Current Date

Search
Close this search box.
Search
Close this search box.

വിദ്യാഭ്യാസം; ചില സ്ത്രീപക്ഷ ചിന്തകള്‍

graduate.jpg

സ്ത്രീ അമ്മയാണെന്നും, സഹോദരിയാണെന്നും, മകളാണെന്നും, മരുമകളും കൂട്ടുകാരിയുമാന്നെന്നും, അബലയാണെന്നും  അല്ലെന്നും ഒര്‍മിപ്പിച്ചു ആശംസകള്‍ക്കും കവല പ്രസംഗങ്ങള്‍ക്കും അവസരം ഒരുക്കി വനിതാ ദിനങ്ങള്‍ കടന്നു പോകാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ചിലര്‍ക്കത് നൃത്തം വെച്ച് ആഘോഷിക്കാനും പ്രകടനം നടത്തി സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുമുള്ള സന്ദര്‍ഭമായി. ചാനലുകള്‍ക്കത് പോയ വര്‍ഷത്തെ ബാലാല്‍സംഗങ്ങളുടെ കണക്കെടുപ്പ് കണക്കെടുപ്പ് നടത്താന്‍ കിട്ടിയ സമയവും.
 
എന്നാല്‍ ഇതല്ല സ്ത്രീയും സ്ത്രീത്വവും എന്ന് പറയാതിരിക്കാന്‍ വയ്യ. അവള്‍ക്കൊരു വ്യക്തിത്വമുണ്ടാവനം, ഉപഭോഗ സംസ്‌കാരത്തിന്റെ കടന്നു കയറ്റമില്ലാതെ, പരസ്യ പലകകളിലെ പേക്കോലമാവാതെ, തന്റേതായ ചിന്തകളും ആശയങ്ങളും അവയിലൂടെ തിരഞ്ഞെടുക്കുന്ന തന്റേതായ ഇടങ്ങളുമായിരിക്കണം സ്ത്രീത്വത്തെ അടയാളപ്പെടുത്തേണ്ടത്. ആ ഇടങ്ങളില്‍ ഏതൊരു മനുഷ്യനെയും (പുരുഷനെയും) പോലെ സ്വൈര്യ വിഹാരം നടത്താനുള്ള ഇച്ഛാശക്തിയാണ് സ്ത്രീയെ മുന്നോട്ടു നയിക്കേണ്ടത്. തീരുമാനങ്ങളെടുക്കാനും നടപ്പിലാക്കാനും തന്റെ പാതയിലെ തടസ്സങ്ങളെ ഇച്ഛാശക്തിയോടെ നേരിടാനുള്ള കഴിവാണ് സ്ത്രീ നേടിയെടുക്കേണ്ടത്. വിദ്യാഭ്യാസമല്ലാതെ അതിന് മറ്റുവഴികളില്ല. വിദ്യയാണ് ഒരാളെ സംസ്‌കാര സമ്പന്നയാക്കുന്നത്.
 
സാക്ഷര കേരളത്തില്‍ പോലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന എത്രയോ പെണ്‍കുട്ടികളെ കാണാം. തങ്ങളുടെ പെണ്മക്കളെ എത്രയും പെട്ടെന്ന് ‘സുരക്ഷിത’ കരങ്ങളില്‍ എത്തിക്കാനുള്ള തത്രപ്പാടിലാണ് മാതാപിതാക്കള്‍.    ഇതിനു കാരണം, സ്ത്രീ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സമൂഹത്തിനു ബാധ്യത തന്നെയാണ് എന്ന ദുഃഖ യാഥാര്‍ഥ്യമാണ്. നീതി കിട്ടാത്ത സൂര്യനെല്ലി പെണ്‍കുട്ടിയും നാദാപുരത്തെ നാല് വയസ്സുകാരിയും ഉള്ളിടത്തോളം കാലം ഇത്തരത്തില്‍ ചിന്തിക്കാനേ അവര്‍ക്ക് കഴിയൂ. എന്നിരുന്നാലും വിദ്യാഭ്യാസത്തിന്റെ മൂല്യം വ്യക്തി ജീവിതതിലുളവാക്കുന്ന സ്വാധീനം നാം തിരിച്ചറിയാതെ പോകരുത്. മൂല്യാധിഷ്ടിതമായി ചിന്തിക്കാനും തിന്മകള്‍ക്കെതിരെ പോരാടാനും സമൂഹത്തിന്റെ അടിത്തറയായ കുടുംബത്തിന് വിദ്യാസമ്പന്നയായ ഒരു സ്ത്രീയുടെ സാന്നിധ്യം ഒരു മുതല്‍കൂട്ടായിരിക്കും
    
ഉന്നത വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ വിവാഹ സ്വപ്‌നങ്ങള്‍ മാറ്റിവെക്കേണ്ടി വരുന്ന സാഹചര്യമാണ് ഇന്നുള്ളത്. അനുയോജ്യനായ വരനെ ലഭിക്കാതെയും, പ്രായമേറിയതും അവരുടെ ജീവിതം മറ്റൊന്നാകുന്നു. പെണ്‍കുട്ടികളുടെ ഈ അവസ്ഥക്ക് സമാന്തരമായി നമ്മുടെ സമൂഹത്തില്‍ ആണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പ്രസക്തി കുറഞ്ഞു വരുന്നതും ഈ പ്രശ്‌നത്തിന് ആക്കം കൂട്ടുന്നു. പണത്തിനും പൊങ്ങച്ചങ്ങള്‍കും മീതെ പരുന്തും പറക്കാത്ത  സമൂഹമായി നാം മാറിപ്പോയപ്പോള്‍, അധ്വാനിച്ചു പഠിക്കാതെ, കുറുക്കു വഴികള്‍ തേടിപ്പോകുന്നതും ഈ പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. സ്ത്രീ വിദ്യാഭ്യാസതോടൊപ്പം തന്നെ ആണ്‍കുട്ടികളെ കൂടെ വിദ്യ നേടാന്‍ പ്രോത്സാഹിപ്പിക്കേണ്ട ഒരു ദുരവസ്ഥ കേരളത്തില്‍ സംജാതമായിട്ടുണ്ടെന്നാണ് ഈയടുത്ത് പുറത്തുവന്ന ചില റിപോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.
 
ഇതൊരു ഇരുണ്ട കാലത്തിന്റെ ലക്ഷണമാണ്. ജീര്‍ണത ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്ന ഒരു സമൂഹം, അതില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം അസഹ്യമായിരിക്കും. നന്മയെ അവമതിച്ചു തിന്മക്കു പിറകെ മത്സരിച്ചോടുന്ന ഒരു കൂട്ടം!     വീട്ടു ജോലികള്‍ ചെയ്യാനും, പ്രസവിക്കാനും, പിന്നെ നാലാളുകളുടെ മുന്നില് കൊണ്ട് നടക്കാനും വേണ്ടി മാത്രം പെണ്ണ് കെട്ടുന്ന നമ്മുടെ ചെറുപ്പക്കാര്‍ അല്‍പം കൂടി സാമൂഹിക പ്രതിബദ്ധതയും ദീര്‍ഘവീക്ഷണവും കാണിച്ചാല്‍ ഈ അവസ്ഥക്ക് വലിയ മാറ്റം വരും. ഇത്തരം ഒരു സാമൂഹികാവസ്ഥ സൃഷ്ടിച്ചാല്‍ ഓരോ രക്ഷിതാവും പെണ്‍കുട്ടികളെ പഠനത്തിനു പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ജീവിതാനുഭവങ്ങളും, വീക്ഷണങ്ങളും വന്നു ചേരുകയും  ചെയ്യും.
 
ഇതൊക്കെ സാധ്യമാകുന്ന സാമൂഹിക നവീകരണത്തിന് വെറും പ്രസംഗങ്ങളോ പഴിചാരലുകാലോ പരിഹാരമല്ലെന്നും, എത്രയും അടിയന്തിരമായി ഒരു വിദ്യാഭ്യാസ വിപ്ലവം തന്നെ നാം നടത്തേണ്ടതുണ്ടെന്നും നാം ഓരോരുത്തരും അറിയേണ്ടതുണ്ട്. ഈ ആവശ്യത്തിനായി ഭിന്നതകള്‍ മറന്നു നമുക്ക് ഒറ്റക്കെട്ടായി മുന്നേറാന്‍ ആവട്ടെ എന്ന് പ്രത്യാശിക്കാം.

Related Articles