Current Date

Search
Close this search box.
Search
Close this search box.

വന്ധ്യതയുള്ളവരെ നാം എന്തിന് ശിക്ഷിക്കണം?

kit.jpg

സന്താനഭാഗ്യം സിദ്ധിക്കാത്ത ഒരു സ്ത്രീ എന്റെയടുത്ത് വന്നു അവളുടെ പരിഭവങ്ങള്‍ നിരത്തുകയുണ്ടായി. അവളറിയാതെ അവളുടെ നയനങ്ങളില്‍ നിന്നു ചുടുകണ്ണുനീര്‍ ഉറ്റിക്കൊണ്ടേയിരുന്നു. അവളെ കുറിച്ചുള്ള സമൂഹത്തിന്റെ വിലയിരുത്തല്‍, മുറിവേല്‍പിക്കുന്ന ആക്ഷേപ ശരങ്ങള്‍, സമ്മര്‍ദ്ധങ്ങള്‍ എല്ലാം അവളുടെ സംസാരത്തില്‍ കടന്നുവന്നു. സന്താനമില്ലാത്തതിന്റെ നോവനുഭവിക്കുന്ന ഒരു ഹൃദയത്തെ സ്വാന്തനിപ്പിക്കുന്നതിനു പകരം വീണ്ടും കീറിമുറിച്ചുകൊണ്ടിരിക്കുന്നവരെ കുറിച്ച് എന്തു പറയാന്‍!
യഥാര്‍ഥത്തില്‍ വന്ധ്യത സ്ത്രീയുടെ കുറ്റമേയല്ല എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. വന്ധ്യതയുടെ പേരില്‍ സ്ത്രീയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സമൂഹം ,സ്ത്രീ എന്നാല്‍ കേവലം വിവാഹത്തിനും സന്താനോല്‍പാദനത്തിനും മാത്രമായുള്ള ഭൂമിയാണ് എന്ന കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്നവരാണ്. ഇത്തരത്തിലുള്ള ധാരാളം സ്ത്രീകള്‍ വ്യത്യസ്തമായ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിനെ ഇവര്‍ വിസ്മരിക്കുകയും ചെയ്യുന്നു. ഇത്തരം സ്ത്രീകള്‍ പ്രധാനമായും പ്രയാസങ്ങളും നോവുകളുമഭിമുഖീകരിക്കുന്നത് വീട്ടുകാരില്‍ നിന്നും അടുത്ത ബന്ധുക്കളില്‍ നിന്നുമാണ്. അതില്‍ തന്നെ ഭര്‍ത്താവിന്റെ വീട്ടുകാരില്‍ നിന്നും, വ്യത്യസ്ത പദപ്രയോഗങ്ങള്‍ കൊണ്ട് നിരന്തം മുറിവേല്‍പിച്ചുകൊണ്ടിരിക്കുന്ന ഭര്‍ത്താവിന്റെ ഉമ്മയില്‍ നിന്നും.
അതോടൊപ്പം തന്നെ കാര്യങ്ങളെല്ലാം അല്ലാഹുവില്‍ ഏല്‍പിക്കുന്ന ഭര്‍ത്താക്കന്മാരെ നമുക്ക് കാണാം. മോശമായ ആക്ഷേപങ്ങള്‍ മൂലം ഭാര്യയെ വേട്ടയാടുന്ന ഭര്‍ത്താക്കന്മാരുമുണ്ട്. ചിലപ്പോള്‍ അവളോടുള്ള മോശമായ ഇടപഴകലിലൂടെയോ, മുറിവേല്‍പിക്കുന്ന വാക്കുകളിലൂടെയോ, രണ്ടാം വിവാഹത്തെ കുറിച്ചുള്ള നിരന്തര സംസാരത്തിലൂടെയോ അവരത് പ്രകടിപ്പിച്ചുകൊണ്ടേയിരിക്കും.
സ്വന്തം തെറ്റുകളെ കാണാനോ ചികില്‍സിക്കാനോ തയ്യാറാവാതെ മറ്റുള്ളവരുടെ ന്യൂനതകളിലേക്ക് മാത്രം കണ്ണയക്കുക എന്നത് മനുഷ്യന്റെ പ്രകൃതത്തില്‍ പെട്ടതാണ്.
ചില ഭര്‍ത്താക്കന്മാര്‍ കാരണം തന്റേതാണെന്ന് തിരിച്ചറിഞ്ഞതിന് ശേഷം അത് മറച്ചുവെക്കുന്നു. സമൂഹം അവളുടെ വന്ധ്യതയാണ് ഇതിന് കാരണം എന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുമ്പോള്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകുന്നു. ഭര്‍ത്താവിന്റെ പദവിക്ക് പോറലേല്‍പിക്കുന്ന ഒന്നായി ഇതിനെ പരിഗണിച്ചുകൊണ്ട് എല്ലാം മറച്ചുവെക്കുന്ന ഗ്രാമീണ സ്ത്രീകളെയും കാണാം.
സന്താനഭാഗ്യം തടയപ്പെടുക എന്നത് ഒരു പരീക്ഷണം തന്നെയാണ്. എന്നാല്‍ കാര്യങ്ങള്‍ തിരിച്ചറിയുകയും പരസ്പര ധാരണയോടെ മുന്നോട്ട് പോകുകയും ചെയ്യുക എന്നതാണ് ഇണകളുടെ ബാധ്യത. അതില്‍ പ്രധാനമാണ് അല്ലാഹുവുമായി ഹൃദയബന്ധം സ്ഥാപിക്കുകയും പാപമോചനം വര്‍ദ്ധിപ്പിക്കുകയും ചെയ്യല്‍. ഖുര്‍ആന്‍ വിവരിക്കുന്നു. ”ഞാന്‍ ആവശ്യപ്പെട്ടു: നിങ്ങള്‍ നിങ്ങളുടെ നാഥനോട് മാപ്പിനപേക്ഷിക്കുക. അവന്‍ ഏറെ പൊറുക്കുന്നവനാണ്. അവന്‍ നിങ്ങള്‍ക്ക് ധാരാളം മഴ വീഴ്ത്തിത്തരും. ‘സമ്പത്തും സന്താനങ്ങളും കൊണ്ട് നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്ക് തോട്ടങ്ങളുണ്ടാക്കിത്തരും. അരുവികളൊരുക്കിത്തരും’ ( നൂഹ് 10,11,12). അധികരിച്ച പാപമോചനത്തിലൂടെ വന്ധ്യതക്ക് പരിഹാരവും വിഭവ സമൃദ്ധിയും ഉണ്ടാകും എന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. മികച്ച വൈദ്യചികിത്സ ഇതോടൊപ്പം നല്‍കേണ്ടതുണ്ട്. എല്ലാ രോഗത്തിനും അല്ലാഹു ചികിത്സയും പ്രതിവിധിയും നല്‍കിയിട്ടുണ്ടെന്ന് നാം തിരിച്ചറിയണം. സഹനമവലംഭിക്കുന്നതോടൊപ്പം അല്ലാഹുവിലുള്ള പ്രതീക്ഷയിലും പ്രാര്‍ഥനയിലും നിരതമാകുകയും ചെയ്യേണ്ടതുണ്ട്.
ഈ പരിഹാര മാര്‍ഗങ്ങളെല്ലാം അടയുന്ന സന്ദര്‍ഭത്തില്‍ നീതിയിലധിഷ്ഠിതമായിക്കൊണ്ട് മറ്റൊരു വിവാഹം കഴിക്കുന്നതിനും ഇവര്‍ക്ക് തടസ്സമില്ല. അല്ലാഹു ഒരടിമയെ കൂടുതല്‍ ഇഷ്ടപ്പെടുമ്പോള്‍ പരീക്ഷണത്തിന്റെ തീവ്രതയും അധികരിക്കും എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. നിലവിലെ വിവാഹത്തില്‍ നിന്നും മോചനം തേടിക്കൊണ്ട് മറ്റൊരു വിവാഹം തേടുന്നത് ചിലപ്പോള്‍ കൂടുതല്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കാനിടയാക്കും എന്നും നാം തിരിച്ചറിയേണ്ടതുണ്ട്.  
വിജ്ഞാന സമ്പാദനത്തിലും അധ്യാപനത്തിലും മറ്റു സാമൂഹിക സേവന പ്രവര്‍ത്തനങ്ങളിലുമായി കൂടുതല്‍ സമയം ചിലവഴിക്കാന്‍ ഒരുവേള ഇവര്‍ക്ക് സാധിക്കുകയും ചെയ്യും. മാത്രമല്ല, സമയത്തെ കൂടുതല്‍ ക്രിയാത്മാകമായി ഉപയോഗപ്പെടുത്തി ഇഹ-പര വിജയത്തിനായുള്ള സമ്പാദനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യാം.
സന്താനങ്ങളില്ലാത്ത വീട്ടകങ്ങളില്‍ ശാന്തത നിഴലിച്ചുനില്‍ക്കും. ഭര്‍ത്താവിന്റെ കൂടെ കുടുംബ സന്ദര്‍ശനങ്ങളിലേര്‍പ്പെട്ടും സുഹൃദ് സന്ദര്‍ശനങ്ങളിലൂടെയും ക്രിയാത്മകമായ ചില ഹോബികളിലൂടെയും ഇവ തരണം ചെയ്യാന്‍ സാധിക്കും.
സന്താനങ്ങള്‍ എന്നത് അല്ലാഹുവിന്റെ വരദാനമാണ്. എന്നാല്‍ സന്താന ലബ്ധിയില്ലാത്തവര്‍ നിരവധി മക്കള്‍ മാതാപിതാക്കള്‍ക്ക് പരീക്ഷണവും സമൂഹത്തിന്റെ മുമ്പില്‍ ഒരു ചോദ്യഛിഹ്നവുമായിത്തീരുന്നുണ്ട് എന്ന യാഥാര്‍ഥ്യവും തിരിച്ചറിയേണ്ടതുണ്ട്. മാതാപിതാക്കള്‍ക്ക് നിരവധി പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്ന മക്കളെയും നമുക്ക് ദര്‍ശിക്കാം. മാനസികമായും ശാരീരികമായും വൈകല്യങ്ങളും രോഗങ്ങളും കൊണ്ട് എന്നും ഒരു തലവേദനയായിത്തീരുന്നവരും ഉണ്ട് എന്നത് നാം മറക്കരുത്. ചിലപ്പോള്‍ അല്ലാഹു ഇത്തരത്തിലും നമ്മെ പരീക്ഷിക്കാം. മക്കള്‍ നഷ്ടപ്പെട്ട് നിത്യനിരാശയില്‍ കഴിയുന്നവരെയും നമുക്ക് കാണാം. അല്ലാഹു നമുക്ക് നല്‍കിയ വിധിയില്‍ തൃപ്തിപ്പെട്ടുകൊണ്ടല്ലാതെ ഇത്തരം ദുഖങ്ങളില്‍ നിന്ന് നമുക്ക് പുറത്ത് കടക്കാന്‍ കഴിയുകയില്ല. എന്നിട്ടും എന്തേ നാം വന്ധ്യതയുള്ളവരെ ശിക്ഷിച്ചുകൊണ്ടേയിരിക്കുന്നത്?!

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌
 

Related Articles