Current Date

Search
Close this search box.
Search
Close this search box.

സമൂഹനിര്‍മിതിയില്‍ സ്ത്രീയുടെ പങ്ക്

muslim-women.jpg

ചരിത്രത്തില്‍ മുസ്‌ലിം സ്ത്രീകള്‍ക്കുണ്ടായിരുന്ന ഉന്നതസ്ഥാനം മനസ്സിലാക്കി അതിനെ അര്‍ത്ഥവത്താക്കുന്ന വിധത്തില്‍ പരിശ്രമിക്കുന്ന ധാരാളം വനിതകള്‍ ഇന്നുമുണ്ട്. ഇസ്‌ലാമിക പാരമ്പര്യത്തെയും വിശ്വാസങ്ങളെയും ആഴത്തില്‍ മനസ്സിലാക്കിയവരാണവര്‍. നാഥന്‍ മനുഷ്യരെ പടച്ചത് -സ്ത്രീയെയും പുരുഷനെയും- അല്ലാഹുവിന് അനുസരണയുള്ളവരായി ജീവിക്കാനാണെന്ന് അവര്‍ക്ക് ബോധ്യമുണ്ട്. ഭൂമിയില്‍ ദൈവത്തിന്റെ പ്രാതിനിധ്യം വഹിക്കുകയെന്നതാണ് ഞങ്ങളുടെ കടമയെന്നും അവര്‍ തിരിച്ചറിയുന്നു. ഇസ്‌ലാമിക സമൂഹത്തില്‍ വനിതകളുടെ സ്ഥാനം നിര്‍ണയിക്കാനും അവരുടെ കടമ നിര്‍വചിക്കാനും വിശുദ്ധഖുര്‍ആന്‍ വ്യക്തമായ സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്.

1) ദാമ്പത്യം (സൗജിയ്യ): അവകാശങ്ങളിലെയും ഉത്തരവാദിത്വങ്ങളിലെയും തുല്യതയെയും പരസ്പര സഹകരണങ്ങളെയുമാണ് ഈ സിദ്ധാന്തം ഉള്‍കൊള്ളുന്നത്. അല്ലാഹു പറയുന്നു: ‘ജനങ്ങളേ, നിങ്ങളുടെ നാഥനോട് ഭക്തിയുള്ളവരാവുക. ഒരൊറ്റ സത്തയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു. ഏതൊരു അല്ലാഹുവിന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത് അവനെ സൂക്ഷിക്കുക; കുടുംബബന്ധങ്ങളെയും. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നവനാണ്.’ (അന്നിസാഅ്:1)

2) സംരക്ഷണം (വിലായത്ത്): പരസ്പരം സംരക്ഷകരും കൈകാര്യകര്‍ത്താക്കളുമാണ് സ്ത്രീ-പുരുഷന്മാര്‍. ഒരു ആരോഗ്യമുള്ള കുടുംബത്തെയും സമൂഹത്തെയും സൃഷ്ടിക്കാന്‍ പരസ്പരം സുരക്ഷിതത്വം നല്‍കുന്ന ബന്ധം വളര്‍ന്നുവരേണ്ടതുണ്ട്. സൂറത്തു തൗബയില്‍ അല്ലാഹു ഈ ബന്ധത്തെ നിര്‍വചിക്കുന്നത് കാണുക: ‘സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ പരസ്പരം സഹായികളാണ്. അവര്‍ നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നു. സകാത്ത് നല്‍കുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നു. സംശയമില്ല; അല്ലാഹു അവരോട് കരുണ കാണിക്കും. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ; തീര്‍ച്ച.’ (അത്തൗബ:71)

3) മേല്‍നോട്ടം (ഖിവാമ): കുടുംബത്തിന്റെ സാമ്പത്തികകാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയെന്നത് പുരുഷന്റെ നിര്‍ബന്ധ കടമയാണ്. സ്ത്രീക്ക് അത് നിര്‍ബന്ധമില്ല. വേണമെങ്കില്‍ അവള്‍ക്ക് ഭര്‍ത്താവിനെ സഹായിക്കുകയും ചെലവുകളില്‍ സഹകരിക്കുകയും ചെയ്യാം. അല്ലാഹു പറയുന്നു: ‘പുരുഷന്മാര്‍ സ്ത്രീകളുടെ കൈകാര്യകര്‍ത്താക്കളാണ്. അല്ലാഹു മനുഷ്യരിലൊരു വിഭാഗത്തിന് മറ്റുള്ളവരെക്കാള്‍ കഴിവു കൊടുത്തതിനാലും പുരുഷന്മാര്‍ അവരുടെ ധനം ചെലവഴിക്കുന്നതിനാലുമാണിത്.’ (അന്നിസാഅ്:34) കുടുംബത്തെയും കുട്ടികളെയും നോക്കിവളര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും സ്ത്രീകളെ സ്വതന്ത്രമായി വിടുകയാണ് ഇസ്‌ലാം ചെയ്തിരിക്കുന്നത്. ഇത് വനിതകളുടെ നിര്‍ബന്ധകടമയാണ്. സാധാരണയായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വൈവിധ്യങ്ങളും പ്രത്യേകതകളും നിറഞ്ഞ സ്വഭാവങ്ങളാണുള്ളത്. തങ്ങളുടെ റോളുകള്‍ നിര്‍വഹിച്ച് ശീലിക്കുന്നതോടെ അവര്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ നിപുണരും കഴിവുള്ളവരുമായി മാറുന്നു. അല്ലാഹു പറയുന്നു: ‘അല്ലാഹു നിങ്ങളില്‍ ചിലര്‍ക്ക് മറ്റു ചിലരെക്കാള്‍ ചില അനുഗ്രഹങ്ങള്‍ കൂടുതലായി നല്‍കിയിട്ടുണ്ട്. നിങ്ങള്‍ അതു കൊതിക്കാതിരിക്കുക. പുരുഷന്മാര്‍ക്ക് അവര്‍ സമ്പാദിച്ചതിനനുസരിച്ച വിഹിതമുണ്ട്. സ്ത്രീകള്‍ക്ക് അവര്‍ സമ്പാദിച്ചതിനൊത്ത വിഹിതവും. നിങ്ങള്‍ അല്ലാഹുവോട് അവന്റെ അനുഗ്രഹത്തിനായി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുക. അല്ലാഹു എല്ലാ കാര്യങ്ങളും അറിയുന്നവനാണ്.’

ധാരാളം മുസ്‌ലിം സ്ത്രീകള്‍ സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ തങ്ങളുടെ റോളുകള്‍ കൃത്യമായി നിര്‍വഹിക്കുന്നുണ്ട്. ഇസ്‌ലാമിക രാഷ്ട്രങ്ങളിലെ മതപ്രവര്‍ത്തനങ്ങളുടെയും മറ്റും ചരിത്രം പരിശോധിച്ചാല്‍ മുസ്‌ലിം സ്ത്രീകള്‍ അതില്‍ വഹിച്ച വലിയ പങ്കിനെ കുറിച്ച് തിരിച്ചറിയാനാകും. സ്ത്രീയുടെ വികസനത്തിനും വിദ്യാഭ്യാസത്തിനും അനിവാര്യമായതും സഹായകരമായതുമായ മുഴുവന്‍ കാര്യങ്ങളും അവര്‍ നടത്തുന്നുണ്ട്. അവര്‍ സമൂഹത്തിന്റെ ആവശ്യങ്ങളും തേട്ടങ്ങളും അന്വേശിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും, പള്ളികളും, ആശുപത്രികളും, അഭയകേന്ദ്രങ്ങളും അവര്‍ സ്ഥാപിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഹജ്ജിന് പോകുന്നവര്‍ക്ക് കുടിവെള്ളങ്ങള്‍ നല്‍കാന്‍ പോലും അവര്‍ സജീവമാണ്.

സമൂഹികവികാസത്തനായി ഉത്തമ മാതൃകകള്‍ നിര്‍മിക്കാന്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് സാധിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഹി.684-ല്‍ ഈജിപ്തില്‍ മംലൂക്കുകളുടെ ഭരണകാലത്ത് അബി ബറക്കാതിന്റെ പുത്രി ശൈഖ സൈനബും സുല്‍താന്‍ അല്‍സാഹിറിന്റെ മകളും ചേര്‍ന്ന് സ്ത്രീകള്‍ക്കായി പ്രത്യേകം സാംസ്‌കാരികകേന്ദ്രം സ്ഥാപിച്ചിരുന്നു. ‘രിബാത്ത്’ എന്നായിരുന്നു ആ കേന്ദ്രത്തിന്റെ പേര്. സ്ത്രീകളുടെ വിദ്യാഭ്യാസത്തെയും ആത്മീയതയെയും സാമൂഹ്യസേവനത്തെയും പ്രോത്സാഹിപ്പിക്കാനും ഏകീകരിക്കാനുമാണ് ‘രിബാത്ത്’ സ്ഥാപിക്കപ്പെട്ടത്. അനാഥരും പീഢിതരുമായ സ്ത്രീകളെ സംരക്ഷിക്കാനുള്ള സംവിധാനവും ഇവിടെയുണ്ടായിരുന്നു. കൗണ്‍സിലിം പോലുള്ള ക്ലാസുകളും ആത്മീയത വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളും ഇവര്‍ നടപ്പിലാക്കി. ഖുര്‍ആനിലും സുന്നത്തിലും സ്ത്രീക്ക് നല്‍കിയിട്ടുള്ള പരിഗണനകളെയും അവകാശങ്ങളെയും കുറിച്ച് അവരെ ബോധവല്‍കരിക്കാനും ഇവര്‍ ശ്രമിച്ചിരുന്നു. വീടുമായും കുട്ടികളെ വളര്‍ത്തുന്നതുമായും ബന്ധപ്പെട്ട എല്ലാ പരിശീലനങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും അവിടെനിന്ന് നല്‍കപ്പെട്ടിരുന്നു. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പരിശീലനങ്ങളും അവര്‍ക്ക് നല്‍കപ്പെട്ടിന്നു.

സ്ത്രീകള്‍ സമൂഹത്തിന്റെ ബോധം സൃഷ്ടിക്കുന്നവരാണ്. സമൂഹത്തിന്റെ രക്ഷയുടെയും മഹാമാരിയുടെയും ഉറവിടം അവളാണ്. അവര്‍ കുട്ടികളെ വളര്‍ത്തിയെടുക്കുന്ന സംസ്‌കാരമാണ് ഭാവിയില്‍ ലോകത്തിന്റെ സംസ്‌കാരം. സ്ത്രീകള്‍ യഥാവിധി കടമകള്‍ നിര്‍വഹിക്കുന്ന സമൂഹത്തില്‍ നന്മയെ സ്‌നേഹിക്കുന്ന നേര്‍മാര്‍ഗത്തില്‍ മുന്നേറുന്ന ഒരു വലിയ തലമുറ വളര്‍ന്ന് വരും. അവരാണ് ഈ ലോകത്തിന്റെയും ഭൂമിയുടെയും പ്രതീക്ഷ.

വിവ: ജുമൈല്‍ കൊടിഞ്ഞി     

 

 

 

Related Articles