുകയും ചെയ്തു. വ്യക്തമായ തത്വങ്ങളുടെയും അധ്യാപനങ്ങളുടെയും നിര്‍ണ്ണയിക്കപ്പെട്ട അവകാശങ്ങളുടെയും ബാധ്യതകളുടെയും അടിസ്ഥാനത്തിലത് നിയമങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. മനുഷ്യ സമൂഹത്തില്‍ നിര്‍ഭയത്വത്തിന്റെയും സമാധാനത്തിന്റെയും മൂല്യങ്ങള്‍ വ്യാപിപ്പിക്കുന്നതിനായിട്ടാണത്. സൃഷ്ടിപ്പിലും ആരാധനകളിലും ശറഈ ബാധ്യതകളിലും അവള്‍ക്കത് സമത്വം കല്‍പ്പിക്കുന്നു. ഇസ്‌ലാമില്‍ സ്ത്രീയുടെയും പുരുഷന്റെയും പ്രകൃതത്തിനും പ്രകൃതിക്കും അനുയോജ്യമായ സാമൂഹ്യവ്യവസ്ഥകള്‍ നിര്‍ണ്ണയിച്ച് കൊടുക്കുകയും ചെയ്യുന്നു.

എന്നാല്‍ ഇസ്‌ലാമിക ശരീഅത്ത് സ്ത്രീകളോട് സ്വീകരിച്ച നിലപാടില്‍ ആക്ഷേപമുന്നയിക്കുന്നവരുണ്ടെന്ന് വളരെ അത്ഭുതകരമായ കാര്യമാണ്. ഇസ്‌ലാം സ്ത്രീകളോട് സ്വീകരിച്ച നിലപാട് പരിശോധിക്കാന്‍ ഒരിക്കല്‍ പോലും ശ്രമിക്കാത്തവരാണ് അവര്‍. അവളോട് നീതികാണിക്കുകയും നിന്ദ്യമായ അടിമത്വത്തില്‍ നിന്നും അവളെ മോചിപ്പിക്കുകയുമാണ് ഇസ്‌ലാം ചെയ്തത്. മാതാവ്, ഭാര്യ, മകള്‍, സഹോദരി എന്നീ നിലകളിലെല്ലാം അവളോട് നീതി കാണിച്ച ദര്‍ശനമാണ് ഇസ്‌ലാം.
ഇസ്‌ലാം സ്ത്രീയെ പുരുഷന്റെ ഉടപ്പിറപ്പായിട്ടാണ് കാണുന്നത്. ശറഈ ബാധ്യതകളിലും രക്ഷാ-ശിക്ഷകളിലും അവള്‍ പുരുഷനെ പോലെ തന്നെയാണ്. അല്ലാഹു പറയുന്നു: ‘പുരുഷനോ സ്ത്രീയോ ആരാവട്ടെ. സത്യവിശ്വാസിയായിരിക്കെ സല്‍ക്കര്‍മം പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിശ്ചയമായും നാം മെച്ചപ്പെട്ട ജീവിതം നല്‍കും. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റം ഉത്തമമായതിന് അനുസൃതമായ പ്രതിഫലവും നാമവര്‍ക്ക് കൊടുക്കും.’ (അന്നഹ്ല്‍: 97)

അല്ലാഹു മനുഷ്യനെ സുന്ദരമായ ഘടനയില്‍ സൃഷ്ടിക്കുകയും ആദരിക്കുകയും ചെയ്തു. മനുഷ്യരെ ആദരിച്ചപ്പോള്‍ പുരുഷന്‍മാരെ മാത്രമല്ല ആദരിച്ചിട്ടുള്ളത്, സ്ത്രീക്കും അവര്‍ക്കനുയോജ്യമായ വിധത്തില്‍ ആദരവ് നല്‍കിയിട്ടുണ്ട്. മനുഷ്യന്റെ പകുതിയായിട്ടാണത് സ്ത്രീയെ വിശേഷിപ്പിക്കുന്നത്. ഒന്നിന്റെ രണ്ടു പകുതികള്‍ക്കിടയില്‍ ഏറ്റവ്യത്യാസമുണ്ടാകില്ല, പ്രത്യേകിച്ചും കാരുണ്യവാനായ അല്ലാഹുവത് നിര്‍വഹിക്കുമ്പോള്‍. അല്ലാഹു പറയുന്നു: ‘അല്ലാഹുവോട് ഭക്തി കാണിക്കുന്നവന്നവന് അല്ലാഹു രക്ഷാമാര്‍ഗമൊരുക്കിക്കൊടുക്കും. അവന്‍ വിചാരിക്കാത്ത വിധം അവന് ആഹാരം നല്‍കും. എല്ലാം അല്ലാഹുവില്‍ അര്‍പ്പിക്കുന്നവന് അല്ലാഹു തന്നെ മതി. അല്ലാഹു അവന്റെ കാര്യം നിറവേറ്റുക തന്നെ ചെയ്യും.’ (അത്തലാഖ്: 3) പ്രയാസങ്ങള്‍ വരുമ്പോള്‍ അല്ലാഹു അവരെ അതില്‍ നിന്ന് മോചിപ്പിക്കും. അവന്‍ പ്രതീക്ഷിക്കാത്ത വഴികളില്‍ നിന്നവന് അന്നം നല്‍കും. എല്ലാ കാര്യങ്ങളും അതിന്റെ സമയവും കാലവും കാരണങ്ങളും ഫലങ്ങളും അവന്‍ നിശ്ചയിക്കുന്നത് പ്രകാരമാണ് നടക്കുന്നത്. ഈ പ്രപഞ്ചത്തില്‍ ഒരു കാര്യവും യാദൃശ്ചികമായി സംഭവിക്കുന്നില്ല. വിശ്വാസത്തിന്റെ പ്രധാന ഭാഗം തന്നെയാണത്. ഖുര്‍ആന്‍ പറയുന്നു: ‘എല്ലാ വസ്തുക്കളെയും നാം സൃഷ്ടിച്ചത് കൃത്യതയോടെയാണ്.’ (അല്‍-ഖമര്‍: 49) സ്ത്രീ-പുരുഷന്‍ എന്നീ രണ്ട് വര്‍ഗങ്ങളെയും ആദരിക്കുന്നതാണ് ഖുര്‍ആന്റെ പ്രസ്താവന. ‘അവന്‍ സകല വസ്തുക്കളെയും സൃഷ്ടിച്ചു. കൃത്യമായി അവയെ ക്രമീകരിക്കുകയും ചെയ്തു.’ (അല്‍ഫുര്‍ഖാന്‍: 2) അതിന്റെ വലുപ്പം, രൂപം, പ്രവര്‍ത്തനം, ഉത്തരവാദിത്വം, കാലം, സ്ഥലം, മറ്റുള്ളവയുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളെല്ലാം കൃത്യമായി നിര്‍ണ്ണയിച്ചിട്ടുണ്ട്. പരലോകത്തെ രക്ഷാ-ശിക്ഷകളിലും സ്ത്രീ പുരുഷവിവേചനമില്ല. സമൂഹത്തിന്റെ സംസ്‌കരണത്തിലും അവര്‍ക്കും വ്യക്തമായ പങ്കുണ്ട്. അല്ലാഹു പറയുന്നു: ‘ജനങ്ങളേ, നിങ്ങളുടെ നാഥനോട് ഭക്തിയുള്ളവരാവുക. ഒരൊറ്റ സത്തയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു. ഏതൊരു അല്ലാഹുവിന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത് അവനെ സൂക്ഷിക്കുക; കുടുംബബന്ധങ്ങളെയും. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നവനാണ്.’ (അന്നിസാഅ്: 1) ‘ഒരൊറ്റ സത്തയില്‍ നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍ നിന്നുതന്നെ അതിന്റെ ഇണയേയും സൃഷ്ടിച്ചു. ആ ഇണയോടൊത്ത് സംതൃപ്തി നേടാന്‍. അവന്‍ അവളെ പുണര്‍ന്നു.’ (അല്‍-അഅ്‌റാഫ്: 189)

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി
 

Related Articles