Current Date

Search
Close this search box.
Search
Close this search box.

വിവാഹത്തെ കുറിച്ച് ഒരു വിവാഹമോചിതയുടെ ഉപദേശങ്ങള്‍

broken-mug.jpg

‘ഒരു വിവാഹമോചിതക്ക് വിവാഹത്തെ കുറിച്ച് എന്ത് ഉപദേശമാണ് നല്‍കാന്‍ സാധിക്കുക, അതില്‍ പരാജയപ്പെട്ടവളല്ലേ അവള്‍?’ തീര്‍ത്തും ന്യായമായ ഒരു ചോദ്യമാണ്. എന്നാല്‍ മറ്റുള്ളവരുടെ അബദ്ധങ്ങളില്‍ നിന്നും ധാരാളം കാര്യങ്ങള്‍ പഠിക്കാനുണ്ട്. മുന്‍തലമുറയില്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിച്ചവര്‍ക്കുണ്ടായ പരിണതി എടുത്തുദ്ധരിച്ച് ഖുര്‍ആന്‍ നമുക്ക് നല്‍കുന്ന മുന്നറിയിപ്പുകള്‍ അതിനുദാഹരണമാണ്. അനുഭവം വലിയൊരു ഗുരുവാണ്. വിവാഹ ജീവിതം പരാജയപ്പെട്ട് അല്‍പകാലം കഴിയുമ്പോള്‍ വീക്ഷണത്തില്‍ മാറ്റം വരും. അങ്ങനെയുള്ള ഒരാള്‍ക്ക് വിവാഹത്തെ കുറിച്ചും വിവാഹമോചനത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ചും വ്യക്തമായ ധാരണയുണ്ടാവും. പരാജയപ്പെട്ട വിവാഹത്തില്‍ നിന്നും ഒരാള്‍ പഠിച്ച പാഠങ്ങള്‍ തുടര്‍ന്നുള്ള വിവാഹം വിജയകരമാക്കുന്നതിന് സഹായിക്കും.

വിവാഹിതരും വിവാഹമോചിതരുമായി നിരവധി പേരുമായി നടത്തിയ സംഭാഷങ്ങളിലൂടെയും അനുഭവത്തിന്റെയും കാഴ്ച്ചപ്പാടിന്റെയും വെളിച്ചത്തില്‍ നിന്നും വിവാഹത്തെ കുറിച്ച ഏതാനും ഉപദേശങ്ങളാണ് നിങ്ങളുടെ മുന്നില്‍ വെക്കുന്നത്. വിവാഹത്തിന് മുമ്പും ശേഷവും നിങ്ങള്‍ക്കത് പ്രയോജനപ്പെട്ടേക്കാം.

1. ദീനിനെ അവഗണിക്കരുത്
ജീവിതത്തിന്റെ സകല മേഖലകളിലും ഇസ്‌ലാം മാര്‍ഗദര്‍ശനം കാണിക്കുന്നു. വിവാഹം അടക്കമുള്ള ഏതൊരു പ്രവര്‍ത്തനത്തിന് മുമ്പും ഒരു മുസ്‌ലിം അതിന്റെ ഇസ്‌ലാമിക വശം അറിഞ്ഞിരിക്കണം. ഭര്‍ത്താവിനും ഭാര്യക്കും പരസ്പരം ഉത്തരവാദിത്വങ്ങളും പ്രതീക്ഷകളുമുണ്ട്. വിവാഹിതരാകാന്‍ പോകുന്ന ഇണകള്‍ അവ മനസ്സിലാക്കുകയും അംഗീകരിക്കുകയും വേണം.

2. ഇണയെ മാറ്റാമെന്ന് കരുതി വിവാഹം ചെയ്യരുത്
ഒരു സ്ത്രീക്ക് തന്റെ ഇണയെ മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന ചിന്ത ഭീമമായ അബദ്ധങ്ങളില്‍ ഒന്നാണ്. നിങ്ങള്‍ ഏറെ കറങ്ങി നടക്കാനിഷ്ടപ്പെടുന്നവളും ഭര്‍ത്താവ് വീട്ടില്‍ ഒതുങ്ങി കൂടാന്‍ ഇഷ്ടപ്പെടുന്നയാളുമാണെങ്കില്‍ അയാളെ പുറത്തു കൊണ്ടുപോകണമെന്ന് നിങ്ങള്‍ വാശി പിടിക്കരുത്. മാറ്റാനും മാറാനും ആളുകള്‍ക്ക് കഴിയും. എന്നാല്‍ ‘എങ്ങനെയാണോ അങ്ങനെ’ എന്ന നിലപാട് സ്വീകരിക്കുന്നതാണ് നല്ലത്.

3. മറ്റ് സ്ത്രീകളോട് മോശമായി പെരുമാറുന്നയാളെ വിവാഹം ചെയ്യരുത്
ഒരാള്‍ നിങ്ങളോട് എങ്ങനെ പെരുമാറുമെന്നതിന്റെ സൂചനയാണ് മറ്റ് സ്ത്രീകളോടുള്ള അയാളുടെ പെരുമാറ്റം. പ്രത്യേകിച്ചും ഉമ്മയോടും സഹോദരിമാരോടും അയാള്‍ എങ്ങനെ പെരുമാറുന്നു എന്നത്. ‘ഉമ്മയോട് ആദരവോടെ പെരുമാറുന്ന ആളാണോ അയാള്‍?’ ‘സഹോദരിയോട് അനുകമ്പയോടെയാണോ പെരുമാറുന്നത്?’ ‘പൊതുവെ സ്ത്രീകളോടുള്ള അയാളുടെ പെരുമാറ്റം നല്ല രൂപത്തിലാണോ?’ തുടങ്ങിയ ചോദ്യങ്ങള്‍ നിങ്ങള്‍ സ്വയം ചോദിക്കണം. മറ്റ് സ്ത്രീകളോട് ആദരവോടു കൂടി പെരുമാറാത്ത പുരുഷന്‍ നിങ്ങളോട് ആദരവോടെ പെരുമാറുമെന്ന് കരുതരുത്. ഒരുപക്ഷേ വിവാഹത്തിന് മുമ്പ് നിങ്ങളോടുള്ള അയാളുടെ പെരുമാറ്റം മാന്യമായിരിക്കാം.

4. ഭര്‍ത്താവ് നിങ്ങളുടെ മനസ്സ് വായിക്കുമെന്ന് പ്രതീക്ഷിക്കരുത്
ഒരു സംഭവം ഞാന്‍ ഓര്‍ക്കുകയാണ്. എന്റെ ഭര്‍ത്താവ് അടുക്കളയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. അവിടെ പുറത്തു കൊണ്ടു പോയി കളയാനുള്ള വേസ്റ്റിനടുത്തു കൂടിയാണ് നടക്കുന്നത്. കുറച്ചു സമയം കൂടി പിന്നിട്ടപ്പോള്‍ എനിക്ക് ദേഷ്യം വരാന്‍ തുടങ്ങി. ശബ്ദം അല്‍പം കനപ്പിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു: ‘നിങ്ങള്‍ക്കിതൊന്നു പുറത്തു കൊണ്ടു പോയി കളഞ്ഞു കൂടേ?’ അല്‍പം അന്ധാളിപ്പോടെ അദ്ദേഹം എന്നെ നോക്കി. ഞാന്‍ വിവേകമില്ലാതെ വീണ്ടും പറഞ്ഞു: ‘എല്ലാ ദിവസവും ഇത് പുറത്തു കൊണ്ടുപോയി കളയാനുള്ളതാണ്.’ വളരെ ശാന്തനായി അദ്ദേഹം പറഞ്ഞു: ‘ഞാനിത് വരെ അത് ശ്രദ്ധിച്ചിട്ടില്ല.’ പിന്നെ പുഞ്ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു: ‘എനിക്ക് നിന്റെ മനസ്സ് വായിക്കാനുള്ള കഴിവൊന്നുമില്ല. ഒന്നു പറഞ്ഞാല്‍ പോരെ ഞാനത് ചെയ്യുമല്ലോ.’ അദ്ദേഹം വേസ്റ്റുമെടുത്ത് പുറത്തു പോയി. ഞാന്‍ ഒരു പാഠം പഠിക്കുകയും ചെയ്തു.

5. ഭര്‍ത്താവ് നിന്നെ പോലെ ചിന്തിക്കുമെന്ന് പ്രതീക്ഷിക്കരുത്
നിങ്ങള്‍ ഒരു പ്രശ്‌നവുമായി ഭര്‍ത്താവിനെ സമീപിക്കുന്നുവെന്ന് കരുതുക. പ്രശ്‌നത്തിന് ഒരു പരിഹാരം അദ്ദേഹം നിര്‍ദേശിക്കുമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്. ആ സന്ദര്‍ഭത്തില്‍ ഒരു സ്വാന്തന വര്‍ത്തമാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നതെങ്കില്‍ ഒരു കൂട്ടുകാരിയെ വിളിക്കുകയായിരിക്കും നല്ലത്. മിക്കപ്പോഴും സ്ത്രീകളും പുരുഷന്‍മാരും ഒരേ സാഹചര്യത്തെ തന്നെ വ്യത്യസ്തമായിട്ടാണ് സമീപിക്കുക. അതുകൊണ്ട് തന്നെ നിങ്ങളെ പോലെ തന്നെ അദ്ദേഹവും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കരുത്.

6. സമ്പൂര്‍ണത പ്രതീക്ഷിക്കരുത്
സമ്പൂര്‍ണത അസാധ്യമായതിനാല്‍ മുസ്‌ലിംകള്‍ എന്നും വിദ്യാര്‍ഥികളാണ്. ഒരു മുസ്‌ലിമിനെ സംബന്ധിച്ചടത്തോളം ദീന്‍ പഠിക്കലും സ്വഭാവം മെച്ചപ്പെടുത്തലും ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനമാണ്. വിവാഹ ജീവിതത്തില്‍ പലപ്പോഴും നിങ്ങളുടെ ഭാഗത്തു തെറ്റുകളുണ്ടാവും. ഭര്‍ത്താവിന്റെ ഭാഗത്തു നിന്നും വീഴ്ച്ചകള്‍ സംഭവിക്കും. നിങ്ങളുടെ വീഴ്ച്ചകളും ന്യൂനതകളും അദ്ദേഹം ക്ഷമിക്കണമെന്ന് ആഗ്രഹിക്കുന്ന നിങ്ങള്‍ അദ്ദേഹത്തോടും അതേ സമീപനം സ്വീകരിക്കണം.

7. ഭര്‍ത്താവിന്റെ പ്രവര്‍ത്തനങ്ങളെ വിലകുറച്ച് കാണരുത്
കുടുംബം പുലര്‍ത്തുന്നതിന് വേണ്ടി ഭര്‍ത്താവ് കഠിനമായി അധ്വാനിക്കുമ്പോള്‍ വീട്ടില്‍ മക്കളെയും അവരുടെ പഠനകാര്യങ്ങളും ശ്രദ്ധിച്ച് കഴിയുകയെന്നത് എത്രവലിയ ഭാഗ്യമാണ്. നിങ്ങള്‍ക്ക് വേണ്ടി അേേദ്ദഹം ചെയ്യുന്ന ത്യാഗങ്ങളെ കുറിച്ച് നിങ്ങള്‍ അദ്ദേഹത്തോട് പറയേണ്ടതുണ്ട്. ഞാന്‍ പ്രതീക്ഷിക്കുന്ന മറ്റനവധി കാര്യങ്ങളും അദ്ദേഹം ചെയ്യുന്നു. ‘ആളുകളോട് നന്ദി കാണിക്കാത്തവനോട് അല്ലാഹു നന്ദി കാണിക്കില്ല’ എന്ന പ്രവാചകവചനം എപ്പോഴും ഓര്‍മയിലുണ്ടാവണം.

8. നിങ്ങള്‍ ഇണകളാണെന്നത് മറക്കരുത്
ജോലി, കുട്ടികള്‍, കുടുംബം, മറ്റുത്തരവാദിത്വങ്ങള്‍ എല്ലാം ജീവിതത്തിന്റെ ഭാഗമാണ്. ഇതിനിടയില്‍ പരസ്പരം ഒന്നിച്ച് ചെലവഴിക്കാനുള്ള സമയം കണ്ടെത്താന്‍ ഇണകള്‍ പലപ്പോഴും മറക്കുന്നു. അത് വലിയ പ്രയാസമുള്ളതോ ചെലവേറിയതോ ആയ ഒരു കാര്യമല്ല. ഒരുമിച്ചിരുന്ന് ഒരു ഐസ്‌ക്രീം കഴിക്കുന്നതിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ. ഇത്തരത്തില്‍ ഇണയുമായി ചെലവഴിക്കുന്നതിന് സമയം കണ്ടെത്തല്‍ പ്രധാനമാണ്.

9. സ്വന്തത്തെ മറക്കരുത്
ഇണകളായിരിക്കുക എന്നത് വലിയ കാര്യമാണ്. അതോടൊപ്പം തന്നെ ഇരുവരും രണ്ട് വ്യക്തിത്വങ്ങളാണ്. കടല്‍ തീരത്തുകൂടെ ഏറെ ദൂരം നടക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടമായിരിക്കാം. എന്നാല്‍ അതില്‍ തീരെ താല്‍പര്യമില്ലാത്ത ഭര്‍ത്താവിനോട് അതാവശ്യപ്പെടരുത്. അതിന് നിങ്ങള്‍ക്ക് കൂട്ടിനായി കൂട്ടുകാരികളെയോ കുടുംബത്തിലെ അംഗങ്ങളെയോ കണ്ടെത്താം. ഇണകളില്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമായ താല്‍പര്യങ്ങളും ഹോബികളും കഴിവുകളുമാണുണ്ടാവുക. ഒരുപക്ഷെ നിങ്ങളെ പരസ്പരം ആകര്‍ഷിച്ചത് തന്നെ ആ വ്യത്യസ്തതകളായിരിക്കാം. വിവാഹം കഴിയുമ്പോള്‍ പുതിയ അനുഭവങ്ങളും പാഠങ്ങളും നിങ്ങള്‍ക്കുണ്ടാവും. എന്നാല്‍ മുമ്പ് നിങ്ങള്‍ എന്താണോ ആയിരുന്നത് അതിനെ വലിച്ചെറിയരുത്.

10. ഉപദേശം തേടാന്‍ മടിക്കരുത്
നിങ്ങള്‍ക്കും ഭര്‍ത്താവിനും ഇടയില്‍ പരിഹരിക്കാന്‍ സാധിക്കാത്ത പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ നിങ്ങള്‍ വിശ്വാസമുള്ളവരുടെ ഉപദേശം തേടാന്‍ മടിക്കരുത്. സമാനമായ പ്രശ്‌നങ്ങള്‍ എത്രയോ വിവാഹങ്ങളിലുണ്ടാവുകയും പരിഹരിക്കപ്പെടുകയും ചെയ്തിട്ടുള്ളതാണെന്ന് നിങ്ങള്‍ മനസ്സിലാക്കുക. നിങ്ങളും നിങ്ങളുടെ ഭര്‍ത്താവും മാത്രമല്ല ഉള്ളതെന്ന് ഓര്‍ക്കുക.

വിവാഹമെന്നത് മനോഹരവും വെല്ലുവിളികള്‍ നിറഞ്ഞതുമാണ്. ശക്തവും ആരോഗ്യകരവുമായ ബന്ധങ്ങളുണ്ടാക്കുകയും നിലനിര്‍ത്തുകയുമാണ് അതില്‍ വേണ്ടത്.

മൊഴിമാറ്റം: നസീഫ്‌

Related Articles