Current Date

Search
Close this search box.
Search
Close this search box.

സ്ത്രീക്കെതിരായ കുതന്ത്രങ്ങളുടെ രീതികള്‍

parda1.jpg

സ്ത്രീയെ ദുഷിപ്പിക്കുവാനും അവളുടെ യഥാര്‍ഥ സ്ഥാനത്തുനിന്ന് അവളെ പുറത്താക്കാനും വ്യത്യസ്ത തരത്തിലുള്ള കുതന്ത്രങ്ങളുമായി സ്ത്രീയുടെ ശത്രുക്കളും അവരുടെ അനുയായികളും രംഗത്തിറങ്ങാറുണ്ട്. ചില മുസ്‌ലിം രാഷ്ട്രങ്ങളില്‍ തന്നെ ഇത്തരത്തിലുള്ള അവരുടെ എല്ലാ സിദ്ധാന്തങ്ങളും പ്രയോഗവല്‍കരിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. ബാക്കിയുള്ള രാജ്യങ്ങളില്‍ കൂടി അവരുടെ പദ്ധതികള്‍ വ്യാപിക്കാന്‍ അവര്‍ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇവരുടെ ഇത്തരം കുതന്ത്രങ്ങളില്‍ ചിലത് ഇവിടെ വ്യക്തമാക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ചിലര്‍ക്കെങ്കിലും ഇത് ഉപകാരപ്പെടുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

1) പ്രശ്‌നങ്ങളെ പര്‍വതീകരിക്കുക:
ജനങ്ങള്‍ക്ക് ഒരു ഉപദ്രവമോ ബുദ്ധിമുട്ടോ ഉണ്ടാക്കാത്ത കാര്യങ്ങള്‍ പറഞ്ഞ് പറഞ്ഞ് വലുതാക്കുക എന്നതാണ് ഇത്തരം ആളുകളുടെ ഒരു തന്ത്രം. സ്ത്രീകളുടെ വിഷയത്തില്‍ തര്‍ക്കങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ട ചില മേഖകളുണ്ടെന്ന് സമൂഹത്തിന് തോന്നിപ്പിക്കുകയെന്നതാണ് ഇവരുടെ ആദ്യ പ്രവര്‍ത്തനം. അതിനായി അവര്‍ എല്ലാവരുടെയും സഹായങ്ങള്‍ തേടുന്നു. അവര്‍ വ്യത്യസ്ത സാങ്കേതിക വിദ്യകളും വാര്‍ത്താമാധ്യമങ്ങളും ഉപയോഗപ്പെടുത്തുന്നു. അപ്രകാരം സ്ത്രീ നമ്മുടെ സമൂഹത്തില്‍ ധാരാളം പ്രയാസങ്ങള്‍ക്ക് നടുവിലാണ് ജീവിക്കുന്നത്, അവള്‍ അക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്, അവള്‍ക്ക് അവളുടെ അവകാശങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പുരുഷന്‍ അവളെ എല്ലാ തരത്തിലും വലയം ചെയ്തിരിക്കുകയാണ്, അവളുടെ മേല്‍ അവന്റെ അധികാരം അടിച്ചേല്‍പിച്ചിരിക്കുകയാണ് എന്നിങ്ങനെ പോകുന്നു അവരുടെ വാദങ്ങള്‍.
ചില ഭര്‍ത്താക്കന്‍മാരില്‍ നിന്നും പിതാക്കന്മാരില്‍നിന്നും ചെറിയ തരത്തിലുള്ള അനീതികള്‍ സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വരുന്നുണ്ടെന്നതിനെ നാം നിഷേധിക്കേണ്ടതില്ല. പക്ഷെ അത് ഒരു സമൂഹത്തിന്റെ ദീനിനെയും വിശ്വാസങ്ങളെയും അടച്ചാക്ഷേപിക്കാന്‍ എങ്ങനെയാണ് തെളിവാകുക! ഇവിടെയാണ് ഇസ്‌ലാമിക സമൂഹത്തില്‍ സ്ത്രീക്ക് സ്വാതന്ത്രം നിഷേധിക്കപ്പെടുന്നു എന്ന ആരോപണത്തെ നാം വായിക്കേണ്ടത്. ഈ ആരോപണങ്ങള്‍ മുസ്‌ലിങ്ങളില്‍ ചിലരുടെ തന്നെ ഉള്ളില്‍ സ്ഥലം പിടിക്കാന്‍ കാരണം അവര്‍ ദീനിന്റെ യഥാര്‍ഥ തത്വങ്ങളെയും സിദ്ധാന്തങ്ങളെയും വെടിഞ്ഞു എന്നതാണ്. അവര്‍ അവരുടെ ശത്രുക്കളുടെ മാര്‍ഗമാണ് പിന്‍പറ്റിയത്.
കാര്യങ്ങള്‍ ഇപ്രകാരമാണെങ്കില്‍ സ്ത്രീകളുടെ പ്രശ്‌നത്തിന് ചികിത്സ തുടങ്ങേണ്ടത് മുസ്‌ലീം സമൂഹത്തില്‍ അടിയുറച്ചിട്ടുള്ള ചില ധാരണകളെ തിരുത്തുന്നതിലൂടെയാണ്. സമൂഹത്തിലുള്ള മറ്റെല്ലാ പ്രശ്‌നങ്ങളെക്കാളും മുന്തിയ പരിഗണന നല്‍കേണ്ടതാണ് സ്ത്രീകളുടെ പ്രശ്‌നത്തിനാണെന്ന ധാരണ തെറ്റാണ്. പ്രശ്‌നത്തെ പര്‍വതീകരിച്ച് ചില തല്‍പരകക്ഷികള്‍ നടത്തുന്ന പ്രചാരണങ്ങളാണ് യഥാര്‍ഥ പ്രശ്‌നമെന്ന് സമൂഹം തിരിച്ചറിയണം. അപ്രകാരം ഇസ്‌ലാമിന്റെ ശത്രുക്കളുടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കാതെ വരണം. ജനങ്ങള്‍ അതിനെ കുറിച്ച് ബോധവാന്മാരാകണം.

2) സമൂഹത്തിന്റെ ധാര്‍മികബോധം തകര്‍ക്കല്‍:
മുസ്‌ലിം സമൂഹത്തില്‍ അതിന്റെ സ്ഥിതിഗതികള്‍ എത്രതന്നെ താഴ്ന്നതാണെങ്കിലും ഒരു അടിസ്ഥാന ധാര്‍മിക സദാചാരബോധം നിലനില്‍കാറുണ്ട്. ആ ബോധം ഒരിക്കലും സമൂഹത്തില്‍ വിശ്വാസപരവും സ്വഭാവപരവുമായ വൈകൃതങ്ങളെ ഉള്‍കൊള്ളാറില്ല. രോഗങ്ങള്‍ വരുമ്പോള്‍ ശരീരം പ്രതിരോധം തീര്‍ക്കുന്നതുപെലെ സമൂഹത്തിന്റെ പ്രതിരോധമായി ഈ ബോധം വര്‍ത്തിക്കാറുണ്ട്. അതുകൊണ്ട് തന്നെ ശത്രുക്കള്‍ അതിയായി ആഗ്രഹിക്കുന്ന കാര്യമാണ് ഈ ബോധം സമൂഹത്തില്‍ നിന്ന് എടുത്തു മാറ്റുകയെന്നത്. ഈ സദാചാരബോധത്തെ പടിപടിയായി നീക്കം ചെയ്യാനാണ് ശത്രുക്കള്‍ ശ്രമിക്കുക. അതിന്റെ ഘട്ടങ്ങള്‍ ശ്രദ്ധിക്കുക:
ആദ്യം തെറ്റുകളെ ഓര്‍ത്ത് വിറകൊള്ളുന്ന അവസ്ഥയിലാകും സമൂഹമനസ്സ്.
ശത്രുക്കളുടെ പലതരത്തലുമുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കാരണം ആ ഭയത്തിന് കുറവ് വരുന്നു. ഇതാണ് രണ്ടാമത്തെ സ്റ്റേജ്.
മൂന്നാമത്തെ സ്റ്റേജില്‍ തെറ്റുകള്‍ കാണുന്നത് പ്രശ്‌നമല്ലാതായി മാറുന്നു.
നാലാമത്തെ ഘട്ടത്തില്‍ തെറ്റുകളെ അവര്‍ ആസ്വദിക്കാന്‍ തുടങ്ങുന്നു.
അടുത്തഘട്ടത്തില്‍ അവിടെനിന്നും കടന്ന് ജനങ്ങള്‍ തിന്മ ചെയ്യുന്നതില്‍ പ്രശ്‌നമില്ലാത്ത അവസ്ഥയിലെത്തുന്നു.
ആറാമത്തെയും അധപതനത്തിന്റെ അവസാന ഘട്ടവുമെത്തുമ്പോള്‍ ജനങ്ങള്‍ തെറ്റ്‌ചെയ്യുക മാത്രമല്ല, അതിലുപരി ആ തെറ്റിനെ ന്യായീകരിക്കാന്‍ തത്വശാസ്ത്രങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ സമൂഹത്തെ മുഴുവന്‍ തെറ്റുകളില്‍ അഭിരമിക്കുന്നവരാക്കാനാണ് ശത്രുക്കള്‍ ആഗ്രഹിക്കുന്നത്.
സമൂഹത്തില്‍ അരാജകത്വം വ്യാപിപ്പിക്കാന്‍ ശത്രുക്കള്‍ വ്യത്യസ്ത മാധ്യമങ്ങള്‍ ഉപയോഗിക്കാറുണ്ട്. ചീത്ത കാര്യങ്ങളും ചിത്രങ്ങളും വാര്‍ത്തകളും പരത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പത്രങ്ങളും വാരികകളും മാഗസിനുകളും വ്യാപിപ്പിക്കുകയെന്നതാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. മറ്റൊരു മാര്‍ഗമാണ് വ്യത്യസ്ത മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി തെറ്റായതും വ്യതിചലിച്ചതുമായ ചിന്തകള്‍ വ്യാപിപ്പിക്കുകയെന്നത്. വിശ്വാസിക്കും അവിശ്വാസിക്കും ഇടയിലുള്ള വ്യത്യാസങ്ങളും മറകളും ഇല്ലാതാക്കുകയെന്നതാണ് മറ്റൊരു മാര്‍ഗം. ബഹുസ്വരതയുടെയും പരസ്പര സഹകരണത്തിന്റെയും പേരിലായിരിക്കും ഇവര്‍ ദീനിനെ കൂട്ടിക്കൊടുക്കുന്നത്.

3) സ്ത്രീ സ്വാതന്ത്ര്യം:
ശത്രുക്കള്‍ ഇസ്‌ലാമിനെതിരെ പ്രചാരണത്തിനായി കാര്യമായി ഉപയോഗിക്കുന്ന ഒരു പ്രചാരണായുധമാണ് സ്ത്രീ സ്വാതന്ത്ര്യം എന്നുള്ളത്. ഇസ്‌ലാമില്‍ സ്ത്രീകള്‍ക്ക് മുഴുവന്‍ നിയന്ത്രണങ്ങളാണ്. അവള്‍ക്ക് ഒരിക്കലും ഇസ്‌ലാം ഒരു സ്വാതന്ത്ര്യവും അനുവദിക്കുന്നില്ല. ഇതൊക്കെയാണ് ഇവരുടെ ആരോപണങ്ങള്‍.
സ്ത്രീ സ്വാതന്ത്ര്യത്തെകുറിച്ച് ഉറക്കെ ഉറക്കെ ചര്‍ച്ച നടക്കുമ്പോള്‍ നാം ചിന്തിക്കേണ്ട കാര്യമാണ് ഈ ലോകത്ത് ഒരു നിയന്ത്രണവുമില്ലാത്ത പൂര്‍ണ സ്വാതന്ത്ര്യം സാധ്യമാണോ? ഒരു നിയന്ത്രണവുമില്ലാത്ത സമൂഹം ഒരിക്കലും നിലനില്‍ക്കുകയില്ലെന്നതാണ് യാഥാര്‍ഥ്യം. നിയമവും വ്യവസ്ഥയും ഉള്ള എല്ലാ ഭരണപ്രദേശത്തും അനിവാര്യമായും നിയമങ്ങളുണ്ടാവും. അതില്ലാതെ നിലനില്‍ക്കാന്‍ ഒരു ഭരണത്തിനും സാധിക്കുകയുമില്ല. അതുകൊണ്ട്തന്നെ ഇസ്‌ലാം സമൂഹത്തിലുണ്ടാവണമെന്ന് കരുതുന്ന ചില മൂല്യങ്ങളും ബോധങ്ങളുമുണ്ട്. അതുണ്ടാക്കിയെടുക്കാന്‍ ചില നിയമങ്ങളും നിയന്ത്രണങ്ങളും അനിവാര്യമാണ്. അതിനായി സ്ത്രീകളുടെ കാര്യത്തിലും പുരുഷന്മാരുടെ കാര്യത്തിലും ഇസ്‌ലാം ചില നിയന്ത്രണങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അത് അനിവാര്യമായും ഇസ്‌ലാം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സമൂഹത്തില്‍ നടപ്പാക്കാന്‍ വേണ്ടിയുള്ള മാര്‍ഗം മാത്രമാണ്. ഇവിടെ ഒരു വ്യക്തിക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നത് മറ്റൊരു വ്യക്തിയുടെ സ്വാതന്ത്ര്യം ഹനിക്കലായിരിക്കും.
എന്നാല്‍ ഇത്തരം യാഥാര്‍ഥ്യങ്ങളൊന്നും പരിഗണിക്കാതെ കണ്ണടച്ച് ഇരുട്ടാക്കുന്ന അവസ്ഥയാണ് ഇസ്‌ലാമിന്റെ ശത്രുക്കള്‍ സ്ത്രീകളുടെ വിഷയത്തില്‍ ഉണ്ടാക്കുന്നത്.

4) സ്ത്രീ-പുരുഷ സമത്വം:
സ്ത്രീ-പുരുഷ സമത്വം അടിസ്ഥാനപരമായി തന്നെ അല്ലാഹുവിന്റെ സൃഷ്ട്രിപ്പിന് എതിരാണ്. അല്ലാഹു രണ്ട് വര്‍ഗങ്ങളെയും വ്യത്യസ്തമായ പ്രകൃതിയിലാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ന് ചില സ്ത്രീത്വത്തിന്റെ ശത്രുക്കള്‍ അന്ധമായ വാദങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ്. അവര്‍ വിവേചനങ്ങളൊന്നുമില്ലാതെ സ്ത്രീ-പുരുഷ സമത്വത്തിന് വേണ്ടി വാദിക്കുന്നു. ഈ വാദത്തില്‍ ചില മുസ്‌ലീം നാമധാരികളെയും വീഴ്താന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഈ വാദം യഥാര്‍ഥത്തില്‍ അവരുടെ ഇസ്‌ലാം വിരോധത്തിന്റെ പ്രകടനം മാത്രമാണ്. എന്നാല്‍ ആത്മാര്‍ഥതയുള്ളവരെകൂടി ഇതില്‍ വീഴ്താന്‍ അവര്‍ ചില വിദ്യകള്‍ ഉപയോഗിക്കുന്നു എന്ന് മാത്രം.

വിവ: ജുമൈല്‍ കൊടിഞ്ഞി   
 

Related Articles